നിറപ്പകിട്ടുകള്‍ക്കിടയില്‍ നിറച്ചാര്‍ത്തില്ലാത്ത ജീവിതങ്ങള്‍

521

കോട്ടയത്ത്‌ നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന്റെ ഹൃദയ ഹാരിയായ അനേകം കലാ പ്രകടനങ്ങള്‍ മനം കുളിര്‍ക്കെ കണ്ട് കൊണ്ടു പ്രധാന വേദിയായ പോലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ കവാടത്തിനു മുന്‍പില്‍ വെച്ച് ഒരു ചെറുകൈ എന്റെ പക്കല്‍ ഒരു നോട്ടീസ് ഏല്‍പ്പിച്ചു,നോക്കിയപ്പോള്‍ ഏകദേശം ഏഴോ എട്ടോ വയസുള്ള രണ്ടു കുട്ടികളാണ് എന്റെ മുന്‍പില്‍,ഒരു പക്ഷെ ഈ തിരക്കിനിടയില്‍ ചവിട്ടിയരയാന്‍ മാത്രം വലുപ്പമുള്ള രണ്ടു കുഞ്ഞുങ്ങള്‍.

രണ്ടു പേരുടെയും കണ്ണുകളില്‍ വലിയ പ്രതീക്ഷയുടെ ബഹുസ്ഫുരണങ്ങള്‍ ഞാന്‍ കണ്ടു.വിദ്യാഭ്യാസത്തിനായി വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു എന്നും,തമിഴ് നാട്ടില്‍ നിന്നും ഇവിടെ എത്തിയതാണെന്നും മലയാളത്തിലും ഇന്ഗ്ലീഷിലുമായി എഴുതിയ ഒരു അഭ്യര്‍ത്ഥനയാണ് എനിക്ക് കിട്ടിയത് എന്ന് മനസിലാക്കി.അനേകം ആളുകള്‍ ഇരുപതും പത്തുമൊക്കെ കൊടുക്കുന്നതും കണ്ടു.പതിവ് നാടകമാണെന്ന് കരുതി ഞാന്‍ നടന്നകന്നു.

പക്ഷെ ആ ചെറു കൈകള്‍ വീണ്ടും എന്റെ പുറത്തു സ്പര്‍ശിച്ചു,അതീവ ദൈന്യതയോടെ എന്റെ മുന്നില്‍ നില്‍ക്കുകയാണ് ഈ കുട്ടികള്‍ .ഒരു പക്ഷെ തട്ടിപ്പ് എന്ന് വിധിയെഴുതി കടന്നു പോകുമായിരുന്ന എന്നെ വളരെയധികം ദുഃഖത്തില്‍ ആഴത്തി ഈ രണ്ടു മുഖങ്ങള്‍.എന്റെ അനിയനേക്കാളും വളരെ പ്രായം കുറഞ്ഞ ഈ രണ്ടു പിഞ്ചു പൈതങ്ങള്‍ ഒരിക്കലും സ്വന്തമായി ഇതിനായി ഇറങ്ങി പുറപ്പെടില്ല എന്നെനിക്കുറപ്പായിരുന്നു.ആ പിഞ്ചു മുഖങ്ങളില്‍ വിശപ്പിന്റെ ആധിക്യത്തെക്കാളും ഒരു ഭയത്തിന്റെ സൂചനയാണ് എനിക്ക് ലഭിച്ചത്.അതിനാല്‍ തന്നെ ഇവരെ പിന്തുടരാന്‍ ഞാന്‍ തീരുമാനിച്ചു.

