വാരിയൻ കുന്നൻ സിനിമയുടെ വിവാദ പശ്ചാത്തലത്തിൽ ടി. ദാമോദരന്റെ 1921 വിമർശിക്കപ്പെടുന്നു

0
211

Jithendran

വാരിയൻ കുന്നൻ സിനിമയുടെ വിവാദ പശ്ചാത്തലത്തിൽ ടി. ദാമോദരന്റെ 1921 വിമർശിക്കപ്പെടുന്നു.

1988 ൽ പുറത്തിറങ്ങിയ ചിത്രമാണ് 1921. ഈ ചിത്രത്തിൽ ഖാദർ എന്ന ഫിക്ഷൻ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. കഥാപാത്രം മാത്രമല്ല ചരിത്രത്തെ തന്നെ ഫിക്ഷൻ ആക്കിയാണ് ഈ സിനിമ തയ്യാറാക്കിയിട്ടുള്ളത്. സിനിമയുടെ ഭാഷയ്ക്ക് ഒരു ഫിക്ഷന്റെ ചേരുവകൾ നല്ലത് തന്നെ പക്ഷേ, അത്തരമൊരു രൂപാന്തരണം ചരിത്രത്തെ അപനിർമ്മിച്ചുകൊണ്ടാവുമ്പോൾ അപ്രസ്കതമാകുന്നത് യഥാർത്ഥ ചരിത്രമാണ്. ഐ. വി. ശശി മലബാർ സമരം ഒരു ചരിത്ര സിനിമ എന്ന രീതിൽ നിർമ്മിക്കുമ്പോൾ പുതിയ തലമുറയ്ക്കുള്ളിൽ വളരെ അനായാസമായി ഈ ചരിത്രഘട്ടത്തെ കുറിച്ചൊരു ചിത്രം ലഭിക്കുകയാണ്.

ഏറനാട്ടിലെ വിപ്ലവ പോരാളിയായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നയിച്ച ഒരു വിപ്ലവത്തെ മമ്മൂട്ടിയുടെ നായക കഥാപാത്രമായ ഖാദറിനാൽ ക്ഷയിച്ചു പോവുകയാണ് ഉണ്ടായത്. എന്ത് കൊണ്ട് ടി. ദാമോദരൻ വാരിയൻകുന്നത്തിനെ നായകനാക്കി മലബാർ കലാപം ചിത്രീകരിച്ചില്ല. ഇല്ലാത്ത ഒരു കഥാപാത്രത്തെ സൃഷിച്ച് യഥാർത്ഥ ചരിത്രത്തെ വളച്ചൊടിച്ചത് എന്തിന്?

1921 ന് മുൻപും അമ്പതോളം ജന്മി കുടിയാൻ കലാപങ്ങൾ നേരിട്ട പ്രദേശങ്ങളാണ് ഏറനാട് വള്ളുവനാട് പ്രദേശങ്ങൾ. മലബാർ കലാപത്തിന് ശേഷം ഈ കലാപങ്ങൾ എന്ത് കൊണ്ട് ഹിന്ദു മുസ്‌ലിം വർഗീയതയായി മാറി. മലബാർ കലാപം ചരിത്രമാകുമ്പോൾ അതിന് മുൻപുള്ള കലാപങ്ങളും ചരിത്രത്തിന്റെ ഭാഗമാക്കണം. ജാതീയത ക്രൂരമായി നിലനിന്ന കാലഘട്ടത്തിൽ ഹിന്ദുവിൽ നിന്ന് മോചനം തേടി മതം മാറിയ കുടിയന്മാരുടെ ചരിത്രം കൂടി സിനിമ ഉൾക്കൊള്ളണം. കൊളോണിയൽ ചരിത്രപാഠത്തിലെ നിർബന്ധിത മതപരിവർത്തനത്തെ അതേ പടി വിഴുങ്ങുന്ന ഹിന്ദു ചരിത്രകാരന്മാരെ മാത്രേ ടി. ദാമോദരൻ തന്റെ സിനിമയ്ക്ക് വേണ്ടി വ്യാഖാനിച്ച് കാണൂ. വിജയരാഘവന്റെ കഥാപാത്രം ഇസ്‍ലാം സ്വീകരിക്കുന്നതിന്റെ ജാതീയ കാരണങ്ങൾ സിനിമ സത്യസന്ധമായി വിശദീകരിക്കുന്നുണ്ട്, പക്ഷേ കലാപത്തിനൊടുവിൽ ഒരു പാട് ഹിന്ദു സ്ത്രീകൾ മാനഭംഗപെട്ട് മതം മാറി കാച്ചിയും മുണ്ടും ധരിച്ച് കുന്നിറങ്ങി വരുന്ന ചിത്രവും സിനിമയിൽ ഉണ്ട്.

