രാജ്യം ‘കുത്തക’കൾക്കു തീറെഴുതി കൊടുക്കുന്നേ, എല്ലാവരും പട്ടിണി കിടന്നു മരിക്കാൻ പോകുന്നേ”

32

Jinu Thomas

രാജ്യം ‘കുത്തക ‘ കൾക്കു തീറെഴുതി കൊടുക്കുന്നേ, എല്ലാവരും പട്ടിണി കിടന്നു മരിക്കാൻ പോകുന്നേ”
ഓർമ്മ വച്ച നാളു മുതൽ കേൾക്കുന്ന നിലവിളി മുദ്രാവാക്യമാണിത്. പത്തു മുപ്പത്തഞ്ചു വർഷങ്ങളായിട്ടും ആ മുദ്രാവാക്യങ്ങൾക്ക് ഇന്നുവരെ ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല. ഇവിടുത്തെ സോഷ്യലിസ്റ്റുകളും വലതുപക്ഷ സുഖജീവിതം നയിക്കുന്ന ഫ്രാേഡ് ഇടതു ബുജികളും സാധാരണ ജനങ്ങളുടെ മനസ്സിൽ വലതുപക്ഷ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പറഞ്ഞു പിടിപ്പിച്ച് അടിച്ചേൽപ്പിച്ചിരിക്കുന്ന ഒരു ഇല്ലാക്കഥയാണ് യഥാർത്ഥത്തിൽ ‘കുത്തകകൾ ‘ എന്നത്.

കുത്തകകൾ എന്ന് ഇവർ ആരെയാണ് വിളിക്കുക?

തങ്ങൾ ചെയ്യുന്ന തൊഴിലിൽ മാർക്കറ്റ് ഷെയർ അഥവാ വിപണി വിഹിതം ഏറ്റവും കൂടുതൽ നേടിയെടുക്കുന്നവരെ ഇവർ വിളിക്കുന്ന പേരാണ് കുത്തകകൾ. ഉദാഹരണത്തിന് ഇന്ത്യയിലെ കാര്യമെടുത്താൽ ബിസ്കറ്റ് കച്ചവടത്തിൽ പാർലെയും ബ്രിട്ടാനിയയും, പെയിൻ്റിൽ ഏഷ്യൻ പെയിൻ്റ്സ്, കാർ വിപണിയിൽ മാരുതി, വിമാന സർവ്വീസിൽ ഇൻഡിഗോ, സിനിമാ തിയറ്ററുകളിൽ പി വി ആർ , പെട്രോ കെമിക്കൽസിൽ റിലയൻസ്, ഓൺലൈൻ വ്യാപാരത്തിൽ ആമസോൺ, സർച്ച് എഞ്ചിനിൽ ഗൂഗിൾ, 4G ടെലികോമിൽ ജിയോ ഇൻഫോകോം, കുട്ടികൾക്കുള്ള പാൽപ്പൊടിയിൽ നെസ്ലേ, ഇറച്ചിക്കോഴിയിൽ വെങ്കിസ് ഒക്കെ വിപണി നിയന്ത്രിക്കാൻ ശേഷിയുള്ളവർ തന്നെയാണ്.

എങ്ങനെയാണീ മാർക്കറ്റ് ഷെയർ നേടിയെടുക്കുക?

കൈയിലില്ലെങ്കിൽ കടം വാങ്ങി നല്ലപോലെ പണം മുടക്കി റിസ്കെടുത്ത് തലച്ചോറുപയോഗിച്ച് ഇന്നാേവഷൻ നടത്തി മികച്ച ഉൽപന്നങ്ങളും സേവനങ്ങളും കോംപറ്റിറ്റീവായ വിലയിൽ ഉപഭോക്താൾക്കു നൽകി തുർന്ന് നല്ല കസ്റ്റമർ സർവ്വീസും നൽകിയാണ് വിപണിയിൽ മേലാളൻമാരാവുക. അല്ലാതെ ഈ കപടന്മാർ പറയുന്നതുപോലെ ഓം ഹ്രീം കുത്തകയുണ്ടാവട്ടെ എന്നു പറയുമ്പോൾ നാലു കുത്തകകൾ പിറന്നു വീഴുകയല്ല സംഭവിക്കുന്നത്. അതായത് സംതൃപ്തരായ ഉപഭോക്താക്കളാണ് ഇവരെ മാർക്കറ്റ് ലീഡേഴ്‌സായി നിലനിർത്തുന്നത്. അല്ലാതെ അവരുടെ കയ്യിലുള്ള പണമല്ല. ഉപഭോക്താക്കൾ കൈ വിട്ടാൽ ഏതു വമ്പനും തകർന്നു താഴെ വീഴും. നോക്കിയയുടെയും ജെനറൽ മോട്ടോഴ്സിൻ്റെയും എയർ ഇന്ത്യയുടെയുമൊക്കെ അവസ്ഥ നമുക്കറിയാവുന്നതാണ്.

