സ്വർണലത പാടിത്തീരാത്ത ഒരു വിഷാദ ഗീതമാണ്; അന്നുമിന്നും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
409 VIEWS

എഴുതിയത് : ജിതേഷ് മംഗലത്ത് 

ചില പാട്ടുകൾ ഓർമ്മിപ്പിക്കുന്നത് ജീവിതം തന്നെയാണ്..

കുറച്ചു കാലം മുമ്പ് ഒരു സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. ആൾ സാമാന്യത്തിലധികം മദ്യപിച്ചിട്ടുണ്ടായിരുന്നതു കൊണ്ടു തന്നെ സൂര്യനു താഴെയുള്ള സകലതിനെപ്പറ്റിയും സരസമായി വിവരിക്കുന്നുണ്ടായിരുന്നു. യാദൃശ്ചികമായാണ് സംഭാഷണം പാട്ടിലേക്കെത്തിയത്.”എടാ, ഏതെങ്കിലും പാട്ടു കേട്ട് നീ നിർത്താതെ കരഞ്ഞിട്ടുണ്ടോ? കണ്ണീന്ന് കണ്ണുനീർ വറ്റുന്നതു വരെ ? കുഞ്ഞുങ്ങളെപ്പോലെ ഏങ്ങലടിച്ച്??” ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി. അയാൾ തുടർന്നു.” എന്നാൽ ഞാൻ കരഞ്ഞിട്ടുണ്ട്. ഇപ്പോഴും ആ പാട്ടു കേട്ടാൽ കരയും. എപ്പോൾ കേട്ടാലും കരയുമെന്നാണ് എന്റെ തോന്നൽ”. ഏതാണാ പാട്ട്?! ഞാനത്ഭുതം കൂറി. അയാൾ രാവിന്റെ മാറിലേക്ക് നീട്ടിയൊരു കൂവൽ എറിഞ്ഞു കൊണ്ട് ഉറക്കെ ഇങ്ങനെ പാടി “പോരാലെ പൊന്നുത്തായി പൊലപൊല വേൺട്രു കണ്ണീർ വിട്ടു “. എ.ആർ.റഹ്മാന്റെ ഈണം. സ്വർണ്ണലതയുടെ ശബ്ദം. സ്വർഗം താഴെയിറങ്ങി വരുന്ന 296 മാത്രകൾ.

സ്വർണ്ണലത എന്ന പാട്ടുകാരി അന്നുമിന്നും ഒരു സമസ്യയാണ്. ഓർമ്മയിലൊരു വീഡിയോയിൽ പോലും അവരെ കണ്ടിട്ടില്ല. ഓഡിയോ കാസറ്റുകളുടെ പുറകുവശത്തെ തമ്പ് നെയിൽ ഇമേജുകളിൽ മാത്രമാണാ രൂപം കണ്ടിട്ടുള്ളത്. ബാക്കിയൊക്കെയും ശബ്ദമാണ്; ഇന്ദ്രിയങ്ങളെ അനുഭൂതിയുടെ ഇലവീഴാപൂഞ്ചിറയിൽ എത്തിക്കുന്ന നാദപ്രപഞ്ചം. സ്വർണ്ണലത ഒരു മലയാളിയാണ് എന്ന കാര്യം മിക്കവർക്കും അജ്ഞാതമാണ്. പാലക്കാട് ജില്ലയിലെ അത്തിക്കോടെന്ന ഗ്രാമത്തിൽ 1973 ൽ ജനിച്ച അവർ മൂന്നു വയസ്സു മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ടായിരുന്നു.അധികം വൈകാതെ അവർ കുടുംബത്തോടെ കർണ്ണാടകയിലെ ഷിമോഗയിലേക്ക് കുടിയേറി. സംഗീതം സ്വർണ്ണലതയ്ക്ക് ഒരു മാന്ത്രികതയായിരുന്നു. കൂടുതൽ അവസരങ്ങൾക്കായി ചെന്നൈയിലേക്ക് താമസം മാറ്റിയ സ്വർണ്ണലതയുടെ ജീവിതത്തിലെ ആദ്യത്തെ ബ്രേക്ക് ത്രൂ, മ്യൂസിക്കൽ ജീനിയസായ എം.എസ്.വിശ്വനാഥനു മുന്നിൽ പാടാൻ അവസരം കിട്ടിയതാണ്.എം.എസ്.വി തന്നെ ഈണം പകർന്ന ” നാളൈ ഇന്ത വേലൈ പാർത്തു ” എന്ന ഗാനം ആലപിച്ച സ്വർണ്ണലതയെ അദ്ദേഹം ചേർത്തു പിടിച്ച് ആനയിച്ചത് സിനിമാ സംഗീതത്തിന്റെ വിശാലമായ ലോകത്തേക്കാണ്.

