ഡിഫൻസീവ് മെഡിസിൻ തിരിഞ്ഞു കൊത്തുമ്പോൾ

186

Jithesh T

ഡിഫൻസീവ് മെഡിസിൻ തിരിഞ്ഞു കൊത്തുമ്പോൾ.

ഷഹല ഷെറിന്റെ മരണത്തിൽ കൂടുതൽ ഉത്തരവാദിത്വം താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർക്ക് തന്നെയാണെന്ന് പ്രഥമദൃഷ്ട്യാ ആർക്കും ബോധ്യപ്പെടുമെങ്കിലും ആ ഡോക്ടറുടെ വിശദീകരണം ഇന്നലെ വരെ കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ അവരെ കുറ്റപ്പെടുത്തുമ്പോഴും ആ സമയത്ത് അങ്ങനെ പ്രവർത്തിക്കാനുള്ള മറ്റെന്തെങ്കിലും ന്യായമായ കാരണങ്ങൾ ഒരുപക്ഷേ ഉണ്ടായിരിക്കാം എന്ന് തോന്നിയിരുന്നു. (സാധാരണ ഡോക്ടർമാർക്കെതിരെ ഉണ്ടാവുന്ന ജനകീയ-മാധ്യമ വിചാരണകളിൽ മിക്കപ്പോഴും അങ്ങനെയാണ് സംഭവിക്കാറുള്ളത്)
ഇന്നലെ മനോരമയിൽ വന്ന ഡോക്ടറുടെ അഭിമുഖത്തോടെ, നേരത്തെ അവരെ കുറ്റപ്പെടുത്തിയിരുന്ന ചിലർ പോലും കുറ്റം ആരോഗ്യവകുപ്പിന്റേത് മാത്രമാണ് എന്ന് നിലപാട് മാറ്റി. യഥാർത്ഥത്തിൽ, ആ വീഡിയോയിൽ ഡോക്ടർ സ്വയം ന്യായീകരിച്ച് പറഞ്ഞ കാര്യങ്ങൾ സ്വന്തം കുറ്റങ്ങൾ ഏറ്റുപറയുന്നതിന് തുല്യമാണ്. സഹതാപത്തിനുള്ള സാധ്യത പോലും ഇല്ലാതാക്കുന്നതാണ്.

ഒരു പൊത്തിൽ കുടുങ്ങിയ കാലിൽ നിന്ന് ചോര വന്നാൽ, ആ കുട്ടി പറഞ്ഞില്ലെങ്കിൽ പോലും പാമ്പുകടി സംശയിക്കണം. അല്ലെങ്കിലും bite mark ന് പാമ്പുകടി ചികിത്സയിൽ വലിയ പ്രാധാന്യമൊന്നുമില്ല. അതുകൊണ്ടുതന്നെ, പാമ്പുകടിച്ചു എന്നുപറഞ്ഞ് കാലിൽ ഒരു കെട്ടുമായി കൊണ്ടുവന്ന, മറ്റൊരു ഹോസ്പിറ്റലിൽ നിന്ന് അതേ സംശയം പ്രകടിപ്പിച്ചു റഫർ ചെയ്ത ഒരാളെ, ലാഘവത്തോടെ 45 മിനിറ്റ് വച്ചിരുന്നതിൽ ന്യായമില്ല.(കുറ്റാരോപിതയായ ഡോക്ടർ, MD ജനറൽ മെഡിസിൻ കഴിഞ്ഞ, എക്സ്പീരിയൻസ് ഉള്ള ഡോക്ടറാണ്)
Blood Clotting test നെഗറ്റീവ് ആയിരുന്നു എന്നും പോസിറ്റീവ് ആയിരുന്നു എന്നും രണ്ടു വാദങ്ങൾ കേൾക്കുന്നു. അതെന്തായാലും ശരി, കുട്ടിക്ക് Neurotoxic ലക്ഷണങ്ങൾ ഉണ്ടെന്ന് മനസ്സിലായി എന്ന് ഡോക്ടർ തന്നെ പറയുന്നു. എന്നുവച്ചാൽ, മരണം ഒഴിവാക്കാൻ ASV മാത്രമാണ് പോംവഴി.
ASV ക്ക് അലർജി സാധ്യത കൂടുതലാണ്. ‘കൂടുതലാണ്’ എന്നേയുള്ളൂ. ഈ ലോകത്ത് ഏതു സാധനത്തിനും അലർജി ഉണ്ടാവാം. അത് പേടിച്ചു നിന്നാൽ ഒരു ആന്റിബയോട്ടിക് ഇഞ്ചക്ഷൻ പോലും ICU ഇല്ലാത്ത ഒരു സ്ഥലത്ത് വെച്ച് കൊടുക്കാൻ കഴിയില്ല.
കേരളത്തിൽ മൊത്തം എല്ലാ ആശുപത്രികളിലും ചേർത്ത് 10 വെന്റിലേറ്ററുകൾ തികച്ചു ഇല്ലാതിരുന്ന കാലത്ത്, വെന്റിലേറ്റർ നേരിട്ട് കാണുന്നതിനു മുമ്പ്, നാട്ടിലെ മുക്കിലും മൂലയിലും ഉള്ള ഹോസ്പിറ്റലുകളിൽ വച്ച് ഡോക്ടർമാർ ASV കൊടുത്ത് പാമ്പുകടി മരണത്തിൽ നിന്ന് ആളുകളെ രക്ഷിച്ചിട്ടുണ്ട്. വെന്റിലേറ്റർ ഉണ്ടെങ്കിലേ ചികിത്സിക്കൂ എന്ന് വാശിപിടിക്കാൻ ആവില്ല. (അത്യാവശ്യം വന്നാൽ ഉപയോഗിക്കാൻ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസുകളും ആശുപത്രികളും വിളിപ്പുറത്ത് ഉണ്ടായിരുന്നു)
ASV ആറെണ്ണമെ ഉണ്ടായിരുന്നുള്ളൂ എന്ന് ഡോക്ടർ. 28 എണ്ണം ഉണ്ടായിരുന്നെന്ന് DMO.
തൽക്കാലം ആ ഡോക്ടറുടെ വാദം വിശ്വസിക്കാം. കയ്യിൽ ഉണ്ടായിരുന്ന ആ 6 vial കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷപ്പെട്ടേനെ, അതുമല്ലെങ്കിൽ കുറെ മണിക്കൂറുകൾ നീട്ടി കിട്ടും. ബാക്കി സംഘടിപ്പിക്കാനുള്ള സമയം കിട്ടും. എന്നിട്ടും 10 എണ്ണമെങ്കിലും ഉണ്ടെങ്കിലേ കൊടുക്കൂ എന്നു പറയുന്നതിലെ യുക്തി എന്താണ്?
പൂർണ സജ്ജമായ ആരോഗ്യ സംവിധാനങ്ങൾ ഉള്ള ഒരു സമ്പന്ന രാജ്യമല്ല ഇന്ത്യ. ദിവസവും 300-400 രോഗികൾ വരുന്ന ഒരു പി എച്ച് സി യിൽ ചിലപ്പോൾ വർക്കിംഗ് കണ്ടീഷനിൽ ഉള്ള ഒരു BP apparatus പോലും എപ്പോഴും ഉണ്ടായിരിക്കില്ല. പല കാര്യങ്ങളിലും അടിമുടി മാറ്റം ആവശ്യമുണ്ട്. പക്ഷേ സിസ്റ്റം മൊത്തം നന്നാവുന്നത് വരെ കാത്തു നിൽക്കാൻ ആവില്ലല്ലോ. എമർജൻസി സാഹചര്യങ്ങളിൽ ലഭ്യമായ സാധ്യതകൾ ഉപയോഗിക്കുക മാത്രമാണ് പോംവഴി.

