Jithendra Kumar എഴുതുന്നു 

അതിദുരൂഹമായി അപ്രത്യക്ഷയായ അതിസുന്ദരിയുടെ അസ്ഥികൂടം

Jithendra Kumar
Jithendra Kumar

ഉര്‍വശി, രംഭ, മേനക, അഹല്യ, വീനസ് … തുടങ്ങി ഒട്ടനവധി സൌന്ദര്യ തിടമ്പുകളെക്കുറിച്ച് നാം കഥകളില്‍ കേട്ടിട്ടുണ്ട്. അതെ കേവലം കഥകള്‍.. എന്നാല്‍ 3300 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന, സൌന്ദര്യത്തിന്‍റെ പ്രതീകമായ, ഒരു രാജ്ഞിയുടെ ഭൌതികാവശിഷ്ടം തിരഞ്ഞു ഇപ്പോഴും നൂറുകണക്കിനു പേര്‍ നടക്കുന്നു എന്നറിയുന്നത് കൌതുകം തന്നെയല്ലേ? അതിലും ദുരൂഹമായത് അവരുടെ അന്വേഷണപാതകളെയും പാറകള്‍ പോലും തുളച്ചു കയറുന്ന ക്യാമറ കണ്ണുകളെയും അവള്‍ എത്ര സമര്‍ത്ഥമായി അകറ്റിനിര്‍ത്തുന്നു എന്നതാണ്. ആ സുന്ദരിയുടെ പേരാണ് നെഫേര്‍ട്ടിറ്റി – നെഫേര്‍ നെഫ്രെറ്റന്‍ നെഫെര്‍ട്ടിറ്റി – ഹീറോഗ്ലിഫിക്സില്‍ ഉള്ള ആ പേരിന്റെ അര്‍ത്ഥം മലയാളത്തില്‍ ആക്കിയാല്‍ ഏതാണ്ട് ഇങ്ങിനെ ഇരിക്കും -“സൌന്ദര്യത്തിന്‍റെ സൌന്ദര്യമായ സൂര്യദേവതയുടെ സൌന്ദര്യം ഇതാ എത്തിയിരിക്കുന്നു”- [Beautiful are the beauties of Aten, that Beautiful Woman has come].

ആ പേരിനെ അന്വര്‍ത്ഥമാക്കുന്നതു തന്നെയാണ് 1912 ല്‍ അമര്ണ്ണയില്‍ (ഇന്ന് എല്‍-അമര്ണ്ണ) നിന്നും കണ്ടെടുത്ത, BC 1345 ല്‍ അതായത് അവര്‍ ജീവിച്ചിരുന്ന കാലത്ത്, ടുട്ട്മോസ് നിര്‍മ്മിച്ച, ബാര്‍ലിന്‍ ഈജിപ്ഷ്യന്‍ മ്യുസിയത്തില്‍ നിരവധി സന്ദര്‍ശകരെ നിത്യം ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന, ആ സുന്ദരിയുടെ അതിസുന്ദരമായ ഈ ബസ്റ്റ് (https://en.wikipedia.org/wiki/Nefertiti_Bust).

BC 1370- BC 1330 കാലഘട്ടത്തില്‍ ഈജിപ്തിലെ പ്രസിദ്ധനായ ഫറോവ ആയിരുന്ന അഖ്നെറ്റന്‍റെ രാജ്ഞിയായിരുന്നു (റോയല്‍ വൈഫ്) നെഫെര്‍ട്ടിറ്റി. ഫറോവമാരുടെ കാലത്തെ സുവര്‍ണ്ണ കാലഘട്ടമായ പതിനെട്ടാം ഡിനാസ്ടിയിലെ ഏറ്റവും ശക്തനായ ഫറോവ `അമുനോടപ്പ് നാലു’ തെബെസില്‍ (ഇന്നത്ത ലക്സര്‍, കൈയ്റോവില്‍ നിന്നും മുന്നൂറ്റി അറുപതു മൈല്‍ തെക്ക്) ഭരണം നടത്തുന്ന കാലം. പലദൈവ വിശ്വാസികള്‍ എങ്കിലും `അമുന്‍’ എന്ന ദൈവത്തില്‍ ആണ് അന്ന് അവര്‍ വിശ്വസിച്ചിരുന്നത്. പക്ഷേ അമുന്‍ ദൈവത്തെ പാടെ ഉപേക്ഷിച്ച് `ഏറ്റന്‍’ (സൂര്യകിരണ ദേവത) വിശ്വസിച്ചു ഭരണം നടത്താന്‍ തുടങ്ങിയതോടെ അദ്ദേഹം പേരും അതിനനുസരിച്ച് മാറ്റി. `അമുനോ’ടപ്പ് അങ്ങിനെ അഖ്“നെറ്റന്‍’ ആയി. ഭരണം തെബെസില്‍ നിന്നും അമര്ണ്ണയിലെക്കു മാറ്റി. അവിടത്തെ റോയല്‍ ടോമ്പിന്‍റെ ചുവരുകളില്‍ രാജാവിന്റെ കൂടെയുള്ള അവരുടെ നിരവധി ചിത്രങ്ങള്‍ നെഫേര്‍ട്ടിറ്റി എത്ര പ്രാമുഖ്യമുള്ള രാജ്ഞിയായിരുന്നു എന്ന് വിളിച്ചോതുുന്നു.

