Jimmy Mathew

കുണുങ്ങിച്ചിരിക്കുന്ന കൊലയാളി അമ്മച്ചിയും സൈക്കോപതിയും :

നാനി ഡോസ് എന്ന ആ അമ്മച്ചി, ആയിരത്തി തൊള്ളായിരത്തി അൻപത്തി നാലിൽ , പെട്ടന്ന് അസുഖം ബാധിച്ച ഭർത്താവിനെയും കൊണ്ട് ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല . ഛർദിയും മറ്റുമായി മോശം അവസ്ഥയിൽ ആയിരുന്ന ആൾ നാലഞ്ചു ദിവസം കൊണ്ട് ഭേദപ്പെട്ടു വീട്ടിൽ പോയി . എന്താണ് അസുഖം എന്ന് വ്യക്തമായതുമില്ല .

Jimmy Mathew
Jimmy Mathew

വീട്ടിൽ ചെന്നയുടൻ അമ്മച്ചി ഭർത്താവിന് സ്നേഹപൂർവ്വം ഭക്ഷണം ഉണ്ടാക്കി വിളമ്പി . ഉടൻ ആള് വീണ്ടും മോശമായി . അപ്പൊ തന്നെ മരിക്കുകയും ചെയ്തു .

ഭർത്താവിന്റെ പേരിൽ ഇൻഷുറൻസ് എടുത്തിരുന്ന നാനി അമ്മച്ചി ഉടൻ അത് കിട്ടാനായി അപേക്ഷയും കൊടുത്തു .

ഇതിന്റെ ഇടയിൽ ഡോക്ടർക്ക് ആണ് സംശയം തോന്നിയത് . പോസ്റ്റ് മോർട്ടം വേണം എന്ന് ശഠിച്ച ഡോക്ടർ കണ്ടെത്തിയത് , ആര്സെനിക് എന്ന കൊടിയ വിഷം . അങ്ങനെ ആണ് നാനി അമ്മച്ചി കോടതിയിൽ എത്തുന്നത് .

ഒന്നും രണ്ടുമല്ല . നല്ല കലക്കനായി , ഏറ്റവും ചുരുക്കം പതിനൊന്നു പേരെ ആണ് അമ്മച്ചി കാലപുരിക്കയച്ചത് . കോടതിയിൽ താൻ ചെയ്ത ഓരോ കൊലയെയും പറ്റി പറയുമ്പോൾ , മനസാക്ഷിയുടെ കുത്തിന്റെ ചെറു അസ്വസ്ഥത പോലും അവർ കാണിച്ചില്ല . പലപ്പോഴും കുണുങ്ങി ചിരിക്കുകയും ചെയ്തു . അത് കൊണ്ട് തന്നെ , അമേരിക്കയിൽ , അവർ ‘കുണുങ്ങി ചിരിക്കുന്ന അമ്മച്ചി (giggling nanny ) എന്ന പേരിൽ പ്രസിദ്ധ ആയി .

ഒകലഹോമയിൽ 1905 ൽ ആണ് അമ്മച്ചി ജനിച്ചത് . ആദ്യഭർത്താവുമായി ചെറിയ വഴക്കൊക്കെ ആയിരുന്നു . നാല് മക്കൾ ഉണ്ടായിരുന്നു . പെട്ടന്ന് , നടുക്കുള്ള രണ്ടു മക്കളും മരിച്ചു ! പെട്ടന്ന് !

എന്തോ പന്തികേട് തോന്നിയ ഭർത്താവ് മൂത്ത മകളുമായി ഓടിപ്പോയി .

കുറച്ചു കഴിഞ്ഞു , കൂടെത്താമസിച്ചിരുന്ന അമ്മായിഅമ്മ – ദേ – മരിച്ചു കിടക്കുന്നു !

പിന്നെ നാല് പേരെ കൂടെ കെട്ടി കേട്ടോ . കെട്ടും . കൂടെക്കഴിയും . മടുക്കുമ്പോ കൊല്ലും . അങ്ങനെ ജോളിയായി, അങ്ങനെ പോയി .

ഇതിനിടക്ക് , മൂത്ത മോൾക്ക് രണ്ടു കുട്ടികൾ ഉണ്ടായി . നോക്കാനായി കൂടെ നിന്നു അമ്മച്ചി . രണ്ടാമത്തേത് ഉണ്ടായ ഉടൻ, മകൾ പാതി മയക്കത്തിൽ നോക്കുമ്പോൾ , അമ്മച്ചി ഉണ്ടായ കുഞ്ഞിന്റെ തലയിൽ ഒരു പിൻ കുത്തി കേറ്റുന്നു ! ഇത് ഒരു സ്വപ്നം ആണെന്നാണ് പാവം വിചാരിച്ചത് . കുഞ്ഞു മരിച്ചു .

