പുസ്തകം പോയിട്ട് പത്രം പോലും വായിക്കാത്ത, തന്റെ ജനപ്രീതിയോടൊട്ടും നീതി പുലർത്താതെ ജയറാമിനെപ്പോലെ കാലഹരണപ്പെട്ടൊരു നടൻ മലയാളത്തിൽ വേറേയില്ല.

541

Jithesh Mangalath എഴുതുന്നു

കുറച്ചു നാൾ മുമ്പ് സിനിമാപ്രേമിയായ ഒരു സുഹൃത്ത്, നടൻ വിജയ് സേതുപതിയെ രൂക്ഷമായി വിമർശിക്കുന്നതു കേട്ടു. മലയാളികളുടെ ഇടയിൽ തനിക്കുള്ള- മലയാളത്തിലെ അഭിനേതാക്കൾക്കു പോലും അസൂയ തോന്നുന്നത്ര തരത്തിലുള്ള-ജനപ്രീതിയോട് ഒട്ടും നീതി പുലർത്താതെ, ജയറാമിനെപ്പോലെയുള്ള കാലഹരണപ്പെട്ട ഒരു നടന്റെ സിനിമയിൽ അഭിനയിച്ചതിന്റെ പേരിലായിരുന്നു ആ വിമർശനം.നൂറു ശതമാനവും സത്യമായ വിമർശനം. ജയറാമിനെപ്പറ്റി വീണ്ടുമോർത്തു പോകുന്നു.

Jayaram (Actor) Age, Wife, Family, Biography & More - FamousJoyകുറച്ചുകാലം മുമ്പ് ,ഇന്ത്യാ ടുഡെയിൽ (എം.ജി.രാധാകൃഷ്ണനാണെന്നു തോന്നുന്നു)ജയറാമിനെപ്പറ്റി പേരു പറയാതെത്തന്നെ ഒരു സംഭവ കഥ വിവരിക്കുന്നുണ്ട്.തൊണ്ണൂറുകളിൽ ജയറാമിന്റെ പ്രതാപകാലത്തു നടന്നതാണ്.ഏറ്റവുമവസാനം വായിച്ച പുസ്തകമേതാണെന്ന് ചോദിച്ചപ്പോൾ, പുസ്തകം പോയിട്ട് പത്രം പോലും വായിച്ചിട്ട് കാലം കുറേയായെന്ന തരത്തിലായിരുന്നു നടന്റെ മറുപടി. ഒരു തരത്തിലും അപ്ഡേറ്റഡാവാത്ത ഒരഭിനേതാവെങ്ങനെയാണ് കലാകാരനായി ജീവിക്കുന്നതെന്ന അത്ഭുതം ലേഖകൻ പങ്കുവെക്കുന്നുണ്ട്. കഥയുടെ സത്യമെന്താണെങ്കിലും, അഭിനയ സങ്കേതത്തിലെങ്കിലും യാതൊരു തരത്തിലുള്ള അപ്ഡേഷനും തയ്യാറാവാത്ത നടനായിട്ടു മാത്രമേ ജയറാമിനെ അടയാളപ്പെടുത്താൻ കഴിയൂ.

പ്രവചനീയത ഇത്രമേൽ മുഖമുദ്രയാക്കിയിട്ടുള്ള മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. 89 ൽ അർത്ഥത്തിലും,99 ൽ ഫ്രണ്ട്സിലും, 2003 ൽ മനസ്സിനക്കരെയിലും, 2011 ൽ സ്വപ്ന സഞ്ചാരിയിലും അവതരിപ്പിച്ച അതേ വൈകാരികതകളാണ് 2019 ൽ ലോനപ്പന്റെ മാമോദീസയിലും, പ്രോഗ്രാം ചെയ്യപ്പെട്ട ഒരു യന്ത്രം ആവർത്തിക്കുന്നതു പോലെ ജയറാം ചെയ്യുന്നത്. ഒരു പ്രത്യേക കഥാസന്ദർഭത്തിൽ അയാളുടെ കഥാപാത്രത്തിന്റെ റിയാക്ഷൻ എങ്ങനെയായിരിക്കുമെന്നത് അത്രമേൽ പ്രവചനീയമായ ഒരു അഭിനയസങ്കേതമാണ് ഇക്കാലമത്രയും അയാൾ പിന്തുടരുന്നത്. സങ്കടം വരുമ്പോഴും, ചിരിക്കുമ്പോഴും,ശൃംഗരിക്കുമ്പോഴുമൊക്കെയുള്ള റിയാക്ഷനുകളൊക്കെയും തന്നെ ആവർത്തിക്കപ്പെടുന്നു.

