മക്കൾക്ക് ഡിഗ്രി വേണമെങ്കിൽ മാതാപിതാക്കൾ മദ്യം ഉപയോഗിക്കരുത് എന്നൊരു സർക്കുലർ കാലിക്കറ്റ് സർവകലാശാല ഇറക്കിയത്രേ

117
Jinesh PS
മക്കൾക്ക് ഡിഗ്രി വേണമെങ്കിൽ മാതാപിതാക്കൾ മദ്യം ഉപയോഗിക്കരുത് എന്നൊരു സർക്കുലർ കാലിക്കറ്റ് സർവകലാശാല ഇറക്കിയതായി വാർത്ത കാണുന്നല്ലോ !
മദ്യം അടക്കമുള്ള ലഹരി ഉപയോഗിക്കുന്നവർക്കും ഉപയോഗിക്കുന്നവരുടെ മക്കൾക്കും കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള എയ്ഡഡ്-സ്വാശ്രയ കോളേജുകളിൽ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം നൽകില്ലെന്ന്.
സത്യത്തിൽ ഇങ്ങനെ നടന്നിട്ടുണ്ടോ ? തലക്കകത്ത് ആൾത്താമസം ഉള്ളവർ തലപ്പത്തുള്ള ഏതെങ്കിലും ഒരു സർവ്വകലാശാല ഇങ്ങനെയൊരു സർക്കുലർ ഇറക്കും എന്ന് തോന്നുന്നില്ല.
മദ്യം ആരോഗ്യത്തിന് ഹാനികരമാണ്, നിയമപരമായ പരിധിയിൽ കൂടുതൽ മദ്യപിച്ച് വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ്. ഇതൊക്കെ 100% അംഗീകരിക്കുന്നു. പക്ഷേ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കടന്നുകയറാൻ സർവകലാശാലയ്ക്ക് അധികാരം ഒന്നുമില്ല.
ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾ എന്ന് പറയുമ്പോൾ 18 വയസിൽ കൂടുതൽ പ്രായമുള്ളവർ. വോട്ടവകാശമുള്ള ഇന്ത്യൻ പൗരന്മാർ. അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ഒരു സർവകലാശാലയ്ക്കും അധികാരമില്ല.
മാതാപിതാക്കൾ മദ്യപിച്ചാൽ/ലഹരി ഉപയോഗിച്ചാൽ മക്കൾക്ക് അഡ്മിഷൻ നൽകില്ല എന്ന് പറയാൻ സർവകലാശാല ആരാണ് ? മാതാപിതാക്കൾ മദ്യപിക്കുമോ ഇല്ലയോ എന്നത് വെച്ചല്ല വിദ്യാർത്ഥിയെ അളക്കേണ്ടത്. അവർ മദ്യപിച്ചാലും/ലഹരി ഉപയോഗിച്ചാലും ഇല്ലെങ്കിലും മക്കളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് അത് സർവകലാശാലയുടെ പ്രശ്നവുമല്ല. സർവ്വകലാശാലകൾ സദാചാരപോലീസ് കളിക്കരുത്.
(ഇപ്പോഴും വാർത്ത വിശ്വസിക്കാൻ തോന്നുന്നില്ല. വാർത്ത തെറ്റാണെങ്കിൽ പോസ്റ്റ് പിൻവലിക്കും. കേരളത്തിൽ ഇങ്ങനെ നടക്കും എന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല.)