COVID 19
ഇതുവായിച്ചാൽ, ഒരു മനുഷ്യൻ എന്ന നിലയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയോട് നിങ്ങൾക്ക് ബഹുമാനം തോന്നും
ബിബിസി അഭിമുഖത്തിൽ മാഹി എന്നതിനുപകരം ഗോവ എന്ന് പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുകയും പരസ്യമായി തിരുത്തുകയും ചെയ്യാൻ തയ്യാറായ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിലപാടിൽ വളരെയധികം സന്തോഷം തോന്നിയിരുന്നു. എന്നാൽ അതിലധികം സന്തോഷവും ബഹുമാനവും
108 total views

ബിബിസി അഭിമുഖത്തിൽ മാഹി എന്നതിനുപകരം ഗോവ എന്ന് പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുകയും പരസ്യമായി തിരുത്തുകയും ചെയ്യാൻ തയ്യാറായ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിലപാടിൽ വളരെയധികം സന്തോഷം തോന്നിയിരുന്നു. എന്നാൽ അതിലധികം സന്തോഷവും ബഹുമാനവും തോന്നിയ ഒരു സംഭവം ഇന്നാണ് അറിഞ്ഞത്. എട്ടുപത്തു വർഷം മുൻപ് നടന്ന സംഭവത്തിന്റെ തുടർച്ചയാണ്. സത്യം പറഞ്ഞതിന്റെ പേരിൽ സമൂഹം കല്ലെറിഞ്ഞ, ഒറ്റപ്പെടുത്തിയ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. ഗോപീകൃഷ്ണനെ പോലുള്ള കാർട്ടൂണിസ്റ്റുകൾ മനുഷ്യത്വരഹിതമായി ആ മനുഷ്യനെ തേജോവധം ചെയ്തിരുന്നു. ചാനൽ ചർച്ചകളിൽ ആ മനുഷ്യനെതിരെ ശാപവചനങ്ങൾ വിരളമല്ലായിരുന്നു. ആ മനുഷ്യനെതിരെ വാർത്തകൾ നിരന്തരം വന്നിരുന്നു. മക്കൾ പഠിക്കുന്ന സ്കൂളിൽ നിന്നുപോലും ആശങ്ക ഉയർത്തുന്ന ചോദ്യങ്ങൾ വന്ന കാലം.
സത്യം പറഞ്ഞതിന്റെ പേരിൽ മാത്രം ആ മനുഷ്യന് കരിയറിൽ നഷ്ടപ്പെടുത്തേണ്ടി വന്നത് നാലഞ്ച് വിലയേറിയ വർഷങ്ങളാണ്. നുണ പറയാൻ മടിയില്ലാത്ത, സമൂഹത്തിൽ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന, ഓട്ടോക്രാറ്റിക് നിലപാടുള്ള മേലധികാരികൾക്ക് ആരെയും എന്തും ചെയ്യാൻ സാധിക്കും എന്നതിന് ഒരുദാഹരണം. സത്യം കണ്ടെത്തിയ കമ്മീഷനുകൾ പോലും പിന്തുണച്ചത് ക്രമക്കേടുകൾ കാണിച്ചയാളെ, കാരണം സീനിയോറിറ്റിയും പബ്ലിസിറ്റിയും പൊതു പിന്തുണയും. പക്ഷേ സത്യം എല്ലാക്കാലവും മൂടി വെക്കാനാവില്ല. അല്പം വൈകിയാലും അത് പുറത്ത് വരിക തന്നെ ചെയ്യും. അങ്ങനെ സത്യം പുറത്തുവന്നശേഷമുള്ള ഒരു അവസരത്തിൽ ആരോഗ്യമന്ത്രി പറ്റിയ തെറ്റിന് ആ വ്യക്തിയോട് ക്ഷമ ചോദിച്ചു എന്ന് അറിഞ്ഞപ്പോൾ അതിയായ സന്തോഷമുണ്ടായി. ആ ഒരു സംസാരം കൊണ്ട് ആ മനുഷ്യന് എന്തുമാത്രം ആശ്വാസം ലഭിച്ചു എന്ന് അറിയണമെങ്കിൽ അദ്ദേഹം എഴുതിയ ഈ പോസ്റ്റ് വായിച്ചാൽ മതിയാകും.
പോസ്റ്റ്:
“സോഷ്യൽ മീഡിയയിൽ എല്ലാവരും ശൈലജ ടീച്ചറിന്റെ തിരുത്തലിന്റെ ശരിതെറ്റുകളുടെ ചർച്ചയിലാണ്. അതിന്റെ ന്യായാന്യായങ്ങളെ അപഗ്രഥിക്കുന്നതിന്റെ തിരക്കിലാണ്. ബിബിസി-യിൽ നൽകിയ അഭിമുഖത്തിൽ വന്ന ഒരു തെറ്റ് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ ടീച്ചർ അതു ഫേസ്ബുക്കിലൂടെ തിരുത്തി എന്നതിൽ എനിക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. ടീച്ചർ അതിനു തയാറായി എന്നതല്ലേ സത്യം..? അതിനുള്ള ഒരു മനസ്സ് അവർക്കുണ്ട് എന്നതാണ് യാഥാർഥ്യം. ഇതെന്റെ അനുഭവത്തിൽ നിന്നുമുള്ള ഒരു പ്രതികരണം കൂടിയാണ്.
