ഒരു പ്രാർത്ഥന കൊണ്ടും രോഗം മാറില്ല, ചികിത്സ തന്നെ വേണം

0
639

Dr .Jinesh PS എഴുതുന്നു

“തെറാപ്പി സ്വീകരിച്ചു തുടങ്ങിയോ ?”

“ഇല്ല ഡോക്ടർ. അനുയോജ്യമായ ഒരു സ്ഥലം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഒട്ടുമിക്ക സ്പീച്ച് തെറാപ്പി സെൻസറുകളിലും അന്വേഷിച്ചു കഴിഞ്ഞു. പോയി വരാവുന്ന ദൂരത്തിൽ ഒന്നുമില്ല.”

Dr.Jinesh PS

“അപ്പോൾ എന്താണ് ചെയ്യുക ? തുടർച്ചയായി തെറാപ്പികൾ നൽകണം. എത്രയും നേരത്തെ ആരംഭിക്കുകയും വേണം. എത്ര നേരത്തെ ആരംഭിക്കുന്നുവോ, അത്രയും മികച്ച റിസൾട്ട് ലഭിക്കും.”

“ഞങ്ങൾ ശ്രമിക്കുന്നുണ്ട്. നല്ലൊരു തെറാപ്പി സെന്ററിന് സമീപം വീട് വാടകയ്ക്കെടുത്ത് കുറച്ചുനാൾ താമസിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. ആ വഴി കൂടി നോക്കട്ടെ.”

“ടെൻഷൻ ആവേണ്ട. ശ്രമിച്ചു നോക്കൂ.”

ഏതാണ്ട് ഒരു വർഷത്തിനു ശേഷം കണ്ടപ്പോൾ…

“എന്തായി, തെറാപ്പി നൽകിയതിനുശേഷം എന്തുമാത്രം വ്യത്യാസമുണ്ടായി ? എവിടെയാണ് നൽകിയത് ?”

“അത്… അത്…”

“എന്തുപറ്റി ? ഞാൻ ചോദിച്ചതിൽ വ്യസനം ഉണ്ടായെങ്കിൽ ക്ഷമിക്കണം.”

“ഇല്ല, അതല്ല, തെറാപ്പി ഇതുവരെ നൽകിയില്ല.”

“ഓ…”

വ്യക്തിപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായി കാണുമെന്നതിനാൽ എന്തുകൊണ്ടെന്ന് ചോദിച്ചില്ല. അങ്ങനെ ചോദിക്കുന്നതിൽ ഒരു ശരികേടും ഉണ്ടല്ലോ.

“എന്നാലിനി കുട്ടികളുടെ സൈക്യാട്രിസ്റ്റിനെ കണ്ട് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ച് വേണ്ടത് ചെയ്യണം, കേട്ടോ.”

“അത്, അന്ന് ഞങ്ങൾ ധ്യാനത്തിന് പോയി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിർബന്ധിച്ചു. മറ്റു വഴികൾ ഉണ്ടായില്ല. അല്പം മെച്ചം ഉള്ളത് പോലെ ഒരു തോന്നൽ… അതു കാരണം പിന്നെ എങ്ങും പോയില്ല.”

“ഇപ്പോൾ എങ്ങനെയുണ്ട് ?”

“പണ്ടത്തേതുപോലെ തന്നെ, വ്യത്യാസമൊന്നുമില്ല.”

“നിങ്ങളുടെ വിശ്വാസങ്ങളിലേക്ക് ഒന്നും ഞാൻ കടക്കുന്നില്ല. എത്രയും പെട്ടെന്ന് തന്നെ കുട്ടികളുടെ സൈക്യാട്രിസ്റ്റിനെ കണ്ട്, തെറാപ്പികൾ ആരംഭിക്കൂ. എന്തൊക്കെ വേണം എന്ന് ഒന്നുകൂടി ചോദിച്ച് മനസ്സിലാക്കി ഒന്ന് ശ്രമിക്കൂ…”

“അന്ന് ഞാൻ ആദ്യമൊക്കെ എതിർത്തിരുന്നു. ഡോക്ടർ പറഞ്ഞതു പോലെ എത്രയും പെട്ടെന്ന് തെറാപ്പികൾ തുടങ്ങണം എന്ന് പറഞ്ഞു. പക്ഷേ അപ്പോഴാണ് വിശ്വാസവും പ്രശ്നങ്ങളുമൊക്കെ.

