ഗ്യാസിന് ‘വെറും’ 146 രൂപ രൂപ വർദ്ധിപ്പിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ (ട്രോൾ പോസ്റ്റ് )

0
141

Jinesh PS

എന്തൊക്കെ രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഗ്യാസിന് വില കൂട്ടാൻ തീരുമാനിച്ച കേന്ദ്ര സർക്കാരിന്‌ പിന്തുണ നൽകുന്നു. പുതിയ ലോക സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമാണത്‌. ഇപ്പോൾ ബുദ്ധിമുട്ട്‌ അനുഭവപ്പെടുമെങ്കിലും സമീപ ഭാവിയിൽ ഏറെ ഗുണം ചെയചെയ്യുന്ന തീരുമാനമാണത്. വേണ്ടത്ര മുന്നൊരുക്കൾ നടത്തിയിട്ടുണ്ടെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്‌. ഈ സമയത്ത്‌ സർക്കാരിന്‌ പിന്തുണ നൽകുന്നതിന്‌ പകരം ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കരുത്‌.

Image result for LPG GASഗ്യാസിന്റെ വരവോടെ ഭക്ഷണം ആവശ്യത്തിൽ കൂടുതൽ ആഹരിക്കുന്ന ശീലം ഉണ്ടായി. അതോടെ പാചകം ചെയ്യാതെ കഴിക്കാറുള്ള പച്ചക്കറികളുടെയും പഴവർഗങ്ങളുടെ ഉപയോഗം കുറഞ്ഞു. വളരെ അനാരോഗ്യകരമായ ഈ പ്രവണതയ്ക്ക് മാറ്റം വരുത്താൻ വേണ്ടിയുള്ള ശ്രമങ്ങളെ ട്രോളുന്നത് അംഗീകരിക്കാനാവില്ല. ഈ തീരുമാനത്തോടെ നോൺവെജ് ഉപയോഗം കുറയ്ക്കാനും പച്ചക്കറി-ഫലവർഗ ഉപയോഗം കൂട്ടാനും തദ്വാര പൊണ്ണത്തടി കുറക്കാനും ഇടവരുന്നതാണ്. മാനസികവും ശാരീരികവും ആയ ആരോഗ്യം വർദ്ധിക്കുമ്പോൾ ആത്മഹത്യകൾ പോലും കുറഞ്ഞു വരും.

ഒരു സിലിണ്ടറിന് വെറും 700 രൂപ മാത്രം ഈടാക്കുന്ന അവസ്ഥയിൽ, ഈ വിലക്കുറവ് കാരണം മാത്രം അനാവശ്യമായി ഉപഭോഗം കൂടുന്നുമുണ്ട്. കൂടുതൽപേർ വാങ്ങിക്കുന്നത് മൂലമുള്ള പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ലക്ഷ്യം കൂടി സാധിക്കുന്ന ലക്ഷണമാണ്. പണപ്പെരുപ്പം നിയന്ത്രിച്ചാൽ തീവ്രവാദി ആക്രമണങ്ങൾ വരെ തടയാൻ സാധിക്കും എന്നറിയാമല്ലോ! തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവർ പോലും കുഴഞ്ഞു വീണു മരിച്ച സാഹചര്യമുണ്ടായ രാജ്യമാണ്. ഉപഭോഗം കുറയുന്നതോടെ ക്യൂ നിയന്ത്രിക്കാൻ സാധിക്കും എന്നും, കുഴഞ്ഞു വീഴുന്ന മരണങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

മാത്രമല്ല വില കൂട്ടുമ്പോൾ വീടുകളിൽ തന്നെ ഭക്ഷണ മാലിന്യങ്ങളിൽ നിന്നും മറ്റും ഗ്യാസ് ഉത്പാദിപ്പിക്കാനുള്ള താൽപര്യവും വർദ്ധിക്കും. ദിനംപ്രതി ക്ഷയിച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളായ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് പകരം ഒന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ജനകീയ പങ്കാളിത്തത്തോടെ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സിൽ വർദ്ധനവ് ഉണ്ടാക്കാനും ഈ പദ്ധതി കൊണ്ട് സാധിക്കും.

ഇത്രയുമൊക്കെ പ്രയോജനം ലഭിക്കുന്ന അവസ്ഥയിൽ സബ്സിഡി വാങ്ങുന്നവർ അതൊഴിവാക്കാൻ സന്നദ്ധത കാണിക്കുകയും രാഷ്ട്ര പുനർനിർമാണത്തിൽ പങ്കാളികളാവുകയും ചെയ്യണമെന്നാണ് ഇത്തരുണത്തിൽ പറയാനുള്ളത്. രാജ്യ താല്പര്യം മനസ്സിലാക്കി പരമാവധി സഹകരിച്ച്‌ രാജ്യത്ത്‌ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനുള്ള ഈ ശ്രമത്തിന്‌ വഴിയൊരുക്കണം.
ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസിന് വെറും 146 രൂപ മാത്രമാണ് കൂട്ടിയിരിക്കുന്നത്. പ്രയോജനം അവലോകനം ചെയ്താൽ തുച്ഛമായ വർദ്ധനവ്. വിമർശനങ്ങൾ കൊണ്ട് ലോകത്തിലെ ഏറ്റവും പ്രയോജനപ്രദമായ പദ്ധതിയെ മുളയിലെ നുള്ളാൻ മനപ്പൂർവ്വം ശ്രമിക്കരുത്.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനൊപ്പം.