സൗമ്യ കേസിന്റെ കോലാഹലങ്ങൾ എല്ലാം ഏറെക്കുറെ ഒതുങ്ങിയശേഷം ഞാൻ എറണാകുളം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന സമയം. കൃത്യമായി പറഞ്ഞാൽ 2018 മെയ് മാസത്തിലാണ് അന്നത്തെ ജോയിന്റ് ഡയറക്ടർ ഡോ.ശ്രീകുമാരി നടത്തിയ കോംപ്രഹെൻസിവ് ആയ ഒരു എൻക്വയറിക്കു ശേഷം എന്നെ കുറ്റവിമുക്തനാക്കികൊണ്ടുള്ള ഗവണ്മെന്റ് ഓർഡർ ഇറങ്ങുന്നത്. അതിന്റെ അടുത്ത ആഴ്ചയിൽ തന്നെ മെഡിക്കൽ കോളേജിൽ ടീച്ചറും അന്നത്തെ ഹെൽത്ത് സെക്രട്ടറി രാജീവ് സദാനന്ദൻ സാറും പങ്കെടുക്കുന്ന ഒരു ഫങ്ഷൻ ഉണ്ടായിരുന്നു. രാജീവ് സാറിനെ ഓഫീസിൽ പോയി ഒന്നു നേരിട്ടുകണ്ടു നന്ദി പറയണം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഈ ചടങ്ങ്. ആർ.എം.ഒ ഡോ.ഗണേഷ് മോഹന്റെ കൂടെ വരാന്തയിൽ അദ്ദേഹത്തെ പ്രതീക്ഷിച്ചു നിൽക്കുമ്പോഴാണ് ചടങ്ങു കഴിഞ്ഞു ടീച്ചറിന്റെ ഒപ്പം രാജീവ് സർ വരുന്നത്.
എന്നെ കണ്ടപാടെ അദ്ദേഹം ചിരിച്ചു കൊണ്ട് ‘ഉന്മേഷിനെ മനസ്സിലായില്ലേ’ എന്ന ചോദ്യത്തോടെ ടീച്ചറിന്റെ നേരെ തിരിയുകയാണ് ചെയ്തത്. തികച്ചും അപ്രതീക്ഷിതമായ ഒരു സന്ദർഭം. ജീവിതത്തിൽ ആദ്യമായി ടീച്ചറിനെ മുഖാമുഖം കാണുന്നതിന്റെ അമ്പരപ്പായിരുന്നു എന്റെ മനസ്സിൽ… സത്യത്തിൽ ഒരല്പം ദേഷ്യവും. എന്നെ പെട്ടെന്ന് പിടികിട്ടാതിരുന്ന ടീച്ചറിന്റെ മുഖഭാവം കണ്ടിട്ടാവണം രാജീവ് സർ തന്നെ പറഞ്ഞതിങ്ങനെ: “നമ്മുടെ സൗമ്യ കേസിലെ ഡോക്ടറില്ലേ..ഉന്മേഷ്..ഇപ്പോൾ എക്സോണറേറ്റ് ചെയ്തുകൊണ്ട് ജി.ഓ. ഒക്കെ ഇറങ്ങി ഇവിടെയാണ്…”
തുടർന്നുള്ള ടീച്ചറിന്റെ പ്രതികരണമായിരുന്നു എന്നെ ഞെട്ടിച്ചുകളഞ്ഞത്…
“ഓഹ്..ഉന്മേഷ്..ഓർമയുണ്ട്…
ഇപ്പോൾ പ്രശ്നങ്ങൾ ഒക്കെ തീർന്നില്ലേ..? പിന്നെ, അന്ന് ഞാനൊക്കെ ടീവിയിലൊക്കെ ഒരുപാട് എതിർത്ത് പറഞ്ഞിട്ടുണ്ട്.. ഉന്മേഷ് ചിലപ്പോൾ കണ്ടിട്ടുണ്ടാവില്ല.. അന്നത്തെ സാഹചര്യങ്ങളിൽ അങ്ങനെയൊക്കെയായിരുന്നു മനസ്സിലാക്കിയത്..ആ പറഞ്ഞതിനൊക്കെ സോറി…
ഇനി ഇവിടെ എറണാകുളത്ത് സമാധാനമായി ജോലി ചെയ്യൂ…”
തുടർന്ന് പുറത്തേക്കുള്ള പടവുകൾ വരെ എന്നോട് സംസാരിച്ചു കൊണ്ടാണ് ടീച്ചർ നടന്നത്. രാജീവ് സാറും ഡോ.ഗണേഷും പുറകെയും. തുടർന്നുള്ള എന്റെ സർവീസ് നടപടികൾ വേഗത്തിലാക്കാൻ രാജീവ് സാറിനോട് നിർദേശിച്ചുകൊണ്ടാണ് ടീച്ചർ പിരിഞ്ഞത്.
