മാധ്യമങ്ങളുടെ പരിലാളന കൊതിക്കാത്ത രാഷ്ട്രീയ പ്രവർത്തകൻ

327

Jithesh

പിണറായിയുടെ കാര്യത്തിലുള്ള ഗ്യാരന്റി എന്താണെന്നുവെച്ചാൽ അയാളുടെ നിലപാടുകൾക്ക് കൊടുക്കുന്ന പിന്തുണ തെറ്റായിപ്പോയി എന്ന് തോന്നിക്കാനുള്ള അവസരം ഒരിക്കലും ആ മനുഷ്യനുണ്ടാക്കില്ല എന്നതാണ്.. അന്നുമിന്നും ആ മനുഷ്യനെ അളവറ്റ് പിന്തുണയ്ക്കാനും സ്നേഹിക്കാനും കഴിയുന്നത് ആ “നിലപാടുകളുടെ ദൃഢത” കൊണ്ടുതന്നെയാണ്.. “പിണറായി ഭക്തൻ”, “ന്യായീകരണ തൊഴിലാളി” അങ്ങനെ പേരുകൾ ഏറെക്കേട്ടിട്ടുണ്ട്.. ‘ന്യായീകരിക്കാൻ “എത്രകിട്ടി”‘എന്ന് ചോദിച്ചവരുണ്ട്.. അന്നുമിന്നും അവരോടൊക്കെ മറുപടി ഒരു ചിരി മാത്രമാണ്…

പിണറായി വിജയനെ പറ്റി 2015 ജനുവരിയിൽ (19-January-2015) സഖാവ് സിപിഐഎം സംസ്ഥാന സെക്രട്ടറി പദം ഒഴിയുന്ന ഘട്ടത്തിൽ ഇന്ത്യാവിഷൻ വെബ് പേജിൽ എഴുതിയത് .. ഇന്ത്യാവിഷൻ പൂട്ടി , വെബ്പേജ് പോവുകയും ചെയ്തു.. “പഴയ SFI” ക്കാരൊക്കെ പലവഴിക്ക് പോയി .. അന്ന് എഴുതാൻ പ്രേരിപ്പിച്ച നാസർക്ക (Mullaa Nasar) മീഡിയ വണ്ണിലുണ്ടിപ്പോൾ .. ഇന്ത്യാവിഷന്റെ ഫെയ്‌സ്ബുക്ക് പേജ് അവിടെയുണ്ട് .. വെബ് പേജ് പോയതുകൊണ്ടുതന്നെ കണ്ടന്റ് ഇല്ല .. എഴുത്ത് ശേഖരത്തിൽ തപ്പിയപ്പോൾ കണ്ടന്റ് കിട്ടി ..

പഴയ “ന്യായീകരണ ഗ്രന്ഥത്തിൽ നിന്നും ചീന്തിയെടുത്തൊരേട് ”

പിണറായി വിജയൻ – വളയാത്ത നട്ടെല്ലും പിഴക്കാത്ത ചുവടുകളും

നേതാക്കൾ ജനിക്കുകയാണ്, ഉണ്ടാക്കപ്പെടുകയല്ല. അവർ സമൂഹത്തിന്റെ ഏതു വിഭാഗത്തിൽ നിന്നും ഉയർന്നു വന്നേക്കാം.. സാഹചര്യങ്ങളും ചുറ്റുപാടും അവരുടെ രീതികളെ, ശൈലികളെ സ്ഫുടം ചെയ്തെടുക്കുന്നു. അവർക്ക് ചില ചരിത്ര ദൌത്യങ്ങൾ നിറവേറ്റാനുണ്ടാകും. ഉന്നതമായ ചിന്തകളും സാമൂഹ്യ ബോധവും, ഭാവി തലമുറക്കു വേണ്ടിയുള്ള ഭാവനാപൂർണമായ പദ്ധതികളും പരിപാടികളും അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കും. പ്രതിസന്ധികളെ കീറിമുറിച്ചു മുന്നേറാനുള്ള ധൈര്യവും ഊർജ്ജവും അവരുടെ മറ്റൊരു പ്രത്യേകത ആണ്.

മുഖവുര ആവശ്യമില്ലാത്ത നേതാവാണ്‌ സഖാവ് പിണറായി വിജയൻ. 1944-ൽ കണ്ണൂരിലെ പിണറായിയിൽ ജനിച്ച അദ്ദേഹത്തിന്റെ ജീവിതം ഇന്നു വരെയും ഒരു പോരാട്ടമായിരുന്നു. പട്ടിണിയും പരിവട്ടവും അനുഭവിച്ചറിഞ്ഞ വ്യക്തി എന്ന നിലയിൽ വിശപ്പിന്റെ കാഠിന്യമോ വറുതിയുടെ ആഴമോ എന്താണ് എന്ന് ആരും അദ്ദേഹത്തിന് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. തലശ്ശേരി കലാപകാലത്ത് മത മൌലികവാദികൾ നാടിനെ ചോരയിൽ മുക്കാൻ നോക്കിയപ്പോൾ അതിനെ നെഞ്ചൂക്കോടെ നേരിടാൻ മുന്നിൽ നിന്നത് യുവത്വത്തിന്റെ ചുറുചുറുക്കുമായി പിണറായി വിജയൻ ആയിരുന്നു. ആ ഇരുപത്തഞ്ചുകാരന്റെ പിന്നിലായിരുന്നു തലശ്ശേരിയിലെ പുരോഗമന പ്രസ്ഥാനം.

