വറുത്തു കൊറിച്ചുവോ, പച്ചമാങ്ങ ചേർത്തു ഭുജിക്കുമോ എന്നൊക്കെ ചോദിക്കുന്നിടത്തു ആരുടെയും കരളലിയും

0
101

Jisa Jose

പൊതുവേ ജി.സുധാകരൻ്റെ കവിതയോട് മതിപ്പൊന്നും തോന്നിയിട്ടില്ല. പക്ഷേ ഈ കവിത ഹൃദയസ്പർശിയായ പ്രണയകവിതയായി അനുഭവപ്പെട്ടു. നിരാശാഭരിതനും തിരസ്കൃതനുമായ കാമുകൻ്റെ ഉള്ളലിഞ്ഞ വിലാപമാണിത്. നീ വറുത്തു കൊറിച്ചുവോ ,പച്ചമാങ്ങ ചേർത്തു ഭുജിക്കുമോ എന്നൊക്കെ ചോദിക്കുന്നിടത്തു ആരുടെയും കരളലിയും. പച്ചക്കൊഞ്ചിൻ്റെ തുടുതുടുപ്പും മാംസളതയും ഒന്നുമല്ല കാമുകൻ്റെ ഹൃദയത്തിനുള്ളത്. കൊടിയ ദുരന്തങ്ങളുടെ, നിഷ്ഠുരമായ നിരാസങ്ങളുടെ വെയിലത്തുണക്കിയെടുത്ത ഉണക്കക്കൊഞ്ചാണത്. എല്ലാ രക്തച്ഛവിയും വാർന്നു പോയത്. ചന്തമില്ലാത്തത്! ഏതു കവിക്കാണ് ഉപേക്ഷിക്കപ്പെട്ടവൻ്റെ ഹൃദയത്തെ ഇവ്വിധം ശക്തമായി ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടുള്ളത്?

ആലപ്പുഴയിലെ കടലോരങ്ങളിലൂടെയുള്ള നിത്യ സഞ്ചാരത്തിനിടയിലാവാം കവിക്കീ അപൂർവ്വമായ ഉപമ വീണു കിട്ടിയത്. കാമുകി പച്ച മാങ്ങ ചേർത്ത് ഉണക്കക്കൊഞ്ചുപോലുള്ള തൻ്റെ ഹൃദയത്തെ തിന്നുമോ എന്ന ചോദ്യത്തിൽത്തന്നെ എല്ലാമുണ്ട്! അയാളനുഭവിക്കുന്ന അവഗണനയും യാതനയും എല്ലാം! പച്ച / ഉണക്ക ആ രണ്ടു വിരുദ്ധ ദ്വന്ദ്വങ്ങളെ കവി സമന്വയിപ്പിച്ചിരിക്കുന്നതിൻ്റെ ഐറണി കാവ്യ വിമർശകർ ഗവേഷണവിഷയമാക്കേണ്ടതാണ്. കുടമ്പുളിയിട്ടു കറിവെച്ചു തിന്നുമോ എന്നു ചോദിക്കാമായിരുന്നിടത്താണ് അത്യന്തം ചാരുതയോടെ പച്ചമാങ്ങയെ അദ്ദേഹം ആനയിച്ചിരിക്കുന്നത്.

(സൂക്ഷ്മവായനയിൽ കാമുകിയുടെ പ്രതിരൂപമായും ഈ പച്ചമാങ്ങയെ കാണാം. മുഴുത്തും തുടുത്തും പുളിച്ചും അവൾ. പ്രണയം നഷ്ടപ്പെട്ട് ഉണക്കക്കൊഞ്ചു പോലെ വരണ്ടുണങ്ങി അവൻ! അന്ത പച്ചമാങ്ങയ്ക്കിന്ത പട്ട് എന്നു വായനക്കാർക്കു കൈയ്യടിക്കാൻ തോന്നിപ്പോവുന്ന സന്ദർഭം. )

കവിതയുടെ രണ്ടാം ഭാഗത്ത് കവി യാഥാർത്ഥ്യത്തിലേക്കു തിരിച്ചെത്തുന്നു. തൻ്റെ ഹൃദയം ഉണക്കക്കൊഞ്ചായി മാറിയെന്നു വിലപിക്കുന്ന അദ്ദേഹം യഥാർത്ഥത്തിലുള്ള ഉണക്കക്കൊഞ്ചിനെ നിരീക്ഷിക്കാൻ തുടങ്ങുന്നു. അതിൻ്റെ കഥയും ദയനീയം തന്നെ. പ്രണയത്തിൻ്റെ ഭക്ഷണമായിത്തീർന്ന തന്നെപ്പോലെ ഉണക്കക്കൊഞ്ച്‌ മാനവരാശിയുടെ ഭക്ഷണമായിത്തീർന്നിരിക്കുന്നു. ചുട്ടു തല്ലുക പോലുള്ള പ്രയോഗങ്ങളുടെ ഭംഗി അസാധാരണം തന്നെ! ആകൃതിയിലെ സാമ്യം കൊണ്ടാവാം ,അണ്ടിക്കമ്പനിയുടെ സമീപത്തുവെച്ച് കവിക്ക് നേരിയ സ്ഥലജലവിഭ്രാന്തി സംഭവിച്ചതുകൊണ്ടുമാവാം കശുവണ്ടി ചുട്ടു തല്ലുന്നതിനോട് കൊഞ്ചിനെ ചുടുന്നതിനെ ഉപമിച്ചത്. പ്രണയത്തിൻ്റെ ഉന്മാദങ്ങളെ ,വിഭ്രാന്തികളെ ഏതു വിധം നിർവ്വചിക്കാനാവും!! ചുടലും തല്ലലും – പീഡിതമായ കാമുകസ്വത്വത്തിൻ്റെ ദൈന്യത്തെ ഇതിൽക്കൂടുതലെങ്ങനെ തീവ്രമായാവിഷ്ക്കരിക്കാനാവും??

അവസാനത്തെ ചോദ്യം! ഭൂമിയിലെ എല്ലാ തിരസ്കൃതരായ കാമുകന്മാർക്കും വേണ്ടി കവിയുയർത്തുന്ന കുന്തമുനയാണ്. ഹൃദയമുള്ളവരെല്ലാവരും ആ ചോദ്യത്തിൽ പിടഞ്ഞു പോവും. പ്രണയത്തെ വിനോദമായിക്കാണുന്ന, നിഷ്ഠുരമായി കാമുകന്മാരെ ഉപേക്ഷിക്കുന്ന എല്ലാ കാമിനിമാരെയും വിചാരണ ചെയ്യുന്നുണ്ട് ആ വരികൾ. ഇനിയെങ്കിലും അവരുടെ കണ്ണു തുറക്കട്ടെ! ഇത്തിരി അലിവുണ്ടാകട്ടെ ആ മനസ്സുകളിൽ .തലയിൽ ഹൃദയം ഉള്ള ജീവിയാണ് കൊഞ്ച്! ഈ കവിതയിലെ കൊഞ്ചിനാവട്ടെ തലയിലും ഉടലിലും ഹൃദയം മാത്രമേയുള്ളൂ. കവി അക്കാര്യം ദാർശനികമായും ധ്വന്യാത്മകമായും പറഞ്ഞിരിക്കുന്നു. പ്രണയത്തെ പ്രണയനഷ്ടത്തെ ഇതിലും തീക്ഷ്ണമായെങ്ങനെ പകർത്താൻ ? ഉണക്കക്കൊഞ്ച് ഇനിമേൽ വെറും ഉണക്കക്കൊഞ്ച് മാത്രമല്ല.