Jayaram - Photos | Facebookസത്യൻ അന്തിക്കാട്-ശ്രീനിവാസൻ ചിത്രങ്ങളിൽ മോഹൻലാലിനുള്ളൊരു പകരക്കാരൻ എന്ന രീതിയിലാണ് ജയറാം മലയാള സിനിമയിൽ നിലയുറപ്പിക്കുന്നത്.മഴവിൽക്കാവടി,പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, സന്ദേശം തുടങ്ങി അന്നത്തെ സത്യൻ അന്തിക്കാടിന്റെ മോഹൻലാലിതര ചിത്രങ്ങളിലെയൊക്കെ സജീവ സാന്നിധ്യമായിരുന്നു അയാൾ.മോഹൻലാൽ തൊട്ടയൽപക്കക്കാരനായ ചെറുപ്പക്കാരനിൽ നിന്നും, സർവ്വശക്തനായ നായകനിലേക്ക് പ്രൊമോഷൻ വാങ്ങിപ്പോയപ്പോൾ ഒഴിവു വന്ന ആ പോസ്റ്റിൽ അയാൾ കയറിക്കൂടുകയായിരുന്നു.രാജസേനൻ, കമൽ, തുടങ്ങിയ തൊണ്ണൂറുകളിലെ ഹിറ്റ്മേക്കേഴ്‌സിന്റെ ഓട്ടോമാറ്റിക് ചോയ്സ് കൂടിയായി അയാൾ മാറിയതോടെ ആ സമയത്തെ മിനിമം ഗ്യാരന്റിയുള്ള നടൻ എന്ന ലേബൽ അയാൾക്കു പതിഞ്ഞു. ഓടിട്ട വീട്ടിൽ, ഒന്നോ രണ്ടോ പെങ്ങന്മാരും, അച്ഛനുമമ്മയുമായി, കുറേയേറെ പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതം അതൊക്കെയും പങ്കിട്ടെടുക്കുന്ന കാമുകിയുടെ കൂടെ അയാൾ അക്കാലങ്ങളിലൊക്കെ ജീവിച്ചു തീർത്തു.ഇനിയഥവാ കുറുമ്പു കാണിക്കുന്ന കാമുകിയാണെങ്കിൽ അവളെ പട്ടാഭിഷേകത്തിലെ നായകനെപ്പോലെ മെരുക്കി നിർത്തി. ശശിധരൻ ആറാട്ടുവഴിയും, രഘുനാഥ് പലേരിയും, റാഫി-മെക്കാർട്ടിൻ ടീമുമൊക്കെ രാജസേനൻ-ജയറാം കോമ്പിനേഷന്റെ കൂടെ വന്നപ്പോൾ സൂപ്പർഹിറ്റുകൾ തന്നു കൊണ്ടേയിരുന്നു.

ലാൽ- പ്രിയൻ ടീമുമായി ഇരുവരെയും താരതമ്യം ചെയ്യുന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ. അനിയൻ ബാവ ചേട്ടൻ ബാ‌വ, ആദ്യത്തെ കൺമണി എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം റാഫിയും മെക്കാർട്ടിനും സ്വതന്ത്ര സംവിധായകരാകാൻ തീരുമാനിച്ചത് ഏറ്റവുമാദ്യം പ്രതികൂലമായി ബാധിച്ചത് രാജസേനനെയാണ്. പിന്നീടങ്ങോട്ടു വന്ന സേനൻ ചിത്രങ്ങളൊക്കെ ( ഒരു പക്ഷേ കഥാനായകനൊഴിച്ച്) പഴയ കാല രാജസേനൻ ചിത്രങ്ങളുടെ നിഴൽ മാത്രമായിരുന്നു.

