മൊബൈലിനെ ഭീകരമായി കാണുന്ന ഒരു സ്ത്രീക്ക് അങ്ങനെ ഒരു സംഭവം ഉണ്ടായത് ഈ രീതിയിൽ മാത്രമേ കൈകാര്യം ചെയ്യാനാവൂ

39

Jijeesh Renjan

ഈ അടുത്ത് ദൃശ്യം സിനിമയിലെ റാണി എന്ന അമ്മയുടെ നിലപാടിൽ മാറ്റം വന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് ഒരു പോസ്റ്റ് കണ്ടിരുന്നു. തീർച്ചയായും കഥാ പശ്ചാത്തലം ഒഴിവാക്കിയാൽ ആ പോസ്റ്റിലെ വിഷയത്തോട് പൂർണ്ണമായും യോജിക്കുകയാണ്.കാരണം മൊബൈലും സോഷ്യൽ മീഡിയായുമൊക്കെ അടിസ്ഥാന ആവശ്യങ്ങളായി മാറിയിരിക്കുന്ന ഇക്കാലത്ത് വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതിന് സാധ്യത ഏറെയാണ്.ഇത്തരത്തിൽ എന്തെങ്കിലും സംഭവം ഉണ്ടായാൽ പഴി കേൾക്കുന്നതും പ്രയാസങ്ങൾ ഉണ്ടാകുന്നതും സ്ത്രീകൾക്കാണ്.അത് കൊണ്ട് തന്നെ ഒരു പെൺ കുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ എടുത്ത് ആരെങ്കിലും ബ്ളാക് മെയിൽ നടത്തിയാൽ അതിൽ വീഴാത്ത വണ്ണം കുട്ടികളെ ബോധവത്‌കരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.ആരെങ്കിലും അത് പ്രചരിപ്പിച്ചാലും ജീവിതം നഷ്ടപ്പെട്ടു എന്ന തോന്നൽ ഉണ്ടാകാനും പാടില്ല.ജീവിതത്തിൽ ആണെകിൽ ദൃശ്യത്തിലെ എന്ന കഥാപാത്രം ചെയ്ത് കാണാൻ ആഗ്രഹിക്കുന്നത് വരുണിനോട് പോയി പണി നോക്കാൻ പറയുക എന്നതാണ്.അവൻ അത്തരത്തിൽ ഒരു കുളി മുറി ദൃശ്യം പ്രചരിപ്പിച്ചാൽ അഞ്ജു ധൈര്യമായി മുന്നോട്ട് വരണം.സമൂഹത്തോട് ആ ദൃശ്യം ലൈംഗിക ദാരിദ്യ്രമുള്ള വരുൺ എന്ന ചെറുപ്പക്കാരൻ ഒളികാമറയിലൂടെ എടുത്തതാണ് എന്ന് വിളിച്ചു പറയണം.ഇതിന് വാർത്താ സമ്മേളമോ ഫേസ്ബുക്ക് ലൈവോ ഒക്കെ ഉപയോഗിക്കാം.പൊതു സമൂഹത്തിൽ നിന്ന് നല്ല പിന്തുണ തന്നെ ആ കുട്ടിക്ക് ലഭിക്കും.പിന്നെ ചില ഞരമ്പന്മാർ മാത്രം അശ്ലീലവും സദാചാരവും പഴി ചാരലും നടത്തും.അതിനെ അവഗണിക്കുക.അങ്ങനെയൊക്കെ പെൺകുട്ടികൾ മുന്നോട്ട് വരുമ്പോൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.അത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

പിന്നെ ദൃശ്യം എന്ന സിനിമയുടെ കഥാപശ്ചാത്തലത്തെയും അതിലെ ദുർബലമായ അമ്മയെയും വിമർശിച്ച് അതിൽ പുരുഷ മേധാവിത്വവും അടിച്ചമർത്തലുകളും സദാചാരവും ആരോപിക്കുന്നതിനോട് യോജിപ്പില്ല.കാരണം ആ സിനിമ അങ്ങനെയാണ്.അതിലെ കഥാപാത്രങ്ങളുടെ ചിന്തകൾ അത്തരത്തിലാണ്.പത്താം ക്ലാസ് തോറ്റ, നാട്ടിൻ പുറത്ത് കാരിയായ, മൊബൈലിനെ ഭീകരമായി കാണുന്ന ഒരു സ്ത്രീക്ക് അങ്ങനെ ഒരു സംഭവം ഉണ്ടായത് ഈ രീതിയിൽ മാത്രമേ കൈകാര്യം ചെയ്യാനാവൂ.അതും പൊലീസ് ഐജിയുടെ മകൻ കൂടിയാകുമ്പോൾ.

