വനത്തിൽ സ്വൈര്യമായി ജീവിച്ചിരുന്ന ഒരു ജീവിയെ പിടിച്ചുകൊണ്ടുവന്ന് കൂട്ടിലിട്ട് പീഡിപ്പിച്ച് മെരുക്കി അടിമയാക്കി വളർത്തിയിട്ട്, ആ പാവം ചത്തപ്പോൾ പത്രങ്ങളിൽ നിറയെ മഹാകാവ്യങ്ങൾ.

75
Jinesh PS
വനത്തിൽ സ്വൈര്യമായി ജീവിച്ചിരുന്ന ഒരു ജീവിയെ പിടിച്ചുകൊണ്ടുവന്ന് കൂട്ടിലിട്ട് പീഡിപ്പിച്ച് മെരുക്കി അടിമയാക്കി വളർത്തിയിട്ട്, ആ പാവം ചത്തപ്പോൾ പത്രങ്ങളിൽ നിറയെ മഹാകാവ്യങ്ങൾ.
ആ ജീവിയെ പീഡിപ്പിക്കരുത് എന്ന് എഴുതാൻ ഇരാരും തയ്യാറല്ല. ആഘോഷങ്ങളിലെ ആനയുടെ വീരസ്യം മാത്രമേ ഇവർ പറയൂ. അത് അല്ലാതെയും മനുഷ്യർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുൻപ് എഴുതിയ വിവരങ്ങൾ തന്നെയാണ്;
നെറ്റിപ്പട്ടം കെട്ടിയ ഗജരാജനെ നിങ്ങൾക്കിഷ്ടമായിരിക്കും. അതിൻറെ തുമ്പിക്കയ്യിൽ തൊടാനും വാലിൽ പിടിക്കാനും ചാരിനിന്ന് ചിത്രമെടുക്കാനും നിങ്ങൾക്ക് ഇഷ്ടം ആയിരിക്കും. പക്ഷേ ഗജരാജൻ സ്പർശിച്ചവരെ നിങ്ങൾ കണ്ടിട്ടുണ്ടോ ? ഞാൻ കണ്ടിട്ടുണ്ട്. പരിശോധന നടത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം പരിശോധനയും നടത്തിയിട്ടുണ്ട്.
സാധാരണ അപകടങ്ങളിൽ ഏറ്റവും കൂടുതൽ പരിക്കുകൾ കാണാറ് ട്രെയിൻ ഇടിച്ച് പരിക്കേറ്റവരിലാണ്. ആനയുടെ സ്നേഹ സ്പർശം അനുഭവിച്ചാൽ പരിക്ക് അതിലും കൂടുതൽ ഉണ്ടാവാൻ സാധ്യതയുണ്ട്.നിങ്ങളുടെ സുഹൃത്തിൻറെ തല രണ്ട് ചെവിയുടെ ഭാഗത്തുനിന്നും ഏകദേശം ഒരു ആയിരം കിലോ മർദ്ദം ഏൽപ്പിച്ചാൽ ഏത് ആകൃതിയിൽ ആവും ? ദോശക്കല്ല് പോലെ പരന്നിരിക്കും. അങ്ങനെയുള്ള തലകൾ കണ്ടിട്ടുണ്ടോ ? അവിടെ പൊട്ടിയ തലയോട്ടിക്ക് ഉള്ളിൽ നിന്നും ഒലിച്ചിറങ്ങുന്ന തലച്ചോറ് കണ്ടിട്ടുണ്ടോ ?
വാരിയെല്ലുകളും നട്ടെല്ലും പൊടിഞ്ഞ്, ശ്വാസകോശവും ഹൃദയവും കീറി, പതിഞ്ഞ നെഞ്ചിൻകൂട് കണ്ടിട്ടുണ്ടോ ? ആമാശയവും കുടലും വൃക്കകളും കരളും പൊട്ടി പിഞ്ചി പോയ വയർഭാഗം കണ്ടിട്ടുണ്ടോ ?പൊട്ടിത്തകർന്ന തുടയെല്ല് കണ്ടിട്ടുണ്ടോ ? അതിനുചുറ്റും ചതഞ്ഞരഞ്ഞ മാംസപേശികൾ കണ്ടിട്ടുണ്ടോ ?ചതഞ്ഞരഞ്ഞ ജനനേന്ദ്രിയങ്ങൾ കണ്ടിട്ടുണ്ടോ ?