കേരള രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവാണ് ഒന്നര ദശാബ്ദ കാലമായി പിണറായി വിജയൻ.സഖാവ് ചടയന്റെ നിര്യാണത്തെ തുടർന്ന് 1998- ൽ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ആയ പിണറായി ആ സ്ഥാനത്ത് 14 വർഷം പൂർത്തിയാക്കി ഈ സമ്മേളനത്തോട് കൂടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുകയാണ്. കേരളത്തിലെ പാർട്ടിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ആ പദവിയിൽ ഇരുന്ന സഖാവാണ് പിണറായി. നീണ്ട 16 വർഷങ്ങൾ!

വ്യക്തികൾക്ക് കമ്മ്യൂണിസ്റ്റ്‌ പാർടിയിൽ പ്രാധാന്യമില്ല എന്ന വസ്തുത നിലനിൽക്കെ തന്നെ പിണറായി വിജയൻ എന്ന നേതാവ് വ്യക്തി എന്ന നിലയിൽ നൽകിയ സംഭാവനകൾ, നടന്ന വഴികൾ, എടുത്ത നിലപാടുകൾ, നേരിട്ട വെല്ലുവിളികൾ ഇവയിലെക്കൊക്കെ ഒന്ന് കണ്ണോടിച്ചു നോക്കേണ്ടത് അത്യാവശ്യമാണ്. കാരണം പിണറായിക്കാരൻ വിജയൻ ചുരുങ്ങിയ പക്ഷം കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമെങ്കിലും വിലയിരുത്തപ്പെട്ടത് സിപിഐഎമ്മിന്റെ കേരളത്തിലെ അമരക്കാരൻ എന്ന നിലയിൽ ആണ്.. അത്തരമൊരു പരിശോധന പലരുടേയും (വ്യക്തികൾ, പത്ര ദ്രിശ്യ മാധ്യമ സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ, ഭരണകൂടം, സ്ഥാപിത താല്പര്യക്കാർ അങ്ങനെ പലരും) ഇന്നലകളിലെ നിലപാടുകളും അവരുയർത്തിയ ദുരാരോപണങ്ങളിലെ കഴമ്പില്ലായ്മയും പുറത്തു കൊണ്ട് വരും.

ഒന്നര പതിറ്റാണ്ട് എന്നത് ദീർഘമായ കാലയളവാണ്. അതിനിടയിൽ അദ്ദേഹം നേരിട്ടത് അനവധി വെല്ലുവിളികളെയാണ്. എടുത്ത നിലപാടുകൾ, നടത്തിയ പോരാട്ടങ്ങൾ, നടന്ന വഴികൾ. എല്ലാം അക്കമിട്ടു പരിശോധിക്കാനാവില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി എന്നാ നിലയിൽ അദ്ദേഹം നേരിട്ട അനേകം വരുന്ന കൂരമ്പുകളിൽ നിന്നും ചിലത് ചികഞ്ഞെടുക്കുന്നു, ഒപ്പം കേരളം ചർച്ച ചെയ്ത വലിയ വിഷയങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകളും.

പാർലമെന്റരി രംഗത്ത് നിന്ന് സംഘടന രംഗത്തേക്ക്

1998- ൽ പിണറായി പാർട്ടി തീരുമാന പ്രകാരം സംസ്ഥാന സെക്രട്ടറി ആകുമ്പോൾ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രി ആയി കേരളത്തിലെ എതിരാളികൾ പോലും അന്ഗീകരിച്ചിരുന്ന വ്യക്തി ആണ് പിണറായി വിജയൻ. അന്ന് കേരളത്തിലെ മാധ്യമങ്ങൾ സിപിഐഎമ്മിനെ വിമർശിച്ചത് കേരളത്തിന്‌ മികച്ച ഒരു മന്ത്രിയെ സിപിഐഎം ഇല്ലാതാക്കി എന്നാണ്. വൈദ്യുതി എന്നത് കേട്ടുകേൾവി മാത്രമായിരുന്ന ഒരു ജനതക്ക് ഭരണത്തിലേറി ചുരുങ്ങിയ 2 വർഷം കൊണ്ട് അദേഹം സമ്മാനിച്ചത്‌ പ്രകാശപൂരിതമായ ദിനങ്ങൾ ആയിരുന്നു.ഒരു മലബാറുകാരൻ ആയ എനിക്ക് അതിന്റെ ഔന്നത്യം അനുഭവിച്ചറിയാൻ പറ്റും കാരണം മലബാർ കറന്റ് എന്താണ് എന്നറിയുന്നത് പിണറായി വിജയനിലൂടെ ആണ്. അന്നെടുത്ത ധീരമായ തീരുമാനങ്ങൾ കേരളത്തെ വൈദ്യുതി രംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാക്കാൻ സഹായിച്ചു. ആ കരുത്തിന്റെ ബലത്തിൽ ആണ് ഇന്നും കേരളം മുന്നോട്ടു പോകുന്നത്. ഒരു മികച്ച സഹകാരി കൂടിയായ പിണറായിയുടെ നേതൃപാടവം സഹകരണ മേഖലയിലും കേരളത്തിന്‌ കുതിപ്പ് നല്കി എന്നത് എതിരാളികൾ പോലും അന്ഗീകരിക്കുന്ന കാര്യമാണ്.

