ഇത്രയും പ്രകൃതിസ്നേഹികള്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷം

37

Jithin Das

“ഇത്രയും പ്രകൃതിസ്നേഹികള്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷം. ശറപറാ മെസ്സേജുകള്‍ വരുന്നുണ്ടെന്ന് ഫെയിസ്ബുക്ക് പറയുന്നു, കഷ്ടപ്പെട്ടിട്ടു കാര്യമില്ല, ഞാന്‍ മെസ്സഞ്ചര്‍ തുറക്കാറില്ല. അതുകൊണ്ട് എനിക്കു തെറി അയച്ചു നിങ്ങളുടെ സമയം പാഴാക്കുന്നതിനു പകരം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. കൂടുതലും ചെയ്യാതെ ഇരിക്കാം എന്നാണ്, അതുകൊണ്ട് ബുദ്ധിമുട്ടും തീരെക്കുറവാണ്.

  1. കാട് നിങ്ങള്‍ക്ക് വെള്ളമടിച്ചും ബിരിയാണി തിന്നും പിക്ക്‌നിക്ക് നടത്തി കുപ്പിയും പ്ലാസ്റ്റിക്കും സ്റ്റൈറോഫോം പ്ലേറ്റുകളും വലിച്ചെറിയാനുള്ള ഇടമല്ല, ഇത് ചെയ്യാതെ ഇരിക്കല്‍ മൂലം ഒരുപാട് ആനയടക്കം വന്യജീവികളുടെ ജീവന്‍ നിങ്ങള്‍ക്ക് രക്ഷിക്കാം.

  2. ബീച്ചില്‍ പ്ലാസ്റ്റിക്ക് കീശകളും ബോട്ടിലുകളും ഇടാതെ ഇരിക്കാം. എന്തെങ്കിലും ഒരു സഞ്ചി കയ്യില്‍ കരുതുക കൊണ്ടുപോയത് എല്ലാം തിരികെ കൊണ്ടുവരിക.

  3. പുഴയിലും ഇതടക്കം മാലിന്യങ്ങള്‍ നിക്ഷേപിക്കാതെ ഇരിക്കാം, കേരളത്തിലെ എല്ലാ പുഴകളും മരിച്ചുകൊണ്ടിരിക്കുന്നു.

  4. ആന വന്യമൃഗമാണ്. അവയുടെ അംഗബലം കുറഞ്ഞത് മനുഷ്യന്റെ ഇടപെടല്‍ മൂലമാണ്. ദയവായി ആനയെ കെണിയിലാക്കി പൊള്ളിച്ചും മര്‍ദ്ദിച്ചും അടിമയാക്കി ചങ്ങലയിട്ട് കൊണ്ടുനടക്കുന്നതിനെ പ്രോത്സാഹിപ്പിക്കാതിരിക്കുക.

  5. പറമ്പില്‍ പാമ്പിനെ കണ്ടാല്‍ തല്ലിക്കൊല്ലരുത്, എല്ലാ പാമ്പുകളും സം‌രക്ഷിത വന്യജീവികള്‍ ആണ്. കുടുങ്ങിപ്പോകുകയോ വീട്ടിനുള്ളില്‍ ആകുകയോ ചെയ്ത പാമ്പിനെ ഉപദ്രവിക്കാതെ നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടമില്ലാതെ രക്ഷിക്കുന്ന സ്നേക് റെസ്ക്യൂവര്‍മാരെ വിളിക്കുക.

  6. മാന്‍ പോലെയുള്ള വന്യമൃഗങ്ങള്‍ക്ക് ബ്രെഡ്ഡും പഴവും വാങ്ങി തീറ്റാനും സെല്‍ഫി എടുക്കാനും പോകരുത്. വനത്തില്‍ കാണുന്ന ചെടികള്‍ പിഴുതു വീട്ടില്‍ കൊണ്ടുപോകരുത്. പൂപറിക്കരുത്.

