Jithesh mangalath
“മോഹൻലാൽ കഥാപാത്രമാവുകയല്ല;കഥാപാത്രം മോഹൻലാലാവുകയാണ്.രണ്ടു മോഹൻലാൽ കഥാപാത്രങ്ങളെത്തമ്മിൽ വേർതിരിക്കാൻ പ്രയാസകരമാണ്.അഥവാ എല്ലാ ലാൽ കഥാപാത്രങ്ങളും പ്രത്യക്ഷമായിത്തന്നെ അയാളാണ്.”
മോഹൻലാലെന്ന അഭിനേതാവിനെക്കുറിച്ച് ഒട്ടേറെത്തവണ കേട്ടുപരിചയിച്ചിട്ടുള്ള അഭിപ്രായ പ്രകടനങ്ങളാണ് മുകളിലെഴുതിയവയൊക്കെയും.ഒരു അഭിമുഖത്തിൽ നടൻ തന്നെ ഇങ്ങനെ അഭിപ്രായപ്പെടുന്നുണ്ട്.”അഭിനയിക്കുമ്പോഴും ഞാൻ മോഹൻലാലാണെന്ന് എനിക്ക് നിശ്ചയമുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം അഭിനയം തലച്ചോറിന്റെ ഉൽപന്നമല്ല.ഞാനൊരു ശൈലീവൽകൃത അഭിനേതാവുമല്ല.ഒരു തുന്നൽക്കാരനെ അവതരിപ്പിക്കുന്നതിനു മുമ്പ് തുന്നൽക്കടയിൽ ചെന്ന് ദിവസങ്ങളോളം ഞാൻ ചെലവിടാറില്ല.ചിലപ്പോൾ അഭിനയിക്കുന്ന വേളയിൽ പരിചയത്തിലെ ഒരു തയ്യൽക്കാരനെ ഓർമ്മിച്ചാലായി”.തലച്ചോർ കൊണ്ട് ചിന്തിച്ച് കഥാപാത്രത്തിനെ രൂപപ്പെടുത്തുന്ന ഒരു ബൗദ്ധികപ്രക്രിയയല്ല അയാൾക്ക് അഭിനയം.മറിച്ച് അങ്ങേയറ്റം ജൈവികമായി അയാൾ കഥാപാത്രത്തിനെ ഷേപ്പ് ചെയ്യുകയാണ്.അഥവാ ഹൃദയത്തിൽ നിന്നാണ് മോഹൻലാലിന്റെ നാട്യഭാവങ്ങൾ രൂപപ്പെടുന്നത്.അതുകൊണ്ടാണ് ഒരു ശാസ്ത്രീയ സംഗീതജ്ഞന്റെയോ,നട്ടുവന്റേയോ സാങ്കേതികജ്ഞാനത്തിന്റെ/ശരീരഭാഷയുടെ ടിപ്പിക്കൽ സങ്കേതങ്ങളില്ലാതെയും അയാളൊരു കല്ലൂർ ഗോപിനാഥനെയും,ഒരു നന്ദഗോപനെയും അവതരിപ്പിക്കുന്നതും,അയാൾ പോലുമറിയാതെ അയാളുടെ ഹൃദയം ആ രൂപങ്ങളോടു ചേർന്നു നിൽക്കുന്നതും.വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതുപോലെ,തനിക്കു നേരെ നീട്ടപ്പെടുന്ന കഥാപാത്രത്തെ നന്നാക്കാൻ സംവിധായകനോ,തിരക്കഥാകൃത്തോ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമേ താൻ ചെയ്യുന്നുള്ളൂ എന്ന് മോഹൻലാൽ അതിനെ ലാഘവവത്കരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മേൽപ്പറഞ്ഞതുപോലെയുള്ള കഥാപാത്രങ്ങൾ അതിനെ അനുകൂലിക്കുന്നില്ല.
മോഹൻലാൽ കഥാപാത്രമാകുന്നില്ല;കഥാപാത്രം മോഹൻലാലാകുന്നതേയുള്ളൂ..
