സാബ് ജോൺ; സ്വന്തം തിരക്കഥയിൽ പലവട്ടം കയറി വരുന്ന ട്വിസ്റ്റുകളെ പോലെ അയാൾ ഏതോ ശൂന്യതയിലേക്ക് മറഞ്ഞു പോയി

412

Jithesh Mangalath

പത്തിരുപതു കൊല്ലം മുമ്പുള്ള ഒരോണക്കാലം.മലയാള സിനിമയെ ഫോക്കസ് ചെയ്തു കൊണ്ടുള്ള ഒരു സ്പെഷ്യൽ എഡിഷൻ ഔട്ട്ലുക്ക് മാസികയുടേതായി വന്നു.അതിൽ, പ്രമുഖരായ പല ചലച്ചിത്ര പ്രവർത്തകരും അവരേറ്റവുമിഷ്ടപ്പെടുന്ന അഞ്ച് വർക്കുകളുടെ കാര്യം വെളിപ്പെടുത്തുന്ന ഒരു കോളമുണ്ടായിരുന്നു. അന്ന് അടൂർ ഗോപാലകൃഷ്ണനും, ഡെറിക് മാൽക്കമും തെരഞ്ഞെടുത്ത, തിരക്കഥകളുടെ ലിസ്റ്റിൽ രണ്ടെണ്ണം പൊതുവായിരുന്നു.ആദ്യത്തേത് പൊന്മുട്ടയിടുന്ന താറാവ്.രണ്ടാമത്തേത് ചാണക്യൻ. ചാണക്യൻ ടി.കെ.രാജീവ് കുമാറിന്റെ സിനിമയാണെന്നും ലക്ഷണമൊത്ത ഒരു ത്രില്ലറാണെന്നുമുള്ള ബോധത്തിനപ്പുറം അതിന്റെ തിരക്കഥാകൃത്താരാണെന്ന് അതുവരെ അന്വേഷിച്ചിട്ടുണ്ടായിരുന്നില്ല.

ജോൺ എടത്തട്ടിൽ എന്ന പേര് എത്ര സിനിമാസ്വാദകർക്ക് പരിചിതമാണെന്നറിയില്ല.സാബ് ജോൺ എന്ന തിരക്കഥാകൃത്തിനെക്കുറിച്ച് പക്ഷേ ചിലർക്കെങ്കിലും അറിയാമായിരിക്കും.കഴിഞ്ഞ ദിവസം സിനിമയിഷ്ടപ്പെടുന്ന, അത്യാവശ്യം ഗൗരവത്തോടെ അതിനെ ഫോളോ ചെയ്യുന്ന ഒരു കൂട്ടുകാരനോട് സാബ് ജോണിനെപ്പറ്റി പറഞ്ഞപ്പോൾ “ആ ബാബു ആന്റണീടെ രണ്ടു മൂന്ന് അടിപ്പടങ്ങൾക്ക് സ്ക്രിപ്റ്റെഴുതിയ ആളല്ലേ?” എന്ന മറുപടിയാണ് കിട്ടിയത്.തന്റെ മുപ്പത്തിയൊന്നാമത്തെ വയസ്സിൽ ചാണക്യനെപ്പോലെ ബ്രില്യന്റായ ഒരു ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് സാബ് ജോൺ മലയാളത്തിൽ ഹരിശ്രീ കുറിച്ചതെന്ന കാര്യം പലർക്കും അജ്ഞാതമാണ്. പ്രതികാരം എന്ന ആശയം ആ ഒരു കാലത്ത് അത്രയും പുതുമയോടെ അത്തരമൊരു തിരക്കഥ അസാമാന്യമായ പേസിൽ അയാളൊരുക്കിയപ്പോൾ മോളിവുഡിന് എണ്ണം പറഞ്ഞൊരു തിരക്കഥാകൃത്തിനെ ലഭിച്ചെന്നായിരുന്നു ട്രേഡ് പണ്ഡിറ്റുകളുടെ മുഴുവൻ വിലയിരുത്തൽ.

