Jithin George
മാസ് മഹാരാജൻ രവി തേജ നായകനായ ബ്ലോക്ക്ബസ്റ്റർ മൂവി ധമാക്ക കാണുകയുണ്ടായി. ചിത്രത്തിൽ രവി തേജ ഇരട്ടവേഷത്തിലെത്തുന്നു എന്നതും മലയാളികളുടെ മാസ് കൂൾ ജയറാമേട്ടൻ വില്ലൻ വേഷത്തിലെത്തുന്നു എന്നതുമാണ് പ്രധാന സവിശേഷതകൾ.ഈ രണ്ടു സവിശേഷത ഉൾപ്പെടെ ഈ പടം മൊത്തം അഞ്ചേട്ട് സവിശേഷതകൾ ഉണ്ട്.ഇത്രയും ചിരിപ്പിച്ചൊരു സീരിയസ് മാസ് പടം ഞാനെന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.സ്പോയിലർ ഉണ്ടേ .
ഒന്നാമൻ രവി തേജ സാധാരണക്കാരനും ഏത് തമ്പുരാനെയും അടിച്ചിടാൻ കെല്പുള്ളവനും ആണ്..രണ്ടാമൻ കോർപ്പറേറ്റ് മുതലാളിയും സാത്വികനുമാണ്. രണ്ടാമന്റെ ഫാദർ മൂത്രക്കല്ലോ പിത്തവോ മറ്റോ പിടിച്ച് രണ്ടു മാസത്തിനുള്ളിൽ വടിയാകുമെന്നു അങ്ങേര് തന്നെ മൈക്ക് കെട്ടി കവലയിൽ നിന്ന് വിളിച്ചു പറയുന്നു. അതിനുള്ളിൽ കമ്പനിക്ക് പുതിയ സി ഈ ഓ വരുമെന്ന പ്രത്യാശയിലാണ് ടോട്ടൽ തെലങ്കാന മൊത്തം. ഈ സംഭവം നടക്കുന്നതിനിടയിലാണ് ആളുകളെ ചുമ്മാ കൊന്ന് അവരുടെ സ്ഥാവര ജംഗമം മൊത്തം കൈക്കലാക്കുന്ന അദ്ധ്വാനിക്കാതെ സ്വത്ത് ഉണ്ടാക്കുന്ന ജയറാം ഇതറിയുന്നത് ..അതോടെ ഇവന്റെ കമ്പനി തട്ടിയെടുത്ത് മകന്റെ ഹാപ്പി ബർത്ത് ഡേ ഗിഫ്റ്റ് ആക്കാൻ ജയറമേട്ടൻ എന്ന ജെ പി തീരുമാനിക്കുന്നു. ബാക്കി എന്ത് സംഭവിക്കുന്നു എന്നതാണ് ദിതിന്റെ കഥ…
ഈ കഥയിലെ ആദ്യത്തെ ഭീകര ട്വിസ്റ്റ് ഇതൊന്നുമല്ല, ഈ കോർപ്പറേഷൻ മുതലാളി ആയ രവി തേജയും ദരിദ്രവാസിയായ രവി തേജയും ഒന്നാണെന്ന്.പണ്ടെങ്ങോ ശരിക്കുള്ള ഇയാളെ ഉത്സവം കൂടാൻ പോയ ഒടുവിലുണ്ണികൃഷ്ണൻ അമ്പലപ്പറമ്പിൽ ഡിസ്പാച്ച് ചെയ്യുന്നു.ഓ സോറി പടം മാറിപ്പോയി.ഉത്സവപ്പറമ്പിൽ ഈ പയ്യനെ കാണാതാവുന്നു.കാണാതായ പയ്യനെ ഈ കോർപ്പറേഷൻ മുതലാളി തന്തക്ക് ആണ് കിട്ടുന്നത്…
ജന്മനാ നല്ലവനും കർമം കൊണ്ട് ബ്രാഹ്മണനും ആയ ഇദ്ദേഹം എടുത്തു വളർത്തുന്നു..നാല് വർഷം കൊണ്ട് യഥാർഥ തന്തയെ കണ്ടുകിട്ടുമ്പോ വളർത്തിയ ടീമിനും ഒറിജിനൽ ടീമിനും ഇവനെ പിരിയാൻ വയ്യ. മറ്റേ കോർപ്പറേഷൻ ടീമിന്റെ കയ്യിൽ പൂത്ത കാശ് ഉള്ളത് കൊണ്ടാണോ എന്തോ ഒറിജിനൽ പിതാവ് ഒരുപായം പറയുന്നു.ഒന്നിടവിട്ട ദിവസങ്ങളിൽ അവിടെയും ഇവിടെയുമായി ഇവൻ വളരട്ടെ..ഇനിയങ്ങോട്ട് ഇവന് രണ്ട് തന്തയും രണ്ട് തള്ളയും ഉണ്ട്. ഈ പൊട്ടൻ ചെങ്ങാലി ആണെങ്കിൽ അങ്ങനെ തന്നെ വളരും…
