അംബാനിയണ്ണനോട് മത്സരിക്കാൻ കെ ഫോണിന് സാധിക്കില്ല എന്ന് പരിഹസിക്കുന്നവർ വായിച്ചിരിക്കണം

  314

  KFONഉം JIOയും ആനയും ആടും പോലെയാണ്, അവർ തമ്മിൽ ഗപ് അടിക്കാൻ ഗോമ്പട്ടീഷൻ ഇല്ല, ഇതൊക്കെ വെറും കോൺസ്പിറസി തിയറിയാണ് എന്നാണ് ഇന്നത്തെ പ്രധാന ‘നിഷ്പക്ഷ’ ക്യാപ്സ്യൂൾ. അതിനുള്ള മറുപടി Jathin Das എഴുതുന്നു.
  KFON പദ്ധതിക്കെതിരെ നടക്കുന്ന പരിഹാസ്യപ്രചാരണങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ചില വ്യക്തതകൾ വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു.

  1: KFON എന്നത് ഒരു ഇന്റർനെറ്റ് സേവന ദാതാവല്ല ..

  ഈ പദ്ധതിയെ പൊളിക്കാനും പരിഹസിക്കാനും ശ്രമിക്കുന്നവർ ആദ്യമുയർത്തുന്ന വാദമാണിത് .. ശരിയാണ്.. ഒരിടത്തും KFON ഒരു ഇന്റർനെറ്റ് സേവന ദാതാവാണ്‌ (ISP ) എന്ന് ഞാൻ വാദിച്ചിട്ടില്ല, അങ്ങനെയാരും വാദിച്ചതായും കണ്ടില്ല . മറിച്ച് കേരളത്തിലുടനീളം 52000 കിലോമീറ്റർ നീളത്തിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ പാകുന്ന പദ്ധതിയാണ് KFON എന്നതുതന്നെയാണ് പറഞ്ഞിട്ടുള്ളത്.

  2: KFON ഇന്റർനെറ്റ് സേവന ദാതാവല്ലാത്തതുകൊണ്ടുതന്നെ ഒരു ഇന്റർനെറ്റ് സേവനദാതാവിനും (ജിയോ, എയർടെൽ , വോഡഫോൺ, BSNL etc ) ഭീഷണിയാകില്ല.

  തെറ്റാണ്. ഉദാഹരണത്തിന് ഏറ്റവും പ്രബലമായ ഇന്റർനെറ്റ് സേവനദാതാവ് കേരളത്തിൽ 30000 കിലോമീറ്ററോളം ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ പാകിയിട്ടുണ്ട് .. അവർ ഇന്റർനെറ്റ് സേവനം നൽകുന്നത് അതുവഴിയാണ്. അത്ര വിശാലമായ കേബിൾ ശൃംഖല ഉള്ളതുകൊണ്ടുതന്നെ മാർക്കറ്റിലെ ആധിപത്യം അവർക്കുണ്ട്. മറ്റുള്ള സേവനദാതാക്കൾക്ക് അത്രക്ക് വിശാലമായ കവറേജ് ഇല്ലാത്തതുകൊണ്ടുതന്നെ മാർക്കറ്റിലെ ആധിപത്യം കുറവാണ് , മാത്രവുമല്ല അത് സ്പീഡ് അടക്കമുള്ള സേവന ഗുണമേന്മയെ (ക്വാളിറ്റി ഓഫ് സർവീസ്) ബാധിക്കുകയും ചെയ്യുന്നുണ്ട്. അവിടെയാണ് KFON പ്രസക്തമാവുന്നത്. കെ ഫോണിന്റെ കേബിൾ ശൃംഖല ഉപയോഗിക്കുന്നതിന് സർക്കാരുമായി കരാറുണ്ടാക്കി ഏതൊരു ഇന്റർനെറ്റ് സേവനദാതാവിനും ഇന്റർനെറ്റ് സേവനം നല്കാൻ സാധിക്കും.

  3: അതെങ്ങനെ ?

