ബീഫ് തിന്നാൻ കൊതിച്ചിട്ടു പോലും സാധിക്കാത്ത കുട്ടികൾ നമുക്ക് ചുറ്റിനുമുണ്ട്, ഒരു അധ്യാപികയുടെ അനുഭവക്കുറിപ്പ്

93

ഇതു വായിച്ചിട്ടു സത്യത്തിൽ കണ്ണു നിറഞ്ഞു, ആദ്യം വേദന കൊണ്ടും പിന്നെ മനസ്സിനുണ്ടായ നിറവുകൊണ്ടും .എഴുതിയതു Jijo Cyriac.

ഹയർ സെക്കണ്ടറി അധ്യാപികയായ ഭാര്യ സ്മിതയ്ക്കുണ്ടായ അനുഭവമാണ്.അഞ്ച് വർഷം മുമ്പാണ്,ഉച്ചയൂണിന് ബെല്ലടിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്ന നിമിഷങ്ങൾ. പുസ്തകമൊക്കെയടച്ച് കുട്ടികളുമായി കളിതമാശ പറയുന്ന സമയം. വാച്ചിൽ നോക്കി ടീച്ചർ പറഞ്ഞു ഇന്നെന്താണാവോ …ഭയങ്കര വിശപ്പ്..അപ്പോഴാണ് ഒരുത്തന്റെ ചോദ്യം-” ടീച്ചറിനിന്നെന്താ കറി’’

‘‘ ഇന്ന് ബീഫാണ്’’-ടീച്ചർ പറഞ്ഞപ്പോഴേ ക്ലാസിൽ ഹായ്..എന്നൊരു ശബ്ദം മുഴങ്ങി…അപ്പോഴേക്കും ബെല്ലടിച്ചു.പിന്നീട് ഊണുകഴിഞ്ഞ് സ്റ്റാഫ് റൂമിന് പുറത്ത് നിൽക്കുമ്പോൾ ക്ലാസിലെ ഒരു വായാടി പയ്യൻ അടുത്തുവന്നു.’’ ടീച്ചറിന് ബീഫ് കറിയാണോ..ഫ്രൈയാണോ..? ചോദ്യം അപ്രതീക്ഷിതമായിരുന്നു.കറിയായിരുന്നു എന്ന മറുപടി കേട്ടപ്പോൾ അവൻ പറഞ്ഞു..’’ എനിക്ക് ബീഫ് ഫ്രൈയാണിഷ്ടം…ഭയങ്കര കൊതിയാ..പക്ഷേ തിന്നിട്ട് നാലഞ്ച് മാസമായി.വീട്ടിലെ ദാരിദ്ര്യത്തിന്റെ വിഷാദം അവന്റെ മുഖത്ത് തെളിഞ്ഞു.

അച്ഛൻ പണിക്ക് പോകത്തില്ല ടീച്ചറേ. സ്ഥിരം കള്ളുകുടിയാ. കഞ്ചാവും.അമ്മ വീട്ടുവേലയ്ക്ക് പോയി കിട്ടുന്ന കാശും പിടിച്ചുപറിക്കും. പിന്നെ തല്ലും ബഹളവും. അതുകൊണ്ട് മിക്കവാറും ചോറിന് മുളക് തിരുമിയതാകും കറി. കഴിഞ്ഞയാഴ്ച അയൽപക്കത്തൊരുവീട്ടിൽ കല്യാണമുണ്ടായിരുന്നു. അവിടെ പോയി ബീഫൊക്കെ കഴിക്കാമെന്നോർത്തിരുന്നതാ. അടുത്തവീട്ടിൽ വരെ അവർ വിളിച്ചു. ഞങ്ങളെ ഒഴിവാക്കി ഞങ്ങൾ പാവത്തുങ്ങളല്ലേ. പോരാഞ്ഞിട്ട് അച്ഛൻ കള്ളുകുടിയനും.

നെഞ്ച് തകർന്ന് നിന്ന ടീച്ചർ അതിവേഗം ക്ലാസ് റൂമിലേക്ക് നടന്നു,ഓടിയെന്ന് പറയുന്നതാകും ശരി.ശിഷ്യന്റെ മുന്നിലൊതുക്കിവെച്ച കരച്ചിൽ സ്റ്റാഫ് റൂമിലെത്തിയപ്പോഴേക്കും കൈവിട്ട് പോയി. വൈകീട്ട് എന്നെ വിളിച്ചുപറഞ്ഞു, ജോലികഴിഞ്ഞ് വരുമ്പോൾ കുറച്ച് ബീഫ് വാങ്ങിവരണം. വീട്ടിലെത്തിയപ്പോഴാണ് സ്കൂളിലെ കരച്ചിലിന്റെ കഥ പറഞ്ഞത്.കേട്ട് നിൽക്കേ ഞാനും കരഞ്ഞുപോയി.

പിറ്റേന്ന് ടീച്ചർ സ്കൂളിൽപോയത് ഒരു വലിയപൊതി ബീഫ് ഫ്രൈയുമായിട്ടാണ്. ആരുംകാണാതെ വിളിച്ച് നൽകുമ്പോൾ അവന്റെ കണ്ണുകൾ വിടർന്നു. കൊതിയോടെ ആ പൊതി വീണ്ടും വീണ്ടും മണത്തു. പിന്നെ പറഞ്ഞു. ടീച്ചറേ..ഞാനിത് വീട്ടിൽകൊണ്ടുപോയി കഴിച്ചോളാം. അമ്മക്കും അനിയത്തിമാർക്കും കൊടുക്കാലോ. അന്നുമുതൽ വീട്ടിൽ ബീഫ് വെക്കുമ്പോൾ ഒരു പൊതി അവനുള്ളതായി മാറി

ഇപ്പോഴിത് കുറിക്കാൻ കാരണമുണ്ട്,കോവിഡ് കാലത്ത് പലരും ഞെങ്ങി ഞെരുങ്ങിയാണ് ജീവിക്കുന്നത്.അതിനിടെയിൽ നമ്മുടെ പാചകവിരുതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഷെയർചെയ്ത് അർദ്ധപട്ടിണിക്കാരുടെ മക്കളുടെ മനസ്സ് തകർക്കരുത്. വേണ്ടവർ ഉണ്ടാക്കി കഴിച്ചുകൊള്ളൂ. അത് പോസ്റ്റ് ചെയ്ത് മിടുക്ക് കാണിക്കണോ. നമ്മൾ അറിയാത്ത,നമുക്ക് കെട്ടുകഥകളായി തോന്നുന്ന കുറേ ജീവിതങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. മറക്കരുത്.പ്ലീസ്