മാതൃകയാകേണ്ട ഒരു ഡിജിപി ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുന്നത് വളരെ മോശം സന്ദേശമാണ് നൽകുന്നത്

70

Jinesh PS

വാർത്തകൾ പ്രകാരം ഡിജിപി ലോക്നാഥ് ബഹ്റ മാർച്ച് 3 മുതൽ 5 വരെ യുകെയിൽ ഉണ്ടായിരുന്നു. യുകെയിൽ കോവിഡ് 19 ലോക്കൽ ട്രാൻസ്മിഷൻ ആരംഭിക്കുന്നത് ഫെബ്രുവരി 28 ന് മുൻപ് ആയിരിക്കണം (അവലംബം ലോകാരോഗ്യസംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ട് 39, അതായത് ഫെബ്രുവരി 28 ന് പുറത്തിറങ്ങിയ റിപ്പോർട്ട്)മാർച്ച് അഞ്ചാം തീയതി വരെ യുകെയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ – 118 (അവലംബം ലോകാരോഗ്യസംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ട് 46, അതായത് മാർച്ച് 6 ന് പുറത്തിറങ്ങിയ റിപ്പോർട്ട്)മാർച്ച് 12 ന് പുറത്തിറങ്ങിയ ആരോഗ്യവകുപ്പിന്റെ വിജ്ഞാപനമനുസരിച്ച് 14 ദിവസത്തിനുള്ളിൽ കോവിഡ് 19 വൈറസ് ലോക്കൽ ട്രാൻസ്മിഷൻ നടന്നിട്ടുള്ള രാജ്യങ്ങളിൽനിന്ന് വന്നവരെല്ലാം 14 ദിവസമെങ്കിലും നിരീക്ഷണത്തിൽ കഴിയണം എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ലോക് നാഥ് ബഹ്റ അത് പാലിച്ചതായി കാണുന്നില്ല. ഡിജിപി ആയതിനാൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണ്ടതില്ല എന്നുണ്ടോ ? ശ്രീചിത്രയിൽ സ്പെയിനിൽ നിന്ന് വന്ന ഡോക്ടറുടെ സംഭവം ഓർമ്മ ഉണ്ടാകുമല്ലോ, അല്ലേ ? ഡോക്ടർ സ്പെയിനിൽ നിന്നും വന്നത് മാർച്ച് ഒന്നിന്. മാർച്ച് ഒന്നുവരെ സ്പെയിനിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 45 മാത്രമാണ്. സ്പെയിനിലും ലോക്കൽ ട്രാൻസ്മിഷൻ ആരംഭിക്കുന്നത് ഫെബ്രുവരി 28 ന് മുൻപ് (അവലംബം ലോകാരോഗ്യസംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ട് 39) ആ ഡോക്ടർക്ക് കൊറോണ പോസിറ്റീവ് ആണ് എന്ന് സ്ഥിരീകരിച്ചത് മാർച്ച് 14 ന്. (അവലംബം വാർത്ത, ദ ഹിന്ദു)ഇതിനിടയിൽ ആശുപത്രിയിൽ എത്തുകയും ചെയ്തു. നിരീക്ഷണത്തിൽ കഴിയാൻ സന്നദ്ധനായിരുന്നിട്ടും അനുവാദം കിട്ടിയില്ല എന്നും കേൾക്കുന്നു. ഫലമോ ? കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികളിൽ ഒന്ന് ഏതാണ്ട് നിശ്ചലമായി. ഓരോ അനുഭവങ്ങളും പാഠങ്ങളാണ്. നിയന്ത്രണങ്ങൾ എല്ലാവർക്കും ഒരേപോലെ വേണ്ടതാണ്. ആരോഗ്യ വിഷയങ്ങളിൽ വലിയവർ, ചെറിയവർ എന്നൊന്നുമില്ല. വൈറസിനു മുൻപിൽ കള്ളനും പോലീസും തുല്യരാണ്, മന്ത്രിയും പൗരനും തുല്യരാണ്, അധ്യാപകനും വിദ്യാർത്ഥിയും തുല്യരാണ്. നമ്മൾ ഏവരും തുല്യരാണ്. നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നാട്ടിൽ തിരിച്ചെത്തിയവരോട് പറയുമ്പോൾ കേൾക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.
“ഞങ്ങളെ എയർപോർട്ടിൽ പരിശോധിച്ചതാണ്, ഞങ്ങൾക്ക് അസുഖം ഇല്ല എന്ന് തെളിഞ്ഞതും ആണ്. ഇനി ഞങ്ങൾ എന്തിനാണ് ഇത്രയും ദിവസം വീട്ടിൽ കുത്തിയിരിക്കുന്നത് ?””എയർപോർട്ടിൽ പരിശോധിക്കുന്നത് ശരീരതാപനില മാത്രമാണ്. പനി ഇല്ല എന്ന് കരുതി വൈറസ് ശരീരത്തിൽ പ്രവേശിച്ചിട്ടില്ല എന്ന് ഉറപ്പു പറയാൻ സാധിക്കില്ല” പലതവണ പറഞ്ഞാണ് പലരെയും സമ്മതിപ്പിക്കുന്നത്. ഒക്കെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടും പലരും പുറത്തിറങ്ങുന്നു, അപകടങ്ങളിൽ പെട്ട് ആശുപത്രിയിൽ എത്തുന്നു. ഇപ്പോൾ ചോദ്യം മാറിയിട്ടുണ്ട്, “ഡിജിപിക്ക് എന്തുമാകാം… നമ്മൾ വീട്ടിലിരിക്കണം… ഇതെന്തു നിയമമാണ് ???”
നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് മാതൃകയാകേണ്ട ഒരു ഡിജിപി ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുന്നത് വളരെ മോശം സന്ദേശമാണ് നൽകുന്നത്.