1987 ൽ, തന്റെ പതിനാലാം വയസ്സിൽ നീതിക്കു ദണ്ഡനൈ എന്ന ചിത്രത്തിൽ ഭാരതിയാറിന്റെ “ചിന്നഞ്ചിറുകിളിയേ കണ്ണമ്മാ” എന്നു തുടങ്ങുന്ന കവിതയ്ക്ക് എം.എസ്.വി നൽകിയ ഈണത്തിന് ശബ്ദം നൽകിയാണ് സ്വർണ്ണലത അരങ്ങേറുന്നത്. യേശുദാസിനെപ്പോലെയൊരു ജീനിയസിന്റെ കൂടെ പാടുന്നതിന്റെ യാതൊരു ഭയപ്പാടും അവരുടെ ആലാപനത്തിലുണ്ടായിരുന്നില്ല. ഒരു പതിനാലുകാരി ഒരമ്മയുടെ ഭാവഹാവാദികൾ ശബ്ദത്തിലുൾക്കൊണ്ടു പാടുന്നതിന്റെ തരിപ്പ് അന്നാദ്യമായി അനുഭവിച്ചുവെന്ന് പിന്നീട് പറഞ്ഞ എം.എസ്.വി ഇത്രയും കൂടി കൂട്ടിച്ചേർത്തു” സ്വർണ്ണലത സ്വർഗം ഭൂമിക്കു നൽകിയ വരദാനമാണ്. അവളുടെ ശബ്ദത്തോളം വ്യത്യസ്തമായ ശബ്ദങ്ങൾ ഞാനധികം കേട്ടിട്ടില്ല”.

തൊട്ടടുത്ത വർഷം തന്നെ ഇളയരാജ സ്വർണ്ണലതയ്ക്ക് തന്റെ ആദ്യഗാനം സമ്മാനിച്ചു.ഗുരുശിഷ്യൻ എന്ന സിനിമയ്ക്കു വേണ്ടി ഒരു കാബറേ ഡാൻസിന്റെ പശ്ചാത്തലത്തിലൊരുക്കിയ “ഉത്തമ പുത്തിരി ഞാൻ ” എന്നു തുടങ്ങുന്ന ആ പെപ്പി നമ്പർ പിൽക്കാലത്ത് അവരെ പലരുടെയും ഫേവറിറ്റാക്കിയ സെഡക്ടീവ് റെൻഡറിംഗിന്റെ ആദ്യ പ്രദർശനമായിരുന്നു. ഒരിക്കൽ കൂടി വികാരത്തിന്റെ മറ്റൊരു ശബ്ദ രൂപത്തിലൂടെ സ്വർണ്ണലത നമ്മെ വിസ്മയിപ്പിച്ചു. തൊട്ടടുത്ത വർഷം ഇളയരാജയുടെ തന്നെ സംഗീത സംവിധാനത്തിൽ ക്ഷത്രിയൻ എന്ന ചിത്രത്തിനായി പാടിയ “മാലയിൽ യാരോ മനതോടു പേസാ ” എന്ന ഗാനമാണ് തമിഴ് സിനിമയിൽ സ്വർണ്ണലതയുടെ യുഗത്തിന് തുടക്കം കുറിക്കുന്നത്. ഗാനം നേടിയ ജനപ്രീതി അഭൂതപൂർവമായിരുന്നു. തമിഴകം മുഴുവൻ സ്വർണ്ണലതയുടെ ശബ്ദമാന്ത്രികതയിൽ അത്ഭുതം കൂറാൻ തുടങ്ങി.

