ദശമൂലം ദാമു: ഒരു കഥാപാത്ര അവലോകനം

122

Jino Vijay Tharishil

ദശമൂലം ദാമു: ഒരു കഥാപാത്ര അവലോകനം

ഈ ഇടക്കാലത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ കൾട്ട് പരിവേഷം സിദ്ധിച്ച് പോപ് കൾച്ചറിന്റെ ഭാഗമായി മാറിയ കഥാപാത്രമാണ് ചട്ടമ്പിനാട് (2009) എന്ന ചിത്രത്തിലെ ‘ദശമൂലം ദാമു’. ചിത്രം പുറത്തിറങ്ങി പത്ത് വർഷം പിന്നിട്ടിട്ടും മലയാള സിനിമയിലെ മറ്റ് കഥാപാത്രങ്ങൾക്ക് ലഭിക്കാത്ത അംഗീകാരം എങ്ങനെ ദശമൂലം ദാമു സ്വന്തമാക്കി? എന്താണ് ആ കഥാപാത്രത്തിന്റെ ഇത്രയും വലിയ പ്രത്യേകത? തുടങ്ങിയ ചോദ്യങ്ങൾ എന്റെ മനസിനെ വല്ലാതെ അലട്ടിത്തുടങ്ങിയപ്പോൾ വർഷങ്ങൾക്കിപ്പുറം ചട്ടമ്പിനാട് ഒരിക്കൽ കൂടി കാണുവാൻ ഞാൻ നിർബന്ധിതനായി. തുടർന്ന് എന്റെ പരിമിതമായ നിരീക്ഷണ പാടവത്തിലും വീക്ഷണകോണിലും നിന്നുകൊണ്ട് ഞാൻ അപഗ്രഥിച്ച വസ്തുതകൾ താഴെ കുറിക്കുന്നു.

1929 ൽ സാമുവേൽ ഡെഷീൽ ഹേമിറ്റ് രചിച്ച ‘റെഡ് ഹാർവസ്റ്റ്’ എന്ന അമേരിക്കൻ നോവലിനെ ആധാരമാക്കി നിർമ്മിക്കപ്പെട്ട മൂന്ന് ചിത്രങ്ങളിൽ ഒന്നാണ് ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത ‘ചട്ടമ്പിനാട്’. അകിര കുറോസവയുടെ ജാപ്പാനീസ് ചിത്രം ‘യോജിംബോ’ (1961), സെർജിയോ ലിയോണിന്റെ സ്പഗെറ്റി വെസ്റ്റേൺ ‘എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേർസ്’ (1964) എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങൾ. ടോഷിറോ മിഫ്യൂൺ അവതരിപ്പിച്ച ‘സഞ്ചുറോ’ (യോജിംബോ), ക്ലിൻറ് ഈസ്റ്റ്വുഡിന്റെ ‘ബ്ലോൺഡീ’ (എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേഴ്സ്) എന്നീ അനശ്വര കഥാപാത്രങ്ങളുടെ മലയാള പുനരാവിഷ്കരണമാണ് ദേശീയ പുരസ്കാര ജേതാവ് സുരാജ് വെഞ്ഞാറമൂടിന്റെ ‘ദശമൂലം ദാമു’.

ഭരണകൂടവും നീതിന്യായ വ്യവസ്ഥിതികളും നിഷ്ക്രിയമായ, ചട്ടമ്പികൾ നാട് വാഴുന്ന വിദൂര പ്രദേശത്ത് എത്തിപ്പെടുന്നവരാണ് മൂന്ന് കഥാപാത്രങ്ങളും. സഞ്ചുറോ റോണിനും (ഉടമയില്ലാത്ത സമുറായി), ബ്ലോൺഡീ ഗൺഫൈറ്ററും (ഔറ്റ്ലോ), ദശമൂലം ദാമു കവല ചട്ടമ്പിയുമാണ്. സ്ഥലത്തെ രണ്ട് പ്രധാന ജന്മി കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി തുടർന്ന് പോരുന്ന ചേരിപോരിൽ ഇടക്ക് നിന്ന് കളിച്ച് എന്തെങ്കിലും സമ്പാദിക്കാമെന്ന് മൂവരും കണക്ക് കൂട്ടുന്നു. രണ്ട് പക്ഷത്തിന് വേണ്ടിയും പ്രവർത്തിച്ച് ഇരു വിഭാഗങ്ങളെയും തമ്മിലടിപ്പിക്കാൻ അവർ ആവുന്നത്ര പരിശ്രമിക്കുന്നു. നിർവികാരരും നിർദയരുമാണെന്ന് പുറമേ തോന്നിപ്പിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം ഫ്യൂഡൽ പ്രഭുക്കന്മാരെ ഉന്മൂലനം ചെയ്ത് പ്രദേശത്ത് നീതി, ധർമ്മം, ശാന്തി, സമാധാനം എന്നിവ സ്ഥാപിക്കുക എന്നത് തന്നെയാണ്.