മുസ്‌ലിം വിഭാഗത്തെ അടിച്ചമർത്തുന്നതിനായി Mopila Outrage’s Act എന്ന ക്രൂരമായ കൊളോണിയൽ നിയമം നിലനിന്ന ഒരു പ്രസിഡെൻസി ആയിരുന്നു അന്നത്തെ മലബാർ. 1856 മുതൽ ഈ നിയമം നിലനിൽക്കുന്നുണ്ട്. ഈ നിയമം മൂലം അതിക്രൂരമായി കൊല്ലപ്പെടുകയും മരണ ശിക്ഷ ലഭിച്ച് ആൻഡമാൻ ജയിലികളിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത മുസ്ലിം ജനങ്ങൾ 1921ന് മുൻപ് നിരവധിയാണ്. സിനിമ ഈ ചരിത്രത്തെ കുറിച്ച് മിണ്ടുന്നില്ല. വാരിയൻ കുന്നത്തിന്റ ജീവിതം പറയുന്ന ഒരു സന്ദർഭത്തിൽ മാത്രം അയാളുടെ പിതാവിനെ ആന്ഡമാനിലേക്കു നാടുകടത്തിയ കഥ മാത്രം വെറുതെ അങ്ങ് പറഞ്ഞ് പോവുന്നുണ്ട്.

1921 കലാപം അതിന്റെ ചരിത്ര ഘട്ടത്തിലെക്ക് എത്തുന്ന സമയം ഖിലാഫത്കാർ നമ്പൂതിരി തറവാടുകളിൽ കയറി കൊള്ളയും കൊള്ളിവെപ്പും നടത്തുന്നത് പല തവണ സിനിമയിൽ കാണിക്കുന്നുണ്ട്. ഖിലാഫത്തിന്റെ പേരും പറഞ്ഞ് മറ്റ് പല സാമൂഹ്യ ദ്രോഹികളുമാണ് ഇത്തരം പ്രവർത്തികൾ ചെയ്തത്. അത് ചരിത്രപരമായ വസ്തുതയാണെങ്കിലും, കലാപത്തിനിടയിലെ ഇത്തരം അനീതികൾക്കെതിരെ ഖിലാഫത് പ്രസ്ഥാനം കാര്യമായ നടപടികൾ കൈക്കൊണ്ടില്ല എന്ന് സിനിമ പറയാതെ പറയുന്നുമുണ്ട്.

ഖിലാഫത് പ്രസ്ഥാനവുമായി മലബാർ കലാപത്തെ വായിക്കാമെങ്കിലും യഥാർത്ഥത്തിൽ അവിടെ തുടർന്ന് വന്നിരുന്ന ജന്മി കുടിയാൻ കലാപത്തിന്റെ ചരിത്ര ദശയിലെ ഒരു അധ്യായം മാത്രമാണ് 1921 എന്ന വർഷത്തിലേക്ക് ചുരുക്കി കെട്ടിയ, ബ്രിട്ടീഷ്കാർ പരിഹസിക്കാനായി വിളിച്ച മാപ്പിള ലഹള എന്ന മലബാർ കലാപം.

ഖിലാഫത് പ്രസ്ഥാനത്തിന്റെ കഥയാണ് ഐ. വി. ശശി പറയാൻ ഉദ്ദേശിച്ചതെങ്കിൽ ആദ്യം മലബാറിലെ കൊണ്ഗ്രെസ്സ് തറവാടുകളിൽ നിന്ന് തുടങ്ങണം. ആലി മുസ്‌ലിയാർ മാത്രമല്ല അന്നത്തെ ഖിലാഫത് നേതാക്കൾ. നാരായണൻ നമ്പൂതിരിയുടെ ഇല്ലത്ത് സമ്മേളിച്ച ആദ്യ ഖിലാഫത് സമ്മേളനത്തിന്റെ ഒരു രേഖയും സിനിമയിൽ കണ്ടില്ല. രാധ വർമ്മ എന്ന കൊണ്ഗ്രെസ്സ് നേതാവിനെ ബ്രിട്ടീഷ് പട്ടാളം കൊലചെയ്യുന്ന രംഗമുണ്ട്, അങ്ങനെയൊരു കഥാപാത്രം തന്നെ ചരിത്രത്തിൽ ഇല്ല. ഇന്ത്യ കണ്ട അതി ക്രൂര കൊലപാതകമായ വാഗൺ ട്രാജഡിക്ക് വളരെ നിസാര വികാരം മാത്രമേ സിനിമ നൽകുന്നുള്ളൂ. സുരേഷ് ഗോപിയുടെ ഉണ്ണി എന്ന കഥാപാത്രം നമ്പൂതിരി തറവാടുകളിലെ റെബലിനെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും ഈ സങ്കൽപ്പപാത്രം മലബാർ കലാപത്തിന്റെ ചരിത്രത്തിന് കാര്യമായൊന്നും നൽകുന്നില്ലെന്ന് മാത്രമല്ല, നല്ലവരായ നമ്പൂതിരിമാരും ഏറനാട്ടിൽ ഉണ്ടെന്ന് കാണിക്കാനായി ടി. ദാമോദരൻ കഷ്ടപ്പെട്ട് പടച്ചുണ്ടാക്കിയതുമാണ്.