1990ൽ ചിന്നതമ്പി എന്ന സിനിമയ്ക്കു വേണ്ടി പാടിയ “പൂവോമാ ” എന്ന പാട്ടും, ” നീ എങ്കേ ” എന്ന പാട്ടും ആ വർഷത്തെ ചാർട്ട്ബസ്റ്റേഴ്സായതിനൊപ്പം ആ വർഷത്തെ മികച്ച പിന്നണി ഗായികയ്ക്കുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡും സ്വർണലതയ്ക്ക് നേടിക്കൊടുത്തു. ആ ചിത്രത്തിലെ ഗാനങ്ങൾ ഖുഷ്ബു-സ്വർണലത കോമ്പോയുടെ ഉദയത്തിനും വഴി തെളിച്ചു. തൊട്ടടുത്ത വർഷം ഇളയരാജ- സ്വർണലത ടീം വീണ്ടും അത്ഭുതം സൃഷ്ടിച്ചു. ദളപതിക്കു വേണ്ടി എസ്.പി.ബിക്കൊപ്പം സ്വർണലത പാടിയ “രാക്കമ്മാ കയ്യത്തട്ട് ” എന്ന ഗാനം നേടിയ ജനപ്രീതി എല്ലാ അളവുകോലുകൾക്കുമപ്പുറത്തായിരുന്നു.2002 ൽ ബി.ബി.സി നടത്തിയ ഒരു സർവ്വേ പ്രകാരം ലോകത്തേറ്റവും പോപ്പുലറായ ഗാനങ്ങളിൽ നാലാം സ്ഥാനം ഈ ഗാനത്തിനായിരുന്നു.91 ൽ തന്നെ ക്യാപ്റ്റൻ പ്രഭാകർ എന്ന ചിത്രത്തിനായി ഇളയരാജയുടെ സംഗീത സംവിധാനത്തിൽ സ്വർണലത ആലപിച്ച “ആട്ടമാ തേരോട്ടമാ” എന്ന പെപ്പി നമ്പർ തമിഴ് സിനിമയിലെ ഫാസ്റ്റ് നമ്പറുകളുടെ കാര്യത്തിലെ ഒരു റഫറൻസ് മാർക്കായി പിന്നീട് മാറി. ഇത്ര സെഡക്റ്റീവായ ഒരു സ്ത്രീ ശബ്ദം അതിനു മുൻപോ പിൻപോ കേട്ടിട്ടില്ലെന്ന് ഗംഗൈ അമരൻ ഒരിടത്ത് നിരീക്ഷിക്കുന്നുണ്ട്. 90 കളിൽ ഇളയരാജയും സ്വർണലതയും ചേർന്നൊരുക്കിയ ഹിറ്റ് നമ്പറുകൾ അനവധിയാണ്.മാസിമാസം, ആളാന പൊണ്ണ് (ധർമദുരൈ), കുയിൽ പാട്ടു വന്താതെന്നാ(എൻ രാസാവിൻ മനസ്സിനിലെ), എന്നുള്ളേ എന്നുള്ളേ(വള്ളി), രാജാധിരാജ(മന്നൻ) തുടങ്ങിയവ അവയിൽ ചിലതു മാത്രം.

സ്വർണലതയുടെ കരിയറിലെ അടുത്ത ഘട്ടം- ഒരു പക്ഷേ ഏറ്റവും നിർണായകമായ ഘട്ടവും- തുടങ്ങുന്നത് റഹ്മാനെന്ന എക്സൻട്രിക് ജീനിയസിനെ കണ്ടുമുട്ടുന്നതോടെയാണ്. കോളിവുഡിലെ അക്കാലത്തെ ഏറ്റവും വലിയ സിംഗിംഗ് സെൻസേഷനായിരുന്നിട്ടും റഹ്മാൻ റോജയ്ക്കു വേണ്ടി സ്വർണലതയെ പരിഗണിച്ചിരുന്നില്ല. അന്നത് ഇൻഡസ്ട്രിയിലെ വലിയ വർത്തമാനവുമായിരുന്നു.എന്നാൽ ജന്റിൽമാനിലെ ” ഉസലാം പെട്ടി പെൺകുട്ടിയിലൂടെ ” തമിഴ് സിനിമാ സംഗീതത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നിന് തുടക്കം കുറിക്കപ്പെട്ടു.1994 ൽ പുറത്തിറങ്ങിയ കാതലനിലെ “മുക്കാലാ മുക്കാബലാ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഇന്ത്യൻ സിനിമാ സംഗീതത്തിന്റെ ഞരമ്പിൽ ഒരു ലഹരി പോലെ പടർന്നു പിടിച്ചു. സ്വർണലതയുടെ ശബ്ദത്തിലെ വ്യത്യസ്തത മുഴുവൻ ആവോളം ഊറ്റിയെടുത്ത ഗാനം കൂടിയായിരുന്നു അത്.അവരൊഴിച്ച് മറ്റാരെയും ആ ഗാനം പാടുന്നതായി സങ്കൽപ്പിക്കാൻ പോലും പറ്റില്ല.” ബദൽ നീ സൊല്ലു കാതലാ” എന്ന ഭാഗത്തൊക്കെ റെൻഡറിംഗ് യൂഫോർബിയ സൃഷ്ടിക്കപ്പെടുന്നുണ്ട്.