നവോദയയുടെ ബാനർ കണ്ടെത്തിയ തിരക്കഥാകൃത്ത് എന്ന പരിഗണനയ്ക്കുമപ്പുറം ഉള്ളിൽ കത്തുന്ന തീയുമായി നടക്കുന്ന എഴുത്തുകാരൻ എന്ന നിലയ്ക്കാണ് കമലഹാസൻ സാബ് ജോണിനെ കണ്ടത്. കമലിന്റെ കഥാപാത്രത്തെ പൊലിപ്പിക്കുവാനുള്ള അഭ്യർത്ഥനയെ, കഥ കൊണ്ടു തന്നെ പൊലിപ്പിക്കപ്പെട്ടതാണാ കഥാപാത്രമെന്ന വാശി കലർന്ന മറുപടിയാൽ ധിക്കരിക്കത്തക്ക ആത്മബലമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു സാബെന്ന് രാജീവ് കുമാർ ഓർത്തെടുക്കുന്നുണ്ട്. ക്രിട്ടിക്കൽ ആംഗിളിൽ ചാണക്യൻ ഒരുപാട് പ്രശംസകൾ വാരിക്കൂട്ടിയെങ്കിലും ബോക്സ് ഓഫീസിൽ അത് കാര്യമായി പ്രതിഫലിച്ചില്ല.

1990 ൽ സംഗീത് ശിവൻ ആദ്യമായി സംവിധായകനായ വ്യൂഹം എന്ന ആക്ഷൻ ചിത്രത്തിന് സാബ് ജോൺ രചന നിർവഹിച്ചു. മെൽ ഗിബ്സന്റെ ലെതൽ വെപ്പൺ എന്ന ഹോളിവുഡ് ത്രില്ലറിന്റെ സ്വതന്ത്ര പുനരാഖ്യാനമായിരുന്നു രഘുവരനും, സുകുമാരനും മുഖ്യ വേഷങ്ങളവതരിപ്പിച്ച വ്യൂഹത്തിന്റേത്.ഒരിക്കൽ കൂടി പ്ലോട്ട് സെൻട്രിക്കായ ആഖ്യാനശൈലിയാൽ സാബ് ജോൺ കയ്യടി നേടി. സാങ്കേതികത്തികവിൽ അന്നത്തെ മലയാള സിനിമയ്ക്ക് കാതങ്ങൾ മുന്നിലായിരുന്നു വ്യൂഹം. അത്ര മോശമല്ലാത്ത തിയേറ്റർ കളക്ഷനും ചിത്രം നേടിയിരുന്നു. ആ വർഷം തന്നെ ടി.കെ.രാജീവ് കുമാറിന്റെ തന്നെ ക്ഷണക്കത്തെന്ന മ്യൂസിക്കൽ റൊമാൻറിക് ഫിലിമിനും സാബ് രചന നിർവഹിച്ചിരുന്നു. ട്രെൻഡ് സെറ്റിംഗ് ഗാനങ്ങളുണ്ടായിട്ടും ചിത്രം ബോക്സ് ഓഫീസിൽ രക്ഷപ്പെട്ടില്ല.പക്ഷേ വ്യത്യസ്തമായ തീമുകൾ തേടിയുള്ള സാബിന്റെ യാത്രകൾ പലരും വിസ്മയത്തോടെ കാണാൻ തുടങ്ങിയിരുന്നു. അതിലെ ആദ്യ പേരുകാരിലൊരാളായിരുന്നു കമലഹാസൻ.