“മരുന്നു കൊടുക്കാൻ പൂർണ്ണസമ്മതം നൽകിയിരുന്നു”, എന്ന് അച്ഛൻ.
(മകളുടെ മരണശേഷം അസാമാന്യ സമചിത്തതയും പക്വതയും കാണിച്ച വിദ്യാഭ്യാസമുള്ള വ്യക്തിയാണ് ഈ അച്ഛൻ)

“കുട്ടിയുടെ അച്ഛൻ വന്നപ്പോൾ മുതൽ പാനിക് ആയി ഓടി നടക്കുകയായിരുന്നു, കൂടെ വന്നവരെല്ലാം നിസ്സംഗ മനോഭാവത്തിൽ ആയിരുന്നു”, എന്ന് ഡോക്ടർ.
ആ ആശയക്കുഴപ്പത്തിനൊടുവിലാണ്, താമരശ്ശേരി ചുരം കാണുന്നതിനു മുന്നേ കണ്ണടയും എന്നുറപ്പുള്ള കുട്ടിയെ കോഴിക്കോടേക്ക് റഫർ ചെയ്യാനുള്ള തീരുമാനം എടുത്തത്.

ഒരു അക്യൂട്ട് എമർജൻസിയിൽ, മറ്റു സാധ്യതകൾ ഒന്നുമില്ലാത്ത ഒരു ബൈസ്റ്റാൻഡറുടെ നിലപാടിനെക്കാൾ, ഡോക്ടറുടെ തീരുമാനത്തിനാണ് അവിടെ പ്രസക്തി. തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ പരമാവധി ശ്രമിക്കുക എന്നതും ചികിത്സകന്റെ ഉത്തരവാദിത്വത്തിൽ പെടും. അല്ലായെങ്കിൽ, ഡിഫൻസീവ് മെഡിസിൻ ഇതേ പോലെ തിരിഞ്ഞു കൊത്തും.

(തെറ്റുകളും അബദ്ധങ്ങളും പറ്റാത്ത ഒരു ഡോക്ടറും ഉണ്ടാവില്ല. ചികിത്സയിൽ ഒരു ഡോക്ടറും പൂർണ്ണമായും ശരിയല്ല. എങ്കിലും ആ ഡോക്ടറുടെ അഭിമുഖം കണ്ടപ്പോൾ സ്വാഭാവികമായി തോന്നിയ ചില നിഗമനങ്ങൾ പങ്കു വച്ചതാണ്. തെറ്റുകളുണ്ടെങ്കിൽ തിരുത്താം)