ജനങ്ങളെ കൊന്ന് കൊലവിളിച്ചേ പത്രങ്ങൾ അടങ്ങൂ, പഠിക്കില്ല, ആരും പഠിക്കില്ല

97
Jinesh PS
എത്ര എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. ജനങ്ങളെ കൊന്ന് കൊലവിളിച്ചേ പത്രങ്ങൾ അടങ്ങൂ… പഠിക്കില്ല, ആരും പഠിക്കില്ല.
പറഞ്ഞു പറഞ്ഞു മടുത്തു. നിരാശയാണ്…
കേരളകൗമുദി വായിക്കുന്ന അത്രയും പേരൊന്നും ഞാൻ എഴുതിയത് എന്തായാലും വായിക്കില്ല.
എങ്കിലും മനുഷ്യനെന്ന നിലയിൽ കടമ ആയതുകൊണ്ട് പറയുന്നു.
കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 96 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മൂർഖൻ (Cobra), വെള്ളിക്കെട്ടൻ (Krait), അണലി (Russell’s Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മുഴമൂക്കൻ കുഴിമണ്ഡലി (Hump-nosed Pit Viper) എന്നിവയാണ് അവ. മനുഷ്യ ജീവന് അപകടകരമായ ഈ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്ന് നിർബന്ധമില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും അശാസ്ത്രീയ ചികിത്സകർ ഉപയോഗിക്കുന്നത്. രാജവെമ്പാല കടിച്ച് കേരളത്തിൽ മനുഷ്യ മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതിനാൽ അത് ഉൾപ്പെടുത്തിയിട്ടില്ല.
പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മുംബൈയിലെ ഹാഫ്കൈൻ ബയോഫാർമസ്യൂട്ടിക്കൽസ്, ഭാരത സീറം ആൻഡ് വാക്സിൻസ്, ഹൈദരാബാദിലെ വിൻസ് ബയോപ്രൊഡക്റ്റ്സ് എന്നിവിടങ്ങളിൽ ആൻറി സ്നേക്ക് വെനം (ASV) എന്ന ഈ മറുമരുന്ന് നിർമ്മിക്കുന്നു.
കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.
ഗോൾഡൻ അവർ എന്നൊന്നുണ്ട്, മലയാളത്തിൽ സുവർണ നാഴിക എന്നുപറയാം. എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിയാൽ, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും. ആ സമയമാണ് അശാസ്ത്രീയ ചികിത്സയുടെ പേരിൽ നഷ്ടപ്പെടുന്നത്.
മന്ത്രവാദം നടത്തിയും ഒറ്റമൂലി പ്രയോഗിച്ചും പാമ്പുകടിയേറ്റവരെ രക്ഷിച്ചു എന്ന അവകാശവാദം മുഴക്കുന്നവർക്ക് പത്മശ്രീ അടക്കമുള്ള ബഹുമതികൾ നൽകുമ്പോൾ, അവർ വിതയ്ക്കുന്ന അശാസ്ത്രീയതകൾക്ക് ഇരയാകുന്നത് സാധാരണക്കാരാണ്. ഇതൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരാണ് വീണ്ടും വീണ്ടും ഈ അബദ്ധത്തിൽ ചാടുന്നത്. എന്തിലും ഏതിലും പഴമയുടെ സിദ്ധാന്തം നിറച്ചാൽ, നഷ്ടപ്പെടുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനാണ് എന്ന് മറക്കരുത്. വ്യക്തി അനുഭവസാക്ഷ്യങ്ങൾ വാരി വിതറിക്കൊണ്ട് നാട്ടുചികിത്സക്കായി വാദിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ടതില്ല.
മൊബൈൽ ഫോണിൽ ഫേസ്ബുക്കും വാട്സാപ്പും വീഡിയോ ചാറ്റിംഗും ഉപയോഗിക്കുന്നവർ പൗരാണികതയുടെ പേരും പറഞ്ഞ് ‘വിഷചികിത്സ’ എന്ന് അബദ്ധത്തിന തലവെച്ച് കൊടുക്കുന്നൂ. കേരളകൗമുദി പോലെയുള്ള പത്രങ്ങൾക്ക് ഇതിൽ വലിയ പങ്കുണ്ട്.
ജനങ്ങളോട് ഒന്നേ പറയാനുള്ളൂ, ജീവൻ വേണം എന്ന ആഗ്രഹം ഉള്ളവർ അവർ ചികിത്സാ സൗകര്യങ്ങളുള്ള ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിൽ പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് പോവുക. മണ്ടത്തരം കാണിച്ചു വച്ചിട്ട് കേരളകൗമുദിയിൽ കണ്ടു എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല.
ഇനി അതല്ല ഈ വാർത്തയിൽ പറയുന്നത് സത്യമാണെങ്കിൽ നോബൽ സമ്മാനം കിട്ടേണ്ട കാര്യമാണ്. ഈ അവകാശവാദങ്ങൾ ശാസ്ത്രീയമാണെന്ന് തെളിയിച്ചാൽ മതി. ലോകമെമ്പാടുമുള്ളവർക്ക് പ്രയോജനവും കിട്ടും നോബൽ പ്രൈസ് പോലെ ഏറ്റവും ഉന്നതമായ ഒരു ബഹുമതി നമ്മുടെ നാടിന് ലഭിക്കുകയും ചെയ്യും.
Advertisements