വിശുദ്ധനിൽ നിന്നും വില്ലനിലേക്ക്

എക്കാലവും സിപിഐഎമ്മിനെതിരായ നിലപാടുമായി മുന്നോട്ടു പോകുന്നവരാണ് ഭൂരിപക്ഷം പത്ര ദ്രിശ്യ മാധ്യമങ്ങളും. അതിൽ കച്ചവട താല്പര്യങ്ങൾ ഉണ്ട്, രാഷ്ട്രീയ അജണ്ടകൾ ഉണ്ട്, നിലനില്പ്പിന്റെ, വരുമാനത്തിന്റെ ഒക്കെ താല്പര്യങ്ങൾ ഉണ്ട്.. കാരണം എന്തൊക്കെയായാലും ഫലം ഒന്നാണ്. സിപിഐഎമ്മിനെ ഇവർ വേട്ടയാടി കൊണ്ടേ ഇരിക്കും . ഇത:പര്യന്തമുള്ള അനുഭവം അതാണ്‌. EMS AKG, കൃഷ്ണപ്പിള്ള, നായനാർ, അഴീക്കോടൻ അങ്ങനെ സിപിഐഎമ്മിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നവർ ഒക്കെ അങ്ങനെ വേട്ടയാടപ്പെട്ടവർ ആണ്. അതിനിയും തുടരും. പിണറായിക്ക് പകരം വരുന്നയാളും ആ ആക്രമണത്തിന് വിധേയനാകും അതിനു കാരണം അവർ എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടല്ല മറിച്ചു അവർ ഇരിക്കുന്നത് സിപിഐമ്മിന്റെ ഉത്തരവാദപ്പെട്ട പദവിയിൽ ആണ് എന്നതാണ്. അത് പിണറായി വിജയൻറെ കാര്യത്തിലും സംഭവിച്ചു. തലേന്ന് വരെ വിശുദ്ധനായ പിണറായി വിജയൻ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് വന്നപ്പോൾ സ്വാഭാവികമായി തന്നെ മാധ്യമങ്ങൾക്ക് വില്ലനായി. പിന്നീടങ്ങോട്ട് വേട്ടയാടലിന്റെ നാളുകൾ ആയിരുന്നു.

ചെന്നൈ വിമാനതാവളത്തിൽ പിണറായിയെ എയർപോർട്ട് സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുന്നു. അദ്ദേഹത്തിന്റെ ബാഗിൽ വെടിയുണ്ട ഉള്ളതായിരുന്നു പ്രശ്നം. മനുഷ്യസഹജമായ മറവിയുടെ ഭാഗമായി വന്ന ഒരു പിശക്. RSS ന്റെ വധ ഭീഷണി ഉള്ളതിനാൽ കേരള സർക്കാർ സുരക്ഷ നൽകാൻ നടപടി എടുത്തപ്പോൾ അത് നിരസിച്ച പിണറായിക്ക് അവസാനം സ്വയരക്ഷാർത്ഥം ഉപയോഗിക്കാൻ റിവോൾവർ നൽകിയത് സർക്കാർ ആണ്. PB യോഗത്തിനു പോകാനായി ഡൽഹിക്ക് പോകുകയായിരുന്ന പിണറായി റിവോൾവർ തന്റെ ബാഗിൽ നിന്നും എടുത്തു വീട്ടിൽ വച്ചു പക്ഷെ ബുള്ളെറ്റ് എടുത്തു വക്കാൻ മറന്നു പോയി. തനിക്ക് ലൈസെൻസ് ഉണ്ട് എന്നും റിവോൾവർ സർക്കാർ തന്നതാണു എന്നും പിണറായി എയർപോർട്ട് അധികൃതരോട് പറഞ്ഞു ലൈസെൻസിന്റെ കോപ്പി എയർപോർട്ട് അധികൃതർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അവർ പിണറായിയെ യാത്ര തുടരാൻ അനുവദിക്കുകയും ചെയ്തു. ഇതാണ് വസ്തുത. പക്ഷെ നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ഇതിനെ വ്യാഖ്യാനിച്ചത് എങ്ങനെയായിരുന്നു ? “പിണറായി വിയെസിനെ കൊല്ലാൻ വേണ്ടി പദ്ധതിയിട്ടു, അതിനാണ് വെടിയുണ്ട ബാഗിൽ കരുതിയത്‌, ലാവ്‌ലിൻ കേസിൽ അടക്കം തനിക്കു തലവേദന സൃഷ്ടിക്കുന്ന വിയെസിനെ കൊല്ലാനുള്ള പദ്ധതിയാണ് എയർപോർട്ട് അധികൃതർ തകർത്തത്”. ഇങ്ങനെ പോയി നമ്മുടെ മാധ്യമ പ്രവർത്തകരുടെ കണ്ടുപിടുത്തങ്ങൾ! വസ്തുതയുമായി പുലബന്ധം പോലുമില്ലാത്ത ഇത്തരം കഥകൾ എന്തിനു വേണ്ടി ആയിരുന്നു ?

