നിങ്ങളുടെ ഭാര്യ അവളുടെ ആൺ സുഹൃത്തിനോട് സംസാരിച്ചാൽ എന്താണ് സംഭവിക്കാൻ പോകുന്നത് ?

0
216

Jijo Puthanpurayil

നിങ്ങളുടെ ഭാര്യ അവളുടെ ആൺ സുഹൃത്തിനോട് സംസാരിച്ചാലോ, നിങ്ങളുടെ ഭർത്താവ് പുള്ളിയുടെ പെൺ സുഹൃത്തിനോട് മിണ്ടിയാലോ എന്താണ് സംഭവിക്കാൻ പോകുന്നത്?ഒന്നിരുത്തി ചിന്തിച്ചിട്ട് പറ. എന്ത് ദോഷമാണ് നിങ്ങൾക്ക് വരാൻ പോകുന്നത്? പുള്ളിയുണ്ടടാ പിന്നെ വിളി, അവൾ കൂടെയുണ്ട് തിരിച്ച് വിളിക്കാം എന്നൊക്കെ പറയുന്ന എത്രയോ എത്രയോ സാഹചര്യങ്ങൾ നിങൾക്കുണ്ട്. പങ്കാളികളുടെ ഈ സാഹചര്യം നിങൾ തന്നെയുണ്ടാക്കുന്നതാണ്. ഭാര്യ വേറെയൊരുത്തനോടും മിണ്ടാൻ പാടില്ല, മിണ്ടിയാൽ കൊഞ്ചൽ, ഭർത്താവ് മിണ്ടിയാൽ പരസ്ത്രീ ബന്ധം. എന്തൊക്കെ കേൾക്കണം. ഇതൊക്കെ കൊണ്ടാണ് പലരും സൗഹൃദങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത്. ഈ രഹസ്യ സൗഹൃദം ഒരിക്കലും അവിഹിതമാകണമെന്നില്ല. അല്ലേലും സൗഹൃദം ഒരിക്കലും അവിഹിതമല്ലല്ലോ.

എൻ്റെ അഭിപ്രായത്തിൽ ഭാര്യക്ക് വേണേൽ അവളുടെ പുരുഷ സുഹൃത്തിനെ വിളിച്ച് സംസാരിക്കാം, പുരുഷന് തൻ്റെ സ്ത്രീ സുഹൃത്തുക്കളെ വിളിച്ച് എപ്പോ വേണേലും സംസാരിക്കാം എന്ന സ്വതന്ത്ര കാഴ്ചപ്പാടിലേക്ക് വരണം. ആൺ പെൺ സൗഹൃദങ്ങളെ എപ്പോഴും അവിഹിത ബന്ധമായി കാണുന്ന മൂരാച്ചികളുടെ പങ്കാളികളാണ് കൂടുതലും രഹസ്യ ബന്ധങ്ങളിൽ ചെന്ന് ചാടാറ് എന്ന സത്യം മനസ്സിലാക്കണം. സുതാര്യതയുള്ള സൗഹൃദങ്ങൾക്ക് കപടത കുറവായിരിക്കും. ഈ സുതാര്യത ഇല്ലാതാക്കുന്നത് നമ്മുടെ തന്നെ ഇടുങ്ങിയ കാഴ്ചപ്പാടുകളാണ്. വിവാഹം കഴിഞ്ഞാൽ ഭർത്താവ് പൂർണ്ണമായി ഭാര്യയിലേക്കും, ഭാര്യ പൂർണ്ണമായി ഭർത്താവിലേക്കും പൂർണ്ണമായി അടിയറവ് വെക്കേണ്ട ഒന്നല്ല, മറിച്ച് സ്നേഹബന്ധമാണ്. സ്നേഹം എന്നാല് സ്വാതന്ത്യം എന്നാണ്. സുതാര്യത സ്നേഹത്തിലുണ്ട്.

ഭർത്താവിൻ്റെ സുഹൃത്തുകൾ ആണായാലും പെണ്ണായാലും അത് അംഗീകരിച്ച്, ബഹുമാനിക്കണം. ഭാര്യയുടെ സുഹൃത്തുക്കൾ ആണായാലും പെണ്ണായാലും അവളുടെ സൗഹൃദ സ്വാതന്ത്യം ഭർത്താവ് ബഹുമാനിക്കണം.ഇനി നിങ്ങള് പറയുന്ന മുടന്തൻ കാരണം… ഈ ആൺ പെൺ സൗഹൃദങ്ങൾ അവിഹിതത്തിലേക്ക് വഴി തുറക്കുന്ന ഒന്നാണ് എന്നാണ്. അതിൻ്റെ അർത്ഥം നിങ്ങളുടെ പങ്കാളികളിൽ നിങ്ങൾക്ക് ഒട്ടും വിശ്വാസമില്ല എന്നാണ്. ഇനി നിങ്ങള് എത്ര കർശന നടപടി എടുത്താലും നിങ്ങളെ വഞ്ചിക്കണമെന്ന് ഒരാണോ പെണ്ണോ വിചാരിച്ചാൽ എളുപ്പത്തിൽ നടക്കും. എത്രയോ അങ്ങനെ നടക്കുന്നുണ്ട്. അപ്പോ ആൺ പെൺ സൗഹൃദമല്ല അവിഹിത കാരണം. മനോഭാവങ്ങളും ചില സാഹചര്യങ്ങളിൽ പങ്കാളികളുടെ ഉത്തരവാദിത്വമില്ലായ്മയുമാണ്.

വിവാഹമെന്നാൽ പങ്കാളികളുടെ ജീവിതം തീറെഴുതി തരൽ എന്നല്ല അർത്ഥം. ഉഭയ സമ്മതപ്രകാരം ഒരുമിച്ച് ജീവിക്കുക എന്നാണ്. അവിഹിതം മാത്രമാണ് വിവാഹ അവിശ്വസ്തതയെന്ന് ഭൂരിഭാഗം ആളുകളുടെയും ചിന്ത. പങ്കാളികളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്താ വൈകല്യവും അവിശ്വസ്തതയിൽ പെടുന്ന പ്രധാനപ്പെട്ട കാര്യമാണ്. അല്ലേ.ഇടുങ്ങിയ ചിന്തകൾ മാറ്റി ബന്ധങ്ങളെ ബന്ധനമാക്കി കഴിയുന്ന ഈ മനോഭാവം മാറ്റിയാൽ നന്നാവും എന്നാണ് എൻ്റെ അഭിപ്രായം. അതായത് എല്ലാ ആൺപെൺ സൗഹൃദങ്ങളെ ലൈംഗീകതയുമായി തുലനം ചെയുന്ന ലൈംഗീക ദാരിദ്ര്യ ചിന്താഗതിക്കാണ് മാറ്റം വരേണ്ടത്.