ടി.പി.ബാലഗോപാലൻ എം.എയിൽ അനിയത്തി രജിസ്റ്റർ മാര്യേജ് കഴിഞ്ഞു വരുമ്പോൾ മുഷിഞ്ഞ ഒരമ്പതുരൂപാ നോട്ട് ചുരുട്ടി അവളുടെ കയ്യിലേക്കു തിരുകുന്ന ഒരേട്ടന്റെ ഗതിമുട്ടിയ നിസ്സഹായാവസ്ഥ ലാലിൽ തെളിഞ്ഞു കാണുമ്പോൾ,രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കുടുംബങ്ങളിൽ നിന്നു വന്ന ഒരു പാട്യംകാരനും,ഒരന്തിക്കാട്ടുകാരനും കണ്ണു തുടയ്ക്കാൻ മറന്നുകൊണ്ട് ക്യാമറയ്ക്കു പുറകിൽ നിന്ന ദിവസം സത്യൻ ഒരഭിമുഖത്തിൽ ഓർത്തെടുക്കുന്നത് കേട്ടിട്ടുണ്ട്.ഒരിക്കൽ പോലും ലാലിനെപ്പോലൊരു ഒരു ഉന്നത മദ്ധ്യവർഗ്ഗ തിരുവിതാംകൂറുകാരന് കടന്നുപോകേണ്ടി വന്നിട്ടുണ്ടാവാത്ത ദൈന്യത്തിലൂടെ ലാലന്ന് സഞ്ചരിച്ചത് അതിശയത്തോടെയല്ലാതെ കാണാൻ അവർക്കാകുമായിരുന്നില്ല.ഒരിക്കലും ബാലഗോപാലന്റെ ജീവിതപരിസരങ്ങൾ മോഹൻലാലിന്റേതുമായി സമരസപ്പെടുന്നവയായിരുന്നില്ല.കണ്ടു പഠിക്കാനുള്ള ദൂരങ്ങൾക്കുമകലെ സമാന്തരങ്ങളായിരുന്നു ഇരുവരും.
മോഹൻലാൽ കഥാപാത്രമാകുന്നില്ല;കഥാപാത്രം മോഹൻലാലാകുന്നതേയുള്ളൂ..
അമൃതംഗമയയിൽ വിനീതിനെ കുനിച്ചു നിർത്തി അയാൾക്കുമേലെ “ആനയേറുന്ന”സമയത്ത് അയാളുടെ മുഖത്തെ വികൃതമാക്കുന്ന ഒരാസുരഛായയുണ്ട്,മനസ്സിന്റെ ഓരോ അണുകൊണ്ടും വെറുപ്പു തോന്നിക്കുന്ന ഛായ.അവിടെ നിന്നും,ആണ്ട് കൊണ്ടാടുന്ന പുഴത്തിട്ടിൽ വിനീതിന്റെ അമ്മയുടെ “കൊന്നു അല്ലേ?”എന്ന ചോദ്യത്തിനു മുന്നിൽ കടപുഴകി വീഴുന്ന ഒരു ഡോക്ടർ ഹരിദാസിലേക്കുള്ള ട്രാൻസിഷനിലെവിടെയും ഇരുപത്താറുകാരനായ ഒരു റൂക്കി പെർഫോമറെ കണ്ടെടുക്കാനാവില്ല.റിമോഴ്സ് നടനരൂപം പൂണ്ടു നിൽക്കുന്നതു മാത്രമേ ഓർമ്മയിൽ തെളിയൂ..
മോഹൻലാൽ കഥാപാത്രമാകുന്നില്ല;കഥാപാത്രം മോഹൻലാലാകുന്നതേയുള്ളൂ..
വരവേൽപ്പിൽ ഗൾഫിൽ നിന്നും തിരിച്ചെത്തി നാട്ടിലെ വെയിലും,മഴയും,മാമ്പഴപ്പുളിശ്ശേരിയും കൊതിയോടെ നുണയുന്ന ഒരു നാട്ടിൻപുറത്തുകാരനിൽ നിന്നും,ബസ് മുതലാളിയുടെ ഗമയിലേക്കും,അവിടെ നിന്ന് സർവ്വം നഷ്ടപ്പെട്ട് നശിപ്പിക്കപ്പെട്ട ബസിനെയും ഉപേക്ഷിച്ച് തിരിച്ച് ഗൾഫിലേക്ക് പോകാനൊരുങ്ങുന്ന ഒരു മുരളിയുണ്ട്.മൂന്നു ഘട്ടങ്ങളിലൂടെയും ആ കഥാപാത്രം കടന്നുപോകുമ്പോൾ ട്രാൻസിഷൻ ഹമ്പുകൾ അനുഭവപ്പെടുത്താതെ അത്രമേൽ മൃദുവായി ഭാവം മാറ്റുന്ന ഒരു മോഹൻലാലുണ്ട്;അയാൾ ചെയ്യുന്നതുകൊണ്ടു മാത്രം കേക്ക് വാക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന അനേകം പെർഫോമൻസുകളിലൊന്ന്.
മോഹൻലാൽ കഥാപാത്രമാകുന്നില്ല;കഥാപാത്രം മോഹൻലാലാകുന്നതേയുള്ളൂ..
