ജിമ്മി മാത്യു എഴുതുന്നു 

ഒതളങ്ങ കുത്തിയാൽ സപ്പോട്ട മുളക്കുമൊ?

ഒരിടത്തൊരിടത്തു ഒരു കർഷക കുടുംബം ഉണ്ടായിരുന്നു. ആ വീട്ടിലെ ഒരമ്മായി സ്വത്തു മൊത്തം തനിക്ക് സ്വന്തം ആക്കണം എന്ന ലാക്കോടെ ഒരു ഒതളങ്ങ പറമ്പിൽ നട്ടു.
ആ വീട്ടിൽ ആരും സപ്പോട്ട കണ്ടിട്ടുണ്ടായിരുന്നില്ല.

“പണ്ട് നമ്മുടെ പൂർവികരുടെ പറമ്പു മുഴുവൻ സപ്പോട്ട ആയിരുന്നു. അന്ന് അത് തിന്ന് അതിന്റെ മധുരവും മാന്ത്രിക ശക്തിയും കൊണ്ട്, നമ്മുടെ കാരണവന്മാർ നാട്ടിലെ രാജാക്കന്മാർ ആയിരുന്നു. ഈ തൈ സപ്പോട്ടയുടേത് ആണ്.” അമ്മായി എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചു.

ഒതളം വളർന്നു. അതിന്റെ പൂ മണപ്പിച്ച വീട്ടിലെ കുട്ടി ശ്വാസം മുട്ട് വന്നു കിടപ്പിലായി.

“ഈ ഒറ്റപ്പെട്ട സംഭവവും ഞാൻ നട്ട മരവും ആയി ബന്ധം കാണരുത്. ങ്ങാഹാ..” അമ്മായി പറഞ്ഞു.

ആരും പിന്നെ മിണ്ടിയില്ല.

പിന്നെ ഒതളത്തിന്റെ ഇല വച്ച് മൂക്കു ചീറ്റിയ വൃദ്ധൻ മൂക്കു ദ്രവിച്ചു പഴുത്തു കിടപ്പിലായി.

“വേണ്ടാത്ത പണി കാണിച്ചിട്ട് എന്റെ ചെടിക്കാണോ കുറ്റം? ഇല കൊണ്ട് മൂക്കു ചീറ്റാൻ ആര് പറഞ്ഞു? പരട്ട കിളവൻ.”

അമ്മൂമ്മയുടെ സ്വരം മാറി.

അപ്പോഴേക്കും അമ്മൂമ്മ അവിടെ ഒരു സംഭവം ആയി മാറിയിരുന്നു. എല്ലാർക്കും പേടി ആണ്. ആരും ഒന്നും മിണ്ടിയില്ല.

ഓതളങ്ങകൾ ഉണ്ടായി വന്നു. തിന്ന ഒരു പെൺകുട്ടി അപ്പോൾ തന്നെ മരിച്ചു.

“മരണത്തെ മരണം മാത്രം ആയി കാണണം. ആളുകൾ മരിക്കും. അതും കായുമായി എന്ത് ബന്ധം. എല്ലാരും കാ തിന്നണം.”

അമ്മായി അലറി.

വലിയ ഒരു രാക്ഷസി ആയി അമ്മായി മാറിയിരുന്നു. തല തെങ്ങിൽ മുട്ടി. ദംഷ്ട്രങ്ങൾ ആനയുടെ കൊമ്പു പോലെ.

കുടുംബക്കാർ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.

“ശരിയാണ്. സംഭവം കഷ്ടം തന്നെ. പക്ഷെ ആരും എപ്പോൾ വേണമെങ്കിലും മരിക്കാം. ചുമ്മാ അമ്മായിയെ എന്തിന് പറയുന്നു? ” കുറച്ചു പേർ പറഞ്ഞു.

എല്ലാവരും തലയാട്ടി.

വിധിയെ തടുക്കാൻ ആർക്കും പറ്റില്ലല്ലോ.

(ജിമ്മി മാത്യു)

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.