തസ്തികകളുടെ അടിസ്ഥാനത്തിലുള്ള ചാതുർവർണ്യം അവസാനിക്കണം

225

ഞാൻ കോൺട്രാക്ട് അടിസ്ഥാനത്തിൽ ലക്ചററായി ജോലി ചെയ്യുന്ന കാലം. വിദ്യാർത്ഥികളുടെ റിവിഷൻ ക്ലാസ് നടക്കുകയാണ്. അന്ന് രണ്ട് ബാച്ച് സ്പോട്ടേഴ്സ് കാണുകയാണ്. അതായത് മോഡൽ പരീക്ഷയ്ക്ക് മുൻപ്. യൂണിവേഴ്സിറ്റി പരീക്ഷയ്ക്കു മുൻപുള്ള ആവറേജ് പരീക്ഷ. അതിന് കുറച്ച് മുമ്പാണ് റിവിഷൻ.

ഞാനും അസിസ്റ്റൻറ് പ്രൊഫസറും (പേര് എഴുതുന്നില്ല) കൂടി റൂമിൽ ഇരിക്കുമ്പോൾ പിജി ഡോക്ടർമാർ വന്നു വിളിച്ചു. ചില സംശയങ്ങൾ ഒന്ന് നോക്കാമോ എന്നാണ്.

ഞങ്ങൾ ചെന്നു.

അസിസ്റ്റന്റ് പ്രൊഫസർ എല്ലുകളിൽ നിന്നും പ്രായം മനസ്സിലാകുന്ന കാര്യം ഡിസ്കസ് ചെയ്യാൻ പോയി എന്നാണ് ഓർമ്മ.

പിന്നെ വിളിച്ചത് പാമ്പുകളെ തിരിച്ചറിയുന്ന കാര്യം ഡിസ്കസ് ചെയ്യാനാണ്. അവിടെ ഒരു മനോഹരമായ സ്പെസിമെൻ ഉണ്ട്. Montane Trinket Snake (കാട്ടുപാമ്പ്) ആണ്. വിഷം ഇല്ലാത്ത പാമ്പാണ്. ഇതിനെ കാട്ടി അണലി എന്നാണ് ഒരു മുതിർന്ന അധ്യാപകൻ പഠിപ്പിച്ചിരിക്കുന്നത്. അതായിരുന്നു ചർച്ചാവിഷയം.

തിരിച്ചറിയാനുള്ള അടയാളങ്ങൾ എടുത്തുകാട്ടി ഇത് വിഷമുള്ള പാമ്പ് അല്ല എന്നുപറഞ്ഞ് ഞാൻ പുറത്തിറങ്ങാനൊരുങ്ങി. പക്ഷേ അങ്ങനെ എഴുതിയാൽ മാർക്ക് കിട്ടുമോ എന്ന് എന്നോട് റസിഡന്റ് ഡോക്ടർ ചോദിച്ചു. ഒന്നു ചിരിച്ചിട്ട് ഞാൻ പുറത്തിറങ്ങാൻ വേണ്ടി എണീറ്റു.

അപ്പോഴേക്കും ഡിസ്കഷൻ കഴിഞ്ഞ് അസിസ്റ്റൻറ് പ്രൊഫസറും എത്തി. അപ്പോഴേക്കും ആ മുതിർന്ന അധ്യാപകൻ എത്തി.

“നിങ്ങളിവിടെ എന്തെടുക്കുന്നൂ ?”

“സ്റ്റുഡന്റ്സിന് റിവിഷൻ, സ്പോട്ടേഴ്സ് ഡിസ്കസ് ചെയ്യാൻ…”

“നിങ്ങളാരാ ഡിസ്കസ് ചെയ്യാൻ ? ആരാ നിങ്ങളോട് അതിന് ആവശ്യപ്പെട്ടത് ?”

“എല്ലാ പരീക്ഷയ്ക്കും സാധാരണ ഇവിടെ…”

“അതൊന്നും പറഞ്ഞാൽ പറ്റില്ല. ഞാൻ പറഞ്ഞോ ?”

“… ”

“ഗെറ്റൗട്ട്… ബോത്ത് ഓഫ് യു… ഗെറ്റൗട്ട്..”

