മാണിയുടേത് ഉൾപ്പെടെ രണ്ടു സ്മാരകങ്ങൾക്കു തോമസ് ഐസക് വകയിരുത്തിയത് 10 കോടി രൂപയാണ്, ഭവനരഹിതർക്ക് വീട് വെയ്ക്കാൻ സർക്കാർ നല്കുന്നത് 4 ലക്ഷം വീതമാണ്

120

Jijo Kurian

കക്ഷിരാഷ്ട്രീയം ചികയാതെ ഒരു രാഷ്ട്രീയ വായനയ്ക്ക്. ബജറ്റിൽ രണ്ട് സ്മാരകങ്ങൾക്കായി മന്ത്രി തോമസ് ഐസക് വകയിരുത്തിയത് 10 കോടി രൂപയാണ്. പ്രബുദ്ധ കേരളത്തിൽ ഈ രണ്ടുപേരുടെ രാഷ്ട്രീയ സംഭാവനകൾ എന്തൊക്കെയെന്ന ചർച്ചയിലേയ്ക്ക് കടക്കുന്നില്ല. മറ്റൊരു കാര്യമാണ് പറയുന്നത് – ഭവനരഹിതർക്ക് വീട് വെയ്ക്കാൻ സർക്കാർ നല്കുന്നത് 4 ലക്ഷം വീതമാണ്. ഫണ്ടില്ലായെന്ന കാരണത്താൽ കരയുന്ന കുഞ്ഞുങ്ങൾക്ക് മാത്രം വല്ലപ്പോഴും അല്പം പാലുകൊടുത്ത് അവസാനിപ്പിച്ചാണ് നമ്മുടെ സമ്പൂർണ്ണഭവനനിർമ്മാണ പദ്ധതിയുടെ മെല്ലെപ്പോക്ക്. 10 കോടി 250 ഭവനരഹിതകുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കാനുള്ള പണമാണ് !

വ്യക്തിപരമായ പല അനുഭവങ്ങളിൽ ഒരു കൊച്ചനുഭവം മാത്രം പറയാം. ഒരാൾ ദാനമായി വാങ്ങിത്തന്ന 25 സെന്റ് സ്ഥലത്ത് 5 കൊച്ചുവീടുകൾ ഭൂരഹിതരും ഭവനരഹിതരുമായവർക്ക്വേണ്ടി നാട്ടുകാരുടെ കാരുണ്യത്തിൽ പണിതു. 2 മാസം കൊണ്ട് പണിപൂർത്തിയാക്കി ഡിസം. 25 ന് വീടുകൾ കൈമാറി. ഈ 5 ദരിദ്രമകുടുംബങ്ങൾക്ക് 5 സെന്റ് ഭൂമിവീതം രജിസ്ട്രർ ചെയ്തുകൊടുക്കാൻ രജിസ്ട്രേഷൻ ഫീസിളവിനായി ഒക്ടോബർ മുതൽ ജനുവരി വരെ പലരിലൂടെയും കയറിയിറങ്ങിയത് 2 മന്ത്രിമാരുടെ (തോമസ് ഐസക്, ജി. സുധാകരൻ) ഓഫീസുകളടക്കം സെക്ട്രിയേറ്റ്, രജിസ്ട്രാർ ഓഫീസ്, 6 പഞ്ചായത്തുകൾ, 6 വില്ലേജ് ഓഫീസുകൾ. ആളൊന്നുക്ക് വെറും 17000 രൂപ, അത്രയേ ഒഴിവ് വേണ്ടിയിരുന്നുള്ളു. ആരും നോ പറഞ്ഞില്ല, എന്നാൽ ഗവൺമെന്റ് ഓഡർ എന്ന “അത്യുന്നത കല്ലന” ഒരിക്കലും വന്നുമില്ല. അവസാനം വീണ്ടും ആളുകൾക്ക് മുമ്പിൽ കൈനീട്ടി യാചിച്ച് രജിസ്ട്രേഷൻ ഫീസ് സംഘടിപ്പിച്ച് അടുത്തആഴ്ച ഈ പാവപ്പെട്ട മനുഷ്യർക്ക് ഭൂമി അവരുടെ പേരിലാക്കികൊടുക്കാൻ പോവുകയാണ്. നമ്മുടെ ബജറ്റും സർക്കാർ സംവിധാനങ്ങളും എന്ന് ദരിദ്രന്റെ പക്ഷത്തുനിന്ന് ചിന്തിക്കാൻ തുടങ്ങും!

Advertisements