സന്ധികളിൽ വീക്കവും വേദനയും വരാറുള്ള ഒരാൾ മാലയിട്ടു മണ്ഡലവ്രതം തുടങ്ങിയതിൽപ്പിന്നെ വേദന ഉണ്ടായില്ലത്രേ

328

Dr Jithesh T

“ഡോക്ടറെ, ഇതെന്താ ബസ്സിൽ പോകുന്നത്? കാർ എടുത്തില്ലേ? ”
(ഡോക്ടർമാർ ബസ്സിൽ യാത്ര ചെയ്യുന്നത് ജനങ്ങളുടെ ‘ഡോക്ടർ’ സങ്കൽപങ്ങളിൽ ഇല്ലേയില്ല)

” കഴിഞ്ഞ പ്രളയത്തിൽ കാർ മുങ്ങിപ്പോയി”
( ഓടിച്ചു കൊതി മാറുന്നതിനു മുമ്പ് പൊളിച്ചു വിൽക്കുന്നവർ കൊണ്ടുപോയ കാർ ഇപ്പോഴും ഒരു തീരാ ദുഃഖം)

” എന്നിട്ട് പുതിയ വണ്ടി വാങ്ങിച്ചില്ലേ? ”

” കുറച്ചു കഴിയട്ടെ എന്ന് കരുതി”
(കാശില്ലാത്തതുകൊണ്ടാണ് വാങ്ങിക്കാത്തതെന്ന് പറഞ്ഞാൽ അളന്നുതൂക്കി വെക്കും. ഡോക്ടർമാർ എന്നാൽ എപ്പോഴും കയ്യിൽ നിറച്ചു കാശുള്ളവരാണ്)

“ഡോക്ടറുടെ ടിക്കറ്റ് ഞാൻ എടുക്കട്ടെ? ”

” അയ്യോ വേണ്ട”
( അത്രയ്ക്ക് ഗതികെട്ടിട്ടില്ല)

” സന്ധികളിൽ എനിക്ക് ഇടയ്ക്കിടെ വീക്കവും വേദനയും വരാറുണ്ട്. ഞാൻ രണ്ടുമൂന്നു തവണ അതിന് ഡോക്ടറുടെ അടുത്ത് വന്നിട്ടുണ്ട്. യൂറിക്കാസിഡിന്റെ പ്രശ്നമാണെന്നാണ് ഡോക്ടർ പറഞ്ഞത്. ഞാനിപ്പോൾ ശബരിമലക്ക് പോകാൻ വേണ്ടി മാലയിട്ടിരിക്കുകയാണ്. മണ്ഡലവ്രതം തുടങ്ങിയതിൽപ്പിന്നെ വേദന ഉണ്ടായിട്ടേയില്ല. കഴിഞ്ഞവർഷവും മണ്ഡലകാലത്ത് ഇങ്ങനെ തന്നെയായിരുന്നു. ഡോക്ടർക്ക് ഇതിലൊന്നും വിശ്വാസമില്ല എന്നറിയാം. പക്ഷേ അങ്ങനെയല്ല, വിശ്വാസത്തിലും കുറച്ചൊക്കെ കാര്യമുണ്ട് ഡോക്ടറെ.”

(നിത്യവും നോൺ വെജിറ്റേറിയൻ ഭക്ഷണം നന്നായി കഴിച്ചിരുന്ന, ആഴ്ചയിൽ പലദിവസങ്ങളിലും മദ്യപിച്ചിരുന്ന ഒരാൾ, ശബരിമല വ്രതത്തിന്റെ ഭാഗമായി ആ ശീലങ്ങളൊക്കെ ഒഴിവാക്കി. സ്വാഭാവികമായും ബ്ലഡിൽ യൂറിക്കാസിഡ് ലെവൽ കുറഞ്ഞു. അതുകൊണ്ടുള്ള വേദനയും അപ്രത്യക്ഷമായി. അല്ലാതെ, അയാൾ കരുതുന്നപോലെ ദിവ്യാത്ഭുതമൊന്നുമല്ല ഇത്.
പക്ഷേ ഒരാളുടെ വിശ്വാസം അയാൾക്കോ മറ്റുള്ളവർക്കോ ദോഷമൊന്നും ചെയ്യുന്നില്ലെങ്കിൽ, പകരം എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കിൽ, ആ വിശ്വാസത്തെ എന്തിന് ഹനിക്കണം? പ്രത്യേകിച്ച്, അയാൾ ഭക്തിയിൽ മുഴുകിയിരിക്കുന്ന ഈ സമയത്ത്)

” എന്തായാലും വേദന കുറഞ്ഞല്ലോ. സന്തോഷം.”
dr jithesh