  7. റെസ്റ്റോറന്റിലും കള്ളുഷാപ്പിലും പോയാല്‍ ആമയിറച്ചി ഉണ്ടോ തവള ഇറച്ചി ഉണ്ടോ എന്നു ചോദിക്കരുത്. മനുഷ്യന്‍ വളര്‍ത്തുന്നവയോ കഴിച്ചാലും വലുതായി അംഗബലം കുറയാത്ത രീതിയിലുള്ളവയോ അതായത് ചിക്കന്‍, മട്ടണ്‍, ബീഫ്, മീന്‍ തുടങ്ങിയവ കഴിക്കുക.

  8. തോട്ട പൊട്ടിച്ചും നഞ്ചുകലക്കിയും മീന്‍ പിടിക്കരുത്. നിരോധിത മാര്‍ഗ്ഗങ്ങളോ പ്രവര്‍ത്തികളോ ചെയ്ത് ഊത്തപിടിത്തം പോലെ ഒന്നും ചെയ്യാതെ ഇരിക്കുക.

  9. പ്രകൃതിയെ സം‌രക്ഷിക്കുക എന്നു വച്ചാല്‍ പ്രദേശത്തുള്ള മനുഷ്യരെ ഉന്മൂലനം ചെയ്ത് സാധിക്കേണ്ട ഒന്നാണെന്നു വിശ്വസിക്കരുത്.

  10. കട്ടിലു പണിയുന്ന കാര്യം ഡോക്റ്ററോട് ചോദിച്ചല്ല മനസ്സിലാക്കേണ്ടത്. പനിപിടിച്ചാല്‍ ആശാരിയെയും അല്ല വിളിക്കേണ്ടത്. നമുക്കാര്‍ക്കും എല്ലാ കാര്യവുമറിയില്ല. സംശയങ്ങള്‍ വിഷയം ശരിയായി അറിയുന്നവരോട് ചോദിക്കുക. അതായത്, പാലക്കാട്ടു ചെരിഞ്ഞ ഗര്‍ഭിണിയായ പിടിയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്റ്റര്‍ക്കോ അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കോ ആനചെരിഞ്ഞത് പന്നിപ്പടക്കം പൊട്ടി ആണോ എന്ന് ഉറപ്പില്ല, അതൊരു സംശയം മാത്രമാണ്. ഫോറന്‍സിക്ക് അന്വേഷണം ഇനിയും ഒരുപാട് തുടരണം. പന്നിപ്പടക്കം ആണെങ്കില്‍ അതു പൈനാപ്പിളില്‍ വച്ചിരുന്നത് ആണോ എന്ന് അറിയില്ല, പൈനാപ്പിള്‍ കൊറോണക്കാലത്ത് ഒരുത്തനും വാങ്ങാതെ കര്‍ഷകര്‍ ഉപേക്ഷിക്കുകയാണ് എന്നതിനാല്‍ അതില്‍ പടക്കം വച്ചു കാണും എന്നത് ഊഹം മാത്രമാണ്. ഉദ്യോഗസ്ഥര്‍ക്കോ നാട്ടുകാര്‍ക്കോ പോലീസിനോ ആനയ്ക്കുവേണ്ടിയാണോ വച്ചത് എന്നു സംശയിക്കാന്‍ ഒരു തെളിവും മൊഴിയും സാക്ഷിയും കിട്ടിയിട്ടില്ല, സമീപകാലത്ത് പലയിടത്തും (എന്നു വച്ചാല്‍ പലജില്ലകളില്‍) പന്നിപ്പടക്കം വച്ചത് പൊട്ടി പിടിയും കുട്ടിയാനയും അടക്കം ഒട്ടേറെ ജീവികള്‍ ചത്തിട്ടുണ്ട്. ഇതില്‍ ഒരെണ്ണം പന്നിവേട്ടക്കാര്‍ ആണോ എന്ന് അന്വേഷിക്കുന്നുണ്ട്. ബാക്കിയെല്ലാം കൃഷിക്കാര്‍ വച്ചതാണ്. അതായത് അറിയുന്നവരോടല്ലാതെ തിരക്കി അതും വിശ്വസിച്ച് തല്ലണം കൊല്ലണം എന്നുപറഞ്ഞ് ഇറങ്ങരുത്.

Advertisements