പുനർജ്ജനിക്കും എന്ന് വിശ്വസിച്ചു പെണ്മക്കളെ തലയ്ക്കടിച്ചു കൊന്നവരുടെ വിദ്യാഭ്യാസയോഗ്യത കണ്ടോ ?

138

Jinesh PS

രണ്ടു പെൺമക്കളെ ബലിയർപ്പിച്ച മാതാപിതാക്കളെ കുറച്ചുള്ള വാർത്തയാണ് ഇപ്പോൾ കാണുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നടന്ന സംഭവം. കലിയുഗം കഴിഞ്ഞ് സത്യയുഗം ആരംഭിക്കുമ്പോൾ മക്കൾ പുനർജീവിക്കും എന്ന വിശ്വാസത്താൽ വിദ്യാർഥികളായ പെൺമക്കളെ (അലേക്യ ,സായ് ദിവ്യ) ബലിനൽകി. അവരുടെ പ്രായം 27-ഉം 22-ഉം മാത്രം. ഡംബൽ ഉപയോഗിച്ച് തലക്കടിച്ചു കൊന്നു എന്നാണ് വാർത്ത.

എന്തൊരു ക്രൂരതയാണ് എന്ന് നോക്കൂ.അന്ധവിശ്വാസവും അനാചാരവും ആഭിചാരവും മൂലം രണ്ടു യുവതികളെ മാതാപിതാക്കൾ കൊന്നു. ഇതൊക്കെ വിശ്വസിച്ച മാതാപിതാക്കൾ വിദ്യാഭ്യാസമില്ലാത്തവർ ഒന്നുമല്ല. ഉന്നത വിദ്യാഭ്യാസം നേടിയവർ, അധ്യാപക വൃത്തിയാണ് തൊഴിൽ.ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടും മികച്ച ജോലി ലഭിച്ചിട്ടും ഇവർ ചെയ്തത് കണ്ടില്ലേ ??? അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിട്ടുപോകുന്നില്ല. ഫലമോ ? രണ്ട് യുവതികളുടെ മരണം. ക്രൂരമായ കൊലപാതകം. ഏതോ മണ്ടത്തരത്തിന് ഇരയായത് സ്വന്തം മക്കൾ.

മുൻപ് കോട്ടയം മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്ത കാലത്ത് ഒരു അനുഭവമുണ്ട്, ഒരു പോസ്റ്റ്മോർട്ടം പരിശോധന. മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്യപ്പെട്ട ഒരു കുട്ടിയുടെ മരണം. ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന വൃക്കരോഗത്തിന് മാതാപിതാക്കൾ “പൂജ” നടത്തി പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. ശരിയായ ചികിത്സ നൽകിയാൽ രക്ഷപ്പെടേണ്ട ആ പെൺകുട്ടി യാതനകളുടെ അങ്ങേയറ്റം അനുഭവിച്ചാണ് മരിച്ചത്.

ശരീരത്തിൽ പൊള്ളലുകളും പാടുകളും… മുറിവുകളിൽ അണുബാധ… എല്ലാ അവയവങ്ങളിലും അണുബാധ… എന്തുമാത്രം വേദന കുട്ടി സഹിച്ചിട്ടുണ്ടാവും! ഇന്നിപ്പോൾ വായിക്കുന്നത് ആന്ധ്രപ്രദേശിലെ വാർത്ത. തികച്ചും സങ്കടകരമാണ്. വിദ്യാഭ്യാസം ലഭിച്ചു എന്നത് കൊണ്ട് ശാസ്ത്രബോധം ഉണ്ടാവുന്നില്ല. വിദ്യാഭ്യാസം ലഭിച്ചവർ പോലും അന്ധവിശ്വാസങ്ങളിൽ വിശ്വസിച്ച് കൊലപാതകങ്ങൾ ചെയ്യുന്നു. സ്വന്തം കുട്ടികളെ ബലി കൊടുക്കുന്നു. ചികിത്സയ്ക്ക് പകരം ശരീരം പൊള്ളിച്ച് പൂജ നടത്തുന്നു. നിരാശ തോന്നുന്നു.