ശബ്ദം ഉയരുകയാണ്. മറുപടി പറയുന്നത് പൂത്തിയാക്കാനുള്ള സമയം പോലും കിട്ടുന്നില്ല.

കുറേ വിദ്യാർത്ഥികൾ അവിടെ നിൽപ്പുണ്ട്. ഞങ്ങൾ സ്തബ്ധരായി.

ആൾ റൂമിലേക്ക് തിരിച്ചു പോയി.

ആളോട് കാര്യങ്ങൾ കൃത്യമായി സംസാരിക്കണം എന്ന് തീരുമാനിച്ച്, ഞങ്ങളും തലകുനിച്ച് ഇറങ്ങി.

കുറച്ചു സമയത്തിന് ശേഷം വീണ്ടും ബഹളം.

പി ജി ഡോക്ടർമാരോടാണ്.

എന്താണ് നടക്കുന്നതെന്ന് ഏകദേശം ഊഹിച്ചു. തൊട്ടു മുൻപത്തെ പ്രാവശ്യം വരെ വിദ്യാർഥികൾക്ക് പറഞ്ഞു കൊടുക്കണം എന്ന് പിജി ഡോക്ടർമാരോട് അധ്യാപകർ പറഞ്ഞിരുന്നതാണ്.

ഞങ്ങൾ വെളിയിലെത്തിയപ്പോളേക്കും തീരുമാനമായി. പിജി ഡോക്ടർമാർക്ക് സർപ്രൈസ് പരീക്ഷ. മറ്റുള്ളവരെ പഠിപ്പിക്കാൻ ഇവരാരാണ് എന്ന് ചോദിച്ചാണ് പരീക്ഷ. ഇവർക്ക് എന്താണ് അറിയുന്നത് എന്ന് അറിയണമല്ലോ… ആഹാ!

സമയവും പറഞ്ഞു.

കുറച്ചു മണിക്കൂറുകൾക്ക് ശേഷം വീണ്ടും വലിയ ബഹളം.

ഡിപ്പാർട്ട്മെൻറിലെ എല്ലാവരും അവിടെ എത്തുന്ന അത്ര ബഹളം.

അവിടെ കുറച്ച് പോലീസ് ഉദ്യോഗസ്ഥരും നിൽപ്പുണ്ട്. പോസ്റ്റ്മോർട്ടം പരിശോധന ആവശ്യങ്ങൾക്കായി വന്നതാണ്.

എത്തിയപ്പോഴേക്കും റൂമിലിരുന്ന് ഊണ് കഴിക്കുന്ന ഒരു പി ജി ഡോക്ടറെ ഗെറ്റ് ഔട്ട് അടിക്കുകയാണ്. ഇത് ഊണുകഴിക്കാൻ ഉള്ള സ്ഥലം അല്ല എന്ന് ഉറക്കെ പറയുന്നു. അവിടെ അത്യാവശ്യം ആളുകളുണ്ട്. ഏതാണ്ട് ഒരു രണ്ടു മൂന്നു മിനിറ്റ് ഗംഭീര അട്ടഹാസങ്ങൾ.

ഊണ് കഴിച്ചിട്ട് ഇറങ്ങാം എന്ന് പി ജി ഡോക്ടർ മറുപടി പറഞ്ഞു. ഊണ് കഴിക്കണമെങ്കിൽ ഹോട്ടലിൽ പോയി കഴിക്കണം, ഇതതിനുള്ള സ്ഥലമല്ല എന്ന് അധ്യാപകൻ. അപ്പോഴേക്കും മറ്റ് അധ്യാപകരും അവിടെ എത്തി. അവർക്കെല്ലാവർക്കും സങ്കടമായി. പക്ഷേ ആരും ഒന്നും പറഞ്ഞില്ല.

മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ഡിപ്പാർട്ട്മെൻറിനകത്ത് സ്വന്തം റൂമിൽ ഇരുന്ന് ആ അധ്യാപകൻ ഊണ് കഴിച്ചിട്ട് ഒരു മണിക്കൂർ പോലും ആയിട്ടുണ്ടാവില്ല.

