നൂറു കോവിഡ് രോഗികളെ ചികിത്സിക്കാനുള്ളത് ഒരു കോവിഡ് രോഗിക്ക് വേണ്ടി കളയുന്ന അവസ്ഥ ശരിയാണോ ?

120

Jithesh T എഴുതിയത്:

കേരളത്തിൽ ആദ്യത്തെ കൊറോണരോഗി എത്തിയതു മുതൽ നാം കേട്ടുകൊണ്ടിരുന്നതും അറിയാൻ ശ്രമിച്ചതും ചാനൽ ചർച്ചകളിൽ വരുന്ന വിദഗ്ധ ഡോക്ടർമാരുടെയും പൊതുജനാരോഗ്യപ്രമുഖരുടെയും വാക്കുകളാണ്. കൊറോണ ഒരുമിച്ച് പടർന്നു പിടിച്ചാൽ സംഭവിക്കാൻ പോകുന്ന ഭീകരതയാണ് തുടക്കം മുതലേ അവർക്കൊക്കെ പറയാനുണ്ടായിരുന്നത്. അത് ഒഴിവാക്കാനുള്ള വഴികളാണ് അവർ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നത്. അതാണ് നമ്മളെല്ലാം അനുസരിച്ചു കൊണ്ടിരുന്നത്.

തുടക്കം മുതൽ ഇതിൽനിന്ന് വ്യത്യസ്ത അഭിപ്രായം പുലർത്തി, നിരന്തരം covid നിയന്ത്രണ മാർഗങ്ങളെക്കുറിച്ചും കോവിഡാനന്തര ജീവിതത്തെക്കുറിച്ചും ലേഖനങ്ങളെഴുതി അവബോധം നടത്തികൊണ്ടിരിക്കുന്ന ആളാണ്, Dr PK Sasidharan ( റിട്ടയേർഡ് പ്രൊഫസർ ഓഫ് മെഡിസിൻ/ കോഴിക്കോട് മെഡിക്കൽ കോളേജ്)ആവശ്യത്തിന് PPE കിറ്റുകൾ ലഭ്യമാക്കണമെന്ന് വിദഗ്ധർ പറഞ്ഞു കൊണ്ടിരുന്നപ്പോൾ, മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത ആരോഗ്യമുള്ള ചെറുപ്പക്കാരായ ഡോക്ടർമാർ എന്തിനാണ് ശൂന്യാകാശത്തു പോകുന്ന വേഷവും ഇട്ടുകൊണ്ട് കൊറോണ വാർഡുകളിൽ പോകുന്നത് എന്നാണ് അദ്ദേഹത്തിന് ചോദിക്കാനുണ്ടായിരുന്നത്. ചാനൽ ചർച്ചയിൽ അതുകേട്ടപ്പോൾ, ‘ഇയാളൊക്കെ എവിടുത്തെ ഡോക്ടറാണ്? എന്ത് വിഡ്ഢിത്തമാണ് ഇയാൾ പറയുന്നത്?’ എന്നൊക്കെയാവും പല ഡോക്ടർമാരും അല്ലാത്തവരും ചിന്തിച്ചത്.

ഇപ്പോൾ രണ്ടു മാസമായി.കൊറോണ ബാധിച്ചാൽ എന്തുണ്ടാവുമെന്നും, ലോക് ഡൗൺ എന്താണെന്നും ജനജീവിത നിയന്ത്രണം തുടർന്നാൽ എത്ര ആഘാതമുണ്ടാവുമെന്നും ഇപ്പോൾ ജനങ്ങൾക്ക് അറിയാം. 80% ആളുകൾക്കും ലക്ഷണമൊന്നുമില്ലാതെ വന്നുപോകുന്ന ഈ അസുഖം, ആരോഗ്യം ക്ഷയിച്ച ആളുകൾക്ക് മാത്രമാണ് മരണകാരണമാകുന്നതെന്നും കേട്ടത്ര ഭീകരനല്ല എന്നും അറിയാം. മറ്റസുഖങ്ങൾക്ക് ഏതാണ്ട് ചികിത്സ ഇല്ലാത്ത അവസ്ഥയാണ് ഇത്രയും ദിവസങ്ങളായിട്ടുള്ളത്.(അതിന്റെ യഥാർത്ഥചിത്രം അറിയാൻ Dr Muhammad Ismail മാധ്യമത്തിൽ എഴുതിയ ലേഖനം വായിക്കാം) പക്ഷേ വിദഗ്ധർ നമ്മളോട് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്, ഒരുമിച്ചു കൊറോണ പടർന്നാൽ നഷ്ടമാകുന്ന ചികിത്സാ സൗകര്യത്തെകുറിച്ചും അങ്ങനെ ഉണ്ടാവുന്ന മരണസംഖ്യയുടെ ഭീകരതയുമാണ്. അതായത് ലോക് ഡൗൺ നിയന്ത്രണം തുടരണം എന്ന നിലപാടിൽ തന്നെ കുറേപ്പേർ ഇപ്പോഴും നിൽക്കുന്നു.