  KFON എന്നത് ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ്. ആ ശൃംഖല ഉപയോഗിച്ച് ഏതൊരു സേവനദാതാവിനും ഏതൊരു വീട്ടിലേക്കും ഇന്റർനെറ്റ് സൗകര്യം കൊടുക്കാൻ സാധിക്കും .. ലളിതമായി പറഞ്ഞാൽ, നമുക്ക് തിരുവനന്തപുരത്തുനിന്നും കാസറഗോഡുള്ള ഒരു റിമോട്ട് വില്ലേജിലേക്ക് പോകണം എന്ന് വിചാരിക്കുക. നമുക്ക് തിരുവനന്തപുരത്തെയും കാസർഗോട്ടെ വിദൂരപ്രദേശത്തെയും ബന്ധിപ്പിക്കുന്ന റോഡുകൾ ഉണ്ട്. ആ റോഡ് സർക്കാർ പണിതതാണ്. സർക്കാർ പണിത ആ റോഡിലൂടെ (KFON) നമ്മുടെ വാഹനം (ഇന്റർനെറ്റ് സേവനദാതാവ് – ജിയോ , എയർടെൽ , BSNL, വൊഡാഫോൺ ഏതുമാകാം ) ഉപയോഗിച്ച് നമ്മൾ യാത്ര ചെയ്യുന്നു.
  ഇപ്പോൾ സംഭവിക്കുന്നത് ഒരു സേവനദാതാവും അവരവരുടെ റോഡുകൾ (ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ) ഉപയോഗിച്ച് അവരവരുടെ മാത്രം വാഹനങ്ങളെ (യൂസേഴ്സ്) യാത്ര ചെയ്യാൻ അനുവദിക്കുന്ന രീതിയാണ്. അതായത് സ്വന്തമായി റോഡും സ്വന്തമായി വാഹനവും ഉണ്ടായാൽ മാത്രമേ യാത്രചെയ്യാൻ സാധിക്കൂ എന്നർത്ഥം ..
  അവിടെയാണ് റോഡ് (കേബിൾ ശൃംഖല) സർക്കാർ ഉണ്ടാക്കുന്നത്. എന്നിട്ട് സർക്കാരിന്റെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ഉപയോഗിച്ച് സേവനദാതാക്കളോട് ഇന്റർനെറ്റ് സേവനം കൊടുക്കാൻ അപേക്ഷ ക്ഷണിക്കും, ആവശ്യപ്പെടും ..അതാണിതിലെ ബിസിനസ് മോഡൽ

  4: അതെങ്ങനെയാണ് സ്വകാര്യമേഖലയിലെ സേവനദാതാക്കളെ ബാധിക്കുക?

  വിശാലമായ ഫൈബർ ഒപ്റ്റിക്കൽ ശൃംഖലയെ ഉപയോഗപ്പെടുത്താൻ സ്വാഭാവികമായും ഇന്റർനെറ്റ് സേവനദാതാക്കൾ താല്പര്യപ്പെടും. കൂടുതൽ അങ്ങനെയുള്ള പ്ലേയേഴ്സ് വരുമ്പോൾ മത്സരമുണ്ടാകും, അതിലൂടെ (സ്വന്തമായി കേബിൾ ശൃംഖലയുള്ള ) ചിലരുടെ കുത്തകകൾക്ക് ക്ഷീണം സംഭവിക്കും .. അതാണ് ഇതിലെ ബിസിനസ് മോഡൽ..

  5: ആരും ഈ ശൃംഖല പ്രയോജനപ്പെടുത്താൻ താല്പര്യമെടുക്കാതെ വന്നാൽ ?

  ഇത്തരം ഒറ്റബുദ്ധി ലോജിക്കുകളോട് വിപണിയുടെയും ബിസിനെസ്സിന്റെയും അടിസ്ഥാനതത്വമറിയുന്ന ഒരാളും പ്രതികരിക്കില്ല എന്നതാണ് വസ്തുത. എല്ലാം ഇൻറർനെറ്റിൽ അധിഷ്ഠിതമായി മുന്നോട്ടുപോകുന്നൊരു ലോകത്ത്, ലോകം തന്നെ പരസ്പരം സാങ്കേതികവിദ്യകളിലൂടെ കണക്ട് ചെയ്യപ്പെടുന്നൊരു കാലത്ത്, ഇത്രയും വിശാലമായ അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ഒരു ഇന്റർനെറ്റ് സേവന ദാതാവും ഉപയോഗപ്പെടുത്തില്ല എന്നതൊക്കെ വെറും വിതണ്ഡവാദമായി മാത്രം കണ്ടുകൊണ്ട് തള്ളാനെ തല്ക്കാലം നിർവാഹമുള്ളൂ ..

