Jinesh PK
സാമാന്യം നന്നായി സ്പോയിലേർ കാണാൻ സാധ്യതയുള്ളതിനാൽ ‘അപ്പൻ’ ഇതു വരെ കാണാത്തവർ താഴെ പറയുന്ന കാര്യങ്ങൾ വായിക്കാതിരിക്കുന്നതാണ് അഭികാമ്യം.
വർഷങ്ങൾക്ക് മുൻപേ ഇറങ്ങിയ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നാട്ടുരാജാവ്’ എന്ന സിനിമയിലെ പുലിക്കാട്ടിൽ മാത്തൻ’ എന്നൊരു കഥാപാത്രത്തെ ഓർമ്മയില്ലേ. മോഹൻലാൽ അവതരിപ്പിച്ച പുലിക്കാട്ടിൽ ചാർലിയുടെ അച്ഛൻ കഥാപാത്രത്തെ…തനിസ്ത്രീലമ്പടനും ക്രൂരനുമായ മാത്തന്റെ ഒഫീഷ്യൽ ഭാര്യയിൽ ജനിച്ച മകൻ ആയിരുന്നു ചാർളി. അയാളുടെ ചെയ്തികൾ അനുഭവിച്ചവർ മുഴുവനും പുള്ളി ഒന്ന് ചത്തു കിട്ടിയാൽ മതിയെന്ന് ആഗ്രഹിച്ചിരുന്നിരിക്കണം. മാത്തനെ പോലെ അത്ര പ്രതാപിയല്ലയെങ്കിലും താൻ ആഗ്രഹിച്ച സ്ത്രീകളെ തന്റെ കൈപ്പിടിയിൽ ഒതുക്കുന്ന കാര്യത്തിൽ ‘അപ്പനിലെ’ ഇട്ടി(അലൻസിയർ) മറ്റൊരു മാത്തൻ ആയിരുന്നു. അഥവാ മാത്തൻ തന്നെയായിരുന്നു സ്വത്ത് ഒഴികെ മറ്റ് എല്ലാം കൊണ്ടും ഇട്ടിയും.
അതുകൊണ്ട് തന്നെ ഒരു നാട് മുഴുവൻ ഇട്ടിയെ അങ്ങേയറ്റം വെറുത്തതുമാണ്. അയാൾ ഒന്ന് ചത്തു കിട്ടാനാണ് നേരിട്ട് മുട്ടാൻ ത്രാണിയില്ലാത്തവ എല്ലാവരും, അയാളുടെ കുടുംബം അടക്കം ആഗ്രഹിച്ചു പോന്നത്. മാത്തന് ചാർലിയെപ്പോലെ ഒരു മകനുണ്ട്, ‘ഞ്ഞൂഞ്ഞ്’ (സണ്ണി വെയ്ൻ) എന്ന പേരിലാണ് പുള്ളി അറിയപ്പെടുന്നത്. മുഴുവൻ പേര് എന്താണെന്ന് സിനിമയിൽ എവിടെയും പറയുന്നില്ല, അല്ലെങ്കിലും അയാളുടെ വീട്ടു പേരും വട്ടപ്പേരും പറഞ്ഞ് ഊറ്റം കൊള്ളാൻ ഒരു കാലത്ത് മലയാളം സിനിമ ‘ഭരിച്ചിരുന്ന’ അയാൾ അമാനുഷികരോ സല്ഗുണ സമ്പന്നരോ സകലകലാ വല്ലഭാരോ ആയ സൂപ്പർ ഹീറോകളിൽ ഒരുവൻ അല്ലല്ലോ.. മജുവിന്റെ വെറും പച്ച മനുഷ്യനായ ഞ്ഞൂഞ്ഞ് അല്ലേ…