ഇപ്പോഴുള്ളതിനേക്കാൾ കൂടിപ്പോയാൽ എത്രവരും ആ ബുദ്ധിമുട്ട്? ഇന്ത്യയിൽ ഒരു ദിവസം ഏകദേശം 24000 ആളുകൾ മരിക്കുന്നു. അപ്പോൾ കഴിഞ്ഞ മൂന്നു മാസം കൊണ്ട് 24 ലക്ഷം ആളുകൾ മരണപ്പെട്ടിട്ടുണ്ട്. അതിൽ 2200 മാത്രമാണ് കൊറോണമരണം. കേരളത്തിലാണെങ്കിൽ covid മരണം 1% ലും താഴെ മാത്രം. ഇവിടെയാണ് Dr PKS ന്റെ വാദങ്ങൾക്ക് പ്രസക്തി. ഒരേ രോഗിക്ക് നിരന്തരം ടെസ്റ്റുകൾ ചെയ്തും രണ്ടാഴ്ച കഴിഞ്ഞും രോഗികളെ ഐസൊലേഷനിൽ കിടത്തിയും നൂറു covid രോഗികളെ ചികിത്സിക്കാനുള്ളത് ഒരു covid രോഗിക്ക് വേണ്ടി കളയുന്ന ദുർവ്യയം അദ്ദേഹം ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്.
PKS ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- യഥാർത്ഥത്തിൽ കൊറോണ കൊണ്ട് മാത്രം മരിച്ച ആരെങ്കിലും ഇവിടെ ഉണ്ടോ?

Multiple Co-morbidities ഉള്ള, മരണ മുഹൂർത്തം നിശ്ചയിക്കപ്പെട്ടവർ, കൊറോണക്ക് പകരം ഒരു ജലദോഷപ്പനി വന്നിരുന്നെങ്കിലും മരിക്കുമായിരുന്നു. കൊറോണ വന്നു മരിച്ച ചെറുപ്പക്കാരുടെ കാര്യമാണെങ്കിൽ, അവർക്ക് എന്തെങ്കിലും ഗൗരവതരമായ അസുഖങ്ങൾ ഉണ്ടായിരുന്നോ എന്ന് ആരും അന്വേഷിച്ചിട്ടില്ല. Covid ടെസ്റ്റ് പോസിറ്റീവ്. അതുകൊണ്ട് മരിച്ചപ്പോൾ അത് covid മരണം!
ഒരു വർഷം നാട് മൊത്തം അടച്ചിട്ടാലും ഒന്നും സംഭവിക്കില്ല എന്ന പ്രിവിലേജ് ഉള്ള ഡോക്ടർമാർ ഉൾപ്പെടുന്ന upper class ന്റെയും ചെറിയൊരു പനി വന്നാലും സൂപ്പർ സ്പെഷാലിറ്റി ചികിത്സ ശീലിച്ചവരുടെയും ആശങ്കയാണ് വെന്റിലേറ്റർ ഷോട്ടേജ് വരുന്ന അവസ്ഥ. (കൊറോണ വരുന്നതിനുമുമ്പ് വാർധക്യ രോഗങ്ങളും മറ്റ് ദീർഘകാലം നിലനിൽക്കുന്ന അവശ രോഗങ്ങളുമുള്ള, ICU സൗകര്യങ്ങൾ ലഭ്യമാകാതെ മരിക്കുന്നവരുടെ എണ്ണം എത്രയുണ്ടെന്ന് ആരും അന്വേഷിക്കാത്തതുകൊണ്ടാണ്)
നാളെ കുഞ്ഞുങ്ങൾ കരയുമ്പോൾ എന്ത് ഭക്ഷണം കൊടുക്കും എന്ന് ആധിപിടിച്ചവന്, തനിക്ക് covid വന്നാൽ ഹോസ്പിറ്റൽ ബെഡ് കിട്ടാതെ വരുമോ എന്ന ആശങ്കയുണ്ടാവില്ല.ജോലിയും ഭക്ഷണവും ഇല്ലാതെ 300 – 400 കിലോമീറ്റർ നടന്നു എങ്ങനെയെങ്കിലും നാട്ടിലേക്കു പോകുന്നവരോട് കൈ കഴുകാനും കയ്യിൽ santizer വെക്കാനും ഉപദേശിച്ചാൽ അത് കേൾക്കില്ല.
ജീവിതം വഴിമുട്ടിയവരോട് ജീവന്റെ വില പറഞ്ഞിട്ട് കാര്യമില്ല.

