ആർത്തവം, യോനി, ശുക്ലം എന്നൊക്കെ പറയുന്നത് തെറ്റാണെന്നു കരുതുന്ന സമൂഹത്തിൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യം

329

Jinesh PS

വളരെ മികച്ച ഒരു പിടി തീരുമാനങ്ങൾ വന്നിട്ടുണ്ട്.

പോക്സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ നീതി നിയമം, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകളുടെ സെക്രട്ടറിമാർ അടങ്ങിയ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി, രണ്ടു മാസം വീതം കൂടുമ്പോൾ സർക്കാരിന് റിപ്പോർട്ട് നൽകണം.

കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍. ആർത്തവം, യോനി, ശുക്ലം എന്നൊക്കെ പറയുന്നത് പോലും തെറ്റാണ് എന്ന് കരുതുന്ന ഒരു സമൂഹത്തിൽ കുട്ടികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമുണ്ട്. ശരിയായ ലൈംഗിക വിദ്യാഭ്യാസം ശരിയായ ചിന്തകൾക്ക് വഴിവെക്കും. പല കുറ്റകൃത്യങ്ങളും കുറക്കാൻ ഇത് സഹായിക്കും. ഇതിനായി പക്ഷേ അധ്യാപകർ ട്രെയിനിങ് കൊടുക്കുന്നതു കൊണ്ട് മാത്രം പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നില്ല. ഈ വിഷയങ്ങൾ കൃത്യമായി പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ, പറ്റുമെങ്കിൽ ഡോക്ടർമാരുടെ തന്നെ സേവനം ലഭ്യമാക്കണം. ശരീരത്തിലെ മറ്റേതൊരു വ്യവസ്ഥയും പോലെ തന്നെ ഒരു വ്യവസ്ഥയാണ് ആണ് പുരുഷ-സ്ത്രീ ലൈംഗിക അവയവങ്ങളും വ്യവസ്ഥയും എന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കണം. സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് ഇന്ന് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കണം.

സ്കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയും, കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയും.

അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകള്‍ കണ്ടെത്തുകയും സംരക്ഷണം നല്‍കുകയും ചെയ്യും.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കും. ഏതൊരു വീട്ടിലും സ്കൂളിൽ വച്ച് പീഡനമോ അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലുമോ സംഭവിച്ചാൽ മാതാപിതാക്കളോട് തുറന്നു പറയാൻ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന അവബോധം ഉണ്ടാവണം. അതായത് കുട്ടികൾക്ക് മാതാപിതാക്കളോട് ഭയമല്ല ഉണ്ടാവേണ്ടത്. അവിടെയാണ് സമൂലമായ മാറ്റം വരേണ്ടത്. അതൊട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷേ അങ്ങനെയൊരു മാറ്റം അനിവാര്യമാണ്.

പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ പോക്സോ കോടതികള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും.

തീരുമാനങ്ങളെല്ലാം വളരെ നല്ലത്.

നിലവിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ടു കുട്ടികളുടെ വിഷയത്തിൽ നീതി നിറവേറ്റപ്പെടുക കൂടി ചെയ്യണം. ഇനി ഒരു കുട്ടിപോലും പീഡിപ്പിക്കപ്പെടാതിരിക്കുക എന്നത് ഉറപ്പാക്കാൻ ശിക്ഷാനടപടി അനിവാര്യമാണ്. നിലവിൽ ഉണ്ടായ വീഴ്ചകൾ തിരുത്തിക്കൊണ്ട്, പുനരന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുൻപിൽ എത്തിച്ച് ശിക്ഷ വാങ്ങി നൽകണം. അത് വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമാണ്..

Advertisements