ഇന്നും റിലീസ് ആവാതെ ജയന്റെ ഒരു പടമുണ്ട്
മലയാള സിനിമയുടെ പകരക്കാരനില്ലാത്ത നായകൻ, വെറും നായകനെന്ന് പറഞ്ഞാൽ പോരാ മലയാള സിനിമയിൽ അതുവരെ കാണാത്ത മാറ്റങ്ങൾക്ക് കോളിളക്കം സൃഷ്ടിച്ച ഇതിഹാസ നായകൻ. 1972 ൽ പോസ്റ്റ്മാനെ
169 total views, 1 views today

ജയൻ
The Man Behind The Legend
മലയാള സിനിമയുടെ പകരക്കാരനില്ലാത്ത നായകൻ, വെറും നായകനെന്ന് പറഞ്ഞാൽ പോരാ മലയാള സിനിമയിൽ അതുവരെ കാണാത്ത മാറ്റങ്ങൾക്ക് കോളിളക്കം സൃഷ്ടിച്ച ഇതിഹാസ നായകൻ. 1972 ൽ പോസ്റ്റ്മാനെ കാണ്മാനില്ല എന്ന ചിത്രത്തിൽ ഒരു നക്സലേറ്റ് ആയി ചെറിയ വേഷത്തിൽ എത്തി. പിന്നീട് 1974 ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെ അല്പം ശ്രദ്ധേയമായ വേഷത്തിൽ എത്തി. അവിടുന്ന് തുടങ്ങി 4 വർഷം അതായത് 1978 വരെ ചെറിയ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും സഹനായക വേഷങ്ങളിലും തിളങ്ങി വന്നു. 1979 ൽ ശരപഞ്ജരം എന്ന സിനിമ അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. അതിൽ നായകനെന്നോ വില്ലനെന്നോ പറയാൻ പറ്റാത്ത വിധം അതി ശക്തനായ അതിലുപരി അതി ക്രൂരനായ ചന്ദ്രശേഖരൻ എന്ന കഥാപാത്രമായി മലയാള മനസുകളിൽ നിറഞ്ഞ സ്ഥാനം പിടിക്കാൻ തുടങ്ങി. 1979 ന്റെ മധ്യത്തിൽ മോചനം, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. സിനിമകളുടെ പേര് പോലെ തന്നെ അന്ന് വരെയുള്ള നായക സങ്കൽപ്പങ്ങളിൽ നിന്നും മലയാള സിനിമയ്ക്കൊരു മോചനവും പുതിയ വെളിച്ചവുമായിരുന്നു ജയൻ. അതുവരെ മുന്നിൽ നിന്നിരുന്ന സോമന്റെ സ്ഥാനം ജയന് പിന്നിലായി. മധുവിനും നസീറിനുമൊപ്പം മുൻ നിരയിലേക്ക് ജയൻ കയറി വന്നു. 1979-80 ഒരുപാട് നായക വേഷങ്ങളിലൂടെ അദ്ദേഹം മലയാള കരയിൽ ആളുകളുടെ ആരാധന പുരുഷനായി. ആകർഷകമായ കണ്ണുകളും അസാധ്യമായ മെയ് വഴക്കവും അദ്ദേഹത്തിന് ജനഹൃദയം കീഴടക്കാൻ നിശ്ശേഷം സാധിച്ചു. അതിനിടയിൽ പൂട്ടാത്ത പൂട്ടുകൾ എന്ന തമിഴ് സിനിമയിലും അദ്ദേഹം അഭിനയിച്ചു.
സാഹസികമായ ഒരുപാട് പ്രകടങ്ങൾ കാഴ്ച വച്ച ജയൻ കോളിളക്കത്തിന്റെ അവസാന സെറ്റിലേക്ക് വരുന്നതിനു മുൻപ് അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയിൽ ജയഭാരതിയെ രക്ഷിക്കാൻ വേണ്ടി ആനയുടെ കൊമ്പിൽ തൂങ്ങി അഭിനയിക്കുന്ന ഒരു രംഗം ചിത്രീകരിക്കുകയുണ്ടായി.ആദ്യം ആന ജയനെ കുടഞ്ഞെറിഞ്ഞു. ഭാഗ്യത്തിന് ജയന് ഒന്നും പറ്റിയില്ല. അവിടുന്ന് നേരെ പോയത് കോളിളക്കത്തിന്റെ ലൊക്കേഷനിലേക്കാണ്. അപ്പോൾ ജോസ് പ്രകാശ് പറഞ്ഞതാണ് ടാ അവിടെപ്പോയി ഇതുപോലെയൊന്നും കാണിച്ചേക്കരുത്. എന്നാൽ ദൈവം അദ്ദേഹത്തെ കൈവിട്ടു. ഹെലികോപ്റ്റർ സീൻ ഒറ്റ ടേക്കിൽ ok ആയതാണ്. അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള ആത്മാർത്ഥ കാരണം ജയൻ തന്നെ പറഞ്ഞു നമുക്ക് ഒന്നുടെയെടുക്കാം എന്ന്. അങ്ങനെ അദ്ദേഹം മരണത്തിനു കീഴടങ്ങി.
