“കാട്ടിൽ മൃഗങ്ങളെ വേട്ടയാടുന്നതിനെക്കാൾ എനിക്കിഷ്ടം മനുഷ്യനെ കൊല്ലാനാണ്”

65

“കാട്ടിൽ മൃഗങ്ങളെ വേട്ടയാടുന്നതിനെക്കാൾ എനിക്കിഷ്ടം മനുഷ്യനെ കൊല്ലാനാണ് , കാരണം അതിലാണ് കൂടുതൽ ആനന്ദം , മനുഷ്യനാണ് ഭൂമിയിലെ ഏറ്റവും അപകടകാരിയായ മൃഗം..”
-#Zodiac_Killer

Jis Babu Kattunkal writes

കൊലപാതക പരമ്പരകൾ ഒരു തുടർക്കഥയെന്നോണം സംഭവിക്കുന്ന അമേരിക്കയിൽ നിന്ന് തന്നെയാണ്,നമ്മുടെ ഇന്നത്തെ വിഷയമായ ‘സോഡിയാക്‌ കില്ലറുടെ’ വരവും.ആൾ നിസാരക്കാരനല്ല, ഒരു രാജ്യത്തെ പോലീസ്‌ സേനയെ വെല്ലുവിളിച്ച്‌, പ്രകോപിപ്പിച്ച്‌, പരിഹസിച്ച്‌ തന്നെ പറ്റി ഒരു തുമ്പ്‌ പോലും നൽകാതെ ജനങ്ങളിൽ ഒരു ഭീതി പടർത്തി ഇന്നും അയാൾ കാണാമറയത്ത്‌ വിലസുകയാണ്..!

അതേ,1969-70 കാലഘട്ടങ്ങളിൽ അമേരിക്കയിലെ വടക്കൻ കാലിഫോർണ്ണിയയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ വച്ച്‌ ഏഴോളം പേർ വിവിധ സന്ദർഭങ്ങളിൽ ആക്രമിക്കപ്പെടുന്നു. ഇതിൽ മൂന്ന് കപ്പിൾസും ഒരു ടാക്സി ഡ്രൈവറുമാണ് ഉൾപ്പെട്ടിരുന്നത്‌.
“കൊലപാതക പരമ്പരയിലെ അഞ്ച്‌ ഇരകൾ”

1968 ഡിസംബർ 20ന് തന്റെ കാമുകിയോടൊപ്പം പാർക്കിൽ വിശ്രമിക്കുകയായിരുന്ന 17 വയസ്സുകാരനായ ഡേവിഡ്‌ ഫാരടേയും 16കാരിയായ ബെറ്റീ ലൂ ജെൻസണും വെടിയേറ്റ്‌ കൊല്ലപ്പടുന്നു. ഇതിനു പിന്നാലെ പോലീസ്‌ സാധാരണ നിലയ്ക്ക്‌ അന്വേഷണം ആരംഭിച്ചു. തുടക്കത്തിൽ ഇതൊരു സീരിയൽ കൊലപാതകങ്ങളുടെ ആരംഭമാണെന്ന് പോലീസിനറിയില്ലായിരുന്നു. അവരുടെ അന്വേഷണം ബെറ്റിയുടെ പഴയ കാമുകനിലേയ്ക്കും,തുടർന്ന് സ്ഥലത്തെ മയക്ക്‌ മരുന്ന് സംഘങ്ങളിലേക്കും കേന്ദ്രീകരിക്കപ്പെട്ടു. ആ സംഭവം നടന്ന് ഏഴുമാസങ്ങൾക്ക്‌ ശേഷം,1969 ജൂൺ 5ന് കാലിഫോർണ്ണിയയിൽ തന്നെ വലേജോ എന്ന സ്ഥലത്ത്‌ വച്ച്‌..അടുത്ത കപ്പിൾസും ആക്രമിക്കപ്പെടുന്നു.

തന്റെ കാമുകിയായ 19 വയസുള്ള മൈക്‌ മാഗ്യൂവിനോടൊപ്പം ഒരു പാർക്കിംഗ്‌ ഏരിയയിൽ കാറിനുള്ളിൽ ഇരിക്കുകയായിരുന്നു 22 കാരനയാ ഡാരിൻ ഫെറിൻ.പൊടുന്നനേ ഒരു അജ്ഞാതൻ അവിടേക്കെത്തുകയും കാറിനുള്ളിലേയ്ക്ക്‌ ഒന്നിലേറേ തവണ വെടിയുതിർക്കുകയും ചെയ്യുന്നു. ആക്രമണത്തിൽ ഡാരിൻ കൊല്ലപ്പെടുകയും മൈക്‌ മാഗ്യൂ താടിയെല്ല്,തോൾ,കാലുകൾ എന്നിവയിൽ ഗുരുതരമായ പരുക്കകളോടെ രക്ഷപ്പെടുകയും ചെയ്തു.