കലോത്സവത്തിന്റെ വര്‍ണ്ണ പകിട്ടില്‍ പലരും മറന്നു പോകുന്ന ഒരു വിഭാഗത്തിനായി ഞാന്‍ തിരച്ചിലാരംഭിച്ചു ,കുറച്ചധികം ദൂരം കുട്ടികളറിയാതെ ഇവരെ പിന്തുടര്‍ന്നു ,ആരാണ് ഇവര്‍ക്ക് പിന്നിലെന്നറിയാനുള്ള ഒരു ചെറിയ ശ്രമായിരുന്നു അത്.അനേകം ആളുകളുടെ അടുത്തെത്തി ഈ നോട്ടീസ് നല്‍കി,കുട്ടികളുടെ നിഷ്കളങ്ങമായ മുഖങ്ങള്‍ കണ്ട ശേഷം ഓരോ നോട്ടുകള്‍ എടുത്തു കൊടുക്കുന്നത് ഞാന്‍ കണ്ടു,കുറച്ചധികം ദൂരം നീങ്ങിയിട്ടും ഇവര്‍ അവിടെ തന്നെ കറങ്ങുകയാണ്.ഉടന്‍ തന്നെ ഞാന്‍ അതിലൊരു കുട്ടിയെ വിളിച്ച ശേഷം വീണ്ടും നോട്ടീസ് ആവശ്യപ്പെട്ടു,ആ കുട്ടിയുടെ കൈയ്യില്‍ മറ്റൊരു വലുപ്പത്തിലും ഫോര്‍മാറ്റിലുമുള്ള നോട്ടീസായിരുന്നു.അതിലൂടെ ഈ ഭിക്ഷാടനം ഇതൊരു വലിയ കച്ചവട സംസ്ക്കാരത്തിന്റെ ഭാഗമാണെന്നു മനസിലായി.കുട്ടി വിഷമിക്കേണ്ടയെന്നും കലോത്സവ സംഘാടകരുമായി ബന്ധപെട്ടാല്‍ നിങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞു കൊണ്ടു അവരുടെ കൈയ്യിലിരുന്ന ചെറിയ ഒരു ഫയല്‍ തരാന്‍ കൈ നീട്ടിയപ്പോള്‍ കുട്ടി ഒഴിഞ്ഞു മാറി.

അതില്‍ ധാരാളം നോട്ടുകള്‍ ഉള്ളതായി ഞങ്ങള്‍ സുഹൃത്തുക്കള്‍ നേരത്തെ തന്നെ കണ്ടിരുന്നു.ഒരു പക്ഷെ ഞങ്ങളുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ കുട്ടി ഉടന്‍ തന്നെ എന്റെ കൈയ്യിലിരുന്ന നോട്ടീസ് തട്ടി പറിച്ചു കൊണ്ടു വേഗത്തില്‍ നടന്നു മാറി.തൊട്ടടുത്ത്‌ തന്നെ കലോത്സവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മനോരമ ന്യൂസിന്റെ സ്ടാളിലേക്ക് ഞാന്‍ ഓടിയെത്തി ഈ വിവരം അവരോടു പറഞ്ഞു.ചൂടന്‍ വാര്‍ത്താ പ്രക്ഷേപണം നടക്കുന്നതിനിടക്കും ഒരു ക്യാമറമാന്‍(പക്ഷെ അദ്ധേഹത്തിന്റെ കൈയ്യില്‍ ആ സമയം ക്യാമറ ഉണ്ടായിരുന്നില്ല) എന്റെ വിളി കേട്ട് എന്റെ കൂടെയെത്തി.പക്ഷെ ഇത്തരം എക്സ്ക്ലൂസീവ് സെക്ഷനുകള്‍ കൈകാര്യം ചെയ്യുന്ന ക്യാമറമാന്‍ ഫയര്‍ എഞ്ചിന്റെ മുകളിലായിരുന്നു(ഗ്രൗണ്ടില്‍ പൊടി കുറയ്ക്കുന്നതിനായി വന്ന ഫയര്‍ എഞ്ചിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു).

