ഉപദ്രവമായി വലിഞ്ഞുകേറി വരുന്നവർ

446

Dr.Jinesh PS എഴുതുന്നു 

“ഏറെ പ്രയാസപ്പെട്ടു ജീവൻ തിരിയെ കിട്ടിയ ഒരു കുട്ടിയെ കുറിച്ചുള്ള വാർത്തകൾ മാധ്യമത്തിൽ ചർച്ച ആവുമ്പോൾ ഒരു പരിധി വരെ അതിന്റെ ഗുണവശങ്ങൾ ഉണ്ട്. നാനാ വശങ്ങളിൽ നിന്ന് സഹായ ഹസ്തങ്ങൾ എത്തുന്നു. നല്ലത്…

ഒപ്പം ഉണ്ടാവുന്ന പ്രവണതകൾ, ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ, ഒരു പാട് …


Jinesh PS

കാണാനെത്തുന്നവർ ഒരു പാടാവുമ്പോൾ അണുബാധ ഉണ്ടായേക്കാൻ ഏറെ സാധ്യത ഉള്ളത് കൊണ്ട് ഉള്ളതിൽ വെച്ച് മെച്ചമായ ഒരു കൊച്ചു വാർഡിൽ ആക്കി.

അവിടെ എട്ടു കുട്ടികളും ഒരു സ്റ്റാഫ് നേഴ്സും.

“പുരുഷന്മാർക്ക് പ്രവേശനം ഇല്ല“ എന്ന ബോർഡ് നേരത്തെ ഉണ്ട്.

കുഞ്ഞിനെ കാണാൻ മൂന്നു പേര് അകത്തേക്ക് വന്നപ്പോ, “നിങ്ങള് പുറത്തേക്കു നിൽക്കണം, കൂടെ ‘അമ്മ’ മാത്രം“ എന്നുപറഞ്ഞ സിസ്റ്റർ

“ക്ഷമിക്കണം, ബോർഡ് കണ്ടില്ല,” എന്നോ “കുഞ്ഞിന്റെ നില അറിയാനുള്ള ബദ്ധപ്പാടിൽ അറിയാതെ കയറിയതാണെന്നോ“ ഒക്കെ പറഞ്ഞു പുറത്തേക്ക് പോകുകയാണ് സാമാന്യ മര്യാദ.

ഇത് പറഞ്ഞ സിസ്റ്റർ എട്ടു മാസം ഗർഭിണി. സിസ്റ്ററുടെ വായടപ്പിക്കാൻ പറ്റിയ ആയുധം തന്നെ മൂപ്പർ പ്രയോഗിച്ചു .

“ആണുങ്ങൾ കയറി ഇറങ്ങാതെ ആണോടീ നീ ഇങ്ങനെ വയറും വീർപ്പിച്ചു നടക്കുന്നത്?”

വാക്കു തർക്കം അവിടെ നിന്നില്ല. പിറ്റേന്ന് കയ്യാങ്കളിയായി…

ഇത് കുഞ്ഞിന്റെ രക്ഷിതാക്കൾ അല്ല. ചിലപ്പോ അവരുടെ ബന്ധുക്കളും ആവില്ല.” – Dr. Purushothaman Kuzhikkathukandiyil എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലെ വരികളാണ് മുകളിൽ.

രക്ഷിതാക്കളും ബന്ധുക്കളും സഹായികളും ആവണമെന്നില്ല. ഫേസ്ബുക്കിലെയും നാട്ടിലെയും ചില ‘നന്മ മരങ്ങൾ’ വളരെ മോശമായി പെരുമാറി കണ്ടിട്ടുണ്ട്. ചാരിറ്റി എന്ന പേരിൽ വാഴ്ത്തപ്പെടുന്ന പലരും ഇങ്ങനെ ഇടിച്ചു കയറുന്നത് കണ്ടിട്ടുണ്ട്. പൊതുവേ നന്മ മരങ്ങളായി വാഴ്ത്തപ്പെടുന്ന ചില സിനിമാ നടന്മാർ അടക്കം.

തീവ്രപരിചരണ വിഭാഗത്തിലോ ഐസൊലേഷൻ വാർഡുകളിലോ അഡ്മിറ്റ് ആകുന്ന രോഗികളുടെ ശരിയായ ചികിത്സയ്ക്കു വേണ്ടിയാണ് കൂടുതൽ ആൾക്കാർ അകത്ത് കയറരുത് എന്ന് നിഷ്കർഷിക്കുന്നത്. അവർക്ക് അണുബാധ പകരാതിരിക്കാൻ വേണ്ടി കൂടിയാണ്. അവരുടെ അണുബാധ വന്നു കയറുന്നവർക്ക് പിടിപെടാതിരിക്കാൻ വേണ്ടി കൂടിയാണ്. സ്ഥലപരിമിതിയും സൗകര്യങ്ങളുടെ പരിമിതിയും ഉള്ള സർക്കാർ ആശുപത്രികളിൽ ലഭ്യമായ സൗകര്യങ്ങൾ രോഗികൾക്ക് ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ നിബന്ധനകൾ പറയുന്നത്.

അവിടെയാണ് പലരും കയ്യൂക്കും മുകളിൽ നിന്നുള്ള ഫോൺവിളികളും മൂലം കടന്നുകയറുന്നത്. ആരെ സഹായിക്കാൻ വേണ്ടിയാണോ അവർ വരുന്നത്, അവർക്കും, കൂടെ ഉള്ള രോഗികൾക്കും ഉപദ്രവമാണ് അവർ ചെയ്യുന്നത്.

ഇവർക്ക്‌ ഷോ കാണിക്കാൻ മറ്റെത്രയോ വഴികളുണ്ട് ? സർക്കാർ ആശുപത്രികളിലെ നിയന്ത്രണങ്ങളുള്ള വാർഡുകളിൽ/പരിചരണ വിഭാഗങ്ങളിൽ തന്നെ ഷോ കാണിക്കണമെന്ന് എന്താണ് നിർബന്ധം ?

അത്യാവശ്യം സൗകര്യങ്ങൾ ഉള്ള സ്വകാര്യ ആശുപത്രികളിൽ ഈ ഷോ നടക്കില്ല എന്ന് ഇവർക്ക്‌ തന്നെ അറിയാം. ചില സ്വകാര്യ ആശുപത്രികളിൽ ഇങ്ങനെ ഷോ കാണിക്കുന്ന പലരെയും ബലമായി പുറത്തിറക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ സർക്കാർ ആശുപത്രി ആയതിനാൽ എന്തും പറയാം, എന്തും ചെയ്യാം എന്നാണ് ഇവർ കരുതുന്നത്.

ഇതുപോലുള്ളവരെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമാണെന്ന് തോന്നുന്നില്ല. അതിനാൽ ബോധപൂർവം അകറ്റി നിർത്തണം. കാരണം ഇങ്ങനെ കയറുന്നവർക്ക് വേണ്ടത് ‘നന്മമരം’ ഇമേജ് മാത്രമാണ്. രോഗികളുടെ ആരോഗ്യം അല്ല ഇവരുടെ പ്രധാന വിഷയം.

ഇത്തരം ഷോ കക്ഷികളെ അകറ്റിനിർത്തിയില്ലെങ്കിൽ നഷ്ടം രോഗികൾക്കാണ്, സമൂഹത്തിന് തന്നെയാണ്.

=====