തൊട്ടടുത്ത വർഷം റഹ്മാന്റെ ഈണത്തിൽ രംഗീലക്കു വേണ്ടി പാടിയ “ഹെയ് രാമാ യേ ക്യാ ഹുവാ ” എന്ന ഗാനം എന്തുകൊണ്ടാണ് സ്വർണലത അവരുടെ ലീഗിലെ ഏറ്റവും മികച്ച പാട്ടുകാരിയാകുന്നതെന്ന് ഒരിക്കൽ കൂടി അടിവരയിട്ട നമ്പറാണ്. കൂടെ പാടിയ ഹരിഹരൻ അക്ഷരാർത്ഥത്തിൽ അവിടെ നിഷ്പ്രഭനാക്കപ്പെടുന്നുണ്ട്. പ്രണയവും, ദാഹവും ഒരു പോലെ ഇഴചേർന്നൊഴുകുന്നുണ്ട് അവരുടെ ആലാപനത്തിൽ. സ്വർണലതയുടെ ഗാനങ്ങളിൽ എന്റെ പേഴ്സണൽ ഫേവറിറ്റും മറ്റൊന്നല്ല.മലയാളത്തിൽ സ്വർണലതയുടെ ആദ്യത്തെ ശ്രദ്ധേയമായ ഗാനം പുറത്തിറങ്ങുന്നത് 1994ലാണ്. ഹൈവേക്കു വേണ്ടി എസ്. പി. വെങ്കിടേഷ് ഈണം പകർന്ന “ഒരു തരി കസ്തൂരി ” എന്ന ആ ഗാനം ഇന്നും ആരാധകരേറെയുള്ള പാട്ടാണ്. ആ വർഷം തന്നെ ജോൺസന്റെ സംഗീത സംവിധാനത്തിൽ സാദരം എന്ന സിനിമയ്ക്കായി “മധു ചന്ദ്രികേ ” എന്ന പാട്ട് അവർ പാടി.വിഷാദത്തിന്റെ ക്ലാസിക്കൽ എക്സിബിഷനായിരുന്നു ആ പാട്ട്. പിന്നീട് സ്വർണലതയ്ക്ക് മലയാളത്തിൽ ശ്രദ്ധേയമായ ഒരവസരം ലഭിക്കുന്നത് 1997ൽ വർണ്ണപ്പകിട്ടിനു വേണ്ടി വിദ്യാസാഗറൊരുക്കിയ “മാണിക്യക്കല്ലാൽ ” എന്ന ഗാനത്തിലൂടെയാണ്. പാട്ട് ഹിറ്റായെങ്കിലും ജന്മനാട് അവരെ കാര്യമായി ഗൗനിച്ചില്ല.ചിത്രയ്ക്കും, സുജാതയ്ക്കുമപ്പുറം മോളിവുഡ് അന്ന് മറ്റൊന്നും ചിന്തിച്ചിരുന്നില്ലെന്ന് വേണം കരുതാൻ.98 ൽ പഞ്ചാബി ഹൗസിലെ ” ബല്ലാ ബല്ലാ ബല്ലാരേ” സ്വർണലത പാടി ഹിറ്റാക്കിയ മറ്റൊരു പെപ്പി നമ്പറാണ്.99 ൽ സുരേഷ് പീറ്റേഴ്സിന്റെ തന്നെ “നന്ദലാലാ ഹേ നന്ദലാലാ ” ( ഇൻഡിപ്പെൻഡൻസ്) ടിപ്പിക്കൽ സ്വർണലത മീറ്ററിലുള്ള ഗാനമായിരുന്നു.2000 ലാണ് മലയാള സിനിമയിൽ സ്വർണലതയ്ക്ക് ഏറ്റവുമധികം അവസരം കിട്ടുന്നത്. കാട്ടുവള്ളി ഊഞ്ഞാലാട്ടാം(വിനയപൂർവ്വം വിദ്യാധരൻ), വാർതിങ്കൾ തെല്ലല്ലേ( ഡ്രീംസ്), കടമിഴിയിൽ കമലദളം( തെങ്കാശിപട്ടണം), അവ്വാ അവ്വാ (സത്യം ശിവം സുന്ദരം) തുടങ്ങിയ ഗാനങ്ങൾ ആ വർഷമാണ് അവർ പാടിയത്.2002 ൽ കുബേരനു വേണ്ടി ആലപിച്ച “മണിമുകിലേ ” ആണ് മലയാളത്തിൽ സ്വർണലതയുടെ അവസാനത്തെ ശ്രദ്ധേയമായ പാട്ട്.

