കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ തിരൂരിൽ ഒരു വീട്ടിലെ 6 കുട്ടികൾ മരണമടഞ്ഞെന്ന്, ഒരു കേസിൽ പോലും പോസ്റ്റ്മോർട്ടം പരിശോധന നടന്നിട്ടില്ല

80
Jinesh PS
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ തിരൂരിൽ ഒരു വീട്ടിലെ 6 കുട്ടികൾ മരണമടഞ്ഞു എന്ന വാർത്ത. ഇതിൽ അഞ്ച് പേരും മരണമടഞ്ഞത് ഒരു വയസ്സിൽ താഴെ എന്നും വാർത്തയിൽ. ഇന്ന് മരണമടഞ്ഞ കുട്ടിക്ക് 3 മാസം പ്രായം.മരണകാരണം എന്താണെന്ന് ആർക്കും അറിയില്ല. അപസ്മാരം ആണ് എന്ന് മാതാപിതാക്കൾ പറഞ്ഞു എന്ന് വാർത്തയിൽ.ഒരു കേസിൽ പോലും പോസ്റ്റ്മോർട്ടം പരിശോധന നടന്നിട്ടില്ല.പോസ്റ്റ്മോർട്ടം പരിശോധന നടത്താതെ സംസ്കാര ചടങ്ങുകൾ നടത്തി.
തുടർച്ചയായി ഇങ്ങനെ സംഭവിച്ചപ്പോൾ നാട്ടുകാർക്ക് സംശയം തോന്നിയതിനാൽ പൊലീസിനെ സമീപിച്ചു.ഇതിൽ മരണം സ്വാഭാവികമാണോ അല്ലയോ എന്നതിനെ കുറിച്ച് പറയാൻ നമുക്ക് ആർക്കുമാവില്ല. അത് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ട കാര്യമാണ്.പക്ഷേ, എനിക്ക് മനസ്സിലാകാത്തത് അതല്ല.മരണകാരണം വ്യക്തമാകാതെ എങ്ങനെ സംസ്കാര ചടങ്ങുകൾ നടത്തുന്നു എന്നാണ്. വീട്ടിൽ വച്ച് നടക്കുന്ന മരണങ്ങൾ ആണെങ്കിൽ, മരണകാരണം സ്വാഭാവിക മരണമാണ് എന്ന് സർട്ടിഫൈ ചെയ്യാൻ സാധിക്കാത്ത എല്ലാ കേസുകളിലും പോസ്റ്റ്മോർട്ടം പരിശോധന നടന്നിരിക്കണം. ആശുപത്രിയിൽ വച്ച് നടക്കുന്ന മരണങ്ങൾ ആണെങ്കിൽ സ്വാഭാവികമായ മരണകാരണങ്ങൾ എന്തെങ്കിലും ആണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ പോസ്റ്റ്മോർട്ടം പരിശോധന ആവശ്യമില്ല. അത് കണ്ടു പിടിച്ചില്ലെങ്കിൽ പോസ്റ്റ്മോർട്ടം പരിശോധന ചെയ്യുക തന്നെ വേണം.മരണം സംഭവിച്ചത് എവിടെവച്ചാണ് എന്ന് വാർത്തയിൽ നിന്നും വ്യക്തമായില്ല. കൂടുതൽ വ്യക്തത ലഭിക്കേണ്ട വിഷയമാണ്.ആശുപത്രിയിൽ വച്ച് ഉള്ള മരണങ്ങൾ അല്ലെങ്കിൽ പോസ്റ്റ്മോർട്ടം പരിശോധന എന്തുകൊണ്ട് നടത്തിയില്ല എന്ന് കൂടി അന്വേഷിക്കണം.പോസ്റ്റ്മോർട്ടം പരിശോധന എന്നത് ഒരു ലീഗൽ വിഷയമാണ്. വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണ്, പൊലീസാണ്. പോലീസിനെ അറിയിക്കുക എന്നതാണ് ചെയ്യേണ്ടത്.
കാലങ്ങൾക്ക് ശേഷം നടക്കുന്ന പോസ്റ്റ് മോർട്ടം പരിശോധനയിൽ മരണകാരണം കണ്ടെത്തണമെന്ന് നിർബന്ധമില്ല. ജീർണ്ണിക്കൽ പ്രക്രിയ മൂലം ആന്തരാവയവങ്ങളിൽ ഉണ്ടാകുന്ന വ്യത്യാസം മൂലം സ്വാഭാവിക മരണകാരണങ്ങൾ കണ്ടുപിടിക്കാൻ ഒട്ടും എളുപ്പമല്ല എന്നതാണ് സത്യം.
എന്തായാലും കൂടുതൽ വ്യക്തത വരട്ടെ.