അതിനുമുന്‍പുള്ള നെഫെര്‍ട്ടിറ്റിയുടെ ജിവിതം ദുരൂഹമാണ്. അന്നത്തെ ഫറോവമാര്‍ രാജകുടുംബത്തില്‍ നിന്നു തന്നെയാണ് വിവാഹം ചെയ്തിരുന്നത് (പുറമേ നിന്നുള്ളവര്‍ രാജ കുടുംബത്തില്‍ കലരാതിരിക്കാന്‍). ഓരോ ഫറോവക്കും നിരവധി ഭാര്യമാര്‍ ഉണ്ടാവും (ഒരു റോയല്‍ വൈഫ് അഥവാ രാജ്ഞി) അവരില്‍ നിരവധി കുഞ്ഞുങ്ങളും. അവര്‍ (കസിന്‍സ് ) തമ്മില്‍ വിവാഹം സര്‍വസാധാരണം. അതിനാല്‍ നെഫര്‍ട്ടിറ്റി അഖ്നെറ്റന്‍റെ പെങ്ങള്‍ (ഹാഫ് സിസ്റ്റര്‍) ആവാനാണ് കുടുതല്‍ സാധ്യത.

റോയല്‍ ടോമ്പിനെ കുറിച്ച് പറയുമ്പോള്‍ ഇത് പറയാതെ വയ്യ. ഫറോവമാരുടെ വിശ്വാസ പ്രകാരം `സത്യം’ പരലോക ജീവിതം ആണ്. അതിനു തയ്യാറെടുപ്പ് നടത്താനുള്ള ഇടത്താവളം മാത്രമാണ് ഇഹലോകവാസം. പരലോകവാസം സുഖപ്രദമാക്കുവാന്‍ അവര്‍ ഗംഭീരമായ ശവകല്ലറകള്‍ നിര്‍മ്മിച്ചു. രാത്രിയും പകലുമായിരുന്നു അവര്‍ക്ക് മരണവും (ഒസിറിസ് ദേവത) ജീവിതവും (ഹോറസ് ദേവത). ആത്മാവിനു വീണ്ടും കാണുമ്പോള്‍ തിരിച്ചറിയാന്‍ അവര്‍ തങ്ങളുടെ ശവശരീരം മമ്മിഫെ ചെയ്തു സൂക്ഷിച്ചു. എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും അവര്‍ ആ ശവകല്ലറകളില്‍ മരണ സംസ്കാരത്തോടൊപ്പം സുക്ഷിച്ചു. (പിന്നിട് ടോമ്പ് റൈഡര്‍സ് അവരുടെ ശവകല്ലറകള്‍ തകര്‍ത്തത് ആ വില പിടിപ്പുള്ള രത്നാഭരണങ്ങള്‍ക്കു വേണ്ടിയായിരുന്നു). അങ്ങിനെ തങ്ങളുടെ `ജീവിതം’ മുഴുവന്‍ മരണത്തിനുള്ള തയ്യാറെടുപ്പ് ആയിരുന്നു ഫറോവമാര്‍ക്ക്. അങ്ങിനെ അഖ്നെറ്റന്റെ സ്വന്തം ശവകല്ലറയായിരുന്നു റോയല്‍ ടോമ്പ് (http://www.touregypt.net/featurestories/royaltomb.htm)