വയറിളക്കരോഗങ്ങളും TB യും പോഷകക്കുറവും പട്ടിണിയും കൊണ്ട് ലക്ഷങ്ങൾ മരിക്കുന്ന ഇന്ത്യ അനുകരിക്കേണ്ടത് പകർച്ചവ്യാധികൾ ഒരു പ്രശ്നമല്ലാത്ത സമ്പന്ന രാജ്യങ്ങളുടെ മാതൃകകളല്ല. അമേരിക്കൻ ആരോഗ്യമാതൃക തെറ്റാണെന്ന് എത്രയോ കാലമായി അദ്ദേഹം പറയുന്നത് ശരിയാണെന്ന് കാലം തന്നെ തെളിയിച്ചിരിക്കുന്നു.ആരോഗ്യകരമായ ഭക്ഷണ ശീലവും അല്പം മുൻകരുതലുകളും മാത്രമാണ് ഇതുപോലെ വന്നുപോകുന്ന വൈറൽ രോഗങ്ങൾക്ക് പ്രതിരോധമായി അദ്ദേഹം ചെയ്യാൻ പറയുന്നത്.
പൊതുജനാരോഗ്യം രൂപപ്പെടുത്തുമ്പോൾ അതിൽ ഉൾപ്പെടുത്തേണ്ടതും, ഉപദേശം തേടേണ്ടതും, യഥാർത്ഥത്തിൽ PKS നെ പോലെ ദീർഘകാല പരിചയസമ്പത്തും ലോകവീക്ഷണവും ഉള്ള ഡോക്ടർമാരെയാണ്. നിർഭാഗ്യവശാൽ അങ്ങനെയല്ല നടക്കുന്നത്.
Dr PKS ന്റെ ഇംഗ്ലീഷിലുള്ള ലേഖനങ്ങൾ സാധാരണ ജനങ്ങൾക്ക് ഫോളോ ചെയ്യാൻ പ്രയാസമായിരിക്കും. അതുകൊണ്ടായിരിക്കാം, നാളെ രാത്രി അദ്ദേഹം ഫേസ് ബുക്ക്‌ ലൈവിൽ വരുന്നുണ്ട്. ഇതുവരെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അദ്ദേഹത്തിന് നാളെയും പറയാനുണ്ടാവുക. പക്ഷെ, ഒരു വ്യത്യാസമുണ്ട്- ‘ഇയാളെന്താ ഈ പറയുന്നത്?’- എന്ന് ഇനി ആർക്കും തോന്നാൻ സാധ്യതയില്ല.

Dr PKS ന്റെ profile link –
https://www.facebook.com/sasidharan.pk.5
(NB. മേൽപ്പറഞ്ഞതിനോട് യോജിപ്പുള്ളതുകൊണ്ടാണ് ഷെയർ ചെയ്യുന്നത് )