ആക്രമണ ശേഷം കൃത്യം ഒരു മണിക്കൂറിനുള്ളിൽ വലേജോ പോലീസ്‌ സ്റ്റേഷനിലേക്ക്‌ ഒരു ഫോൺ കോൾ വരുകയാണ്.
കോളിനിടയിൽ അയാൾ ഇങ്ങനെ പറഞ്ഞു..
“ഈ കുറ്റകൃത്യം നടത്തിയത്‌ ഞാനാണ്. കഴിഞ്ഞ വർഷം ആ കുട്ടികളെയും ഞാൻ കൊലപ്പെടുത്തിയിരുന്നു”
ശേഷം കോൾ വിശ്ചേദിക്കപ്പെടുന്നു. വീണ്ടും ഒരു മൂന്ന് മാസത്തെ ഇടവേള. ശേഷം ഒരു അക്രമ സംഭവം കൂടെ സ്ഥലത്ത്‌ റിപ്പോട്ട്‌ ചെയ്യപ്പെടുന്നു. കൃത്യമായി പറഞ്ഞാൽ 1969 സെപ്തംബർ 27ന് സുഹൃത്ത്ക്കളായ സിസിലിയ ഷെപ്പാർഡും, ബ്രയാൻ ഹാർട്ട്നെലും ഒരു തടാകത്തിനടുത്ത്‌ വിശ്രമിക്കുകയായിരുന്നു.

ഒരു പ്രത്യേകതരം ചിഹ്നം ഉൾപ്പെടുന്ന വസ്ത്രം ധരിച്ചൊരാൾ അവിടേയ്ക്ക്‌ എത്തുകയും ഇവരെ രണ്ട്‌ പേരേയും കയ്യിൽ കരുതിയ കഠാര ഉപയോഗിച്ച്‌ കുത്തി പരിക്കേൽപ്പിച്ച്‌ കടന്ന് കളയുകയും ചെയ്തു. പോലീസ്‌ സംഭവ സ്ഥലത്ത്‌ എത്തുമ്പോഴേക്കും ഇരുവർക്കും ജീവനുണ്ടായിരുന്നു.പക്ഷേ ദൗർഭാഗ്യകരമെന്ന് പറയട്ടേ ഷെപ്പേഡിനു മരണത്തിനു കീഴടങ്ങേണ്ടി വന്നു.

വീണ്ടും ഒരു ചെറിയ ഇടവേള,
ഏതാണ്ട്‌ ഒരു മാസത്തിനു ശേഷം 1969 ഒക്ടോബർ 11ന് സാൻഫ്രാൻസിസ്കോയിൽ വച്ച്‌ ഒരു ടാക്സീ ഡ്രൈവർ തലയ്ക്ക്‌ വെടിയേറ്റ്‌ കൊല്ലപ്പെടുന്നു. പക്ഷേ അത്‌ വരെ ഈ കൊലപാതക പരമ്പരകളിൽ ഇരുട്ടിൽ തപ്പുകയായിരുന്ന പോലീസ്‌ ഉദ്വേഗസ്ഥർക്ക്‌ കൊലപാതകിയെ സംബന്ധിച്ച ഏതാനും തെളിവുകൾ ഈ കേസിൽ ലഭിക്കുകയുണ്ടായി. കൊല്ലപ്പെട്ട ടാക്സീ ഡ്രൈവർ പോൾ സ്റ്റീൻ എന്നയാളുടെ കൊലപാതകം നേരിൽ കണ്ട ദൃക്‌സ്സാക്ഷികളിൽ നിന്നും ‘സോഡിയക്‌ കില്ലറുടെ ‘ രൂപരേഘ പോലീസ്‌ തയ്യാറക്കാൻ ആരംഭിച്ചു.

ഏതാണ്ട്‌ 25നും മുപ്പത്‌ വയസ്സിനുമിടയിൽ പ്രായം വരുന്ന,വെളുത്ത്‌ ഉയരമുള്ള ഒരു കണ്ണട ധരിച്ചയാളാണു കൊലപാതകിയെന്ന് പോലീസിനു വിവരം ലഭിച്ചു.നഗരത്തിൽ അങ്ങോളമിങ്ങോളം ഈ സോഡിയാക്‌ കില്ലറുടെ തലയ്ക്ക്‌ വില പറഞ്ഞ്‌ പോലീസ്‌ രേഘാ ചിത്രമുൾപ്പെടുന്ന നോട്ടീസുകൾ പതിച്ച്‌ തുടങ്ങി. പക്ഷേ പോലീസിനെ ഞെട്ടിക്കുന്നതായിരുന്നു കൊലപാതകിയുടെ പക്കൽ നിന്നുള്ള പിന്നീടുള്ള പ്രതികരണങ്ങൾ..

പല തവണ അജ്ഞാതമാനായ ടെലഫോൺ സംഭാഷണങ്ങളിലൂടെ പോലീസ്‌ ഉദേഗസ്ഥരെ വിളിച്ച്‌ അയാൾ ചെയ്ത കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കുകയുണ്ടായി. അത്‌ കൂടാതെ പ്രഥാന പത്ര-മാഗസീനുകളിലെല്ലാം തന്നെ കത്തുകളിലൂടെ അയാൾ ബന്ധപ്പെടാറുണ്ടായിരുന്നത്രേ. ഇതരത്തിലൊരു കുപ്രസിദ്ധി അക്ഷരാർഥത്തിൽ അയാൾ ആസ്വദിക്കുകയായിരിന്നു..!