പെരുമാറ്റം കൊണ്ട് ഒരു സംശയവും തോന്നാത്ത , സ്നേഹ സമ്പന്നയായ അമ്മച്ചിയെ പിന്നീടും അവർ വിശ്വസിച്ചു . ഫലമോ – മറ്റേ കൊച്ചിനെയും അവർ വിഷം കൊടുത്തു കൊന്നു !

ഓരോ കൊലക്ക് മുൻപും ഇൻഷുറൻസ് എടുക്കും കേട്ടോ അമ്മച്ചി . മരിച്ചു കഴിഞ്ഞാൽ തുക തനിക്കു കിട്ടുന്ന രീതിയാൽ ആണ് എടുക്കുക .

പിന്നെ സ്വന്തം സഹോദരിക്ക് അസുഖമായി . ശിസ്രൂഷിക്കാൻ അമ്മച്ചി കൂടെ നിന്നു . അധികം സുശ്രൂഷ വേണ്ടി വന്നില്ല . ആൾ പോയി . എന്താ സംശയം ? കൊന്നത് തന്നെ .

പിന്നെ സ്വന്തം അമ്മ – അവരെയും പൊന്നു പോലെ നോക്കി . പെട്ടന്ന് അവരെയും കൊന്നു .

ആകെ മൊത്തം ടോട്ടൽ കുറെ ആയി .

1920 നും , 1954 നും ഇടക്ക് , ഏറ്റവും ചുരുക്കം പതിനൊന്നു പേർ .

Image result for giggling nanny killerജീവപര്യന്തം ശിക്ഷ നേടി പത്തോളം കൊല്ലം കൂടി ജീവിച്ചതിനു ശേഷം ആൾ മരിച്ചു . യാതൊരു കുറ്റബോധവും ഒരിക്കലും കാണിച്ചിട്ടില്ല .

1940 ൽ ഹെർവി ക്ളക്ലി എന്ന ഒരു അമേരിക്കൻ സൈക്കാട്രിസ്റ്റ് ആണ് സൈക്കോപതി എന്ന ഒരു സ്വഭാവ വിശേഷം നിർവചിച്ചത് . നല്ല ബുദ്ധിയും ബോധവും ഉണ്ടായിരിക്കുക , സമൂഹത്തിൽ എല്ലാവരോടും ഹൃദ്യമായി ഇടപെടുക . അതെ സമയം , സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി , എന്ത് ക്രൂരതയും യാതൊരു മനഃസാക്ഷിയുമില്ലാതെ ചെയ്യുക , യാതൊരു കുറ്റ ബോധവും ഇല്ലാതിരിക്കുക , എന്നിവയാണ് ഈ സ്വഭാവ വിശേഷത്തിന്റെ പ്രത്യേകതകൾ .

അദ്ദേഹം ഒരു പുസ്തകവും ഇതിനെ പറ്റി എഴുതി – ‘സുബോധം എന്ന മുഖം മൂടി ” എന്നാണാ പുസ്തകത്തിന്റെ പേര് .

എന്നാൽ ഇപ്പോൾ ഉള്ള ഡിസം ഫോർ (DSM -4 ) ൽ സോഷ്യോ പതിക് പേഴ്സണാലിറ്റി ഡിസോർഡർ എന്ന ഒരു അസുഖം ആയാണ് ഇത് ഉള്ളത് .

എന്നാൽ പല മന ശാസ്ത്രജ്ഞരുടെയും അഭിപ്രായത്തിൽ , സൈക്കോപാതി എന്ന ഒരു സ്വഭാവ വിശേഷം ആണിത് . മിക്ക ആളുകളിലും ഏറിയും കുറഞ്ഞും ഇതുണ്ടാവാമത്രെ . മിക്കവരിലും വളരെ കുറഞ്ഞിരിക്കും . എന്നാൽ വളരെ കൂടുതൽ ഉള്ളവരെ , സൈക്കൊപ്പതുകൾ എന്ന് വിശേഷിപ്പിക്കാറുണ്ട് (ഇതിനെ പറ്റി വിമർശനങ്ങൾ ഉണ്ട് )

പക്ഷെ സൈക്കോപാതി എന്ന ഒരു മനഃശാസ്ത്ര വിശേഷണം (PSYCHOLOGIC CONTRUCT) യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നതിൽ മിക്കവർക്കും സംശയം ഇല്ല .

