ശീഖ്രസ്ഖലനത്തിന്റെ കാരണങ്ങളും പ്രതിവിധിയും

1647

Dr Jithesh T

പിജി എൻട്രൻസ് കോച്ചിംഗ് കാലത്ത് മെഡിക്കൽ കോളേജിനടുത്തുള്ള ഒരു ലോഡ്ജിലായിരുന്നു താമസം. മെഡിക്കൽ വിദ്യാർഥികൾ മാത്രം താമസിച്ചിരുന്ന ലോഡ്ജ്. ആ ലോഡ്ജിന്റെ മാനേജർ ഡേവിസ് എന്ന ചെറുപ്പക്കാരനായിരുന്നു. ആറടി ഉയരവും ബലിഷ്ഠ ശരീരവുമുള്ള സുമുഖനായ ഡേവിസിനോട് അവിടെ എല്ലാവർക്കും ഒരു ആരാധനയും ബഹുമാനവുമൊക്കെ ആയിരുന്നു.

കുറച്ചധിക കാലത്തെ പ്രാക്ടീസിന് ശേഷമാണ് പിജി എൻട്രൻസ് എഴുതാൻ പോയത്. അതുകൊണ്ട് Old man എന്നൊരു വിളിപ്പേര് എനിക്ക് അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടാവാം, ഒരു ദിവസം രാത്രി വരാന്തയിലൂടെ നടന്നു വരുമ്പോൾ പുറകിൽ നിന്ന് ഡേവിസ് ചുമലിൽ തട്ടി വിളിച്ചു.-
“ഡോക്ടറെ, ഒരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു” അന്ന് ആ ലോഡ്ജിന്റെ ടെറസിൽ തണുത്ത കാറ്റിന്റെ ശാന്തതയിൽ ഡേവിസിന് എന്നോട് രഹസ്യമായി പറയാനുണ്ടായിരുന്നത്, ശീഘ്രസ്കലനം എന്ന പ്രശ്നമായിരുന്നു.

= = = = = = = = = =
പത്രങ്ങളുടെ ഉൾപേജുകളിൽ
കാലങ്ങളായി, നിരന്തരമായി കാണുന്ന പരസ്യങ്ങളാണ് ലൈംഗിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മരുന്നുകളുടേത്. ശീഘ്ര സ്കലനം (Premature Ejaculation) എന്ന പ്രശ്നത്തിന് പലരും അഭയം തേടുന്നത് ഇതിലാണ്.

നിലവിൽ മോഡേൺ മെഡിസിനിൽ അനായാസം ചികിത്സിക്കാവുന്ന അസുഖമാണ് PE. ചില അസുഖങ്ങൾ അങ്ങനെയാണ്. ഒരു പൂവ് നുള്ളി എടുക്കുന്ന ലാഘവത്തോടെ ഭേദമാക്കാനാവുമെങ്കിലും അറിവില്ലായ്മ കൊണ്ടും മടി കൊണ്ടും കപട ചികിത്സകളിൽ ചെന്നുപെട്ട് പലരും സമയവും ധനവും ആരോഗ്യവും കളയും.

ചെറിയ ജലദോഷം മുതൽ ക്യാൻസറിനു വരെ പരിചയത്തിലുള്ള ഡോക്ടറുടെ ഉപദേശം തേടുന്ന ബന്ധുമിത്രാദികൾ, PE ന്റെ കാര്യം ചോദിക്കാൻ ഇപ്പോഴും മടി കാണിക്കുന്നു. അപ്പോൾ പിന്നെ അപരിചിതനായ ഡോക്ടറുടെ മുന്നിൽ ചെന്ന് ഈ പ്രശ്നം അവതരിപ്പിക്കാൻ കൂടുതൽ വൈക്ലബ്യം. ഇതാണ് പരസ്യ മരുന്നുകൾ മുതലെടുക്കുന്നത്. രഹസ്യമായി വാങ്ങിക്കുന്ന മരുന്നുകൾക്ക് ഫലം ഉണ്ടോ എന്ന് പരസ്യമായി ആരും പറയില്ല. അതുകൊണ്ട് ആവശ്യക്കാരെ പറ്റിക്കാൻ എളുപ്പമാണ്. ഇത്തരം മരുന്നുകളിൽ ചേർക്കുന്നത് എന്തൊക്കെയാണെന്നൊ അതു കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്നോ ആർക്കുമറിയില്ല.

നാഡീവ്യവസ്ഥയും വിവിധ പേശികളും ഉൾപ്പെടുന്ന ഒരു സങ്കീർണ്ണ പ്രക്രിയയാണ് ഉദ്ധാരണവും സ്ഖലനവും. ഉദ്ധാരണത്തിന് ശേഷം സ്കലനത്തിന് എടുക്കുന്ന സമയം വിവിധ രാജ്യങ്ങളിൽ, വിവിധ ജനവിഭാഗങ്ങളിൽ, വിവിധ വ്യക്തികളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നോർമൽ സമയം എത്രയാണ്, എത്ര വേണം… എന്നൊക്കെ ചോദിക്കുന്നതിൽ അർത്ഥമില്ല. ഏറ്റവും ലളിതമായി പറഞ്ഞാൽ, ഒരാൾ ആഗ്രഹിക്കുന്നതിനുമുന്നേ സ്ഖലനം സംഭവിക്കുന്നതിനെ ശീഘ്രസ്കലനം എന്ന് വിളിക്കാം.