ദുരൂഹമായി എത്തി അഖ്നെറ്റന്‍റെ പ്രധാന രാജ്ഞി സ്ഥാനം അലങ്കരിച്ച നെഫേര്‍ട്ടിറ്റി അത് പോലെ ദുരൂഹമായി അപ്രത്യക്ഷമാകുകയും ചെയ്തു. പതിനേഴു വര്‍ഷത്തെ ഭരണ ശേഷം അഖ്നെറ്റന്‍ മരണമടഞ്ഞ ശേഷം നെഫേര്‍ട്ടിറ്റിയെ ഒരു അടയാളവും ബാക്കി വെക്കാതെ ചരിത്രത്തിന്റെ താളുകളില്‍ നിന്നും ദുരൂഹമായി അപ്രത്യക്ഷമായി. റോയല്‍ ടോമ്പില്‍ നാലു ചെമ്പറുകള്‍ ആണ് ഉള്ളത്. അതില്‍ പ്രധാനപ്പെട്ടത്തില്‍ അഖ്നെറ്റനും പിന്നെ രണ്ട് രാജകുടുംബാങ്ങങ്ങളും. പണിതീരാത്ത ആ അനക്സ്ച്ചര്‍ നെഫേര്‍ട്ടിറ്റി ക്കു വേണ്ടി ഉള്ളതായിരുന്നെന്നു പലരും വിശ്വസിക്കുന്നു. അവര്‍ അതിലില്ല. അപ്പോള്‍ നെഫേര്‍ട്ടിറ്റിയുടെ മമ്മി എവിടെ? അവര്‍ക്ക് അഖ്നെറ്റന്‍റെ മരണശേഷം എന്ത് സംഭവിച്ചു?

നെഫേര്‍ട്ടിറ്റി ചരിത്രത്തില്‍ നിന്നും അപ്രത്യക്ഷമാകുന്ന കാലത്ത് പെട്ടെന്ന് പ്രത്യക്ഷമായ അടുത്ത ഫറോവ “സ്മെന്‍ഖേര” നെഫേര്‍ട്ടിറ്റി തന്നെ ആയിരുന്നു എന്ന് വിശ്വസിക്കുന്ന ചില സ്കൂള്‍ ഓഫ് തോട്സ് ഈജിപ്തോളജിയില്‍ (https://en.wikipedia.org/wiki/Egyptology) ഉണ്ട്. സ്ത്രീകള്‍ക്ക് യാതൊരു പ്രാമുഖ്യവും ഇല്ലാത്ത കാലത്ത് നെഫേര്‍ട്ടിറ്റിആണ്‍ വേഷത്തില്‍ പുതിയ ഒരു പേരുമായി (https://www.britannica.com/biography/Smenkhkare) സ്മെന്‍ഖേര അടുത്ത ഫറോവ ആയെന്നു. അത് സത്യമാകുമോ ?

നെഫേര്‍ട്ടിറ്റിയുടെ മകളെ വിവാഹം ചെയ്തത് അഖ്നെറ്റന്‍റെ മറ്റൊരു ഭാര്യയിലെ മകന്‍ എന്ന് വിശ്വസിക്കുന്ന “ടുട്ടന്‍ഖാറ്റന്‍” ആണ്. ഏറ്റവും പ്രായം കുറഞ്ഞ ഫറോവ ആയ ടുട്ടന്‍ഖാറ്റന്‍ പിന്നിട് അറിയപ്പെട്ടത് “ടുട്ടന്‍ഖാമുന്‍” എന്നായിരുന്നു. അതായത്, അഖ്നെറ്റന്‍റെ മരണ ശേഷം എറ്റന്‍ ദൈവത്തെ വിട്ടു അവര്‍ വീണ്ടും അമുന്‍ ദൈവത്തെ വിശ്വസിച്ചു തുടങ്ങി എന്നര്‍ത്ഥം. അതുകൊണ്ട് എറ്റന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്ന നെഫേര്‍ട്ടിറ്റിയെ പിന്നിട് റോയല്‍ ഫാമിലിയില്‍ നിന്നും അടിച്ചു പുറത്താക്കി കാണുമോ? (റോയല്‍ ഫാമിലിയില്‍ അല്ലെങ്കില്‍ മമ്മിഫെ ചെയ്യാനുള്ള സാധ്യത ഇല്ല). അതോ അവര്‍ അത് അടിച്ചു പൊളിച്ചു കാണുമോ?