കേരളത്തിലെ ആദ്യ സാമ്രാജ്യത്വ വിരുദ്ധകലാപത്തിന്റെ ചരിതമുറങ്ങുന്ന മണ്ണാണ് ഏറനാട്. അതിനെ സാമ്രാജ്യത്വത്തിന്റെ ഒറ്റുകാരായി നിന്ന നായന്മാരും നമ്പൂതിരികളും അടങ്ങുന്ന ചരിത്രകാരന്മാർ വിരുദ്ധമായി വ്യാഖ്യാനിച്ച് ഹിന്ദു മുസ്ലിം വർഗീയതയും ജിഹാദി കൂട്ടക്കൊലയുമാക്കി ചിത്രീകരിച്ചു. കുമ്മനം രാജശേഖരൻ ഒരു പ്രസംഗത്തിൽ മലബാർ കലാപം കേരളത്തിലെ ആദ്യത്തെ ജിഹാദി കൂട്ടക്കൊലയാണെന്നു പറയുകയുണ്ടായി. ബ്രിട്ടീഷ് കണക്കനുസരിച്ച് 45, 404 പേർ (ഇന്ത്യൻ കണക്ക് 50, 000) തടവിലാക്കപ്പെടുകയും 2339 പേർ കൊല്ലപ്പെടുകയും, കൂടാതെ 1652 പേർക്ക് ശരീരഭാഗങ്ങൾ നഷ്ടപ്പെടുകയും ചെയ്ത കോളനി വിരുദ്ധ കലാപത്തെയാണ് ഒരു ബിജെപി നേതാവ് ഇങ്ങനെ വിശേഷിപ്പിച്ചത്. അന്നത്തെ നായന്മാരുടെയും നമ്പൂതിരിമാരുടെയും പ്രധാന പണി മുസ്ലിങ്ങൾക്ക് നേരെ ഉപയോഗിച്ചിരുന്ന Outrage’s Act മുതലെടുത്ത് ഇവിടത്തെ കലാപത്തിന് നേതൃത്വം കൊടുക്കുന്നവരെയും, കുടിയാന് വേണ്ടി അവകാശം പറയുന്നവരെയും ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുക്കലായിരുന്നു. അങ്ങനെ ഒറ്റുകൊടുത്തവരെയെല്ലാം കലാപകാരികൾ എതിർത്തിട്ടുണ്ട്. അതിന് ജാതിയും മതവുമൊന്നും വിഷയമായിരുന്നില്ല. സ്വന്തം മതത്തിൽപെട്ട ചേക്കുട്ടി മുസ്ലിയാരുടെ തല അറുത്ത് കുന്തത്തിൽ കോർത്തുകൊണ്ട് ഒറ്റുകാർക്കുള്ള ശിക്ഷ ഇതാണെന്നു വാരിയൻകുന്നത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് പട്ടാളം കൊല ചെയ്ത വർഷം അന്നത്തെ സോവിയറ്റ് യൂണിയന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിൽ സാമ്രാജ്യത്വത്തോട് യുദ്ധം ചെയ്തു രക്തസാക്ഷിയായ വാരിയൻ കുന്നത്തിനെ അനുസ്മരിച്ചിരുന്നു. ഒരു ദിവസത്തിന്റെ പകുതി മുഴുവനും അദ്ദേഹത്തിന്റെ ഗറില്ല യുദ്ധത്തെ കുറിച്ചുള്ള ചർച്ചയും നടന്നിരുന്നു. വാരിയൻ കുന്നത്തിന്റെ ഈ യുദ്ധതന്ത്രത്തെയാണ് പിന്നീട് ചെഗുവേര സ്വീകരിച്ചത് എന്ന് പറയപ്പെടുന്നു.
അടുത്ത വർഷം മലബാർ കലാപത്തിന്റെ നൂറാം വർഷമാണ്. വാഗൻ ട്രാജഡി മാത്രമല്ല, ബ്രിട്ടീഷ് അടിച്ചമർത്തലിൽ കൊല്ലപ്പെട്ട ഏറനാട്ടിലെ ഓരോരുത്തരെയും ഓർക്കുന്നു.