കെട്ടിയ പെണ്ണുങ്ങളെ കൊണ്ടു നടക്കുന്ന പോലെ കന്യാസ്ത്രീകളെ കൊണ്ടുനടക്കുന്ന പുരോഹിതരെ കണ്ടിട്ടുണ്ട്

18779
Jisha Elizabeth

എന്നെ പത്രപ്രവർത്തനം പഠിപ്പിക്കാൻ വരുന്ന പുരോഹിതരും മതവാദികളും ആയ കുഞ്ഞാടുകളോട് പറയാൻ ഉളളത് 😊

ഞാൻ കുറേയേറെ കന്യാസ്ത്രീകളെ കണ്ടിട്ടുണ്ട്.
കെട്ടിയ പെണ്ണുങ്ങളെ കൊണ്ടു നടക്കുന്ന പോലെ കന്യാസ്ത്രീകളെ കൊണ്ടുനടക്കുന്ന പുരോഹിതരെ കണ്ടിട്ടുണ്ട്. അവരിൽ ബിഷപ്പും കൊച്ചച്ചനും ഒക്കെ ഉൾപ്പെട്ടിട്ടുണ്ട്.

മഠത്തിൽ വന്നു പെട്ടു പോയതാണ് എന്നു സങ്കടം പറഞ്ഞ കന്യാസ്ത്രീകളെയും കണ്ടിട്ടുണ്ട്.

സ്‌കൂളിന്റെ മൂന്നാം നിലയിൽ രാത്രി മുഴുക്കെ ബിഷപ്പിനൊപ്പം കഴിയുന്ന കന്യാസ്ത്രീ അവിടുള്ള മദർ ആയിരുന്നു. എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്ന ഇറ്റാലിയൻ പുരോഹിതൻ ചെയ്തു കൂട്ടിയിരുന്നതും പറയുന്നതും ആയ ലൈംഗിക അതിക്രമങ്ങൾ പറഞ്ഞു സങ്കടപ്പെടുന്ന കന്യാസ്ത്രീകളെ കണ്ടിട്ടുണ്ട്.

ജോലിക്കു കൊണ്ടു വന്ന ഒറിയ പെണ്കുട്ടികളെ (അവരുടെ ആർത്തവ സമയത്തെ വേദന സമയത്തു വയറിൽ ബെൽറ്റ് കെട്ടിയിരുന്ന സമയത്തു) ഉയരം കൂടിയ മതിലിനും കെട്ടിട ചുമരിനും ഇടയിലുള്ള ഇടുങ്ങിയ വഴിയിൽ കെട്ടിപ്പിടിച്ചു പുണരുന്ന പുരോഹിനെ കണ്ടിട്ടുണ്ട്. (ആ പുണരലിനു സാക്ഷ്യം വഹിച്ച ഞാൻ ഓടിയിട്ടുണ്ട്. )തിരികെ നാട്ടിൽ പോകണം എന്ന് രണ്ടു വർഷമായി കേണപേക്ഷിച്ചിട്ടും വിടാതെ അവരെ പിടിച്ചു വച്ചിരിക്കുകയായിരുന്നു.

കന്യാസ്ത്രീ മഠത്തിൽ പലവിധ കാരണങ്ങൾ കൊണ്ട് വന്നുപെട്ട കൊച്ചു കന്യാസ്ത്രീകൾ പലരുടെയും കിടപ്പറ പങ്കാളി ആകേണ്ടി വന്നിട്ടുണ്ട്. അവർ സങ്കടം പറഞ്ഞു കരയുന്നതു കേട്ടു നിന്നിട്ടുണ്ട്.

“ഞാനും മഠത്തിൽ ചേരുകയാണ്” എന്ന എന്റെ തമാശയ്ക്കു, നിന്നെ ചൂലെടുത്തു അടിച്ചോടിക്കും എന്നു പറഞ്ഞ കന്യാസ്ത്രീയെ അറിയാം. നീ ഇവിടെ വന്നാൽ സിസ്റ്ററല്ല, മദർ ആണ് ആകുക എന്നു അവർ ആകുലതയോടെ പറഞ്ഞിട്ടുണ്ട്.

“നമ്മൾ അച്ചന്മാരെ വിശുദ്ധരായാണ് കാണുന്നത്‌, അങ്ങനെയാണ് നമ്മൾ അവരോടു ഇടപെടുക, എന്നാൽ സംസാരിച്ച് സംസാരിച്ച് ഗർഭിണി ആയാൽ, നിങ്ങളുടെ ഉത്തരവാദിത്തം ആണ്” എന്ന് ഒരു അച്ചനെ കുറിച്ചു മുന്നറിയിപ്പ് തന്ന കന്യാസ്ത്രീയും ഉണ്ട്.

എങ്കിൽ, ഈ ഉടുപ്പ് ഉപേക്ഷിച്ചു പുറത്തു പോയികൂടെ എന്ന എന്റ ചോദ്യത്തിന് ” മഠത്തിന്റെ മതിൽ പൊളിച്ചു ചാടി എന്നു നാട്ടുകാരും സ്വന്തം വീട്ടുകാരും വരെ ആക്ഷേപിക്കും. മാത്രമല്ല, പോയാൽ സ്വത്തോ പണമോ ഒന്നുമില്ലാത്ത അവരെ വീട്ടുകാർക്ക് വരെ വേണ്ടാതെ വരും. അതുവരെ കന്യാസ്ത്രീ ഉള്ള കുടുംബം സമൂഹത്തിനു അനുഗ്രഹിക്കപ്പെട്ട കുടുംബം ആയിരിക്കും. ഇറങ്ങി പോയാൽ കേൾക്കാൻ സാധിക്കാത്ത തരം ആക്ഷേപങ്ങൾ കേൾക്കേണ്ടി വരും ” എന്നാണ്.

അവരുടെ ഗതികേടുകളെ മുതലെടുക്കുന്ന ചെന്നായകളുണ്ട്, കുഞ്ഞാടുകളേ.

നിങ്ങൾ കണ്ട കന്യാസ്ത്രീ മഠം വിശുദ്ധ സ്ഥലം ആയിരിക്കും. ഞാൻ കണ്ട സ്ഥലം അങ്ങനെ ആയിരുന്നില്ല. ഒരാളെങ്കിൽ, ഒരാൾ രക്ഷപ്പെടാനും അവരുടെ ശബ്ദം പുറത്തു കൊണ്ടു വരാനും ഞാൻ ഇടയാകുമെങ്കിൽ, എന്റെ പത്രപ്രവർത്തനജീവിതം ധന്യമായി.

അപ്പൊ, സഭയുടെ ന്യായീകരണ തൊഴിലാളികളേ, നിങ്ങളുടെ പണി തുടരൂ.. ഒരു സമാധാനം കിട്ടട്ടെ!

(ഇക്കഥ കേരളത്തിൽ അല്ല. പക്ഷെ, അതിജീവനത്തിനു പരിശ്രമിച്ചു കൊണ്ടിരുന്ന കന്യാസ്ത്രീകൾ മലയാളികൾ ആയിരുന്നു)
നന്ദി