ഇടക്കൊക്കെയുള്ള ശീഘ്രസ്കലനം എല്ലാവരിലും സാധാരണമാണ് (Physiological).
നോർമൽ സ്കലനം ഉണ്ടായിരുന്ന ഒരാൾക്ക് PE എന്ന പ്രശ്നം നീണ്ടുനിൽക്കുകയാണെങ്കിൽ, അത് വിവിധ മാനസിക-ശാരീരിക കാരണങ്ങൾ കൊണ്ടാവാം (Acquired PE). ഉൽക്കണ്ട, മാനസിക സമ്മർദ്ദം, വിഷാദരോഗങ്ങൾ, പങ്കാളിയുമായുള്ള പ്രശ്നങ്ങൾ, ഹോർമോൺ പ്രശ്നങ്ങൾ, പ്രോസ്റ്റേറ്റ് അസുഖങ്ങൾ, ചില മരുന്നുകൾ, കഴിച്ചു കൊണ്ടിരിക്കുന്ന ചില മരുന്നുകൾ പെട്ടെന്ന് നിർത്തുന്നത് തുടങ്ങിയവയാണ് കാരണങ്ങൾ.

കൗമാരത്തിൽ ആദ്യ സ്ഖലനം നടക്കുന്നത് മുതൽ എല്ലായ്പ്പോഴും ഏതു പങ്കാളിയുമായും ഈ പ്രശ്നമുണ്ടാകുന്നത് ജനിതക/ന്യൂറോളജിക്കൽ കാരണങ്ങൾ കൊണ്ടാണ് (Primary PE). ഇവയിൽ യഥാർത്ഥ കാരണം കണ്ടുപിടിച്ചു കൗൺസലിംഗ്, സൈക്കോതെറാപ്പി, മരുന്നു ചികിത്സകൾ ഇവ ആവശ്യാനുസരണം ഉപയോഗിക്കുകയാണ് ശാസ്ത്രീയ ചികിത്സ.
മരുന്നുകളുടെ കാര്യമാണെങ്കിൽ, വളരെ ഫലപ്രദമായ പല കാറ്റഗറികളിൽ പെടുന്ന വിവിധതരം മരുന്നുകൾ ഈ പ്രശ്നത്തിന് ലഭ്യമാണ്. ഓരോരുത്തർക്കും അനുയോജ്യമായത് ഡോക്ടർ തിരഞ്ഞെടുക്കുന്നു. ഇവയിൽ പലതും വിഷാദ-ഉൽക്കണ്ഠ രോഗങ്ങൾക്കുള്ളത് കൂടിയാണ്. ആവശ്യമുള്ളപ്പോൾ മാത്രം കഴിക്കുന്നതും, ഉദ്ധാരണക്കുറവിനും ശീഘ്രസ്ഖലനത്തിനും ഒരുമിച്ചുള്ള കോമ്പിനേഷൻ മരുന്നുകളും ലഭ്യമാണ്.

PE പോലുള്ള ലൈംഗികപ്രശ്നങ്ങൾ, അത് അങ്ങനെ പോട്ടെ എന്ന് കരുതി സമാധാനിക്കുന്നവരുണ്ട്. ഇത് ആത്മവിശ്വാസക്കുറവിനും അപകർഷതാബോധത്തിനും വിഷാദരോഗത്തിനും കാരണമാകാം. പങ്കാളിയുടെ സന്തോഷത്തെ കൂടി ബാധിക്കുന്ന കാര്യം കൂടി ആയതുകൊണ്ടു തന്നെ പരിഹരിക്കപ്പെടാതെ കൊണ്ടുനടക്കേണ്ടതല്ല, ഇത്. ഏത് ഡോക്ടറെ കാണിക്കണം എന്ന ആശയക്കുഴപ്പവുമുണ്ട്. വിവിധ മാനസിക ശാരീരിക കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് PE എന്നതുകൊണ്ടുതന്നെ ആദ്യം ഒരു ജനറൽ മെഡിസിൻ /ഫാമിലി മെഡിസിൻ ഡോക്ടറെ സമീപിക്കുകയാണ് ശരിയായ രീതി.
ഇതൊക്കെ ഡോക്ടറുടെ മുന്നിൽ എങ്ങനെ അവതരിപ്പിക്കും എന്നാണ് ചിന്തിക്കുന്നതെങ്കിൽ ഒരു കാര്യം മനസ്സിലാക്കുക. ഇത് നിങ്ങളുടെ മാത്രം പ്രശ്നമല്ല, ലോകത്ത് 30% പുരുഷന്മാർക്കും ശീഘ്ര സ്കലനം ഒരു പ്രശ്നമാണ്.

പുത്തൂരം വീട്ടിൽ പിറന്നതായാലും പൂവള്ളി തറവാട്ടിൽ ജനിച്ചതായാലും ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടില്ലാത്ത ഒരു പുരുഷപ്രജയും ഉണ്ടാവില്ല.