ഏറ്റവും മികച്ച വൈദ്യുതി മന്ത്രിയെന്നു പാടി നടന്നവർ ലാവ്‌ലിൻ കരാറിന്റെ പേരില് അദ്ദേഹത്തെ ക്രൂശിച്ചത് നാം കണ്ടു. എന്തൊക്കെ കഥകൾ ഉപശാലകളിൽ രൂപീകരിക്കപ്പെട്ടു ? അങ്ങനെയാണല്ലോ “മാധ്യമ സിണ്ടിക്കേറ്റ് ” രൂപം കൊള്ളുന്നത്. “വരദാചാരിയുടെ തല പരിശോധന “, ” സിന്ഗപ്പൂരിൽ കമല ഇന്റർനാഷനൽ എന്ന ബിനാമി കമ്പനി “, “പിണറായിയിലെ റിമോട്ട് കണ്ട്രോൾ ഉള്ള ഗെയ്റ്റുള്ള കൊട്ടാര സദൃശമായ വീട് “, “ചെന്നൈയിലെ റ്റെക്നിക്കാലിയ എന്ന കമ്പനി പിണറായിയുടെ ബിനാമി സ്ഥാപനം “, “കാനഡയിൽ പോകുമ്പോൾ മനപ്പൂർവ്വം സാങ്കേതിക വിദഗ്ധരെ ഒഴിവാക്കി “, “ലാവ്‌ലിൻ ഇടപാടിൽ ലഭിച്ച കോഴപ്പണം മകന്റെ ബെർമിംഗ്ഹാമിലെ പഠനത്തിനു ഉപയോഗിച്ചു “… അങ്ങനെ എത്രയെത്ര ദുരാരോപണങ്ങൾ. ഒരു മനുഷ്യനെ പുകമറ സൃഷ്ടിച്ചു എത്രകാലം നമ്മുടെ മാധ്യമങ്ങൾ വേട്ടയാടി. ഒരു സങ്കേതത്തിൽ ഒത്തു കൂടി എല്ലാ മാധ്യമങ്ങളിലെയും പ്രവർത്തകർ കഥകൾ സൃഷ്ടിച്ചിരുന്നു എന്ന് ഉന്നതരായ മാധ്യമ പ്രവർത്തകർ തന്നെ വെളിപ്പെടുത്തിയില്ലേ? ഇവർ പാടിനടന്ന വല്ലതും നടന്നോ ? പാർടി എടുത്ത നിലപാട് ആയിരുന്നു ശരി എന്ന് കോടതി വിധിയിലൂടെ തെളിഞ്ഞില്ലേ ?

പിണറായി വിജയനെ ക്രൂരനായ വില്ലനാക്കി പ്രതിഷ്ഠിക്കാനായിരുന്നു നമുടെ മാധ്യമങ്ങൾക്ക് എന്നും താൽപര്യം. അതിനു പിന്നിലും ഗൂഢമായ താൽപര്യങ്ങൾ തന്നെയായിരുന്നു. മാധ്യമസ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ താൽപര്യങ്ങൾ, അല്ലെങ്കിൽ ആർക്കോ വേണ്ടി തൂലിക ചലിപ്പിക്കുന്ന മാധ്യമ ചാവേറുകളുടെ താൽപര്യങ്ങൾ. അതുതന്നെയാണ് ഇത്തരമൊരു പ്രതിച്ഛായ പിണറായിക്ക് മേൽ കെട്ടിവെക്കാൻ കാരണം. അദ്ദേഹം എന്ത് പറഞ്ഞാലും അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചു വിവാദമാക്കാനുള്ള കുത്സിത ബുദ്ധി. അത് നാം പലവുരു കണ്ടു. ഫാരിസ് അബൂബക്കറിന്റെ കാര്യത്തിൽ, നികൃഷ്ട ജീവി പ്രയോഗത്തിൽ, കുലം കുത്തി പ്രയോഗത്തിൽ. പിണറായിയുടെ വാക്കുകൾ മുഴുവൻ കൊടുക്കാതെ,എഡിറ്റ്‌ ചെയ്തു തങ്ങൾക്ക് വിവാദം കൃഷി ചെയ്യാനുള്ളത് മാത്രം കൊടുക്കുന്ന കുടില തന്ത്രം അനവധി തവണ പിണറായിക്ക് നേരെ പ്രയോഗിച്ചു നോക്കി.