  6: എങ്ങനെയാണ് പാവപ്പെട്ടവർക്ക് സൗജന്യ സേവനം ലാഭമാക്കുക ? ഈ സേവനദാതാക്കൾ അതിനു തയ്യാറായില്ലെങ്കിൽ ?

  ഞാൻ മനസിലാക്കിയത്, അത് സർക്കാർ പണം മുടക്കി ചെയ്യുന്നൊരു സേവനമാകാനാണ് സാധ്യത എന്നാണ്. ക്ഷേമപദ്ധതികൾ പോലെ സർക്കാർ പണം മുടക്കി ചെയ്യുന്ന കാര്യം .. അതായത് ഈ കുടുംബങ്ങൾക്ക് നിശ്ചിത ക്വോട്ട (ഉദാഹരണത്തിന് 1 ജിബി/ day) നിശ്ചയിച്ച് അതിന്റെ ബിൽ സർക്കാർ അടക്കുന്ന രീതിയിൽ ഉള്ളൊരു ബിസിനസ് മോഡൽ. അല്ലെങ്കിൽ ഈ ഫൈബർ കേബിളുകൾ ഉപയോഗിക്കുന്ന സേവനദാതാക്കളെക്കൊണ്ട് സൗജന്യമായി സേവനം നൽകിപ്പിച്ച് ആ തുക KFON കേബിൾ ശൃംഖല ഉപയോഗിക്കുന്നതിനു ഇവർ നൽകുന്ന വാടകയിൽ നിന്നും കുറച്ചുകൊടുക്കുന്നതുമാകാം .. അല്ലെങ്കിൽ BSNL പോലൊരു പൊതുമേഖലാ സ്ഥാപനത്തിന് സംസ്ഥാനത്തുടനീളം അതിനുള്ള കരാർ നല്കുന്നതാകാം .. അതുമല്ലെങ്കിൽ ഏരിയ തിരിച്ച് വിവിധ സേവനദാതാക്കളെ ഏൽപ്പിക്കുന്നതുമാകാം.. അതൊക്കെ പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ പലതരം ബിസിനസ് മോഡലുകളായി വരേണ്ടതാണ്. അതിന്റെ ചർച്ചകളിലേക്ക് സർക്കാർ കടന്നിട്ടുണ്ടോ എന്നറിയില്ല. കാരണം നമ്മൾ ഇപ്പോൾ കേബിളുകൾ പാകുന്നതിന്റെ ഘട്ടത്തിലാണ് .. സൗജന്യസേവനം നൽകുന്നതിലെ ബില്ലിംഗ് മോഡൽ അടക്കുള്ള മൈക്രോലെവൽ ധാരണയൊക്കെയുണ്ടാക്കാൻ ഇനിയും സമയമുണ്ട് എന്നർത്ഥം .. ഒരുപക്ഷെ അത് ഇതിനകം തന്നെ ഉണ്ടാക്കിയിട്ടുമുണ്ടാകാം .. പക്ഷെ പലതരം സാധ്യതകളാണ് പറഞ്ഞത്..

  വാൽക്കഷ്ണം: “അംബാനിയണ്ണനോട് മത്സരിക്കാൻ കെ ഫോണിന് സാധിക്കില്ല” എന്ന് പരിഹസിക്കുന്ന ലോജിക്കിനോട് പ്രതികരിക്കാനാണ് പ്രധാനമായും ഉദ്ദേശിച്ചത്. അതുകൊണ്ടുതന്നെ കേബിൾ ടിവികൾ അടക്കമുള്ളവയുടെ കാര്യം പോസ്റ്റിൽ പ്രതിപാദിക്കുന്നില്ല.അതും KFON ശൃംഖലയുടെ മറ്റൊരു പ്രധാനപ്പെട്ട ഉപയോഗമാണ് … അതിന്റെ ബിസിനസ് മോഡലും പക്ഷെ മുകളിൽ പറഞ്ഞതുപോലെത്തന്നെയാണ് ..