Actor Jayaram plays MLA in Bhagmatiറാഫി-മെക്കാർട്ടിൻ ടീം സ്വാഭാവികമായും തങ്ങളുടെ ആദ്യ രണ്ടു ചിത്രങ്ങളിലും നായകനാക്കിയത് ജയറാമിനെത്തന്നെയാണ്. പുതുക്കോട്ടയിലെ പുതുമണവാളനും, സൂപ്പർമാനും വിജയചിത്രങ്ങളാകുകയും ചെയ്തു. ഏതാണ്ടീ സമയമാകുമ്പോഴേക്കും രാജസേനൻ ചിത്രങ്ങളെ പ്രേക്ഷകർ കൈയൊഴിയാൻ തുടങ്ങിയിരുന്നു. ഒപ്പം അനിയത്തിപ്രാവിന്റെ ഗംഭീര വിജയം കമലിനെപോലെയുള്ള സംവിധായകരെ ക്യാമ്പസ് ഓറിയന്റഡ് ചിത്രങ്ങളെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.ഈ ഘട്ടത്തിൽ തന്നെയാണ് നായകറോളുകളിലേക്കുള്ള ദിലീപിന്റെ പരിണാമം സംഭവിക്കുന്നതും. പഞ്ചാബി ഹൗസിന്റെ അപ്രതീക്ഷിതമായ തകർപ്പൻ വിജയം, ജയറാമൊരിക്കൽ കുത്തകയാക്കി വെച്ചു കൊണ്ടിരുന്ന ഒരു സെഗ്മന്റഡ് ഓഡിയൻസിലേക്കുള്ള ദിലീപിന്റെ ആദ്യ അധിനിവേശമായിരുന്നു.എന്നാൽ 99 ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ടിപ്പിക്കൽ സത്യനന്തിക്കാട് ഫാമിലി ഡ്രാമയിലൂടെയും, ഫ്രണ്ട്സെന്ന ഔട്ട് & ഔട്ട് കോമഡി ചിത്രത്തിലൂടെയും ജയറാം തന്റെ പ്രതാപം തിരിച്ചു പിടിക്കുന്നത് കണ്ടു കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടവസാനിക്കുന്നത്.

എന്നാൽ പിന്നീടങ്ങോട്ട് അയാളുടെ കരിയറിൽ നിത്യസംഭവമായിത്തീർന്ന സ്ക്രിപ്റ്റ് സെലക്ഷനിലെ പാളിച്ചകൾ മുഴുവൻ ആദ്യമായി കണ്ടു കൊണ്ടാണ് പുതിയ നൂറ്റാണ്ട് പിറന്നത്. ഒരു വശത്ത് ദിലീപ് ജയറാമിന്റെ പ്രേക്ഷകരെ കൂടുതൽ കൂടുതൽ ആകർഷിക്കാൻ തുടങ്ങിയപ്പോൾ മറുവശത്ത് ജയറാം യാതൊരു മാനദണ്ഡങ്ങളുമില്ലാതെ നാറാണത്ത് തമ്പുരാൻ പോലെയുള്ള ചിത്രങ്ങൾ ചെയ്തു കൊണ്ടിരുന്നു. ജഗതി, ഒടുവിൽ, ശങ്കരാടി, മാമുക്കോയ, പപ്പു തുടങ്ങിയ അഭിനേതാക്കളുടെ കോമ്പിനേഷൻ ജയറാമിന്റെ വിജയചിത്രങ്ങളുടെ ഭാഗമായിരുന്നെങ്കിൽ ഇവരിൽ പലരുടെയും വിയോഗവും മറ്റാരേക്കാളും ജയറാമിനെ ബാധിച്ചു തുടങ്ങി.ദിലീപ്- ഹരിശ്രീ അശോകൻ – സലീംകുമാർ- കൊച്ചിൻ ഹനീഫ ടീമിന്റെ ഉദയം ദിലീപ് ചിത്രങ്ങൾക്ക് മേൽക്കൈ നൽകിത്തുടങ്ങി.മിനിമം ഗ്യാരന്റി നടൻ എന്ന പേര് പതുക്കെ മാഞ്ഞു തുടങ്ങുകയായിരുന്നു.