ഏറ്റവും കുടുതല്‍ ആഭരണങ്ങളും മറ്റും പ്രതീക്ഷിക്കുന്നത് നെഫേര്‍ട്ടിറ്റിയുടെ മമ്മിയില്‍ ആണ് ? നിരവധി ടോമ്പ് റൈഡര്‍സ് അതിനു പുറകെ നടന്നിട്ടുണ്ട്. അവര്‍ ആരെങ്കിലും അത് കണ്ടെത്തിയിരിക്കുമോ?

അതോ ‍ ഈജിപ്ഷ്യന്‍ മ്യുസിയത്തില്‍ സുക്ഷിച്ചിരിക്കുന്ന എണ്‍പതോളം മമ്മികളില്‍ തിരിച്ചറിയാത്ത ഒന്ന് ഈ സുന്ദരിയുടെ ആകുമോ?

അതോ മറ്റൊരു കാര്ട്ടരെ പ്രതീക്ഷിച്ച് ഈ സുന്ദരിയുടെ മമ്മി ഇപ്പോഴും ഭുമിയുടെ ഗര്‍ഭത്തില്‍ എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാവുമോ ?

1922 ല്‍ ഹോവാര്‍ഡ് കാര്‍ട്ടര്‍ ഒരു വിഖ്യാതമായ കണ്ടുപിടുത്തം നടത്തി. ടോമ്പ് റൈഡര്‍സിനു പോലും തൊടാന്‍ കഴിയാതിരുന്ന ടുട്ടന്‍ ഖാമുന്റെ ശവകല്ലറ തെബെസില്‍ അയാള്‍ കണ്ടെത്തി. [ടെക്നോളജി ഇത്ര വളര്‍ന്നിട്ടില്ലാത്ത അക്കാലത്ത് കാര്‍ട്ടര്‍ ഇത്ര വെപ്രാളപ്പെട്ടു തീരെ ശ്രദ്ധയില്ലാതെ പുറത്തെടുക്കാന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ യങ്ങ് ടുട്ടിന്റെ മരണകാരണം ശരിക്കു അറിയാമായിരുന്നു. അക്കാലത്തെ അയാളുടെ ചെരിപ്പ് ഇക്കാലത്തെ ചെരിപ്പിന്റെ ഫാഷന്‍ തന്നെ. യങ്ങ് ടുട്ടിനെ കുറിച്ചു അറിയാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് അത് ഇവിടെ കാണാം.

യങ്ങ് ടുട്ടിന്റെ മമ്മിയോട് ചേര്‍ന്ന് പലരും നെഫേര്‍ട്ടിറ്റിയുടെ മമ്മി പ്രതീക്ഷിച്ചു. പക്ഷേ കിട്ടിയില്ല.

എന്നാല്‍ നൂറുകണക്കിന് ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ വാര്‍ത്ത മാറുമോ ?

എന്തായാലും ഒരു കാര്യം ഉറപ്പ്. ജീവിച്ചിരിക്കുന്ന സുന്ദരിമാരെ തിരഞ്ഞു പലരും പോകാറുണ്ട്. പക്ഷേ ജീവിച്ചിരിക്കുംപോഴും മരണശേഷം അസ്ഥികൂടത്തിന് വേണ്ടിയും ഇത്രയേറെ പേര്‍ പിന്നാലെ പോയ, ഇപ്പോഴും പിന്നാലെ നടക്കുന്ന, മറ്റൊരു സുന്ദരിയും ചരിത്രത്താളുകളില്‍ ഉണ്ടാവില്ല, അതാണ്‌ മൂവായിരത്തി മുന്നൂറു വര്ഷം മുന്‍പ് ജീവിച്ചിരുന്ന ഈ സുന്ദരിയെ ഇത്ര വേറിട്ടതാക്കുന്നത്. അതെ, നെഫേര്‍ട്ടിറ്റിക്കു പകരം നെഫേര്‍ട്ടിറ്റി മാത്രം.

 

കടപ്പാട് – ഒട്ടനവധി വെബ്സൈറ്റ്, നാഷണല്‍ ജിയോഗ്രഫി, ഡിസ്കവറി ചാനല്‍ വിഡിയോ തുടങ്ങിയവ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.