ഹോനായി ഗ്യാസ് പൊട്ടി തെറിച്ചു മരിച്ചത് കണ്ടപ്പോൾ മുതൽ ഗ്യാസ് അടുപ്പിനോട് പേടിയായിരുന്നു

29

ഒരുപക്ഷെ മലയാള സിനിമയിൽ ഒരാൾ മരിക്കുന്ന രംഗത്തിൽ തികഞ്ഞ വ്യത്യസ്തത പുലർത്തിയത് ഇൻ ഹരിഹർ നഗറിൽ ആയിരിക്കും. റിസബാവ അഭിനയിച്ച ജോൺ ഹോനായ് എന്ന വില്ലൻ അക്കാലത്തു വലിയ ചലനം സൃഷ്ടിച്ചിരുന്നു. ദുഷ്ടത്തരം കൈമുതലായാ ആ വില്ലൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് മരിക്കുന്നതു. ആ രംഗം കണ്ടു പലർക്കും ഗ്യാസ് അടുപ്പുകളോടും സിലിണ്ടറുകളോടും ഭയമായിരുന്നു.

Jijeesh Renjan എഴുതുന്നത് വായിക്കാം 

ജോൺ ഹോനായ് ഈ പേര് കേൾക്കാത്തവർ ചുരുക്കമായിരിക്കും. ഇൻഹരിഹർ നഗറിനൊപ്പം ഹിറ്റായതാണ് ആ പേരും റിസബാവയും. ഇൻ ഹരിഹർ നഗർ തീയറ്ററിൽ നിന്ന് കണ്ടിട്ടില്ല.സിനിമ ഇറങ്ങി കുറച്ച് വർഷങ്ങൾക്ക് ശേഷം നാലിലോ മറ്റോ പഠിക്കുന്ന സമയത്ത് സ്‌കൂളിൽ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചിരുന്നു,ലഞ്ച് ബ്രെക്കിന് ആ സ്‌കൂളിലെ ടീച്ചറായ അമ്മയോടൊപ്പം വീട്ടിൽ പോയി ഉച്ചക്ക് ഊണ് കഴിക്കുമായിരുന്നു.എന്നാൽ സിനിമ പ്രദർശനം ഉണ്ടെന്നറിഞ്ഞപ്പോൾ ആധിയായി. വീട്ടിൽ പോയി കഴിച്ചാൽ താമസിക്കും.ഒടുവിൽ ഒപ്പം ഉള്ള കൂട്ടുകാർ അമ്മയെ കണ്ട് അവരുടെ ചോറിൽ നിന്ന് പങ്ക് തരുമെന്നൊക്കെ പറഞ്ഞു സമ്മതിപ്പിച്ചു. അങ്ങനെയാണ് ഇൻ ഹരിഹർ നഗർ കാണുന്നത്.അതിലെ കോമഡി രംഗങ്ങൾ ഇന്നും ആവർത്തിച്ച് കാണുന്നവയാണ്.എന്നാൽ എന്നത് കണ്ടപ്പോൾ പ്രത്യേകിച്ചും ക്ളൈമാക്സ് കണ്ടപ്പോൾ മനസ്സിൽ കയറിക്കൂടിയത് രണ്ട് കാര്യങ്ങളായിരുന്നു.ഒന്ന് ലൈറ്റർ പിന്നെ ഗ്യാസ് അടുപ്പ്.

ലൈറ്റർ ഞാൻ ആദ്യമായിട്ട് ശ്രദ്ധിക്കുന്നത് ഇൻ ഹരിഹർ നഗറിലായിരുന്നു.അങ്ങനെ കയ്യിലിരുന്ന് തീ കത്തുന്നത് കണ്ടപ്പോൾ കൗതുകവും അത് പോലെ ഒന്ന് വേണമെന്നും തോന്നിയിരുന്നു.അങ്ങനെ ഒന്ന് കിട്ടിയതേ ഇല്ല,പിന്നീട് എപ്പഴോ ഒരെണ്ണം കിട്ടിയപ്പോൾ അതിൽ നിന്ന് തീ വരുന്നുണ്ടായിരുന്നില്ല.അതിലെ ടയർ തറയിൽ ഉരയ്ക്കുമ്പോ ചെറിയ സ്പാർക്ക് വന്നിരുന്നു.ഒരുപാട് നാൾ അതിങ്ങനെ ഉരുട്ടി കളിച്ചിരുന്നു.പിന്നീട് വീട്ടിൽ വന്ന കുഞ്ഞമ്മയുടെ മോൻ അത് അടിച്ച് മാറ്റി കൊണ്ട് പോയി.

ഹോനായി ഗ്യാസ് പൊട്ടി തെറിച്ചു മരിച്ചത് കണ്ടപ്പോൾ മുതൽ ഗ്യാസ് അടുപ്പിനോട് പേടിയായിരുന്നു.അങ്ങനെ ഒരു ദിവസം വീട്ടിൽ കണക്ഷൻ കിട്ടി.ആന്ദ്രൂസിനടുത്തേക്കാണോ പോകുന്നെ എന്ന് അമ്മച്ചി ചോദിക്കുമ്പോൾ സേതുവിന് ഉണ്ടാകുന്ന ഞെട്ടൽ പോലെ ഒരു റിയാക്ഷൻ ആയിരുന്നു അത് വന്ന് പിടിപ്പിക്കുമ്പോൾ എനിക്കുമുണ്ടായത്. അമ്മയോട് പറഞ്ഞു നമുക്കിത് വേണ്ട അപകടമാണ് എന്നൊക്കെ.ആര് കേൾക്കാൻ ആരോട് പറയാൻ.ഇന്നും ഇൻഹരിഹർ നഗർ കാണുമ്പോൾ ഇതൊക്കെ ഓർമ്മ വരും.