സംഭാഷണങ്ങളിലെ താളം ശ്രദ്ധിക്കുന്നത് ഭയങ്കര രസമാണ്; പ്രത്യേകിച്ചും സിനിമാ സംഭാഷണങ്ങളിലെ.വേണമെന്നു വെച്ചിട്ടാണെങ്കിലും,അല്ലെങ്കിലും ആ താളം ചിലർക്കൊരു സിഗ്നേച്ചർ പോലെയാണ്. ചില എഴുത്തുകാർ ചില അഭിനേതാക്കൾക്കു വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ സംഭാഷണങ്ങളിൽ അവരുടെ ഒരു റിഥമിക് സിഗ്നേച്ചർ അടയാളപ്പെടുത്തി വെക്കുന്നതു പോലെ തോന്നിയിട്ടുണ്ട്.ഉദാഹരണത്തിന് രഞ്ജി പണിക്കർ സുരേഷ് ഗോപിക്കു വേണ്ടി എഴുതുമ്പോൾ ആ സംഭാഷണങ്ങൾക്കൊരു പ്രത്യേക താളമാണ്.അങ്ങനെയൊരു താളാത്മകത ഏറ്റവും ലൗഡായും,അതേ സമയം തന്നെ സുന്ദരമായും കണ്ടിട്ടുള്ള ഒരു റൈറ്റർ-ആക്ടർ കോമ്പിനേഷനാണ് രഞ്ജിത്തിന്റേതും,മോഹൻലാലിന്റേതും.ഘനമേറിയ ഒരുപിടി കഥാപാത്രങ്ങൾ രഞ്ജിത്ത് മമ്മൂട്ടിക്ക് നൽകിയിട്ടുണ്ടെങ്കിലും കൊമേഴ്സ്യൽ മോളിവുഡ് ഏറ്റവുമധികം ആഘോഷിച്ചിട്ടുള്ളത് അയാൾ ലാലിനായി നൽകിയിട്ടുള്ള കഥാപാത്രങ്ങളെയായിരിക്കണം.
അതിഭാവുകത്വം കലർന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിനു മുൻപെ മോഹൻലാലിനായി രഞ്ജിത്ത് എഴുതിയിട്ടുള്ള മികച്ച സിനിമകളിലൊന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത മായാമയൂരം. രഞ്ജിത്തിന്റെ രചനയിലെ ഡയലക്ടൽ മ്യൂസിക്കിന്റെ ഒരു തുടക്കമായി അതിനെ കണക്കാക്കാം.നരേന്ദ്രനായും,ഉണ്ണിയായും പകർന്നാടുമ്പോൾ മോഹൻലാൽ സംഗീതം പോലുച്ചരിക്കുന്ന ഒരുപിടി നല്ല ഡയലോഗുകളുണ്ട് മായാമയൂരത്തിൽ.നരേന്ദ്രൻ നന്ദയോട് പ്രണയം പ്രകടിപ്പിക്കുന്ന സംഭാഷണവിന്യാസത്തിൽ അത് പ്രകടമാണ്.രണ്ടു വരകൾക്കുള്ളിൽ ഒതുക്കിയിടുന്ന വൈകാരിക പ്രകടനങ്ങളിൽ നിന്നു വ്യത്യസ്തമായ ഒരു റിഥമിക് ഫ്ലോ അതിനുണ്ടായിരുന്നു.പോയറ്റിക്കായിട്ട് പറഞ്ഞു കഴിഞ്ഞ് ഒടുവിൽ രണ്ടു തവണയായി അയാൾ ഓക്കേയെന്നു പറഞ്ഞവസാനിപ്പിക്കുന്നിടത്ത് ആ മൊത്തം സീനിന് കിട്ടുന്ന ഒരു എലിവേഷനുണ്ട്; അത് പറഞ്ഞറിയിക്ക വയ്യ.അങ്ങേയറ്റം എക്സ്റ്റസിക്കായ ഒരു റിലേഷൻഷിപ്പ് പോർട്രെയലുള്ള അതേ ചിത്രത്തിൽ തന്നെയാണ് ഉണ്ണിയും ഭദ്രയും പ്രണയം പങ്കു വെക്കുന്ന രംഗവും ഉള്ളതെന്നതാണ് മറ്റൊരത്ഭുതം.ഇവിടെയും ഉച്ചാരണത്തിലെ താളാത്മകത സംഭാഷണത്തിന് മാറ്റ് കൂട്ടുന്നുണ്ട്.”പടിയ്ക്കപ്പുറത്തേക്കുള്ള ലോകത്തേക്ക് നിന്നെ ഞാൻ തനിച്ചയക്കുമോ?”എന്നു പറയുന്നിടത്തുള്ള ഒരുറപ്പ് നേരത്തെ നരേന്ദ്രൻ റിഫ്ലക്ട് ചെയ്യുന്ന റൊമാന്റിസത്തിൽ നിന്നും കാതങ്ങൾ അകലെയാണ്.