ഓടിട്ട വീടുകളിൽ നിന്നും, ഫ്ലാറ്റുകളിലേക്ക് മലയാള സിനിമ മാറിത്തുടങ്ങിയപ്പോൾ തിരിച്ചടി കിട്ടിയത് ജയറാം ചിത്രങ്ങൾക്കാണ്. മാറ്റങ്ങൾ ഉൾക്കൊള്ളാൻ അയാൾ ശ്രമിക്കാതിരുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. നായിക നടിമാരുമായുള്ള രസതന്ത്രം ജയറാമിന്റെ സിനിമകളിലെ നിർണായക ഘടകമായിരുന്നു. തുടക്കത്തിൽ ഉർവ്വശിയും പിന്നീട് മഞ്ജു വാര്യരും സമർത്ഥമായി ഫിൽ ചെയ്തിരുന്ന ആ റോൾ അവർക്കു ശേഷം വന്നവർക്കൊന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. തുടർച്ചയായി പരാജയങ്ങളേറ്റു വാങ്ങിയിട്ടും ഒരേ പാറ്റേണിൽ രാജസേനനും ജയറാമും ചിത്രങ്ങൾ ചെയ്തു കൊണ്ടേയിരുന്നു. നോവൽ, സൂര്യൻ, അഞ്ചിൽ ഒരാൾ അർജുനൻ തുടങ്ങി അന്ന് ജയറാം കൈ വെച്ച ചിത്രങ്ങളൊക്കെയും എട്ടു നിലയിൽ പൊട്ടുന്നവയായിരുന്നു. ഇടയ്ക്ക് രഹസ്യ പോലീസ് പോലെയുള്ള ചിത്രങ്ങളിലൂടെ കളം മാറ്റത്തിന് അയാൾ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

തിരിഞ്ഞു നോക്കുമ്പോൾ കാലഘട്ടത്തിനൊത്ത് സ്വയം നവീകരിക്കാൻ തയ്യാറാകാതിരുന്നത് തന്നെയാണ് ജയറാമിന്റെ ഇന്നത്തെയവസ്ഥയ്ക്ക് കാരണമെന്നു തോന്നുന്നു. ഒപ്പമുണ്ടായിരുന്ന മുകേഷും, സിദ്ദിഖുമൊക്കെ ബുദ്ധിപരമായി കളം മാറ്റിച്ചവിട്ടി.ദിലീപിനെപോലെയുള്ള നടന്മാർ പോലും പ്രേക്ഷകന്റെ മാറുന്ന രുചികൾ തിരിച്ചറിഞ്ഞു തുടങ്ങി.ജയറാമപ്പോഴും 90 കളിലാണ്; അവിടത്തെ പ്രാരാബ്ധങ്ങളിലും നാട്ടു വർത്തമാനങ്ങളിലുമാണ്. അയാൾ ഒരു റിപ് വാൻ വിങ്കിളാണ്. കഴിഞ്ഞു പോയ കാലം അയാളുടെ ഓർമ്മകളിലില്ല. അപ്പോഴും അയാളെ വെറുക്കാനാവുന്നില്ല. കാരണം ഒരിക്കലയാൾ തൊട്ടയൽപക്കക്കാരനായിരുന്നു. ജയറാം, ഇനി താങ്കൾ ഇങ്ങനെ” തിരിച്ചു വരണ്ട “

Advertisements