ടീച്ചറിന്റെ ആ വരികൾ ഇന്നും എനിക്ക് കൃത്യമായി ഓർമയുണ്ട്. മാത്രമല്ല, സൗമ്യ കേസിന്റെ സമയത്തു അതുമായി ബന്ധപ്പെട്ട് ടീച്ചർ എനിക്കെതിരെ മീഡിയയിൽ പറഞ്ഞ പ്രതികരണങ്ങളും… സത്യത്തിൽ അന്നുവരെ ടീച്ചറിനോട് തോന്നിയിരുന്ന വിദ്വേഷം ആ നിമിഷത്തിൽ ഇല്ലാതാവുകയായിരുന്നു… ടീച്ചർക്ക് വേണമെങ്കിൽ എന്നെ ഒന്നു കൈ കാണിച്ച ശേഷം നടന്നുപോകാമായിരുന്നു… അല്ലെങ്കിൽ പ്രശ്നങ്ങളെല്ലാം തീർന്നില്ലേ എന്ന ഒറ്റ വാചകത്തിൽ സംഭാഷണം അവസാനിപ്പിക്കാമായിരുന്നു…
അതിനുപകരം ഒരു ക്ഷമാപണം നടത്താൻ കാണിച്ച ആ തീരുമാനം അവരുടെ മനസ്സിന്റെ വിശാലതയെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്…
ഞാനിക്കാര്യം എന്റെ അടുത്ത സുഹൃത്തുക്കളോട് പലരോടും സാന്ദർഭികമായി പറഞ്ഞിരുന്നു. സമ്മിശ്രപ്രതികരണങ്ങൾ തന്നെയാണ് പലപ്പോഴും കിട്ടിയിട്ടുള്ളത്. അതുതന്നെയാണ് സമൂഹത്തിന്റെ പൊതു സ്വഭാവവും…
പക്ഷേ, എനിക്കന്നും ഇന്നും ടീച്ചറിന്റെ പ്രതികരണം ജെനുവിൻ ആയിട്ടാണ് തോന്നിയിട്ടുള്ളത്…
വെറുതെയായാലും കാര്യമായിട്ടായാലും ചില തുറന്നുപറച്ചിലുകൾ മറ്റുള്ളവരെ സ്വാധീനിക്കുക തന്നെ ചെയ്യും… അതെത്ര ചെറിയ കാര്യത്തിലായാലും…അതെത്ര ചുരുങ്ങിയ വാക്കുകളിലായാലും.
ചില വാക്കുകളുടെ വ്യാപ്തി നമുക്ക് അളക്കാവുന്നതിനപ്പുറമാണ്… അതുണ്ടാക്കുന്ന വികാരങ്ങളും…”
ഡോക്ടർ ഉൻമേഷ് എ. കെ. എഴുതിയ പോസ്റ്റാണ്. ക്ഷമ ചോദിച്ചില്ലെങ്കിൽ പോലും ആരും അറിയാമായിരുന്നില്ലാത്ത ഒരു കാര്യമാണ്. സത്യം പറഞ്ഞതിന്റെ പേരിൽ വർഷങ്ങളോളം വേട്ടയാടപ്പെട്ട ഒരു മനുഷ്യനോട് ഒരു മന്ത്രി ക്ഷമ ചോദിച്ചില്ലെങ്കിലും ആരും ഒന്നും പറയുമായിരുന്നില്ല. അതും തൻറെ ഭരണകാലത്ത് നടന്ന സംഭവം പോലുമല്ല. പക്ഷേ സത്യം മനസ്സിലാക്കാതെ പരസ്യ പ്രതികരണം നടത്തിയതിൽ ക്ഷമ ചോദിച്ചു. ഇവിടെയാണ് ഒരു മനുഷ്യൻ എന്ന നിലയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയോട് യഥാർത്ഥത്തിൽ ബഹുമാനം തോന്നുന്നത്. ഇതുപോലുള്ള പോലുള്ള മാതൃകകൾ ഇനിയും ഇനിയും ഉണ്ടാകണം.
സത്യം മനസ്സിലാക്കുമ്പോൾ തിരുത്താനും ക്ഷമ ചോദിക്കാനുള്ള ഈ സന്നദ്ധതക്ക് ഹൃദയത്തിൻറെ ഭാഷയിൽ 🌹🌹🌹
109 total views, 1 views today