നേതാവെന്ന വാക്കിനു ജീവൻ നൽകിയ വ്യക്തിത്വം

സമകാലീന കേരള രാഷ്ട്രീയത്തിൽ പിണറായി വിജയന് തുല്യമായി പിണറായി വിജയന് മാത്രമേ ഉള്ളൂ. കേരളത്തിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനത്തെ വെല്ലുവിളികൾ ഏറെ നിറഞ്ഞ കാലഘട്ടത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ശ്രമകരമായ ദൗത്യം ഈ വളഞ്ഞിട്ടുള്ള കൊത്തി കീറലുകൾക്കിടയിലും അദ്ദേഹം ഭംഗിയായി നിറവേറ്റി. ഒരു ലെനിനിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചടുത്തോളം കൂട്ടായ നേതൃത്വമാണ് അതിനുള്ളത്. ആ കൂട്ടായ്മക്ക് ദിശാബോധം പകരുന്ന പ്രത്യയ ശാസ്ത്രത്തിൽ ഉറച്ചു നിന്ന് കൊണ്ട് ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വിഭാഗീയതയുടെ കനലുകൾ ആളിക്കത്തി പാർട്ടിയെ കരിച്ചു കളയാൻ വെമ്പൽ കൊണ്ട ഒരു ഘട്ടത്തിലാണ് പിണറായി മലപ്പുറം സമ്മേളനത്തിൽ രണ്ടാമത് സംസ്ഥാന സെക്രട്ടറി ആകുന്നത്. വിഭാഗീയത എന്നാ കാൻസറിനെ കൂട്ടായ യത്നത്തിലൂടെ ഇല്ലാതാക്കാൻ കഴിഞ്ഞു എന്ന് സെക്രട്ടറി എന്നാ നിലയിൽ പിണറായിക്ക് തീർച്ചയായും അഭിമാനിക്കാം.

പിണറായി എന്നും ആക്രമിക്കപ്പെട്ടിട്ടുള്ളത് അദ്ദേഹം പാർടിക്ക് കീഴ്പ്പെടുന്നു എന്നത് കൊണ്ടാണ്. തന്റെ പ്രസ്ഥാനത്തെ ഒരു ഘട്ടത്തിലും പൊതു സമക്ഷം ചോദ്യം ചെയ്യാനോ ക്ഷതം ഏൽപ്പിക്കാനോ അദ്ദേഹം നിന്നിട്ടില്ല. തനിക്കു പറയാനുള്ളത് പാർട്ടി വേദിയിൽ പറയും എന്ന നിലപാടിൽ നിന്നും അദ്ദേഹം ഒരിക്കൽ മാത്രമാണ് വ്യതിചലിച്ചത്. അതിനാണ് അദേഹത്തെ 2007 ഇൽ PB യിൽ നിന്നും സസ്പൻഡ് ചെയ്തത്. അതൊഴിച്ചാൽ എന്നും പാർടിക്ക് കീഴ്പെട്ടു നിന്ന സഖാവാണ് പിണറായി. പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ “കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരുടെ കയ്യടി ഒരിക്കൽ പോലും എനിക്ക് വേണ്ടി ഉയർന്നിട്ടില്ല. ഒരു കമ്മ്യൂണിസ്റ്റ്‌കാരന് അഭിമാനിക്കാൻ അതിൽ കൂടുതൽ ഒന്നും വേണ്ട”.

തന്റെ സഖാക്കളെ സിപിഐഎമ്മിന്റെ നേതാക്കൾ അല്ലെങ്കിൽ പ്രവര്തകരായി എന്നാ ഒറ്റ കാരണം കൊണ്ട് വർഗ ശത്രുക്കൾ കടിച്ചു കീറുമ്പോൾ അവരെ എന്നും സംരക്ഷിക്കാൻ പിണറായി ഉണ്ടായിരുന്നു. ജനകീയാസൂത്രണത്തിന്റെ പേരില് തോമസ്‌ ഐസക്കിനെ അമേരിക്കൻ ചാരനാക്കാൻ കപട ഇടതു പക്ഷവും മാധ്യമങ്ങളും കള്ള വാർത്തകൾ ചമച്ചപ്പോൾ പ്രതിരോധിക്കാൻ മുന് നിരയിൽ തന്നെ പിണറായി ഉണ്ടായിരുന്നു. ലോട്ടറി കേസിലും അത് തന്നെയായിരുന്നു സ്ഥിതി. മത്തായി ചാക്കോ എന്ന മരണം വരെ കമ്മ്യൂണിസ്റ്റ്‌ ആയിരുന്ന സഖാവിനെ പറ്റി തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ചില മത നേതാക്കൾ പ്രചരണം നടത്തിയപ്പോൾ അതിനെതിരെ രൂക്ഷമായി തന്നെ പ്രതികരിച്ചതിന്റെ പേരിൽ ഏറെക്കാലം പിണറായി വെട്ടയാടപ്പെട്ടതും നാം കണ്ടു.