ആ സിനിമയിൽ സീൻ മാറ്റി ചിന്തിച്ചാൽ റാണി വരുണിന് ഒരു തല്ലും കൊടുത്ത് നീ ആരെയാടാ പേടിപ്പിക്കാൻ നോക്കുന്നത്, ഇത് പണ്ടത്തെ കാലമൊന്നുമല്ല നീ എന്താന്ന് വച്ചാൽ ചെയ്തോ എന്ന് പറയുന്നു.വരുൺ കുളി സീൻ കൊണ്ട് നെറ്റിലൊക്കെ ഇടുന്നു.അഞ്ജുവിന് സ്ക്കൂളിലും സമൂഹത്തിലും നാണക്കേടാകുന്നു.അവസാനം കേസ് കൊടുക്കുന്നു.സാധാരണക്കാരായ അവർക്ക് പൊലീസിൽ നിന്നും വലിയ സമ്മർദ്ധമാകും ഉണ്ടാകുക.ഉന്നതർ ഉൾപ്പെട്ട കേസുകളിൽ ഇര ഉന്നത അല്ലെങ്കിൽ വലിയ പ്രയാസം തന്നെയാണ്.ഒന്നുകിൽ അഞ്ജുവിനെ അപായപ്പെടുത്തും.അല്ലെങ്കിൽ അച്ഛനെ വല്ല കള്ള കേസിലും കുടുക്കും.രാത്രി കേബിളിൽ അശ്ലീല ചിത്രം ഇടുന്നു എന്ന് വരെ പറഞ്ഞു കേസാക്കിക്കളയും.അവസാനം കേസിൽ നിന്ന് പിന്മാറേണ്ട സാഹചര്യം അഞ്ജുവിന് ഉണ്ടാകും.വേണമെങ്കിൽ താനും വരുണും പ്രേമത്തിലായിരുന്നു എന്നും താൻ തന്നെ എടുത്ത് നൽകിയതാണെന്നും പറയിപ്പിക്കും.ഇത് പോലെയൊക്കെ ഉന്നതർ വിചാരിച്ചാൽ പലതും നടക്കും എന്ന ചിന്തയിൽ റാണിയെ പോലെ ഒരമ്മയ്ക്ക് കാലു പിടിക്കാൻ മാത്രമേ കഴിയൂ.ആ സിനിമയിൽ അങ്ങനെ തന്നെ ഉണ്ടാകേണ്ടത് കഥാ സന്ദർഭത്തിന്റെ ആവശ്യമാണ്.

പിണങ്ങിയ ഭാര്യയെ സോപ്പിടാൻ പുകഴ്ത്തുന്ന പാട്ട് എഴുതാൻ സംവിധായൻ ആവശ്യപ്പെടുമ്പോൾ പൂമുഖ വാതുക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ എന്നെഴുതിയാൽ അത് എല്ലാ ഭാര്യമാരും അങ്ങനെ ആയിരിക്കണം, അതാണ് ആണുങ്ങളുടെ സങ്കൽപം അത് കൊണ്ട് വരി തിരുത്തണം എന്നൊക്കെ പറയുന്ന വാദങ്ങളോടും യോജിപ്പില്ല.ആ പാട്ട് വന്ന രണ്ട് സിനിമകളിലും പുരുഷ കഥാപാത്രങ്ങൾ തന്നിഷ്ടക്കാരും നിര്ബന്ധബുദ്ധിക്കാരുമായിട്ടാണ് കാണിച്ചിട്ടുള്ളത്.സന്ദർഭത്തിനു അനുസരിച്ച് ആണിനെ കളരി വിളക്ക് തെളിഞ്ഞതാണോ,സൂര്യൻ ഉദിച്ചതാണോ മാനത്ത് നിന്ന് വന്നതാണോ എന്നൊക്കെ വർണ്ണിച്ചും പാട്ട് ഉണ്ടായിട്ടുണ്ട്.അത് കൊണ്ട് സ്ത്രീകളുടെ സങ്കല്പം അങ്ങനെയാണ് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ
ഓരോ കഥയും കഥാപാത്രങ്ങളും പശ്ചാത്തലവും വിഭിന്നമായിരിക്കും.അതിനനുസരിച്ചുള്ള ഡയലോഗുകളും സന്ദർഭങ്ങളും ഉണ്ടാകും.