ദേവാസുരത്തിലെത്തുമ്പോഴാണ് മോഹൻലാൽ എന്ന നടന്റെ മീറ്ററിലുള്ള സംഭാഷണങ്ങൾ ടെയ്ലർ മെയ്ഡായി രഞ്ജിത്തിൽ നിന്നും പൂർണാർത്ഥത്തിൽ ജനിച്ചു തുടങ്ങുന്നത്.പിന്നീടൊരിക്കൽ വളരെ ബുക്കിഷായി എഴുതപ്പെട്ടതാണ് ദേവാസുരത്തിലെ സംഭാഷണങ്ങളെന്ന് രഞ്ജിത്ത് പശ്ചാത്തപിക്കുന്നുണ്ടെങ്കിലും സംഭാഷണ ശൈലിയുടെ വാർപ്പു മാതൃകകളെ പാടെ നിരാകരിക്കാൻ അതിലെ ഡയലോഗുകൾക്കായിട്ടുണ്ട്. പോലീസുകാരനെ ഭീഷണിപ്പെടുത്തുന്നിടത്ത് ഈയൊരു ‘സ്ട്രക്ചറൽ ഡീ കൺസ്ട്രക്ഷൻ’ അനുഭവപ്പെടാറുണ്ട്.” മടിക്കില്ല കേട്ടോ.പുതിയ ആളായതോണ്ടാ.ഇവിടെ ചോദിച്ചാൽ മതി”എന്ന സംഭാഷണത്തിന്റെ സ്ട്രക്ചർ സാമ്പ്രദായിക സിനിമാസംഭാഷണത്തിന്റെ സ്ട്രക്ചറൽ ഓർഡറിലല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ലാലിന്റെ താളത്തിനൊത്ത് ബോധപൂർവ്വമായോ,അല്ലാതെയോ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു സംഭാഷണ ശൈലി.അത് ഒരു പരിമിതിയാകാതെ ആഘോഷിക്കപ്പെടാൻ കാരണം ഒരു പക്ഷേ ലാലിന്റെ ശരീരത്തിലെ അന്തർലീനമായ താളബോധമാകാം. അയാൾ ശരീരം കൊണ്ടു പോലും ബ്രേക്ക് ചെയ്തിട്ടുള്ള പലവിധ മാമൂലുകൾ പോലെയായിരിക്കാം ഇത്തരമൊരു സ്ട്രക്ചറൽ ഡീ കൺസ്ട്രക്ഷനും സംഭവിച്ചിട്ടുള്ളത്.ദീർഘമായ സംഭാഷണശകലങ്ങളെ വെട്ടി മുറിച്ച് ലാലിന്റെ സിഗ്നേച്ചർ ശൈലിയിലുള്ള താളത്തിലേക്ക് സന്നിവേശിച്ചിട്ടുള്ള സന്ദർഭങ്ങൾ ദേവാസുരത്തിൽ നിരവധിയാണ്.”ഇതെന്റെ മരണമാണ്;മംഗലശ്ശേരി നീലകണ്ഠന്റെ മരണം” എന്ന് ലാൽ പറയുന്ന ഭാഗത്ത് ആദ്യത്തെയും,രണ്ടാമത്തെയും വരികൾ ഉച്ചരിക്കുന്നയിടത്തുള്ള ടോൺഷിഫ്റ്റ് എനിക്ക് രണ്ട് കാലങ്ങളിലായി ആലപിക്കപ്പെടുന്ന ഒരു കർണാട്ടിക് മ്യൂസിക്കൽ ബിറ്റായാണ് തോന്നാറുള്ളത്.വല്ലാത്തൊരു വശ്യതയുണ്ട്, നെഞ്ചു കുത്തിക്കീറുന്ന ആ മൂർച്ചയ്ക്കും.” എനിക്ക്, എനിക്ക് എനിക്ക് വെറുപ്പാണ്” എന്നു പറഞ്ഞ് അവസാനിപ്പിക്കുമ്പോഴും ആരോഹണാവരോഹണങ്ങളുടെ ഒരു സംഗീതഛവി അനുഭവപ്പെടും.