2000 നു eശേഷം കേബിൾ ടെലിവിഷൻ ഇന്ത്യയിൽ ജനപ്രീതിയാർജിച്ചു തുടങ്ങിയ സമയത്താണ് സ്വർണലതയുടെ കരിയർ ഗ്രാഫ് താഴേക്ക് വീണു തുടങ്ങിയതെന്നത് വിചിത്രമായ ഒരു യാദൃശ്ചികതയാവാം.ക്യാമറയോട് ഒരിക്കലും സൗഹൃദം സ്ഥാപിക്കാൻ കഴിയാതിരുന്ന അവർ ഒരിക്കൽ പോലും ടെലിവിഷനെന്ന മീഡിയത്തിന് മുഖം കൊടുക്കാൻ ശ്രമിച്ചില്ല. ഒരു പബ്ലിക് സ്റ്റേജ് പ്രോഗ്രാമിനു പോലും അവർ തയ്യാറായിരുന്നതുമില്ല. വിമാനത്തിൽ സഞ്ചരിക്കുമ്പോഴുള്ള ശാരീരിക പ്രശ്നങ്ങൾ അവരുടെ കരിയറിനെ ശരിക്കും ബാധിച്ചു. നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിക്കുമ്പോഴും, ആഭരണങ്ങളോടും മേക്കപ്പിനോടും ഭ്രമം കാണിക്കുമ്പോഴും സ്വർണലത എപ്പോഴും ഏകാകിയായ ഒരു കുട്ടിയെയായിരുന്നു ഓർമ്മിപ്പിച്ചിരുന്നത്. പാടുമ്പോഴല്ലാതെ അവരുടെ ശബ്ദം ഉയർന്നു കേട്ടിരുന്നില്ല. ചിരി അവർക്ക് അന്യമായിരുന്നു. സ്വയം ഉള്ളിലേക്കൊതുങ്ങിക്കൂടിയ അവർക്ക് തൊണ്ടയിൽ സംഭവിച്ച അസുഖം തന്റെ കരിയറിനെയും, സന്തോഷത്തെയും, ജീവിതത്തെത്തന്നെയും കാർന്നെടുക്കുന്നത് വേദനയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. അസുഖമെന്തെന്ന് കണ്ടെത്താൻ ഡോക്ടർമാരെടുത്ത സമയം അവരെ ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത പോയന്റിലെത്തിച്ചു. ഒടുവിൽ 2010 ൽ, തന്റെ 37ാം വയസ്സിൽ അവർ അന്ത്യശ്വാസം വലിച്ചു;പാടിത്തീരാത്ത ഒരു മധുരഗീതം ബാക്കിയാക്കിക്കൊണ്ട്.

2003 ൽ എ.ആർ.റഹ്മാന്റെ “യൂണിറ്റി ഓഫ് ലൈറ്റ് ” എന്ന, അർബുദ രോഗികളായ കുഞ്ഞുങ്ങളെ സഹായിക്കാനായയി ചെയ്ത സ്റ്റേജ് ഷോയിൽ “പോരാലെ പൊന്നുത്തായി പൊലപൊല വേൺട്രു കണ്ണീർ വിട്ടു “പാടിയവസാനിപ്പിച്ച ശേഷം അവരിങ്ങനെ പറഞ്ഞു “ഈ കുട്ടികൾക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു”. അവർക്കത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞു. പക്ഷേ അവരാൽ ആനന്ദിക്കപ്പെട്ട നമുക്കോ?ആ തൊണ്ടയെ ബാധിച്ച അസുഖത്തോട് അവർ പൊരുതിക്കൊണ്ടിരുന്ന കാലത്ത് ഓർമ്മയിൽ പോലും അവരില്ലായിരുന്നു. നാമത്ര മേൽ നന്ദികെട്ട ആൾക്കാരായിരുന്നു.
സ്വർണലത പാടിത്തീരാത്ത ഒരു വിഷാദ ഗീതമാണ്; അന്നുമിന്നും.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്