അവരുടെ വാദഗതികളോട് തർക്കിച്ചു പിടിച്ചുനിൽക്കാൻ പറ്റിയില്ല.”

“അതെന്താ സംഭവം ?”

“രോഗങ്ങളും ചില അവസ്ഥകളും പ്രാർത്ഥിച്ചാൽ മാറില്ല എന്നൊക്കെ ഞാൻ വാദിച്ചു. അങ്ങനെ മാറുമായിരുന്നെങ്കിൽ ആശുപത്രികളുടെ ആവശ്യമില്ലായിരുന്നല്ലോ എന്നും ഞാൻ ചോദിച്ചു.

പക്ഷേ മറുപടി മുട്ടിയത് മറ്റൊരു കാര്യത്തിലാണ്.”

“ഓ, അതെന്താ ?”

“വിദേശ രാജ്യങ്ങളിൽ ചെന്ന് രോഗശാന്തി ശുശ്രൂഷ ചെയ്യുന്ന ആളാണ്. ഒന്നുമില്ലെങ്കിൽ ഇത്രയും ചെലവാക്കി അവിടെയൊക്കെ പ്രോഗ്രാമുകൾ നടത്തുമോ ? അതും ഇത്രയധികം വികസിച്ച രാജ്യങ്ങളിൽ … കാനഡ, ഓസ്ട്രേലിയ, അയർലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ…”

“അവിടെയൊക്കെ ഓട്ടിസ ബാധിതരായ കുട്ടികൾക്ക് നല്ല തെറാപ്പി സൗകര്യങ്ങൾ ലഭ്യമാണ് എന്നാണ് കേട്ടിരിക്കുന്നത്. അത്തരം രാജ്യങ്ങളിൽ സാമൂഹ്യസുരക്ഷ ശക്തമായതിനാൽ തെറാപ്പികൾ കൃത്യമായി ലഭിക്കും. മാതാപിതാക്കൾക്ക് പോലും ചില സ്ഥലങ്ങളിൽ ഇടപെടാൻ പറ്റില്ല. കാരണം കുട്ടികളുടെ അവകാശമാണ് ഇതൊക്കെ.”

“പക്ഷേ ഇതൊക്കെ പറഞ്ഞാൽ മനസ്സിലാക്കണ്ടേ ?”

കുറ്റപ്പെടുത്തലുകൾ കൊണ്ട് പ്രയോജനമൊന്നുമില്ല. അതുകൊണ്ട് പിന്നെ ചർച്ച ചെയ്തില്ല. എന്തായാലും ഒന്നരവർഷം താമസിച്ചാലും സ്പീച്ച് തെറാപ്പി തുടങ്ങി.

ജനങ്ങളുടെ ഒരു വലിയ തെറ്റിദ്ധാരണയാണ് വിദേശങ്ങളിൽ പോയി പ്രോഗ്രാമുകളിൽ പങ്കെടുത്തു എന്നുവച്ചാൽ എന്തോ വലിയ സംഭവമാണ് എന്ന്. പലപ്പോഴും അശാസ്ത്രീയതകൾ പടർന്നുപിടിക്കാൻ അതും ഒരു കാരണമാണ്. ലോകത്തിൻറെ എല്ലാ ഭാഗത്തും അശാസ്ത്രീയ രീതികൾ പിന്തുടരുന്ന ആൾക്കാരുണ്ടാവാൻ സാധ്യതയുണ്ട്. അതെല്ലാം നമ്മൾ ഫോളോ ചെയ്യണം എന്ന് വാശി പിടിക്കേണ്ടതില്ല.