കാപ്പിറ്റലിസത്തിൻ്റെ കാതൽ എന്നത് ഇവർ പറയുന്നതുപോലെ ‘കാപ്പിറ്റൽ’ (മൂലധനം) അല്ല. അത് ഇന്നോവേഷനും മത്സരവുമാണ്. ഇന്ന് ലോകത്തുള്ള ആദ്യ നൂറു സമ്പന്നരിൽ പത്തു പേരു പോലും പരമ്പരാഗത സമ്പത്തുള്ളവരായിരുന്നില്ല. അവരുടെ ധൈര്യത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും ബിസിനസ് ആശയത്തിൻ്റെയും സാധ്യതകൾ മുന്നിൽക്കണ്ട് കാപ്പിറ്റലിസം അവരിൽ നിക്ഷേപം നടത്തുകയായിരുന്നു. അങ്ങനെയാണ് ജെഫ് ബേസോസ് മുതൽ യൂസഫലി വരെ നമ്മുടെ മുന്നിലുള്ള സംരംഭകർ ‘ബൂർഷ്വ’ കളായി മാറിയത്. സംരംഭകർ ആണ് ലോകത്തിനെ നാളേയ്ക്കു നയിക്കുന്നത്. കപട സോഷ്യലിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞരല്ല. കാപ്പിറ്റലിസത്തിലെ ഒരേയൊരു രാജാവ് ഉപഭോക്താവാണ്. കസ്റ്റമർ ഈസ് ദ കിങ് .
ഇനി, ശരിക്കും എന്താണീ കുത്തക ?

The exclusive possession or control of the supply of or trade in a commodity or service ആണ് കുത്തക എന്നു നിർവചിക്കുന്നു.
അതായത് ഏതെങ്കിലും ഉൽപന്നത്തിൻ്റെയോ സേവനത്തിൻ്റെയോ വിതരണത്തിലും വിപണനത്തിലും ഒരു കൂട്ടർക്കു മാത്രമായുള്ള അവകാശത്തെ നമുക്ക് കുത്തക എന്നു വിളിക്കാം.

കുത്തകകൾ വന്നാൽ എന്താണ് ദോഷം ?
വിപണി പൂർണ്ണമായും കുത്തകകൾക്കു കീഴിലാവുന്നതിനാൽ കോംപറ്റീഷൻ ( മത്സരം) ഇല്ലാതാവുകയും കുത്തക വിപണി കൈപ്പിടിയിലൊതുക്കുകയും ചെയ്യും. കുത്തകകളുടെ കാര്യക്ഷമതയില്ലായ്മ കൊണ്ടോ, ചൂഷണമനോഭാവം കൊണ്ടോ, മർക്കട മുഷ്ടി കൊണ്ടോ അവരിൽ നിന്നും മികച്ച ഉൽപന്നിമാേ, സേവനമാേ ഉപഭോക്താക്കൾക്കു നിഷേധിക്കപ്പെടുകയും ചെയ്യും. അതായത് അവർ നൽകുന്ന ഗുണനിലവാരം കുറഞ്ഞ എന്നാൽ വില കൂടിയ സേവനം സ്വീകരിക്കാൻ നമ്മൾ നിർബന്ധിതരായി മാറും.
നമുക്കു ചുറ്റുമുള്ള യഥാർത്ഥ കുത്തകകൾ ആരാണ്? ചില ഉദാഹരണങ്ങൾ ഞാൻ ചൂണ്ടിക്കാട്ടാം.

*ചുമട്ടു തൊഴിലാളി / ഇതര ട്രേഡ് യൂണിയനുകൾ *

അവർ ഒരു റേറ്റ് പറയും. അതേ നടക്കൂ. മറ്റാർക്കും അനുവാദമില്ല. അന്യായ ചൂഷണവും പിടിച്ചു പറിയുമാണ് അനന്തിര ഫലം. എന്തിന്, യൂണിയനില്ലാത്ത ഒരാളെ നേരെ ചൊവ്വേ ജോലി ചെയ്യാൻ പോലും ഈ കുത്തകകൾ അനുവദിക്കില്ല.
* കെ എ സാ ർ ടി സി* കെ എ സാർ ടി സി ഓടുന്ന ഹൈവേയിൽ (ദേശസാൽകൃത റൂട്ടുകൾ) സ്വകാര്യ വാഹന സംരഭകർക്കു വാഹനമോടിക്കാനാവില്ല. റൂട്ടുകൾ കുത്തകവൽക്കരിച്ചിരിക്കുകയാണ്. ഈ സ്ഥാപനത്തിൻ്റെ കെടുകാര്യസ്ഥതയും കുത്തകവൽക്കരണം കൊണ്ടു മാത്രമാണ് കേരളത്തിൽ ഏറ്റവുമധികം ബസ് ചാർജ് നൽകേണ്ടി വരുന്നത്.
* ബിവറേജസ് * ലോട്ടറി * മറ്റൊരാൾക്കും റീടെയിലായി മദ്യക്കട നടത്താനാവില്ല. ഏറ്റവും വൃത്തിഹീനവും വളരെ മോശം കസ്റ്റമർ എക്സ്പീരിയൻസും നൽകി അന്യായ വിലയ്ക്ക് മദ്യം വിൽക്കുന്ന കുത്തക. സമാനമാണ് ലോട്ടറിയുടെയുമവസ്ഥ.
കുത്തകകൾ നാടിന്നാപത്തു തന്നെയാണ്. പക്ഷെ അവർ നിങ്ങൾ കരുതുന്നവർ അല്ലായെന്നേയുള്ളു..