അജ്നാസിന്റെ വീട്ടിലേക്കു മാർച്ച് ചെയ്ത ബിജെപിക്കാർ സന്ദീപ് വാര്യരുടെ വീട്ടിലേക്കു പോകുന്നില്ലേ ?

515

Jinesh PS

സന്ദീപ് വാര്യരേ, നിങ്ങളുടെ പിതാവ് കര്‍ഷക സമരത്തില്‍ പങ്കെടുത്ത ബിന്ദു അമ്മിണിയെ ലൈംഗികമായി അധിക്ഷേപിക്കുന്ന ഒരു പോസ്റ്റിട്ടു എന്ന് മീഡിയവൺ വാർത്തയിൽ കണ്ടു. അതും, ബിന്ദു അമ്മിണി കർഷക സമരത്തിൽ പങ്കെടുക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട്. എന്തായാലും ഇപ്പോൾ പ്രൊഫൈലും പോസ്റ്റും കാണാനില്ല എന്നും വാർത്തയിലുണ്ട്. നിങ്ങളും അച്ഛനും രണ്ട് വ്യക്തികളാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ അച്ഛന്റെ പേരിൽ വന്ന കമന്റിന് നിങ്ങളെ തെറി വിളിക്കുകയല്ല എൻറെ ലക്ഷ്യം. പക്ഷേ, ചില കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്.

രണ്ടു ദിവസം മുൻപ് കെ സുരേന്ദ്രനും മകളും ഉള്ള ഫോട്ടോയുടെ കീഴിൽ അതീവ ഹീനമായ ഒരു കമൻറ് വന്നപ്പോൾ നിങ്ങൾ പൊട്ടിത്തെറിച്ചല്ലോ. അത് കൈകാര്യം ചെയ്യാൻ നിങ്ങളുടെ പാർട്ടിക്ക് അറിയാം എന്ന് നിങ്ങൾ എഴുതിയില്ലേ ? അതിന് പുറകെ നിങ്ങളുടെ പാർട്ടിക്കാർ ഒരു വീട്ടിലേക്ക് മാർച്ച് നടത്തിയില്ലേ ? എന്തേ, ഇതൊന്നും ഇപ്പോൾ ഇല്ലേ ? അതെന്താ ?ഫേസ്ബുക്കിൽ അഭിപ്രായം പറയുന്ന നിരവധി സ്ത്രീകളുടെ പോസ്റ്റുകൾക്ക് കീഴിൽ നിങ്ങളുടെ പാർട്ടിക്കാർ സകല സീമകളും ലംഘിക്കുന്ന അസഭ്യം എഴുതിയപ്പോൾ നിങ്ങൾ അവരെ തടഞ്ഞോ ? അതിനെതിരെ ഒരു ചെറുവിരൽ അനക്കിയോ ?

നിങ്ങളുടെ പാർട്ടിയെ വിമർശിച്ചാൽ, നിങ്ങളുടെ പാർട്ടിയുടെ മണ്ടത്തരങ്ങളെ ട്രോളിയാൽ, ആ പോസ്റ്റുമായി ഒരു ബന്ധവും ഇല്ലാത്ത മകളുടെ (അതും 10 വയസ്സ് പോലും തികയാത്ത പെൺകുട്ടിയുടെ) വരെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് അസഭ്യ കമൻറുകൾ നിറയുന്നത് കണ്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾക്ക് കീഴിൽ ഹിന്ദു ദൈവങ്ങളുടെ പ്രൊഫൈൽ ചിത്രം ഉള്ള കുറച്ചു ഫേക്ക് ഐഡികളും “സ്ത്രീ അമ്മയാണ്, ദേവിയാണ്” എന്നൊക്കെ പ്രൊഫൈലിൽ എഴുതിവെച്ചിരിക്കുന്ന ചിലരും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങളടക്കം പങ്കുവച്ചുകൊണ്ട് നടത്തുന്ന വെർബൽ റേപ്പ് കണ്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. എന്തേ, നിങ്ങൾക്ക് പ്രതികരണമില്ലേ ?ഫേസ്ബുക്കിൽ അഭിപ്രായം പറയുന്ന മറ്റുള്ളവരും മനുഷ്യരാണ്. അവർക്കും ആത്മാഭിമാനം എന്നൊന്നുണ്ട്. ഇതൊക്കെ മനുഷ്യത്വം ഉള്ളവർക്ക് മാത്രമേ മനസ്സിലാവൂ.