നാടോടിക്കാറ്റിൽ ഉന്തുവണ്ടിയിൽ പച്ചക്കറി കൊണ്ടുപോയി വിൽക്കുന്ന സീനുകളിലൊന്നിൽ ശ്രീനിവാസനോട് സംസാരിച്ചു നിൽക്കുമ്പോൾ തന്നെ കൈയിലെ തുണികൊണ്ട് പച്ചക്കറിയിൽ വന്നിരിക്കുന്ന പ്രാണികളെ ഓടിക്കുന്ന,ഏയ് ഓട്ടോയിൽ ബ്രേക്ക് ഡൗണായ ഓട്ടോയെ കാലു കൊണ്ട് തള്ളുന്ന മോഹൻലാലിപ്പോഴും ഓർമ്മയിൽ പൂത്തുനിൽക്കുന്ന വസന്തമാണ്..
മോഹൻലാൽ കഥാപാത്രമാകുന്നില്ല;കഥാപാത്രം മോഹൻലാലാകുന്നതേയുള്ളൂ..
നാത്തുമ്പത്തെത്തിനിൽക്കുന്ന പ്രിയപ്പെട്ട ഓർമ്മകളെയൊന്നിനെയും രുചിക്കാനാവാതെ ചുണ്ടിന്റെയോരത്തൊരു പ്രത്യേകരീതിയിൽ പിണച്ചുവെച്ച നാവിനാൽ ഒരോർമ്മരുചിയും പേറാത്ത മഴവെള്ളത്തെ അനുഭവിക്കുന്ന രമേശൻ നായരുടെ നിസ്സഹായമായ ജീവിതത്തിന് ഇപ്പോഴും ഓർമ്മയിൽ കണ്ണീരുപ്പിന്റെ രുചിയാണ്..
മോഹൻലാൽ കഥാപാത്രമാകുന്നില്ല;കഥാപാത്രം മോഹൻലാലാകുന്നതേയുള്ളൂ..
തറവാട്ടുകുളത്തിലെ വെള്ളത്തിൽ മുക്കി മദ്യം നേർപ്പിച്ചു കഴിച്ച് കാമുകിയോട് പ്രണയം പ്രകടിപ്പിക്കുന്ന റിഫൈൻഡ് ഇന്ദുചൂഡനിൽ നിന്നും,സ്വല്പം മദ്യപിച്ചതിനു ശേഷം വല്യമ്പിരാനു മുന്നിൽ വാ കൈകൊണ്ടു പൊത്തി പഞ്ചപുച്ഛവുമടക്കി നിൽക്കുന്ന മുള്ളൻകൊല്ലി വേലായുധനിലേക്ക് അയാൾ നടന്നു തീർക്കുന്ന ദൂരം രൂപമാറ്റങ്ങളുടെ മൈൽക്കുറ്റികളെയല്ല ഭാവമാറ്റങ്ങളുടെ പ്രകാശവർഷങ്ങളെയാണ് അടയാളപ്പെടുത്താറ്..
മോഹൻലാൽ കഥാപാത്രമാകുന്നില്ല;കഥാപാത്രം മോഹൻലാലാകുന്നതേയുള്ളൂ..
ഒരേ രൂപത്തിൽ നാല് മോഹൻലാൽ കഥാപാത്രങ്ങൾ വരുമ്പോഴും ആ കഥാപാത്രങ്ങളെ ഇന്നും അവയുടെ പേരിൽത്തന്നെ ഓർമ്മയിലടയാളപ്പെടുത്താൻ അയാളുടെ സോ-കോൾഡ് ‘മോഹൻലാലാവലിന്’കഴിയുന്നുണ്ടെങ്കിൽ എന്തുമാത്രം ഡീപ് റൂട്ടഡാണ് മോഹൻലാലെന്ന സ്ക്രീൻഫിഗറിൽ മലയാളിയുടെ നാട്യശീലങ്ങളെന്ന് അതിശയിക്കാനേ കഴിയൂ.93 ലെ മോഹൻലാൽ അതിനടിവരയിടുന്നു.ആ വർഷം 8 ലാൽ ചിത്രങ്ങളാണ് വന്നത്. ഈ 8 ചിത്രങ്ങളിലൊന്നിൽ പോലും മോഹൻലാലിന് എക്സ്പ്ലിസിറ്റായിട്ടുള്ള ഒരു ഗെറ്റപ്പ് ചേഞ്ച് ഉണ്ടായിട്ടില്ല എന്നതാണ് അത്ഭുതകരം.മിഥുനത്തിലെ സേതുവിന്റെ മുഖത്തു നിന്നും ആ കണ്ണടയുടെ ഫ്രെയിം ഒന്നു മാറ്റിയാൽ മണിച്ചിത്രത്താഴിലെ സണ്ണിയെക്കാണാം.ആ കണ്ണടയൊന്നൂരിയാൽ കളിപ്പാട്ടത്തിലെ വേണുവിനെയും,മുടിയൊരൽപ്പം നീട്ടിയാൽ ഗാന്ധർവ്വത്തിലെ സാമിനെ/മായാമയൂരത്തിലെ നരേന്ദ്രനെയും കാണാം.മുഖത്തൊരു ചെറിയ വെട്ടിന്റെ പാടിനാൽ ചെങ്കോലിനെ സേതുവിനെക്കാണാം.എന്നിട്ടും അവരൊക്കെത്തമ്മിൽ എത്ര മാത്രം ദൂരമാണ്!!മോഹൻലാൽ അയാൾക്കുമാത്രം പ്രാപ്യമായ ഒരു സോണിൽ അവരോധിതനാകുന്നത് പ്രതിഭയുടെ ഈ ധാരാളിത്തത്താലാണ്.