കുറെ നേരം ഞാനും രണ്ടാമത്തെ ക്യാമറ മാനും കൂടി ഇങ്ങേരെ തപ്പിയെങ്കിലും കണ്ടു കിട്ടിയില്ല.ഞങ്ങള്‍ രണ്ടു പേരും കവാടത്തിനരികില്‍ എത്തിയപ്പോള്‍ അവര്‍ അടുത്ത ജംക്ഷനില്‍ എത്തിയിരുന്നു..കലോത്സവ വേദിക്ക് വളരെ ദൂരെയായതിനാല്‍ ഒരു എക്സ്ക്ലൂസീവ് നഷ്ടപ്പെട്ട വേദന അദ്ദേഹത്തിന്റെ മുഖത്ത് ഞാന്‍ കണ്ടു,വീണ്ടും ഇവരെ ശ്രദ്ധയില്‍ പെട്ടാല്‍ ന്യൂസ്‌ല്‍ ചേര്‍ത്തു കൊള്ളാമെന്നും ക്യാമറ മാന്‍ ഫയര്‍ എഞ്ചിന്റെ മുകളിലായതിനാലാണ് ഈ ‘സുന്ദരമായ’ അവസരം നഷ്ടപ്പെട്ടത് എന്ന ഖേദം അറിയിക്കുകയും ചെയ്തു എന്നോട് നന്ദി പറഞ്ഞു നടന്നകന്നു.

പക്ഷെ അപ്പോഴും എന്റെ കണ്ണുകളില്‍ ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖങ്ങളായിരുന്നു.ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രൂര മൃഗങ്ങള്‍ ആരായിരിക്കാം?ലക്ഷങ്ങളുടെ കളികള്‍ നടക്കുന്ന കലോത്സവത്തില്‍ വര്‍ണ്ണപ്പകിട്ടുകള്‍ക്കിടയില്‍ നിറങ്ങള്‍ ചാളിക്കാത്ത ചില ജീവനുകള്‍.സൗണ്ട് സിസ്റ്റം പോരെന്നും,വിധി കര്‍ത്താക്കള്‍ അഴിമതി കാട്ടിയെന്നും ആരോപിച്ചു പലരും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ വാര്‍ത്തകള്‍ കാണാതെ പോകുന്ന ചിലര്‍ തിരശീലക്കു പിന്നിലുണ്ടെന്നത് യാഥാര്‍ത്ഥ്യം .ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നാ നഷ്ട ബോധം എന്നെ അലട്ടുകയായിരുന്നു.പ്രതികരിക്കാന്‍ വാക്കുകള്‍ മനസ്സില്‍ എത്തുമ്പോള്‍ കൈ അനങ്ങാതാവുന്ന അവസ്ഥ,അതായിരുന്നു എന്റേത് .പലപ്പോഴും നാമും ഈ അവസ്ഥയിലേക്ക് തന്നെ താന്‍ മാറുന്നതാണോ,അതോ ആരെങ്കിലും നമ്മെ ഈ അവസ്ഥയിലേക്ക് തള്ളി കളയുന്നതാണോ എന്ന് ഞാന്‍ ആലോചിച്ചു.

ഒരു പക്ഷെ ഇന്ന് എന്റെ രാത്രിയില്‍ ഉറക്കം കെടുത്തുന്നത് ഈ കുട്ടികളുടെ മുഖങ്ങളായിരിക്കും.ഏറ്റവും ഒടുവില്‍ ഞാനും ആലോചിച്ചു,അവിടെ കണ്ട ഫയര്‍ എഞ്ചിനില്‍ നിന്നും കുത്തിയൊഴുകുന്ന വെള്ളപ്പാച്ചില്‍ പോലെ എക്സ്ക്ലൂസീവുകള്‍ അനേകം കണ്ട മനുഷ്യര്‍ക്ക്‌ ഇതിലെന്ത് ചേതം?സ്വന്തം മക്കളുടെ കാര്യം മാത്രം നോക്കുന്ന മാതാപിതാക്കളും ചിന്തിക്കുക.മനുഷ്യനെ പച്ചക്ക് കൊല്ലുന്നത് കണ്ടു മനസ് മരവിച്ചു പോയ സമൂഹമേ നിങ്ങള്‍ക്ക് ഹാ കഷ്ടം!