മല്ലൻചിറ, കാട്ടാപ്പള്ളി എന്നീ പ്രബല കുടുംബങ്ങളുടെ ചെയ്തികളാൽ ദുരിതമനുഭവിക്കുന്നവരാണ് പ്രാദേശിക വാസികളിൽ ഭൂരിഭാഗവും. ശക്തമായ സാമൂഹിക അടിച്ചമർത്തലുകളിലൂടെ ഗ്രാമീണർക്കുമേൽ അവർ അധികാരം കൈയ്യാളുന്നു. മറ്റ് രണ്ട് ചിത്രങ്ങളിലേയും പോലെ തന്നെ ഒരു വിഭാഗത്തിന്റെ നേതാവ് കാട്ടാപ്പള്ളി നാഗേന്ദ്രൻ നാം ചരിത്ര പുസ്തകങ്ങളിലും കലാസൃഷ്ടികളിലും കണ്ട് ശീലിച്ച പരമ്പരാഗത ഭൂവുടമയുടെ പുനർസൃഷ്ടിയാണ്. ഭൂമി, സ്ത്രീ, അധികാരം എന്നിവ തന്റെ ആൾബലവും സമ്പത്തും ഉപയോഗിച്ച് അയാൾ സ്വന്തമാക്കാൻ ശ്രമിക്കുന്നു. എന്നാൽ മറുഭാഗത്ത് ഷാഫി അവതരിപ്പിക്കുന്നത് എം.ടി വാസുദേവൻ നായരുടെ നോവലുകളിൽ കാണുന്ന ക്ഷയിച്ച തറവാട്ടിലെ നായകനെ അനുസ്മരിപ്പിക്കുന്ന മല്ലൻചിറ ചന്ദ്രമോഹൻ എന്ന ഭൂവുടമയെയാണ്. അധികം താമസിക്കാതെ തന്നെ വീരേന്ദ്ര മല്ലയ എന്ന ഫ്യൂഡൽ പ്രഭു ആ സ്ഥാനത്ത് പുനർ സ്ഥാപിക്കപ്പെടുന്നു. ക്വന്റിൻ ടറന്റിനോ ചിത്രമായ ജാങ്കോ അൺചൈൻഡിലെ ഭൂവുടമ കാൽവിൻ കാൻഡി, അടൂർ ഗോപാലകൃഷ്ണന്റെ വിധേയനിലെ ജന്മി ഭാസ്കര പട്ടേലർ എന്നീ കഥാപാത്രങ്ങളുടെ മിശ്രണമാണ് വീരേന്ദ്ര മല്ലയ്യ. കുലീനനെന്ന് പുറമേ തോന്നിപ്പിക്കുന്ന അയാൾ തന്ത്രപൂർവമാണ് ഫ്യൂഡൽ അജണ്ടകൾ നടപ്പിലാക്കുന്നത്. സ്ത്രീ ലംബടനായ മുരുകനും മാക്രി ഗോപാലനെന്ന ഗുണ്ടയും അവസാനം വരെ അയാളിൽ വിധേയത്വമർപ്പിക്കുന്നു. എന്നാൽ സഞ്ചുറോ, ബ്ലോൺഡീ എന്നിവരെ പോലെ തന്നെ തുടക്കത്തിൽ ദുർബല പക്ഷത്തോടൊപ്പം നിൽക്കുന്ന ദശമൂലം ദാമു ആരിലും വിധേയനാകുന്നില്ല.