റോബർട്ട് ഹാരെ എന്ന ഒരു മനഃശാസ്ത്രജ്ഞൻ ഇതിനെ പറ്റി കൂടുതൽ പഠിക്കുകയും സൈക്കോപാതി ചെക്ക് ലിസ്റ്റ് എന്ന ഒരു അളവ് ഉപയോഗിച്ച് ഓരോരുത്തരിലും ഈ സ്വഭാവ വിശേഷത്തെ അളക്കാം എന്ന് കാണിക്കുകയും ചെയ്തു .

പ്രശ്നം ഉണ്ടാവുന്ന തരത്തിൽ ഈ സംഭവം ഉള്ളവരെ സൈക്കോപത്തുകൾ എന്ന് വിളിക്കുകയാണെങ്കിൽ , പൊതു ജനസംഖ്യയിൽ ഒന്ന് രണ്ടു ശതമാനത്തോളം സൈക്കോപാത്തുകൾ ആണ് . എന്നാൽ ജയിലുകളിലും മറ്റും , ഇത് പതിനഞ്ചു മുതൽ ഇരുപത്തഞ്ച് ശതമാനത്തോളം വരും എന്ന് പഠനങ്ങൾ ഉണ്ട് .

എങ്ങനെ ആണ് സൈക്കോപാതി വളരെ കൂടിയവർ ഉണ്ടാവുന്നത് ?

നമുക്ക് ഒരു വിചാരമുണ്ട് . ക്രിമിനലുകൾ എല്ലാവരും ഉള്ളിൽ നല്ലവർ ആണ് . സാഹചര്യങ്ങൾ ആണ് അവരെ അങ്ങനെ ആക്കുന്നത് എന്ന് . നമ്മുടെ ലിബറൽ പൊതു സമൂഹത്തിനു അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം .

വളരെ അധികം പേർ – ഭൂരിപക്ഷം – അങ്ങനെ ആവും താനും .

എന്നാൽ നമ്മുടെ മനഃസാക്ഷിക്കനുസരിച്ചുള്ള ചിന്തകൾക്കും നീതി ന്യായ വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളി ഉയർത്തുന്ന , ഒരു പ്രശ്നമാണ് , ചില സ്വഭാവ വിശേഷങ്ങൾ കുറെ ഏറെ , ജനിതകപരം ആണെന്നുള്ളത് . അനുഭവങ്ങൾ , സാഹചര്യങ്ങൾ , എന്നിവ വളരെ പ്രധാനം ആണെങ്കിലും , വലിയ ഒരു പങ്ക് തലച്ചോറിന്റെ ജന്മനാ ഉള്ള ഘടനയാൽ ഉണ്ടാവുന്നത് ആണത്രേ . ഇരട്ടകളെ വച്ചുള്ളതും അല്ലാത്തതുമായ പാരമ്പര്യ പഠനങ്ങൾ, ബ്രെയിൻ സ്കാനുകൾ മുതലായ ഒത്തിരി തെളിവുകൾ ഇതിലേക്ക് വെളിച്ചം വീശുന്നു . കൂടുതൽ അവിടേക്ക് കടക്കുന്നില്ല .

ജന്മനാ ഉള്ള വാസനക്ക് വളരെ വലിയ ഒരു പങ്ക് ഉള്ളത് ആയിട്ടാണ് സൈക്കോപാതിയെ ആധുനിക സൈക്കോളജി കാണുന്നത് .

ഇതിനാൽ തന്നെ , ചികിൽസിച്ചു മാറ്റാൻ പറ്റില്ല എന്ന് തന്നെ പറയാം . സമൂഹത്തിനാണ് ശരിക്കും ഇവരിൽ നിന്ന് സംരക്ഷണം വേണ്ടത് .

അപ്പോൾ , ശിക്ഷ എങ്ങനെ ആയിരിക്കണം ? എന്താണ് ശിക്ഷയുടെ ഉദ്ദേശം ? സമൂഹത്തിന് എങ്ങനെ സുരക്ഷ ഉറപ്പാക്കാം ? ഇതൊക്കെ നമ്മൾ ചേർന്ന സമൂഹവും , നീതി വ്യവസ്ഥയും , ശാസ്ത്ര -തത്വ ശാസ്ത്ര ചിന്തകരും നേരിടുന്ന ഒരു പ്രശ്നമാണ് .

(ജിമ്മി മാത്യു )

Image result for giggling nanny killer

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.