ഒരിക്കലെഴുതിയതു പോലെ ഈ പ്രപഞ്ചം നിറയെ അഭിനേതാക്കളുണ്ട്; അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി. ജീവിതത്തിലും, ഈ ലോകത്തിലും എന്നതു പോലെ അനിവാര്യമായ ഒരു കോസ്മിക് ബാലൻസ് അവരുടെയൊക്കെ അഭിനയശൈലിയിലുണ്ട്. അതങ്ങനെയേ വരാനും പാടുള്ളൂ എന്ന് നമ്മൾ ചിന്തിക്കുകയും ചെയ്യുന്നു.
അപ്പോഴാണ് അയാൾ ജനിക്കുന്നത്;മോഹൻലാൽ!സ്വതസിദ്ധമായ സ്വാഭാവികതയാൽ,പ്രപഞ്ച നിർമ്മിതമായ ആ കോസ്മിക് ബാലൻസിനെ അസ്ഥിരമാക്കുന്ന പ്രതിഭയാണ് ആ മനുഷ്യൻ.മറ്റഭിനേതാക്കൾ മുഴുവൻ സ്ഥിരതയെ പ്രതിനിധാനം ചെയ്യുമ്പോൾ, അപരിഷ്കൃതവും, അപ്രവചനീയവും,ചിലപ്പോഴൊക്കെയും ഉന്മാദിയുമായ അഭിനയ സങ്കേതത്താൽ അയാളാ സ്ഥിരതയെ വെല്ലുവിളിക്കുന്നു;മാതൃകകളില്ലാത്ത അഭിനയശൈലിയാൽ സമാന്തരമായൊരു അഭിനയ പ്രപഞ്ചം തന്നെ തീർക്കുന്നു. കഥാപാത്രം മോഹൻലാലായെന്ന കേവല ധാരണയാൽ നാമതിനെ വിലയിരുത്തുന്നു. കാലപ്പഴക്കത്തിനാലും, പ്രയോറിറ്റികളുടെ മാറ്റത്തിനാലും മോഹൻലാൽ ഇതൊക്കെ മറക്കുമ്പോഴും, അയാൾ പകർന്നാടിയ കഥാപാത്രങ്ങൾ അതൊക്കെയും ഓർമ്മകളിലേക്കൊഴുക്കി വിടുന്നു. അയാൾ സിനിമയിലെ റൂമിയാകുന്നു. നമ്മൾ പാപങ്ങളൊക്കെയും പൊറുക്കുന്നു. ചെരിഞ്ഞ തോളിലും, ഇറുകുന്ന കണ്ണിലും, ചിരിയിലും അലിയുന്നു.മുഖരാഗത്തിൽ മുഗ്ദ്ധരാകുന്നു. അമരന്മാരാകുന്നു.
സിനിമയിൽ എന്നെ എന്റർടെയിൻ ചെയ്തവർ ഒരുപാടുണ്ട്; അതിശയിപ്പിച്ചവരുമങ്ങനെത്തന്നെ.പക്ഷേ ആ വലിയ സ്ക്രീനിൽ നിന്നിറങ്ങി വന്ന് കൂടെക്കൂടിയത് ഇയാൾ മാത്രമാണ്. ചിരിക്കുമ്പോഴും, കരയുമ്പോഴും, പ്രണയിക്കുമ്പോഴുമൊക്കെ ഞാനിയാളെ പോലെയായി;അല്ല ഞാനിയാൾ തന്നെയായി.
വിസ്മയമാണ് മോഹൻലാലെനിക്ക്.കണ്ടു തീരാത്ത ചിത്രം പോലെ,കേട്ടു തീരാത്ത പാട്ടു പോലെ അയാളങ്ങനെ അനവദ്യമായി മനസ്സിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു.സിനിമയിൽ മാമോദീസ മുങ്ങിയ നാൾ മുതൽ സിരകളിലെ ഏറ്റവും ഭ്രാന്തമായ പ്രണയം അയാളോടായിരുന്നു.ഹർഷമായും,ഉന്മാദമായും,താപവർഷങ്ങളായും,പ്രണയഋതുക്കളായും അവയങ്ങനെ അയാളിലൂടെ എന്നെ ഞാനാക്കി.j