അത്തരത്തിൽ 1969 Octobet 12ന് ഒരു പത്രാധിപർക്ക്‌ ലഭിച്ച കത്തിൽ നിന്നുമാണ് ‘സോഡിയാക്‌ കില്ലർ’ എന്ന പേര് ഉരുത്തിരിഞ്ഞത്‌.
കൊല്ലപ്പെട്ട ടാക്സി ഡ്രൈവർ പോളിന്റെ രക്തക്കറയോട്‌ കൂടിയ ഷർട്ട്‌ പീസിനോടൊപ്പം അടങ്ങിയിരുന്ന കത്തിൽ ഇപ്രകാരം എഴുതിയിരുന്നു..
“This is the Zodiac speaking”
അത്‌ മാത്രവുമല്ല,എഴുത്തിനോടൊപ്പം ഒരു റൈഫിളിനോട്‌ സാമ്യമുള്ള ചിഹ്നവും അയാൾ ഉപയോഗിച്ചിരുന്നു.അന്ന് തടാകത്തിനടുത്ത്‌ നടത്തിയ ആക്രമണത്തിൽ ഉപയോഗിച്ചിരുന്ന വസ്ത്രത്തിലുള്ള അതേ ചിഹ്നം.1969 ഒക്ടോബർ 17ന് മറ്റൊരു സന്ദേശം പോലീസിനു ലഭിക്കുകയുണ്ടായി..

“കുട്ടികൾ നല്ലൊരു വിനോദോപാദിയാണ്. ഒരു സ്കൂൾ ബസ്സിന്റെ ടയറിൽ വെടിയുതിർത്ത്‌ നിർത്തിയ ശേഷം അതിലുള്ള കുട്ടികളെ കൊലപ്പെടുത്താൻ ഞാനഗ്രഹിക്കുന്നു”

ഇത്‌ പത്രങ്ങളിലെല്ലാം ഫ്രണ്ട്‌ പേജിൽ വാർത്തയായി അച്ചടിച്ച്‌ വന്നു.സ്കൂളുകളിലും പരിസരങ്ങളിലും ഇതോടെ പോലീസ്‌ കാവൽ വർദ്ദിപ്പിച്ചു .ഇതിനു പിന്നാലെ മാതാപിതാക്കൽ കുട്ടികളെ സ്കൂളിൽ അയക്കാതെ വീട്ടിൽ നിർത്താനും തീരുമാനിച്ചു. തുർന്നുള്ള ദിനങ്ങളിലെ പത്രങ്ങളിലെല്ലാം അയാൾ നിറഞ്ഞു നിന്നു.പിന്നീടെപ്പോഴോ സോഡിയാക്‌ കില്ലറും അയാളുടെ സന്ദേശങ്ങളും അപ്രത്യക്ഷമായിത്തുടങ്ങി. ഇടയ്ക്കെപ്പെഴോ പല വ്യാജ സന്ദേശങ്ങളും പോലീസിനു ലഭിക്കുകയുണ്ടായി.

ഇതിനെ സംബന്ധിച്ച അന്വേഷണങ്ങൾ പോലീസ്‌ സേനയും പല ഡിറ്റക്ടീവ്‌ ഏജൻസികളും തുടർന്ന് കൊണ്ടേയിരുന്നു.ഈ കാലയളവിൽ ഏതാണ്ട്‌ 2500ഓളം പേരെ സംശയത്തിന്റെ പേരിൽ പോലീസ്‌ കസ്റ്റഡിയിലെടുക്കുകയുണ്ടായി. ഒരു ഘട്ടത്തിൽ പ്രതിയെന്ന് സംശയിക്കുന്നൊരാളെ പീടികൂടിയെങ്കിലും ടാക്സീ കാറിലുള്ള വിരലടയാളം അയാളുമായി ചേർന്ന് പോവാത്തതിനാൽ വിട്ടയച്ചു.

ഈ കേസിൽ അവസാന അപ്ഡേഷൻ നടന്നത്‌ 49 വർഷങ്ങൾക്ക്‌ ശേഷവും 2018 ലാണ്..!വലേജോ പോലീസ്‌ സ്റ്റേഷനുമായി സഹകരിച്ച്‌ ഒരു ഡി.എൻ.ഏ പരിശോധനാ ക്യാമ്പയിൻ സംഘടിപ്പികുകയുണ്ടായി..പക്ഷേ അതിൽ കുടുങ്ങിയത്‌ മറ്റൊരു കുറ്റവാളിയായിരുന്നു.ഇന്നും തന്നെപ്പറ്റിയുള്ള ഊഹാപോഹങ്ങളും വാർത്തകളും കണ്ട്‌ കൊണ്ട്‌ യഥാർത്ഥ പ്രതി ജീവനോടെയുണ്ടാവുമോ..അറിയില്ല !

Advertisements