രാഷ്ട്രീയ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി പിണറായിയുടെ കുടുംബത്തെ ഒരുപാട് തവണ വേട്ടയാടിയിട്ടുണ്ട് നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും. എന്നാൽ ഒരിക്കൽ പോലും അത്തരമൊരു സമീപനം പിണറായി വിജയന് സ്വീകരിച്ചിട്ടില്ല രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവരെ നിശിതമായി വിമർശിക്കുമ്പോഴും കുടുംബത്തെ ഒരു തരത്തിലും അതിലേക്കു വലിച്ചിഴക്കാതിരിക്കാനുള്ള മാന്യത എന്നും അദ്ദേഹം പാലിച്ചിട്ടുണ്ട്. സമകാലീന കേരള രാഷ്ട്രീയത്തിൽ ഇത്തരത്തിലുള്ള പക്വമായ നിലപാട് എടുക്കുന്ന വിരളമായ നേതാക്കളിൽ ഒരാളാണ് അദ്ദേഹം.

വാക്കുകളിലൂടെ പക്ഷം പിടിക്കുന്ന നേതാവ്

പോരാട്ടങ്ങളുടെ പൈതൃക ഭൂമിയാണ്‌ മലബാർ. കർഷക പ്രസ്ഥാനങ്ങളുടെ ജന്മ ഭൂമി. രക്ത സാക്ഷികളുടെ ചോര കൊണ്ട് തുടുത്ത കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും, പാടിക്കുന്നിന്റെയും മുനയൻകുന്നിന്റെയും മോറാഴയുടെയും ഒഞ്ചിയതിന്റെയും ഉജ്വല മാതൃകകൾ മനസ്സിലേറ്റുന്ന,

മനസ്സിൽ കുന്നോളം സ്നേഹവും വാക്കുകളിൽ കണിശതയും കാത്തു സൂക്ഷിക്കുന്ന ജനതയുടെ നാടാണ് മലബാർ. അവിടെയാണ് പിണറായി തന്റെ സംഘടന പ്രവർത്തനം ആരംഭിക്കുന്നത്. അത് കൊണ്ട് തന്നെ ആ കണിശത അദ്ദേഹത്തിന്റെ വാക്കുകളിലും കാണാം. വാക്കുകൾ അളന്നു മുറിച്ചു പ്രയോഗിക്കുന്ന പിണറായി ആ വാക്കുകൾ കൊണ്ട് കേരള സമൂഹത്തെ നിലപാടെടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട. ഒന്നുകിൽ അദ്ദേഹത്തിന്റെ വാക്കുകളോട് വിയോജിപ്പ്‌ അല്ലെങ്കിൽ യോജിപ്പ് ഇതിനിടയിൽ നിഷ്പക്ഷത എന്നാ നിലപാടിന് ഇടം അദ്ദേഹം കൊടുത്തിരുന്നില്ല. അത്രക്ക് കണിശമാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ജാതിമത ശക്തികളുടെ സങ്കുചിത നിലപാടുകളെ എല്ലാ ഘട്ടത്തിലും കൃത്യമായി ചോദ്യം ചെയ്ത, തുറന്നു കാട്ടിയ നേതാവാണ്‌ പിണറായി വിജയൻ. രാഷ്ട്രീയ പാർടികളുടെ മേല കുതിര കയറി അവരുടെ നേതാക്കളെ പുലഭ്യം പറയുന്ന സാമുദായിക സംഘടനകളുടെ നേതാക്കൾ സിപിഐഎമ്മിനു മേൽ കുതിര കയറാൻ വരാത്തതിനു ഒരു പ്രധാന കാരണം അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകൾ തന്നെയായിരുന്നു. കത്തിച്ചാൽ ഏതു മുടിയും കത്തും എന്ന് പറയാനും, അമൃതാനന്ദമയിയുടെ ആത്മീയ വ്യാപാരത്തെ തുറന്നു കാട്ടാനും, ബിഷപ്പ് നികൃഷ്ടമായ പ്രവർത്തി ചെയ്തപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാനും മുന്നോട്ടു വന്നത് പിണറായി ആയിരുന്നു.

മാധ്യമങ്ങളുടെ പരിലാളന കൊതിക്കാത്ത രാഷ്ട്രീയ പ്രവർത്തകൻ .

