Jinesh PS

“കേരളാ ഗവര്‍ണറുടെ ഇന്നത്തെ തുള്ളിക്കളി കാണുമ്പോള്‍ നാം വീണ്ടും ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ ദീര്‍ഘമായ ചര്‍ച്ചകളിലേക്ക് തിരിച്ചു പോകാതെ വയ്യ.

1949 ജൂലൈ 2ന് നടന്ന ചര്‍ച്ചയില്‍ ആസ്സാമില്‍ നിന്നും വന്ന കോണ്‍ഗ്രസ്സ് നേതാവായ രോഹിണി കുമാര്‍ ചൗധുരി ഇങ്ങിനെ പറഞ്ഞിരുന്നു.

“ബ്രിട്ടീഷ് കാലത്തേതിനു സമാനമായി ഗവര്‍ണര്‍ അതേ പദവി വഹിക്കും എന്നാണ് കാണുന്നത്. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വിധേയനായിരിക്കയും അദ്ദേഹത്തിന്റെ ആഞ്ജകള്‍ നിറവേറ്റുകയും ചെയ്യും.”
ഈ ഒരൊറ്റ വിഷയത്തില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു. British-era Government of India, 1935 Act-ന്റെ ആവര്‍ത്തനമായിക്കൂടാ പ്രസ്തുത ആര്‍ട്ടിക്കിളുകളിലെ വാക്പ്രയോഗങ്ങള്‍ എന്നതു വരെ ചര്‍ച്ചക്കു വന്നു.

ബിഹാറില്‍ നിന്നുമുള്ള കോണ്‍ഗ്രസ്സ് പ്രതിനിധിയായ ബ്രിജേശ്വര്‍ പ്രസാദ് അഭിപ്രായപ്പെട്ടു:
“അതാത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തിന് കഴിവു കുറവായിരിക്കും. അതു കൊണ്ട് ജനാധിപത്യ വിരുദ്ധമെങ്കിലും ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം എന്നാണ്” (ഇന്നത്തെ സംഘി ട്യൂണ്‍ തന്നെ..!!!)

അതിനിടെ പ്രസിഡന്റിനു പോലും ഇല്ലാത്ത ഒരു അധികാരം ഗവര്‍ണര്‍ക്ക് ആര്‍ട്ടിക്കിള്‍ 163 അനുവദിച്ചു നല്‍കി. 163(2)ല്‍ സ്വവിവേകം അനുസരിച്ച് തീരുമാനം എടുക്കുവാനും അത് അവിതര്‍ക്കിതമായിരിക്കും എന്നും ഭരണഘടന നിർദ്ദേശിച്ചു . രാഷ്ട്രപതിക്കില്ലാത്ത പ്രിവേലജ് ആണ്.

രോഹിണി കുമാര്‍ ചൗധുരിയുടെ വാദത്തിന് അല്ലാ ബക്സ് മറുപടി നല്‍കുന്നുണ്ട്-
“ഇത്തരത്തില്‍ അമിത അധികാരം നല്‍കിയതു കൊണ്ട് സിന്ധ് പ്രവിശ്യയിലെ ഏറ്റവും മികച്ച ഒരു മന്ത്രിയെയാണ് ഗവര്‍ണര്‍ കാരണം കൂടാതെ നീക്കം ചെയ്തത്. ഒരു പാത്രത്തിലുള്ള മുഴുവന്‍ പാലിനെയും മലിനമാക്കാന്‍ ഒരു തരി ചാണകം മതിയാകും എന്നത് ഓര്‍മ്മിക്കണം”
പിന്നെ വരുന്നത് എച്ച്.ഡി കമ്മത്താണ്. അദ്ദേഹം ഗവര്‍ണമാര്‍ക്ക് അമിത അധികാരം നല്‍കുന്നതിനെ എതിര്‍ക്കുന്നു.
“കുതിരക്ക് മുന്നില്‍ നിയന്ത്രണമില്ലാതെ കുതിരവണ്ടി കെട്ടുന്നതിന് സമാനമാണിത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഗവര്‍ണര്‍മാരല്ല, തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയോ അതാത് സംസ്ഥാനത്തെ സുപ്രീം അതോറിറ്റിയോ ആണ് ഒരു വിഷയം ഗവര്‍ണറുടെ മുന്നില്‍ വെക്കേണ്ടതുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍”

ഈ ചര്‍ച്ചകള്‍ക്ക് അന്ത്യം കുറിച്ചു കൊണ്ട് ചെയര്‍മാന്‍ അംബേദ്കര്‍ ചര്‍ച്ച അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്.

“പ്രാഥമികമായി ഈ സഭ കരുതേണ്ടുന്ന ഒന്ന് ഇതാണ്. നാം രൂപീകരിക്കുന്ന ഭരണഘടന പ്രകാരം ഗവര്‍ണര്‍ക്ക് സ്വയം ചെയ്യേണ്ടതായ ഒരു കര്‍ത്തവ്യവും ഇല്ല. ഒന്നും തന്നെ ഇല്ല എന്നു തന്നെ. ഈ ആര്‍ട്ടിക്കിളിനും കീഴിലും അതാത് സംസ്ഥാനങ്ങളിലെ മന്ത്രിസഭയുടെയും ജനപ്രാതിനിധ്യ സഭയുടെയും ഉപദേശം അംഗീകരിക്കുക മാത്രമാണ് ഗവര്‍ണര്‍ക്കു മുന്നിലുള്ളത്”
പ്രസ്തുത ഘട്ടത്തില്‍ കമ്മത്ത് ഇടപെടുന്നുണ്ട്. അവിടെയും, അവസാനം താങ്കള്‍ക്ക് എന്തെങ്കിലും സംശയം അവശേഷിക്കുന്നുവെങ്കില്‍ അപ്പോഴാകാം എന്നു പറഞ്ഞ് അംബേദ്കര്‍ തുടര്‍ന്നു.
“ഗവര്‍ണമാർക്ക് കര്‍ത്തവ്യങ്ങളില്ല, പക്ഷേ ഉത്തരവാദിത്തങ്ങളുണ്ട്.”

Constituent Assembly ചര്‍ച്ചകള്‍ക്ക് Praveen Mathew നല്‍കിയ സ്വതന്ത്രപരിഭാഷയാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.