പാതി കഴിച്ച ചോറ് മടക്കി ആ ഡോക്ടർ ഇറങ്ങി.

പ്രിൻസിപ്പൽ ഓഫീസിൽ ചെന്ന് പരാതി നൽകി.

സർപ്രൈസ് പരീക്ഷയിൽ അറിയാവുന്ന കാര്യങ്ങൾ എഴുതിയ ശേഷം ആ ഡോക്ടർ പുറത്തു വന്ന് ചോറു കഴിക്കുകയായിരുന്നു. മൂന്ന് മണിക്കൂർ കഴിയാതെ ഇറങ്ങാൻ പാടില്ല എന്ന് പറഞ്ഞ് അദ്ധ്യാപകൻ ദേഷ്യപ്പെട്ടതാണ്. എനിക്കറിയാവുന്നത് എഴുതി കഴിഞ്ഞതിനാൽ ഇറങ്ങിയതാണ് എന്ന് പറഞ്ഞിട്ട് അംഗീകരിച്ചില്ല.

കുറച്ചു ദിവസങ്ങൾക്കു ശേഷം ഞങ്ങൾ ഒന്നുകൂടി ചെന്നു. പരാതി പിൻവലിക്കുന്ന കാര്യമാണ് പ്രിൻസിപ്പൽ പറയുന്നത്. അധ്യാപകൻ, ഗുരുത്വം എന്നൊക്കെ പറയുന്നു.

പ്രിൻസിപ്പൽ നടപടി സ്വീകരിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്ക് പൊയ്ക്കോളാം എന്ന് പി ജി ഡോക്ടർ. ഞങ്ങൾ കുറച്ചു പേർ കൂടെ ഉണ്ടായിരുന്നു.

രണ്ടു ദിവസങ്ങൾക്കു ശേഷം പ്രിൻസിപ്പൽ ഓഫീസിൽ നിന്നും ഒരു ഫോൺ വന്നു. എന്നോടും പിജി ഡോക്ടറോടും പ്രിൻസിപ്പൽ ഓഫീസിലേക്ക് ചെല്ലാൻ. കൂടാതെ ആ അധ്യാപകനോടും മറ്റൊരു അദ്ധ്യാപകനോടും.

നടന്ന സംഭവങ്ങൾ ഏതാണ്ട് വിശദമായിത്തന്നെ ചർച്ച ചെയ്തു.

എന്തായാലും പറഞ്ഞത് അധ്യാപകൻ അല്ലേ, അതുകൊണ്ട് മാപ്പ് ചോദിക്കണം എന്ന് പിജി ഡോക്ടറോട് പ്രിൻസിപ്പൽ. പറ്റില്ല എന്ന് തീർത്തു പറഞ്ഞു.

പിന്നെയും കുറേ നേരം എന്തൊക്കെയോ സംസാരിച്ചു.

അധ്യാപകന്റെ ഈഗോ ഹർട്ട് ചെയ്യേണ്ട, കൈകൊടുത്തു പിരിയാൻ പ്രിൻസിപ്പൽ. അധ്യാപകൻ തയ്യാറാണ്.

ആ അധ്യാപകൻ മാപ്പുപറയണമെന്ന് പി ജി ഡോക്ടർ. ഞങ്ങളെല്ലാവരും കൃത്യമായ കാര്യം പറയുന്നുണ്ട്.

അപ്പോഴേക്കും പ്രിൻസിപ്പൽ ദേഷ്യപ്പെടുകയും നിങ്ങൾ എങ്ങനെയെങ്കിലും പ്രശ്നം തീർക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

അധ്യാപകൻ കൈകൊടുത്തു പിരിയാൻ തയ്യാറാണെന്ന് പറഞ്ഞു.

ഇനി ഒരിക്കലും പ്രശ്നം ഉണ്ടാകില്ല എന്ന ഉറപ്പിൽ കൈകൊടുത്ത് പിരിയാൻ പി ജി ഡോക്ടറും സമ്മതിച്ചു, സമ്മതിച്ചു എന്ന് പറയുന്നതിന് പകരം സമ്മതിപ്പിച്ചു എന്ന് പറയുന്നതായിരിക്കും ശരി. കാരണം ഇങ്ങനെയൊക്കെയാണ് അവിടെ കാര്യങ്ങൾ നടക്കുന്നത്…

അങ്ങനെ ആ പ്രശ്നം അവസാനിച്ചു.