അയാളുടെ ഭൂതകാലവും ചിന്തകളും അവ്യക്തമായാണ് ഷാഫി അവതരിപ്പിക്കുന്നത്. ദശമൂലം എന്ന പേരിന്റെ ഉത്ഭവത്തെ കുറിച്ച് തന്നെ പല കഥകളും പ്രചരിക്കുന്നുണ്ട്. ഇരുപതിലധികം കേസുകളിലെ പ്രതിയായ വീരേന്ദ്ര മല്ലയ്യ ജയിൽ ശിക്ഷ അനുഭവിച്ച് തിരികെ വരുമ്പോൾ പ്രതിശ്രുത വധു നക്സലൈറ്റ് ആയിരുന്നുവെന്ന് അയാൾ തിരിച്ചറിയുന്നതായി തുടക്കത്തിൽ പറയുന്നുണ്ട്. മല്ലയ്യയെ വധിക്കാനുള്ള മാവോയിസ്റ്റ് പദ്ധതി ആയിരുന്നു അതെന്ന് പ്രേക്ഷകന് നിസംശയം മനസിലാക്കാം. ഇവിടെ ദശമൂലം ദാമുവിന്റെ മാവോയിസ്റ്റ് ബന്ധം ബുദ്ധിപരമായി ഷാഫി അവതരിപ്പിക്കുന്നു. അയാളുടെ വേഷവിധാനങ്ങളിൽ നിന്ന് പ്രേക്ഷകന് അത് അപഗ്രഥിക്കുവാനും കഴിയുന്നു. പ്രദേശത്തെ ഏക ഫെമിനിസ്റ്റ് ആയ ഗൗരിയെ മല്ലയ്യ ‘ആണെ’ന്ന് വിളിച്ച് തന്റെ മേൽ ഷോവനിസം പ്രകടിപ്പിക്കുമ്പോൾ, ഗൗരിയുടെ കൈയ്യിൽ നിന്ന് അടി കൊണ്ടിട്ടും ഒരു ജാള്യതയും പ്രകടിപ്പിക്കാതെ തന്റെ സ്ത്രീ സമത്വ നിലപാടുകളിൽ ഉറച്ച് നിൽക്കുകയാണ് ദശമൂലം ദാമു ചെയ്യുന്നത്. ഒരു സന്ദർഭത്തിൽ അയാൾ ലോട്ടറി ടിക്കറ്റ് രണ്ടായി വലിച്ച് കീറി കളയുന്നുണ്ട്. വിഭവങ്ങളുടെ തുല്യ വിതരണമാണ് ഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിക്ക് ആവശ്യമെന്നും, കുറേപേർ അധ്വാനത്തിലൂടെ നേടിയ പണം കൊണ്ട് ഒരാളെ ധനികനാക്കുന്ന വ്യവസ്ഥിതി നവ ഫ്യൂഡലിസത്തിന്റെ ഉപ ഉത്പന്നമാണെന്നും നിഷ്കരണമത് ഇല്ലായ്മ ചെയ്യേണ്ടതുണ്ടെന്നും ദശമൂലം ദാമു ആ രംഗത്തിലൂടെ പറയാതെ പറയുന്നു. ‘നാളെയെന്താ കേരളം ഇല്ലേ!’ എന്ന മറുപടിയിലൂടെ യുവതലമുറയിൽ അയാൾ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷയും ശുഭാപ്തി വിശ്വാസവുമാണ് വെളിവാകുന്നത്.
യോജിംബോയിലും എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേർസിലും നായകന്മാർ കഥാന്ത്യം വിജയം കൈവരിക്കുന്നുണ്ടെങ്കിൽ ആ സ്ഥാനത്ത് ഷാഫി കൂടുതൽ ഇരുണ്ട യഥാർത്ഥ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ദശമൂലം ദാമുവിന്റെ കുടില തന്ത്രങ്ങൾ രണ്ട് പ്രഭുക്കൾ തമ്മിൽ തുറന്ന യുദ്ധത്തിന് വഴിയൊരുക്കുന്നുവെങ്കിലും അയാൾ പ്രത്യാശിക്കുംപോലെ ഇരു വിഭാഗങ്ങളും തമ്മിലടിച്ച് പൂർണമായും നശിക്കുന്നില്ല. നാഗേന്ദ്രനെ ആഴമുള്ള നദിയിൽ വീഴ്ത്തി കൊല്ലുവാനുള്ള അയാളുടെ സൂയിസൈഡ് മിഷൻ നിഷ്കരണം പരാജയപ്പെടുന്നു. എന്നാൽ അയാൾ പ്രതീക്ഷിച്ച പോലൊരു ജനകീയ വിപ്ലവം മല്ലയ്യക്കെതിരെ സൃഷ്ടിക്കപ്പെടുന്നു. കലാപത്തിനൊടുവിൽ മല്ലയ വധിക്കപ്പെടുമെന്ന കണക്ക് കൂട്ടലുകൾ തെറ്റുമ്പോൾ അയാൾ നാഗേന്ദ്രനെ വകവരുത്താൻ ജനത്തെ സഹായിക്കുന്നു.

