ഇനിയെങ്കിലും മകരവിളക്ക് ‘തെളിഞ്ഞു’ എന്നല്ല ‘തെളിച്ചു’ എന്ന് കൊടുക്കാൻ മാധ്യമങ്ങൾ തയ്യാറാകണം

172

Jinesh PS

“ദേവസ്വം ജീവനക്കാർ / വനം വകുപ്പുദ്യോഗസ്ഥർ മകരവിളക്ക് തെളിയിച്ചു”, “പൊന്നമ്പലമേട്ടിൽ മേട്ടിൽ മകരവിളക്ക് കൊളുത്തി” .”ശബരിമലയിൽ മകരവിളക്ക് തെളിയിച്ചു” ഇതിൽ ഏതെങ്കിലുമൊരു തലക്കെട്ട് പ്രധാന മാധ്യമങ്ങളിൽ വരുമോ എന്ന് അറിയാൻ വേണ്ടി ഇടുന്ന റീപോസ്റ്റ്, പ്രത്യേകിച്ച് ആദ്യത്തെ രീതിയിലുള്ള തലക്കെട്ട്. “പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു” എന്ന തലക്കെട്ടാണ് മിക്കവാറും കാണാറുള്ളത്. തനിയെ തെളിയുന്നതാണ് എന്ന ധ്വനിയുള്ള തലക്കെട്ട്. അതിൽ ഒരു മാറ്റം ഉണ്ടാകുമോ ???

Image may contain: mountain, sky, outdoor and natureഈ വെളിച്ചം തനിയെ തെളിയുന്നതാണ് എന്ന് വിശ്വസിക്കുന്ന നിരവധിപേർ ഇപ്പോഴും കേരളത്തിലുണ്ട്. അവരുടെ ഭക്തിയിലേക്കോ വിശ്വാസങ്ങളിലേക്കോ കടക്കുന്നില്ല. പക്ഷേ, ഒരു മലയാളിയെ അന്ധവിശ്വാസത്തിലേക്ക് തള്ളിവിടുന്ന തലക്കെട്ടാണിതെന്ന് പറയാതിരിക്കാനാവില്ല.മനുഷ്യൻ തന്നെ കൊളുത്തുന്ന ഒരു വെളിച്ചം, സ്വയം തെളിയുന്നതാണ് എന്ന ധാരണ പടർത്തുന്ന വാർത്തകൾ അല്ലെങ്കിൽ വാർത്തയുടെ തലക്കെട്ട് കൈമാറുന്ന സന്ദേശം എന്താണ് ?

ആരാണ് കൊളുത്തിയത് എന്ന് എഴുതാൻ ധൈര്യമുള്ള മാധ്യമങ്ങൾ നിലവിലുണ്ടോ ? പോട്ട്… അവിടെ വെളിച്ചം തെളിയിക്കുന്നതിന്റെ യഥാർത്ഥ വിവരങ്ങൾ ഒന്നും ഉൾപ്പെടുത്തിയില്ലെങ്കിലും, തലക്കെട്ടിൽ എങ്കിലും അസ്വാഭാവികമായ ഒരു സംഭവം എന്ന പ്രതീതി ഇല്ലാതെ റിപ്പോർട്ടിംഗ് ഉണ്ടാവുമോ ? അത്രയെങ്കിലും നീതി പത്രങ്ങൾ സയൻസിനോട് ചെയ്യുന്നുണ്ടോ എന്ന് നോക്കട്ടെ ! ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 51 A (h) എല്ലാവർക്കും ബാധകമാണ്; പൗരന്മാർക്ക് മാത്രമല്ല മാധ്യമങ്ങൾക്കും.

“ശാസ്ത്ര അഭിരുചിയും മാനവികതയും അന്വേഷണത്വരയും പരിഷ്കരണ ബോധവും വളർത്തുക എന്നുള്ളത് ഏതൊരു ഇന്ത്യൻ പൗരന്റെയും കടമയാണ്” ഇതൊന്നും ചെയ്തില്ലെങ്കിലും, അന്ധ വിശ്വാസങ്ങളും അബദ്ധ പ്രചരണങ്ങളും തെറ്റിദ്ധാരണകളും വളർത്താതിരിക്കാനെങ്കിലും ശ്രമിക്കണം.