1991ലാണ് സാബ് ജോൺ തന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവിന് സാക്ഷ്യം വഹിക്കുന്നത്. കമലഹാസനെ നായകനാക്കി സന്താനഭാരതി സംവിധാനം ചെയ്ത ഗുണ എന്ന ചിത്രത്തിന് അയാൾ തിരക്കഥ രചിക്കുന്നത് ആ വർഷമാണ്. ടൈ മീ അപ് ടൈ മീ ഡൗൺ എന്ന സ്പാനിഷ് ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഗുണ എഴുതപ്പെട്ടിരിക്കുന്നത്. അത്ര മേൽ മികച്ച രീതിയിൽ എഴുതപ്പെട്ടിട്ടും, അത്രമേൽ ഹൃദയസ്പൃക്കാം വിധം കമൽ അതിനെ അവതരിപ്പിച്ചിട്ടും, ഇളയരാജയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ അകമ്പടിയുണ്ടായിട്ടും ബോക്സ് ഓഫീസിൽ തകർന്നു വീഴാനായിരുന്നു ചിത്രത്തിന്റെ വിധി.മണിരത്നം – രജനീകാന്ത് ടീമിന്റെ ദളപതിയായിരുന്നു ആ ദീപാവലി വിന്നർ എന്നത് മറ്റൊരു കൗതുകം. ഗുണ ഒരേ സമയം ആകാശവും ഭൂമിയും തൊടുന്ന അനുഭൂതിയായിരുന്നു. ഗുണ ആദ്യമായി അഭിരാമിയെ കണ്ടുമുട്ടുന്ന രംഗമൊന്നോർത്താൽ അത് കൃത്യമായി മനസ്സിലാകും.ഇളയരാജയും, യേശുദാസും ചേർന്നൊരുക്കുന്ന മായിക പ്രപഞ്ചത്തിൽ പാർത്ത വിഴി എന്ന നിത്യഹരിത ഗാനത്തിന്റെ പശ്ചാത്തലത്തിലാണാ കണ്ടുമുട്ടൽ. അതേ സമയം തൊട്ടടുത്ത രംഗത്തെ സ്വാഭാവികതയാൽ ഇങ്ങേയറ്റം തൊടാനും തിരക്കഥയ്ക്കു കഴിയുന്നുണ്ട്.സട്ടിലായ ഒരു പാട് സിനിമാറ്റിക് നിമിഷങ്ങളും ഗുണ നൽകുന്നുണ്ട്. അഭിരാമിയെ കാണുന്നതിന് മുമ്പ് ഗുണ കാണുന്ന സൈൻ ബോർഡും, ഒരു ചർച്ചിലേക്ക് അഭിരാമി ഓടിക്കയറുമ്പോൾ പൊട്ടിയ ചില്ലിലൂടെ അവളുടെ മുഖത്തേക്ക് അരിച്ചെത്തുന്ന അഭൗമ പ്രകാശത്തിൽ അവളെ ദേവതയായി തിരിച്ചറിയുന്ന ഗുണയുടെ ഷോട്ടും അതിനുത്തമ ഉദാഹരണങ്ങളാണ്.പിന്നെ ഗുണയെ എന്നെന്നേക്കും അനശ്വരമാക്കിയ ” കണ്മണീ അൻപോടു ” ഗാനത്തിന്റെ പ്ലേസിംഗും,ഒരൊറ്റ ഗുഹക്കുളളിൽ വെച്ചുള്ള അതിന്റെ ചിത്രീകരണവും. തമിഴ് സാഹിത്യ കൽപ്പനകൾ പ്രകാരം ഗുഹ എന്നത് ഒരു ജീവിതത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള വഴി എന്നു കൂടി ചേർത്തുവായിക്കുമ്പോൾ ഗുണ തൊണ്ണൂറുകളിലെ ഏറ്റവുമാഴത്തിൽ വായിക്കപ്പെടേണ്ട തിരക്കഥകളിലൊന്നായി മാറുന്നു.