ദശമൂലം ദാമുവിന്റെ ഒറ്റയാൾ പോരാട്ടം ഭാഗികമായി വിജയം കൈവരിക്കുന്നുണ്ടെങ്കിലും ഒരു ജനസമൂഹം ഒന്നടങ്കം മല്ലയയുടെ കീഴിൽ നവ ഫ്യൂഡലിസത്തിന്റെ അടിമകളായി മാറുന്ന ദയനീയ കാഴ്ചയ്ക്കാണ് പ്രേക്ഷകനും അയാളും സാക്ഷ്യം വഹിക്കുന്നത്‌. അകിര കുറോസവ, സെർജിയോ ലിയോൺ എന്നിവർ കഥാവസാനം പ്രതീക്ഷയുടെ മായിക വെളിച്ചം തെളിയിച്ച് സത്യത്തോട് പുറം തിരിഞ്ഞ് നിൽക്കുമ്പോൾ പരാജയപ്പെട്ട നായകനിലൂടെ സാമൂഹിക യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഷാഫി വരച്ച് കാട്ടുന്നത്. തന്റെ കാഴ്ച്ചപ്പാടുകളും സിദ്ധാന്തങ്ങളും അധികാര ശക്തികൾക്ക് മുന്നിൽ അടിയറവ് വെക്കുന്ന ദശമൂലം ദാമു മല്ലയ്യയുടെ കാപ്പിതോട്ടത്തിൽ ഭാരം വലിക്കുന്ന ഒരു അടിമയായി മാറുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

“ഇന്നിനി എന്നെ പ്രതീക്ഷിക്കണ്ട, ഞാൻ താഴെ പാറക്കുളത്തിലോ ചാണാകുഴിയിലോ കാണും. സിവനേ…” എന്ന അയാളുടെ അവസാന വാക്കുകളിലെ പ്രതീകാന്മകത്വം വ്യാഖ്യാന വിധേയമാക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത് ദശമൂലം ദാമുവിന് ഷാഫി അടിവരയിടുമ്പോൾ സാമൂഹിക അധപതനത്തിന്റെ മറ്റൊരു അദ്ധ്യായം തുറക്കപ്പെടുന്നതായാണ്. ഒരുപക്ഷേ ദശമൂലം ദാമു ഒരു കഥാപാത്രം എന്നതിലുപരി ഒരു മെറ്റഫോർ ആയിരിക്കാം. അയാൾ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രം തന്നെയാണ് ‘ടൈലർ ഡർഡൻ’ (ഫൈറ്റ് ക്ലബ്), ‘ജോക്കർ’ (ദി ഡാർക്ക് നൈറ്റ്), ‘വി’ (വി ഫോർ വെൻഡേറ്റ) എന്നീ കഥാപാത്രങ്ങളെ പോലെ വർഷങ്ങൾക്കിപ്പുറം ഒരു ജനസമൂഹത്തെ ഇത്രയുമധികം സ്വാധീനിക്കാൻ ദശമൂലം ദാമുവിനെ സഹായിച്ചത്.
Follow us on Instagram : Instagram.com/moviestreetofficial