ഇല്ലെങ്കിൽ കാണണം.ഞാൻ കണ്ടിട്ടുണ്ട്. പരിശോധന നടത്തി റിപ്പോർട്ടും അയച്ചിട്ടുണ്ട്.
ഒരിക്കലെങ്കിലും കണ്ടിട്ട് വേണം നിങ്ങൾ മറുപടി പറയാൻ… ആനകളെക്കുറിച്ച് വീരസ്യം പറയുന്നതിനു മുമ്പ് നിങ്ങൾ ഈ കാഴ്ചകൾ കൂടി കാണണം.
കാട്ടിലെ ഏറ്റവും അപകടകാരിയായ മൃഗം ഏതാണെന്നാണ് നിങ്ങൾ കരുതുന്നത് ? പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകാം. കടുവ, പുലി, സിംഹം, കരടി അങ്ങനെ പല അഭിപ്രായങ്ങളും ഉണ്ടാവാം.
നമ്മുടെ നാട്ടിൽ എൻറെ അഭിപ്രായത്തിൽ അത് ആനയാണ്.കടുവയും പുലിയും സിംഹവും ഒക്കെ ആഹാരത്തിനുവേണ്ടി മാത്രമേ മറ്റു ജീവികളെ കൊല്ലുകയുള്ളൂ. കരടി അല്ലാതെയും ആക്രമിക്കും എന്ന് കേട്ടിട്ടുണ്ട്. കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു രോഗിയെ കണ്ടിട്ടുമുണ്ട്. മുഖം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു. ഒരു കണ്ണ് താടിയെല്ല് വരെ തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ… കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയിൽ ആൾ രക്ഷപ്പെട്ടു എന്നാണ് ഓർമ്മ.
പകരം ആനയുടെ കാര്യം എടുക്കാം. ടൺകണക്കിനു ഭാരമുള്ള ഒരു ജീവിയാണ്. ആ ജീവി പോലും അറിയണമെന്നില്ല, സമീപത്തു നിൽക്കുന്ന ഒരാൾക്ക് പരിക്ക് പറ്റാൻ. ശക്തിയായി ആക്രമിക്കണമെന്നില്ല, തുമ്പിക്കൈകൊണ്ട് ഒരാൾ തെറിച്ചു വീഴാൻ. ആ സാധുമൃഗം ഒന്നു വെട്ടി തിരിയുമ്പോൾ നിങ്ങൾക്കു പരിക്കുപറ്റാം. പരിക്കുകൾ ഗുരുതരവും ആകാം.
ആന മൂലമുണ്ടാകുന്ന ബഹുഭൂരിപക്ഷം അപകടങ്ങളും കാട്ടിൽ സ്വച്ഛമായ ജീവിക്കേണ്ട ജീവിയെ പിടിച്ചുകൊണ്ടുവന്ന് ക്രൂരത ചെയ്യിപ്പിക്കുന്നതിനാൽ ഉണ്ടാവുന്നതാണ്. ഈ അപകടങ്ങൾ ആ ജീവിയുടെ കുറ്റമല്ല. അതിനെ ഉപയോഗിക്കുന്ന വിഡ്ഢികളുടെ, പണക്കൊതിയൻമാരുടെ കുറ്റമാണ്.
അതുകൊണ്ട് ഇനിയെങ്കിലും ചിന്തിക്കൂ.ഓരോ മരണവും വേദനാജനകമാണ്. പീഡിപ്പിച്ച് ഇല്ലാതാക്കൽ അതിലേറെ വേദനാജനകമാണ്. ഈ പീഡനങ്ങൾ എല്ലാം ചെയ്ത ശേഷം സ്തുതി പാടലും കൂടി… കഷ്ടമാണ്. ഇനിയെങ്കിലും ആ ജീവിയെ സ്വതന്ത്രമായി, സ്വച്ഛമായി വനത്തിൽ ജീവിക്കുവാൻ അനുവദിക്കൂ.
Advertisements