കഴിഞ്ഞ ഒരു ദശകമായി മാധ്യമങ്ങൾ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് പിണറായി വിജയനെ ആക്രമിക്കാനായിരുന്നു. അച്ചടി മാധ്യമങ്ങൾ ഏറ്റവും കൂടുതൽ മഷി ചിലവഴിച്ചത് പിണറായിക്കെതിരെ വാർത്തകൾ നല്കാനായിരുന്നു. വേറെ ഏതൊരു വ്യക്തി ആണെങ്കിലും തളർന്നു പോകുന്ന തരത്തിലുള്ള സംഘടിത ആക്രമണം. പിണറായിക്കെതിരെ വാർത്ത ചമക്കുന്നതിനു വേണ്ടി മാദ്ധ്യമ സിണ്ടിക്കേറ്റ് തന്നെ ഉണ്ടായിരുന്നു എന്ന് അതിൽ ഭാഗഭാക്കായിരുന്ന മാധ്യമ പ്രവർത്തകർ തന്നെ പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയനെ ഉന്മൂലനം ചെയ്യും എന്ന് പ്രതിജ്ഞ എടുത്തു വാർത്തകൾ ചമച്ചവർ തളർന്നതല്ലാതെ പിണറായി വിജയന് ഒന്നും സംഭവിച്ചില്ല. അദ്ദേഹം അജയ്യനായി തന്നെ നിന്നു.മറ്റുള്ളവർ ചായ കൊടുത്തും ചുമലിൽ തട്ടിയും ചോദ്യങ്ങളുടെ കനം കുറച്ചപ്പോൾ കനമുള്ള ചോദ്യങ്ങളെ നേരിട്ട് പിണറായി മുന്നോട്ടു നീങ്ങി, അമിതമായ പരിഗണനകളൊന്നും ഒരു മാധ്യമ പ്രവർത്തകനും നൽകാതെ.

ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രയോഗങ്ങൾ

കഴിഞ്ഞ ഒരു ദശകത്തിൽ ഏറ്റവുമധികം ചര്ച്ച ചെയ്യപ്പെട്ട പ്രയോഗങ്ങൾ പിണറായി വിജയന്റെത് ആയിരുന്നു. നികൃഷ്ടം, അട്ടിപ്പേറവകാശം, അൽപൻ, കുലംകുത്തി, പരനാറി, ബക്കറ്റിലെ വെള്ളം, വഷളന്മാർ, തീപ്പന്തം … അതാതു സന്ദർഭത്തിനനുസരിചു പറയേണ്ടുന്ന നിലപാടിലെ കണിശത ആ വാക്കുകളിൽ കാണാം.

പടിയിറങ്ങുമ്പോൾ ബാക്കിയാക്കുന്നത്

ഒരു രാഷ്ട്രീയ വിദ്യാർഥിക്ക് ഒരുപാട് പഠിക്കാനുണ്ട് പിണറായി വിജയനിൽ നിന്നും. ഒരു നേതാവെന്ന നിലയിൽ, കമ്മ്യൂണിസ്റ്റ്‌ എന്നാ നിലയിൽ , ഒരു സംഘാടകൻ എന്നാ നിലയിൽ.എല്ലാ പ്രതിസന്ധികളെയും കീറി മുറിച്ചു കടന്നുപോയ കരളുറപ്പുള്ള നേതാവ് എന്നാ നിലയിലാകും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുക. സംഘാടകൻ എന്നാ നിലയിൽ കേരളത്തിലെ പാർട്ടിയെ ചലനാത്മകമാക്കി നിർത്താനും വിഭാഗീയതയുടെ തായ് വേരറുക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ അദ്ദേഹം ഏറെ ഓർക്കപ്പെടുക പറയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്ന നട്ടെല്ലുറപ്പിന്റെ പേരിൽ ആയിരിക്കും. അളന്നു മുറിച്ച പ്രയോഗങ്ങൾ, പറഞ്ഞാൽ പറഞ്ഞതിൽ നിൽക്കാനുള്ള ചങ്കൂറ്റം, അത് തന്നെയാണ് പിണറായി വിജയൻറെ ഏറ്റവും വലിയ സവിശേഷ ഗുണം. മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും സർവ സന്നാഹങ്ങൾ ഉപയോഗിച്ച് ഇത്രയൊക്കെ വളഞ്ഞിട്ട് കൊത്തിയിട്ടും ആരോപണങ്ങളുടെ മലവെള്ളപ്പാച്ചിൽ ഉണ്ടാക്കിയെടുത്തിട്ടും, തളരാതെ അജയ്യനായി നില്ക്കാൻ എങ്ങനെ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് അത്ഭുതത്തോടെ ഓർക്കാറുണ്ട് . അതിനു ഭാവഭേദമില്ലാതെ പിണറായി വിജയന്റെ ഉത്തരം ഇതായിരിക്കും. “എന്നെ ഞാനാക്കിയ പാർട്ടി എന്റെ ഒപ്പം ഉണ്ടായിരുന്നു അതായിരുന്നു എന്റെ ശക്തി. പൂമെത്ത വിരിച്ചതായിരിക്കില്ല ഒരു കമ്മ്യൂണിസ്റ്റ്‌ കാരന്റെ പാത. അത് കല്ലും മുള്ളും നിറഞ്ഞതായിരിക്കും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ആ പാത തിരഞ്ഞെടുത്തത്. മടിയിൽ കനമുള്ളവനേ വഴിയിൽ ഭയം വേണ്ടൂ”.