ആറാം തമ്പുരാനിലെത്തുമ്പോഴേക്കും കഥാപാത്രങ്ങളുടെ ആഴത്തിന് സാരമായ കുറവുകൾ സംഭവിക്കുന്നുണ്ടെങ്കിൽ നേരത്തെ പറഞ്ഞ സംഭാഷണങ്ങളിലെ റിഥമിക് ഫ്ലോ കുറച്ചു കൂടി പ്രത്യക്ഷമാകുന്നുണ്ട് ജഗന്നാഥനിൽ. “മനുഷ്യൻ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും”എന്നു തുടങ്ങുന്ന രഞ്ജിത്തിന്റെ ടിപ്പിക്കൽ ഫിലോസഫിക് സ്പീച്ചിലും, ഈയൊരു സിഗ്നേച്ചർ മ്യൂസിക് ദൃശ്യമാണ്.”ബുദ്ധനും ശങ്കരനും, അവർ തേടിയതും ഇതേ ചോദ്യത്തിനുള്ള ഉത്തരം” എന്നു പറയുന്നിടത്ത് താളത്തിന്റെയും, റീസ്ട്രകചറിംഗിന്റെയും ഒരു മാസ്റ്റർ ക്ലാസ് എക്സിബിഷനാണ്.മോഹൻലാലിന്റെ ആ സമയത്തെ ശരീരഭാഷ തന്നെ സംഭാഷണത്തേക്കാൾ ഗാനത്തോടടുത്തു നിൽക്കുന്ന ഒന്നാണ്. വിന്റേജ് രഞ്ജിത്തിന്റെ ഡയലോഗ് ഡെലിവറിയിൽ അയാൾ പറയുകയായിരുന്നില്ല; പാടുകയായിരുന്നു.
രാവണപ്രഭുവിലെ മഴ നനഞ്ഞുള്ള പ്രണയരംഗത്തിലെ ശബ്ദതാളം വ്യക്തിപരമായി എനിക്കേറെ പ്രിയപ്പെട്ടതാണ്.”ഇന്ദ്രനീലശോഭയാർന്ന ആകാശവീഥിയിൽ ഒരു പുഷ്പകവിമാനം പ്രത്യക്ഷപ്പെട്ടെങ്കിൽ.ഇവളൊഴികെ മറ്റെന്തും മനസ്സിൽ നിന്ന് മാഞ്ഞു പോയിരുന്നെങ്കിൽ”ഇങ്ങനെയൊന്നും ജീവിതത്തിൽ ആരും പറയില്ലായിരിക്കും. പക്ഷേ ആ ഡയലോഗുകൾ ലാൽ മീറ്ററിൽ കേൾക്കുന്നത് അത്ര മേൽ സമ്മോഹനമാണ്.സത്യത്തിൽ ഈ സംഭാഷണത്തിൽ നിന്നും ” അറിയാതെ അറിയാതെ” എന്ന പാട്ടിലേക്കെത്തിപ്പെടുന്നതിലും മനോഹരമായി ഒരു പാട്ടു സീനും മോളിവുഡിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നു തോന്നിയിട്ടുണ്ട്.അത്ര മേൽ സ്വാഭാവികമായിരുന്നു ആ ട്രാൻസിഷൻ. ചന്ദ്രോത്സവവും,ശ്രീഹരിയും ആ വിന്റേജ് രഞ്ജിത്ത് -ലാൽ കോമ്പിനേഷനിലേക്കുള്ള ഒരു റീ വിസിറ്റായിരുന്നു.വശ്യത അതിന്റെ പൂർണ്ണതയിലെത്തുന്ന പല സംഭാഷണങ്ങളുമുണ്ടീ ചിത്രത്തിൽ.”ഒരാളെപ്പോലെ ഒരാൾ മാത്രമേ ഉള്ളൂ” എന്നു പറയുന്നിടത്ത് അർദ്ധ മാത്രകളിൽ കരൾ കൊളുത്തി വലിക്കുന്ന,സുഖവും ദു:ഖവുമൊരേ സമയം നൽകുന്ന ഒരു പാത്തോസ് ബിറ്റാണെങ്കിൽ അതാവോളം മുകരാൻ അനുവദിക്കുന്ന രംഗമാണ് ശ്രീഹരി അയാളുടെ പ്രണയം കൂട്ടുകാരോട് പങ്കു വെക്കുമ്പോഴുള്ളത്.ഇനിയൊരവസരമില്ലെന്നു കരുതി ലാലും,രഞ്ജിത്തും ചേർന്ന് അത്രമേൽ മദിപ്പിക്കുന്ന ഒരു പഴച്ചാറാണ് ആ രണ്ടു മിനിട്ട് കൊണ്ടൊരുക്കുന്നത്.
ശബ്ദങ്ങൾ സംഗീതമാകുമെന്ന് കാവ്യാത്മകമായി പറയാറുണ്ടെങ്കിലും,അത് സത്യത്തോട് വളരെ അടുത്തു നിൽക്കാറുണ്ട് രഞ്ജിത്ത് മോഹൻലാലിനായി എഴുതുമ്പോൾ എന്ന് തോന്നിപ്പോകാറുണ്ട്. അവരുടെ ഓരോ സിനിമ കാണുമ്പോഴും “അറ്റ്ലീസ്റ് ഫോർ വൺ ലാസ്റ്റ് ടൈം” ഒന്നിക്കൂ എന്ന് പ്രാർത്ഥിക്കാറുമുണ്ട്.രഞ്ജിത്ത്-മോഹൻലാൽ കോമ്പിനേഷൻ