1992 ൽ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വിജി തമ്പിയൊരുക്കിയ സൂര്യമാനസത്തിലൂടെ അയാൾ വീണ്ടും മോളിവുഡിലേക്ക് തിരിച്ചെത്തി.മമ്മൂട്ടി കരിയറിലെ ഏറ്റവും അവിസ്മരണീയമായ പ്രകടനങ്ങളിലൊന്ന് കാഴ്ച്ച വെച്ചെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം വൻ പരാജയമായി. കമേഴ്സ്യൽ സൂപ്പർ ഹിറ്റ് നൽകാനറിയാത്ത എഴുത്തുകാരൻ എന്ന ‘ചീത്തപ്പേര് ‘ പതുക്കെ അയാൾക്ക് ചാർത്തിക്കിട്ടുകയായിരുന്നു. തൊട്ടടുത്ത വർഷങ്ങളിലൊന്നും വലിയ ബാനറുകളുടെയോ, താരങ്ങളുടെയോ കൂടെ അയാളെ കണ്ടില്ല. വ്യക്തി ജീവിതത്തിലെ നഷ്ടങ്ങൾ അയാളെ കൂടുതൽ ഏകാകിയാക്കി.ഗാന്ധാരി, ഭരണകൂടം, ദാദ തുടങ്ങിയ ലോ പ്രൊഫൈൽ ചിത്രങ്ങളിലാണ് പിന്നീട് കുറേക്കാലം അയാളെ കണ്ടത്.ജയരാജിനൊപ്പം ചെയ്ത ഹൈവേയും അയാളെ രക്ഷിച്ചില്ല.തൊണ്ണൂറുകളുടെ തുടക്കത്തിൽ, മലയാളത്തിലെ ഏറ്റവും പ്രതീക്ഷയുണർത്തുന്ന തിരക്കഥാകൃത്ത് എന്ന ടാഗ് ലൈനിനോട് ഒട്ടും നീതി പുലർത്താൻ കഴിയാതെ അയാൾ പതുക്കെ വിസ്മൃതിയിലാവാൻ തുടങ്ങുകയായിരുന്നു.

അപ്പോഴാണ് ഒരു 1998 വരുന്നത്. മുകിലുകൾ മേയുന്ന മാമഴക്കാടുകൾ താണ്ടി തളിരണിഞ്ഞൊരു മയിൽപീലിക്കാവിലേക്ക് അയാൾ മലയാളികളെ കൊണ്ടുപോയി. ജന്മവും, മറുജന്മവും, പ്രണയവും, പകയും, പ്രതികാരവും ഒക്കെയും വിചിത്രമാം വിധം ഇടകലർന്ന ഒരു മിസ്റ്റിക് സൃഷ്ടിയായിരുന്നു മയിൽപീലിക്കാവ്. ആ ഒരു ഴോണറിൽ മലയാളത്തിലന്നു വരെ പുറത്തിറങ്ങിയ ചിത്രങ്ങളെയൊക്കെ മയിൽപ്പീലിക്കാവ് നിഷ്പ്രഭമാക്കുകയായിരുന്നു. പക്ഷേ നിർഭാഗ്യം അയാളെ വിടാതെ പിന്തുടർന്നു.മികച്ച അഭിപ്രായം നേടിയിട്ടും മൾട്ടി സ്റ്റാർ ചിത്രങ്ങളായ ഹരികൃഷ്ണൻസിനും, സമ്മർ ഇൻ ബത്ലഹേമിനും മുന്നിൽ മയിൽപീലിക്കാവ് തകർന്നടിഞ്ഞു. പിന്നീട് 2000 ൽ പ്രിയത്തിലൂടെ ഒരിക്കൽ കൂടി സാബ് ജോൺ മലയാളത്തിലെത്തിയെങ്കിലും ഒരു ശരാശരി സിനിമയ്ക്കപ്പുറത്തേക്കുയരാൻ അതിന് കഴിഞ്ഞില്ല. പക്ഷേ പ്രിയത്തിന്റെ വിതരണ വിജയത്തിൽ നിന്നു ആത്മവിശ്വാസം വീണ്ടെടുത്ത അയാൾ മാജിക് ലാമ്പെന്ന ജയറാം ചിത്രം വിതരണത്തിനെടുത്തു.ബോക്സ് ഓഫീസ് ദുരന്തമായി മാറിയ മാജിക് ലാമ്പ് അക്ഷരാർത്ഥത്തിൽ സാബിൽ നിന്നും സിനിമയെന്ന വാക്കിനെ മുറിച്ചു മാറ്റിക്കളഞ്ഞു.