———————————-

സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് 2009 മുതലാണ്.. ഓർക്കുട്ടും ബ്ലോഗുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഉപയോഗം വളരെ കുറവായിരുന്നു. ഫെയ്‌സ് ബുക്കാണ് അന്നുതൊട്ട് ഇന്നോളവും സജീവമായി ഇടപെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം. ലാവ്‌ലിൻ കേസൊക്കെ കത്തിനിൽക്കുന്ന കാലമാണ്.. നുണക്കുമേൽ നുണക്കഥകളൊരുക്കി ലോകത്തിന്നുവരെ ജനിച്ചതിൽ വച്ചേറ്റവും കൊള്ളരുതാത്തവൻ എന്ന ഇമേജ് പിണറായി വിജയന് മാധ്യമ സിണ്ടിക്കേറ്റുകാരും കുലംകുത്തികളും ബുദ്ധിജീവികളും രാഷ്ട്രീയ എതിരാളികളും (മഞ്ഞപത്രക്കാർ മുതൽ മഹാനടന്മാർ വരെ ) എല്ലാം കൂടി ചാർത്തി നല്കാൻ മത്സരിച്ചുനടന്ന കാലമായിരുന്നു അത് .. ലോകത്തിലെ സകല തിന്മകളുടെയും ചാപ്പകുത്തൽ പിണറായി വിജയനിൽ അവരുണ്ടാക്കി. ഏതെങ്കിലും വലിയ വീട് എവിടെയെങ്കിലും കണ്ടാൽ അത് “പിണറായിയുടെ കൊട്ടാരം” ആകുന്നൊരു കാലം … ഏതെങ്കിലും വലിയ ഷോപ്പിംഗ് സെന്റര് ഉയർന്നുവന്നാൽ അത് “പിണറായുടെ ബിനാമിയുടെ”താകുന്ന കാലം.. സകലമാന കുത്തിത്തിരിപ്പുകാരും ഒരുമെയ്യായി പിണറായിക്കെതിരെ നുണക്കഥകളുടെ മലവെള്ളപ്പാച്ചിൽ ഉണ്ടാക്കിയെടുത്ത കാലം .. അന്നൊക്കെ പിണറായിയെ സപ്പോർട്ട് ചെയ്തു സംസാരിക്കുമ്പോൾ “നിനക്ക് എത്ര കിട്ടി” എന്ന് ചോദിച്ചവർ ഒരുപാടുണ്ടായിരുന്നു .. പിണറായിയെ അനുകൂലിച്ചു പറയുന്നത് മഹാമോശമായി കാണുന്നൊരു കാലമായിരുന്നു.. നിലപാട് പറയുമ്പോൾ പിണറായി മുതലാളിമാരുടെ ആളാണെന്ന് പറയുന്ന മെമ്പർമാരും അനുഭാവികളുമായിരുന്നു വലിയൊരു പങ്കും ..അതായിരുന്നു മഞ്ഞപത്രങ്ങൾ മുതൽ മഹാനേതാക്കൾ വരെ ഉൽപാദിപ്പിച്ച പൊതുബോധം .. അങ്ങേയറ്റം വികൃതവൽക്കരിച്ചു നിർത്താൻ ആവുന്നതൊക്കെചെയ്ത ഒരു സമൂഹത്തോട് പടപൊരുതിതന്നെയാണ് ആ മനുഷ്യൻ ഇന്നത്തെ നിലയിലേക്ക് വളർന്നത് …

അതുകൊണ്ടുതന്നെ അഭിമാനത്തോടെ അന്നുമിന്നും കണ്ടിഷനുകളേതുമില്ലാതെ ഒരു വ്യക്തിയെ പിന്തുടരുന്നുണ്ടെങ്കിൽ വർത്തമാനകാലത്ത് അത് പിണറായി വിജയനെ മാത്രമാണ്.. നാളുകളായുള്ള ആഗ്രഹമാണ് ആ മനുഷ്യനൊരു ഷേക്ക് ഹാൻഡ് കൊടുത്ത് മുന്നിലൊന്നു നിൽക്കണം എന്നത്. നേരിട്ട് കാണണം എന്നുവിചാരിച്ച് തിരുവനന്തപുരത്ത് പോയെങ്കിലും കാണാൻ കഴിഞ്ഞില്ല.. ആഗ്രഹം പൂവണിയാതിരിക്കില്ല ..ഒരുനാൾ തീർച്ചയായും കാണും

Advertisements