ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി മാത്രം

0
51

Jinesh PS

ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി മാത്രം

ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല, ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് സൗത്ത് അമേരിക്കയിൽ നിന്നാണ്. ഇരുപത്താറായിരത്തിലധികം കേസുകളാണ് ഇന്നലെ മാത്രം അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിന് പ്രധാന കാരണം ബ്രസീലിലെ 16,500 കേസുകൾ. നാലായിരത്തോളം കേസുകളുമായി പെറും ചിലിയും പിന്നാലെയുണ്ട്. ആദ്യഘട്ടത്തിൽ, അതായത് ജനുവരി അവസാനവും ഫെബ്രുവരി ആദ്യവും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരുന്നത് ഏഷ്യയിൽ നിന്നായിരുന്നു, ചൈനയിൽ നിന്ന്.

പിന്നീട് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് യൂറോപ്പിൽ നിന്ന്. ഒരു ദിവസം മുപ്പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥ വരെ ഉണ്ടായി. പ്രധാനമായും ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ റിപ്പോർട്ടുകൾ കാരണം. ഇവയിൽ പലതിലും ഇപ്പോൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ആയിരത്തിൽ താഴെ മാത്രം. അതായത് പീക്ക് കഴിഞ്ഞു.

അതിനുശേഷം ഇന്നലെ വരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കൊണ്ടിരുന്നത് നോർത്ത് അമേരിക്കയിൽ നന്നായിരുന്നു. പ്രധാനമായും യുഎസ്എയിൽ നിന്ന്. ഒരുദിവസം 35,000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥ വരെ ഉണ്ടായി. പിന്നാലെ കാനഡയും മെക്സിക്കോയും ഉണ്ട്. എന്നാൽ അവിടങ്ങളിലെല്ലാം പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഇന്ന് അത് സൗത്ത് അമേരിക്കയാണ്. ബ്രസീലിൽ ഇനിയും പീക്ക് എത്തിയോ എന്ന് അറിയില്ല. ഇനിയുള്ള കുറച്ചു നാളുകൾ കൂടി പുതിയ റിപ്പോർട്ടുകൾ കൂടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനുശേഷം എവിടെ എന്നത് ഒരു ചോദ്യമാണ്. ആഫ്രിക്കയിൽ കേസുകൾ ഉയരുന്നുണ്ടെങ്കിലും കുത്തനെയുള്ള എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനവ് കാണുന്നില്ല. അതുകൊണ്ട് വീണ്ടും ഏഷ്യ എന്ന സാധ്യത തള്ളിക്കളയാനാകില്ല.ലോക ജനസംഖ്യയിൽ 33 കോടിയുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

21 കോടി ജനസംഖ്യയുമായി ആറാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീൽ കേസുകളുടെ എണ്ണത്തിൽ നിലവിൽ നാലാം സ്ഥാനത്ത്.15 കോടിയോളം ജനസംഖ്യയുമായി ഒൻപതാം സ്ഥാനത്ത് നിൽക്കുന്ന റഷ്യ കേസുകളുടെ എണ്ണത്തിൽ നിലവിൽ രണ്ടാം സ്ഥാനത്ത്. എങ്കിലും കേസുകളുടെ എണ്ണത്തിൽ വൈകാതെ റഷ്യയെ ബ്രസീൽ മറികടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കോവിഡ് കൺടെയ്ൻ ചെയ്തു എന്ന് അവകാശപ്പെടുന്ന 143 കോടി ജനസംഖ്യയുള്ള, ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചൈനയെ പരിഗണിക്കുന്നില്ല. അവിടെ രണ്ടാമതൊരു തരംഗം ഉണ്ടാകുമോ എന്നറിയില്ല.

എന്നാൽ 135 കോടി ജനങ്ങൾ ഉള്ള ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയും 27 കോടി ജനങ്ങളുള്ള ജനസംഖ്യയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഇന്തോനേഷ്യയും 21 കോടി ജനങ്ങളുള്ള ജനസംഖ്യയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന പാക്കിസ്ഥാനും 16 കോടി ജനസംഖ്യയുള്ള ഒൻപതാം സ്ഥാനത്ത് നിൽക്കുന്ന ബംഗ്ലാദേശും അടങ്ങിയ ഏഷ്യയിൽ പീക്ക് എത്തുമ്പോൾ എന്തായിരിക്കും അവസ്ഥ ???

ഈ രാജ്യങ്ങളിലെ ജനസംഖ്യാനുപാതികമായ ചികിത്സാ സൗകര്യങ്ങളും സാമ്പത്തിക അവസ്ഥയും യൂറോപ്പുമായോ അമേരിക്കയുമായോ താരതമ്യം ചെയ്യാൻ പോലും സാധിക്കില്ല. അനിശ്ചിതകാല ലോക്ക്ഡൗൺ ഒരു ശാശ്വത പരിഹാരമല്ല. അത് കപ്പാസിറ്റി ബിൽഡിംഗിന് വേണ്ടിയുള്ള സമയമാണ്. ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും പരിശോധനാ സൗകര്യങ്ങൾ ഒരുക്കാനും പരിശോധനകൾ നടത്താനും മാറിയ സാഹചര്യത്തിൽ ജീവിക്കാൻ ജനങ്ങളെ പഠിപ്പിക്കാനും ഒക്കെ വേണ്ടിയുള്ള സമയമാണത്. അസുഖം വരട്ടെ, പ്രതിരോധം വന്നുകൊള്ളും എന്നതും പരിഹാരമല്ല. 50 ലക്ഷത്തോളം പേരിൽ സ്ഥിരീകരിക്കപ്പെട്ടപ്പോൾ മൂന്നേ കാൽ ലക്ഷത്തോളം മരണങ്ങൾ വിതച്ച അസുഖമാണ്. ‘ഒന്നുകിൽ പർദ്ദ അല്ലെങ്കിൽ ബിക്കിനി’ വാദം ഉയർത്തുന്നവരോട് തർക്കിക്കാനില്ല.

അതുകൊണ്ട് വീണ്ടും വീണ്ടും പറയാനുള്ളത് നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ ചെയ്യണം എന്ന് മാത്രമാണ്.
1. പ്രവാസികളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരും കൃത്യമായ ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കണം. ഒരു വീഴ്ചയും പാടില്ല.
2. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും അടക്കം ഇടപെടുന്ന സ്ഥലങ്ങളിലൊക്കെ ഒന്നര മീറ്ററിൽ കൂടുതൽ ശാരീരിക അകലം പാലിക്കണം.
3. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും അല്ലെങ്കിൽ 70% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം.
4. കൈകൾ മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
5. 60 വയസ്സിൽ കൂടുതൽ ഉള്ളവരും ഇമ്മ്യൂണോ കോംപ്രമൈസ്ഡ് ആയിട്ടുള്ളവരും കാൻസർ പോലുള്ള രോഗങ്ങൾ ഉള്ളവരും റിവേഴ്‌സ് ക്വാറന്റൈൻ സ്വീകരിക്കുക. എളുപ്പമല്ല, പക്ഷേ സാധിക്കുന്നവർ ഉറപ്പായും ചെയ്യണം
6. ആൾക്കൂട്ടങ്ങളും തിക്കും തിരക്കും പരമാവധി ഒഴിവാക്കുക. ബസ്സുകളിലും കടകളിലെ ക്യാഷ് കൗണ്ടറുകളിലും അടക്കം നമുക്ക് പരിചയമില്ലാത്ത കാര്യമാണിത്. പക്ഷേ, പരിശീലിച്ചേ മതിയാവൂ.