മരണം കൊണ്ട് അവസാനിച്ചില്ല അദ്ദേഹം ഒരുപാട് ചിത്രങ്ങൾ ബാക്കി വച്ചു. നേരത്തെ പറഞ്ഞ അറിയപ്പെടാത്ത രഹസ്യം കണ്ടാൽ അറിയാം ജയന്റെ മരണം തന്ന ജയന്റെ കുറവ് പല സീനിലും കാണാം. ജയന്റെ മരണശേഷം ഇറങ്ങിയ മറ്റൊരു ചിത്രമാണ് ആക്രമണം. ജയന്റെ ഒരു ആഗ്രഹമായിരുന്നു മുഴുനീള പോലീസ് വേഷം. അതിനായി ശ്രീകുമാരൻ തമ്പി ആക്രമണം എന്ന സിനിമ എടുത്തു. എന്നാൽ ജയന്റെ മരണം ആ സിനിമയെ എങ്ങുമെങ്ങും തൊടാത്ത ഒരു കഥയിൽ കൊണ്ട് വന്നു നിർത്തി. ജയന് കൊടുക്കാവുന്ന ഏറ്റവും വലിയ ആദരമാണ് ഈ രണ്ട് ചിത്രങ്ങളും അതിന്റെ സംവിധായകർ മറ്റൊരാളെ വച്ചു അഭിനയിപ്പിക്കാതെ അതേപോലെ തന്നെ ഇറക്കിയത്.
ജയന്റെ മരണ ശേഷം കോളിളക്കം, ആക്രമണം, അറിയപ്പെടാത്ത രഹസ്യം, സഞ്ചാരി, എന്റെ ശത്രുക്കൾ, അഹങ്കാരം കോമരം, അഗ്നിശരം തുടങ്ങി നിരവധി ചിത്രങ്ങൾ 1982 വരെ ഇറങ്ങി. ഇന്നത്തെ നായകന്മാരിൽ നമ്മുടെ മോഹൻലാൽ അദ്ദേഹത്തിന്റെ കൂടെ സഞ്ചാരി എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചു. മമ്മൂട്ടിക്ക് രണ്ട് പ്രത്യേകത ഉണ്ട്. കോമരം എന്ന സിനിമയിൽ പകുതിയേ ജയന് അഭിനയിക്കാൻ സാധിച്ചുള്ളൂ ബാക്കി പകുതി അഭിനയിച്ചത് മമ്മൂട്ടിയാണ്. മാത്രമല്ല ജയനും സുകുമാരനും നായകന്മാരായി ജയനും ഷീലയും നിർമിക്കാനിരുന്ന ചിത്രമായിരുന്നു സ്ഫോടനം . എന്നാൽ ജയന്റെ വിയോഗത്തിൽ ജയന്റെ കഥാപാത്രം സുകുമാരനും സുകുമാരന്റെ കഥാപാത്രം മമ്മൂട്ടിയും അഭിനയിച്ചു.അതുകൊണ്ട് മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള വരവിനു നിമിത്തമായത് ജയനാണ് എന്ന് പറയുന്നതിൽ തെറ്റില്ല.ഇനി മറ്റൊരാൾ തമിഴിലെ സൂപ്പർ സ്റ്റാർ രജനികാന്ത്. ജയൻ അഭിനയിക്കാനിരുന്ന ഗർജനം എന്ന സിനിമയിൽ അഭിനയിച്ചത് രജനിയാണ്. ഏതോ ഒരു പടത്തിനു വേണ്ടി എടുത്ത ജയന്റെ സീൻ ആ പടത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ജയന്റെ മരണ ശേഷം അദ്ദേഹം പൂർത്തിയാക്കാതെ പോയ രണ്ട് സിനിമകൾ വച്ചു അഭിനയം എന്ന ഒരു സിനിമ ഇറക്കി. എന്നാൽ ഇന്നും റിലീസ് ആവാതെ ജയന്റെ ഒരു പടമുണ്ട് പഞ്ച പാണ്ഡവർ. അതിന്റെ പ്രിന്റ് നശിച്ചു എന്നാണ് കേക്കുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമകളിൽ ഒന്നായ മനുഷ്യമൃഗത്തിലെ ഡയലോഗ് എത്രയോ ശരിയാണ് ” ഞാനെപ്പൊഴെങ്കിലും അകപ്പെടുന്നുവെങ്കിൽ അത് മരണത്തിന്റെ വലയിൽ മാത്രമായിരിക്കും “. ഇനി ഒരിക്കലും നമുക്ക് ലഭിക്കില്ല ഇതുപോലൊരു താരത്തെ. കാലമേ പിറക്കുമോ ഇതുപോലൊരു ഇതിഹാസ നായകൻ
ഞാൻ ജനിക്കുന്നതിനും 15 വർഷങ്ങൾ മുൻപ് മരിച്ചതാണ് ജയൻ. എന്നാൽ ഞാൻ ഏറ്റവും ആരാധിക്കുന്ന ഒരു താരമാണ് ജയൻ. ഒരിക്കലും മരിക്കാത്ത അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം.
170 total views, 2 views today