പിന്നീടുള്ള 19 വർഷക്കാലം മലയാള സിനിമ സാബ് ജോണിനെപ്പറ്റി കേട്ടിട്ടില്ല. സ്വന്തം തിരക്കഥയിൽ പലവട്ടം കയറി വരുന്ന ട്വിസ്റ്റുകളെ പോലെ അയാൾ ഏതോ ശൂന്യതയിലേക്ക് മറഞ്ഞു പോയി. അതിനിടക്ക് 2006ൽ സില്ലുനു ഒരു കാതലിന്റെ ടൈറ്റിൽ കാർഡ്സിൽ സാബ് ജോണെന്ന പേര് തെളിഞ്ഞു വന്നെങ്കിലും, ആ ചിത്രത്തിന്റെ വിജയം പോലും, പിന്നീടൊരു തിരിച്ചുവരവിന് പ്രേരകമായില്ല. സ്വന്തം വീടു പോലും നില നിർത്താൻ കഴിയാതെ, അമ്മയെ വൃദ്ധസദനത്തിലേൽപ്പിച്ച് ,ഗർഭിണിയായ ഭാര്യയെ ഒരു ബന്ധുവിന്റെ വീട്ടിലുമാക്കി അയാൾ ഒരു സെക്കൻഡ് ഷോ കഴിഞ്ഞുള്ള കട്ടിയിരുട്ടിലേക്ക് യാത്രയാകുകയായിരുന്നു. തിരക്കഥാരചനയെ പറ്റി കടത്തിണ്ണകളിലും, കോഫി ഷോപ്പുകളിലും ക്ലാസെടുത്ത് അന്നന്നത്തെയന്നം കണ്ടെത്തുന്ന, സ്വന്തമായി ഒരു മൊബൈൽ ഫോൺ പോലുമില്ലാത്ത സാബ് ജോണെന്ന ഒരിക്കൽ സൗത്തിന്ത്യയിലെ ഏറ്റവും ഹോട്ടസ്റ്റ് പ്രോപ്പർട്ടിയായിരുന്നയാളെ തിരക്കഥാകൃത്ത് എ.കെ.സാജൻ ഓർത്തെടുക്കുന്നുണ്ട്.

സാബ് ജോൺ തിരിച്ചറിവിനാൽ പൊള്ളിക്കുന്ന ഒരോർമ്മയാണ്. സിനിമ ഇങ്ങനെയും കുറേ ഓർമ്മകൾ ബാക്കി വെക്കാറുണ്ട്. പക്ഷേ അപ്പോഴും ഒരു ചോദ്യം നാവിൻ തുമ്പത്തെത്തി നിൽക്കുന്നു.സാബ് ഈ വിധിയർഹിച്ചിരുന്നോ?? ചാണക്യനും, മയിൽപീലിക്കാവും കാണുന്ന ഓരോ തവണയും, ഇല്ലെന്ന് ഹൃദയമൊരായിരം വട്ടമാവർത്തിക്കുന്നു. ഇല്ല സാബ് ജോൺ, ഞങ്ങൾ താങ്കളെ അർഹിച്ചിരുന്നില്ല എന്നതാണ് സത്യം…

PS: സാബ് ആരായിരുന്നെന്നറിയാൻ യൂ ട്യൂബിലുള്ള ഭരദ്വാജ് രംഗൻ അയാളുമായി നടത്തിയിട്ടുള്ള ഒരഭിമുഖം കണ്ടാൽ മതി. എത്ര മാത്രം വ്യക്തതയോടെയാണ് അയാൾ സിനിമയെപ്പറ്റി സംസാരിക്കുന്നത്?!