വിദേശരാജ്യങ്ങളിൽ പ്രോഗ്രാം അവതരിപ്പിച്ചതൊക്കെ വലിയ ഹൈപ്പിൽ അവതരിപ്പിക്കപ്പെടും. അശാസ്ത്രീയതയും തെറ്റിദ്ധാരണകളും പറഞ്ഞതിനാൽ ചില സ്ഥലങ്ങളിൽ എങ്കിലും ഇത്തരക്കാരെ വിലക്കാറുണ്ട്. അത് പക്ഷെ നമ്മൾ അറിയാറില്ല. അത് ആഴത്തിൽ എത്താറുമില്ല. കാരണം അതൊന്നും നമ്മുടെ മലയാളം പത്രങ്ങളിൽ വരാറില്ല.

ഓട്ടിസമുള്ള കുട്ടികളെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും വളരെ നിന്ദ്യമായി സംസാരിച്ചു എന്ന കാരണത്താൽ ഡൊമനിക് വളവനാലിനെ വരുന്ന ജൂലൈ മാസത്തിൽ കാനഡയിലെ കാൾഗറിയിൽ നടത്താനിരുന്ന പ്രോഗ്രാമിൽ നിന്നും കാൾഗറി രൂപത വിലക്കിയിട്ടുണ്ട് എന്ന വാർത്ത ന്യൂ ഇന്ത്യൻ എക്സ്പ്രസിലും കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ന്യൂസിലും വന്നിരുന്നു. ഓട്ടിസ ബാധിതരോടും മാതാപിതാക്കളോടും കുടുംബങ്ങളോടും കാൾഗറി രൂപത ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അവർക്ക് പിന്തുണ നൽകുമെന്നും പറഞ്ഞിട്ടുണ്ട്.

പക്ഷേ ഇതൊന്നും സാധാരണക്കാർ അറിയില്ല. കാരണം ഏറ്റവും സർക്കുലേഷനുള്ള മലയാളം പത്രങ്ങൾ ഇതൊന്നും എഴുതില്ല.

അതുകൊണ്ട് വിദേശരാജ്യങ്ങളിൽ പ്രോഗ്രാം നടത്തുന്ന പുരോഹിതന്മാർ മഹത്വവൽക്കരിക്കപ്പെട്ടു തന്നെ ഇരിക്കും.

പ്രായപൂർത്തിയായവർ ചികിത്സ, അല്ലെങ്കിൽ തെറാപ്പികൾ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യട്ടെ. അവർക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ കുട്ടികളുടെ ചികിത്സയും തെറാപ്പികളും എങ്കിലും മുടക്കാതിരുന്നുകൂടേ ? അത് മാത്രമാണ് പറയാനുള്ളത്.

അശാസ്ത്രീയതയും മനുഷ്യത്വ വിരുദ്ധതയും പറയുന്നവരെ ചില വിദേശ രാജ്യങ്ങളിൽ നടക്കുന്ന പ്രോഗ്രാമുകളിൽ നിന്ന് വിലക്കുന്നുണ്ട് എന്നെങ്കിലും ജനങ്ങൾ അറിയണം. പ്രോഗ്രാം നടത്താനായി ശക്തമായ സമ്മർദം ചെലുത്താൻ ഇപ്പോഴും സാധ്യതയുണ്ട്. എങ്കിലും ഈ വാർത്തകൾ ജനങ്ങൾ അറിയേണ്ടതുണ്ട്. വിദേശരാജ്യങ്ങളിൽ പ്രോഗ്രാം നടത്തുന്നു എന്ന കാരണത്താൽ, അയാൾ നടത്തുന്ന രോഗശാന്തി ശുശ്രൂഷകളിൽ പങ്കെടുത്തു എന്നും പറഞ്ഞ് തെറാപ്പികൾ മുടക്കരുത് എന്ന് ജനങ്ങൾ അറിയണം.

പത്രങ്ങളിൽ വരില്ലായിരിക്കും, പക്ഷേ ഈ വാർത്തകൾ ജനങ്ങളിൽ എത്താൻ ഒന്ന് സഹായിക്കാമോ ? വിശ്വാസത്തിന്റെ പേരിൽ പുരോഹിതരെ ന്യായീകരിക്കുന്നവർ ഷെയർ ചെയ്യണം എന്നില്ല.