ആരുടെയും പേരുകൾ എഴുതുന്നില്ല. ചിലപ്പോൾ അന്ന് നിറഞ്ഞ കണ്ണുകളോടെ ഇറങ്ങിപ്പോയ ആ പിജി ഡോക്ടർക്ക് ചിലപ്പോൾ ഈ എഴുത്ത് സഹിക്കാനായി എന്ന് വരില്ല. മൂന്നോ നാലോ വർഷം മുമ്പ് നടന്ന കാര്യമാണ്. സീക്വൻസിൽ വലിയ തെറ്റ് വരാൻ സാധ്യതയില്ല. ചിലപ്പോൾ ചെറിയ ചില വ്യത്യാസങ്ങൾ വന്നെന്നിരിക്കും.

മെഡിക്കൽ കോളേജുകളിൽ അടിച്ചമർത്തൽ ഉണ്ടോ എന്ന് ചോദിക്കുന്നവർക്ക് മനസ്സിലാക്കാൻ വേണ്ടി പറഞ്ഞു എന്നേയുള്ളൂ. നിങ്ങൾ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് പലപ്പോഴും ചോദിക്കുന്ന പലരുമുണ്ട്. തിരിച്ചടിക്കുക, തെറി വിളിക്കുക ഒന്നും ശരിയായ നയമല്ല. കൃത്യമായി പരാതിപ്പെടുക ഫോളോ അപ്പ് ചെയ്യുക എന്നൊക്കെയാണ് നയം.

എത്രയോ നല്ല കാര്യങ്ങൾ മെഡിക്കൽ കോളേജിൽ നടക്കുന്നു, നിങ്ങൾ പിന്നെ എന്തിനാണ് മോശം കാര്യങ്ങൾ ഇങ്ങനെ പറയുന്നത് എന്ന് ചോദിക്കുന്നവരുമുണ്ട്. നല്ലപോലെ പെരുമാറുക എന്നത് ഒരു ഔദാര്യമല്ല. അത് കടമയാണ്, മര്യാദയാണ്. അതാണ് പ്രതീക്ഷിക്കുന്നത്. അതായത് അതാണ് സ്വാഭാവികമായി നടക്കേണ്ട കാര്യം. അതിന് വിരുദ്ധമായി സംഭവിക്കുമ്പോൾ ഇങ്ങനെ എഴുതി എന്നിരിക്കും.

ഞാൻ പറയുന്നത് ശരിയാണോ എന്ന് ചില പോസ്റ്റുകളിൽ സംശയം ചോദിച്ച ചിലരുണ്ട്. ഈ പരാതികൾ ഒക്കെ ഇപ്പോഴും മെഡിക്കൽ കോളേജ് ഓഫീസിൽ ഉണ്ടാകേണ്ടതാണ്. സംശയമുള്ളവർക്ക് പരിശോധിക്കാവുന്നതാണ്.

ഈ അമിത വിധേയത്വം മാറണം. ഈ ശ്രേണീകൃത അസമത്വം മാറണം. അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ പരസ്പര ബഹുമാനമാണ് ഉണ്ടാവേണ്ടത്. തസ്തികകളുടെ അടിസ്ഥാനത്തിലുള്ള ചാതുർവർണ്യം അവസാനിക്കണം. അക്കാഡമിക്-അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിൽ അരാജകത്വം വരണം എന്നല്ല പറയുന്നത്. അതിനപ്പുറം ഒരു പൊസിഷൻ കൊണ്ട് ഒരു വ്യക്തി താഴെയും മറ്റൊരു വ്യക്തി മുകളിലും ആകാൻ പാടില്ല. ആ അവസ്ഥ മാറണം.

എങ്ങനെ മാറാൻ ! അന്നത്തെ ആ പ്രിൻസിപ്പൽ ഇന്ന് അതിലും അതിലും ഉയരെയാണ് …

Advertisements