മാത്തന്റെ മരണ ശേഷം അയാളാൽ ദ്രോഹിക്കപ്പെട്ടവരെയെല്ലാം സഹായിക്കുക എന്ന “ത്യാഗം”, ചാർളി ഏറ്റെടുക്കുന്നതായിരുന്നു നാട്ടുരാജാവിന്റെ പ്രമേയമെങ്കിൽ കിടപ്പിലായ, മരണം കാത്തു കിടക്കുന്ന ഇട്ടിയിൽ നിന്നാണ് ‘അപ്പൻ’ ആരംഭിക്കുന്നത്. ഇട്ടിയുടെ മകൻ ആവട്ടെ ചാര്ലിയെപോലെ അതിമാനുഷികൻ അല്ല എന്നത് പോയിട്ട്, ഇട്ടിയെ കൊല്ലാൻ ആഗ്രഹിച്ചു നടക്കുന്നവരോടും കിടക്കപ്പായിൽ നിന്നെഴുന്നേൽക്കാൻ പോലും കഴിയാത്ത സാക്ഷാൽ ഇട്ടിയോട് പോലും നേരെ നിന്നെതിർക്കാൻ കഴിവില്ലാത്ത സാധാരണ മനുഷ്യൻ ആണ്. ഇട്ടിയുടെ മകൻ എന്ന ഒരൊറ്റ യോഗ്യതക്കുറവും പേറി നീറി നീറിയാണ് അയാൾ ഓരോ ദിനവും തള്ളി നീക്കേണ്ടി വരുന്നത്. പക്ഷേ ചാർളി അമാനുഷികൻ ആയതുകൊണ്ട് അയാൾക്ക് ഒരു ദിവസം പോലും ഞ്ഞൂഞ്ഞിന്റെ പാതി പോലും ധർമ്മ സങ്കടമോ ദുഃഖമോ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നു മാത്രമല്ല മാത്തൻ എന്ന ചങ്കുറപ്പുള്ളവൻ ആണ് തന്റെ അപ്പൻ എന്നത് അയാൾക്ക് ഒരു ക്രെഡിറ്റ് ആയിരുന്നു പലപ്പോഴും.
അതേ സമയം ഞ്ഞൂഞ്ഞ് ആവട്ടെ, അച്ഛൻ എന്ന സ്ഥാനത്തോടുള്ള ബഹുമാനമോ, അതോ തന്റെ ‘അമ്മ ഇപ്പോഴും അയാളെ ഭർത്താവ് എന്ന രീതിയിൽ പരിഗണിക്കുന്നത് കാരണമോ അതോ തന്നിൽ ഇട്ടിയെയും തന്റെ മകനിൽ മറ്റൊരു ഞ്ഞൂഞ്ഞിനെയും കാണുന്നത് കൊണ്ടോ മാത്രം ഇട്ടിയെ കൊല്ലാൻ വിട്ടു കൊടുക്കാതെ സംരക്ഷിക്കേണ്ട ബാധ്യത ചുമലിൽ ഏറ്റേണ്ടി വന്നവനാണ്. അയാൾക്ക് ഇട്ടിയുടെ മകൻ എന്ന പേര് ഒരു തെറി പോലെയാണ്. തനിക്ക് താങ്ങും തണലുമായി സ്നേഹവും തന്റേടവും എല്ലാത്തിനും ഉപരി നാട്ടുരാജാവിൽ നിന്നും വിഭിന്നമായി വ്യക്തിത്തമുള്ള ഒരു ഭാര്യയുള്ളത് കൊണ്ടു കൂടിയാവും മിക്കവാറും ഞ്ഞൂഞ്ഞ് ആത്മഹത്യ ചെയ്തു പോവാഞ്ഞത് എന്ന് തോന്നുന്നത്.
ഏതാണ്ട് ഒരേ സ്വഭാവമുള്ള ഒരു കഥാപാത്രവും അയാളോട് കെട്ടുപിടഞ്ഞു കിടക്കുന്ന മറ്റു കഥാപാത്രങ്ങളും മലയാള സിനിമയിൽ രണ്ടു കാലഘട്ടത്തിൽ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്ന വ്യത്യാസം സൂചിപ്പിക്കാൻ വേണ്ടി കുറിച്ചിട്ടതാണ് മേലെ പറഞ്ഞതെല്ലാം. നാട്ടുരാജാവ് ആസ്വദിക്കുന്നത് മോശമാണെന്നോ അപ്പനിലെ ഇട്ടി നാട്ടുരാജാവിൽ നിന്ന് പ്രചോദനം കൊണ്ടത് ആണെന്നോ എനിക്ക് അഭിപ്രായമില്ല.