വളർന്ന് കഴിയുമ്പോ തിങ്കളാഴ്ച്ച ഇവൻ പീപ്പിൾസ് മാർട്ട് കമ്പനിയുടെ ഉടമ, ചൊവ്വാഴ്ച ലവൻ പെങ്ങളെ കെട്ടിക്കാൻ പോലും കാശും തെണ്ടി ജോലിയും അന്വേഷിച്ചു നടക്കും.ബുധനാഴ്ച വീണ്ടും മുതലാളി, വ്യാഴാഴ്ച വീണ്ടും ഊരുതേണ്ടൽ റിപ്പീറ്റ്.അങ്ങേരുടെ പ്രാഥമിക വിദ്യാഭ്യാസം ആണ് ഞാനപ്പോ ആലോചിച്ചത്…തിങ്കളാഴ്ച അന്ധകാരം ഗവർണമെന്റ് എൽ പി സ്‌കൂളിൽ കീറിയ നിക്കറുമിട്ടു തെലുങ്ക് മീഡിയത്തിൽ പഠിക്കും.ചൊവ്വാഴ്ച്ച ഡൽഹി നവോദയായിൽ ടൈയും കെട്ടി പോയിരിക്കും.എങ്ങനെ സാധിക്കുന്നുവോ എന്തരോ.ഞാനെന്റെ സിനിമ കാണൽ കരിയറിൽ ഇമ്മാതിരി മുഴുത്ത ഭ്രാന്തുള്ള ഒരു കഥാപാത്രത്തെ ഇന്ന് വരെ കണ്ടിട്ടില്ല. ഇതിലെ നായികയും ഇതിനേക്കാൾ കൂടിയ സാധനമാണ്.പുള്ളിക്കാരിയെ ഒരുകൂട്ടം ആളുകൾ ശല്യപ്പെടുത്തുമ്പോ ഫോണ് മാറി നമ്മുടെ സാധാരണക്കാരനായ രവി തേജയെ വിളിക്കും…
ആ ചെങ്ങായി ആണെങ്കിൽ ഇത്രയും സുന്ദരിയായ പെണ്ണ് അണ്ണയ്യ എന്നു വിളിച്ചു അതോണ്ട് രക്ഷിക്കാൻ പറ്റില്ല എന്ന് പറയും.
എന്നെ കുട്ടാ മോനെ പഞ്ചാരി എന്നൊക്കെ വിളിച്ച് ഒരു ഉമ്മയും തന്നാൽ രക്ഷിക്കാം എന്നതാണ് ഇദ്ദേഹത്തിന്റെ ഡിമാൻഡ്.ഈ വളഞ്ഞു വെച്ചിരിക്കുന്നവന്മാർ പോലും ഇത്രയും മോശമായി ഇവളോട് സംസാരിച്ചു കാണില്ല..ആ എന്തരോ എന്തോ പെണ്ണിന് ഇവനെ ബോധിക്കും, പക്ഷെ പെണ്ണിന്റെ തന്തയുടെ പ്ലാൻ കോർപ്പറേഷൻ മുതലാളി രവി തേജക്ക് ഇവളെ കെട്ടിച്ചു കൊടുക്കാനാണ്..രണ്ടുപേരും ഒരുപോലിരിക്കുന്നത് കൊണ്ട് ബുദ്ധി കൂടുതലുള്ള നായികക്ക് രണ്ടുപേരെയും ഇഷ്ടപ്പെടും..ഒരാളെ ഒഴിവാക്കാനായി കൂട്ടത്തിൽ ആരാണ് ഏറ്റവും നല്ലവനെന്നു മനസിലാക്കാൻ ഈ പെണ്ണുംപിള്ള ഓരോ ദിവസവും ഇവരുടെ കൂടെ മാറിമാറി നടക്കും.. രാജതന്ത്രം…ഒന്നിടവിട്ട ദിവസങ്ങളിൽ ആളുമാറി ജീവിക്കുന്ന നായകന്റെ ഭ്രാന്തൊക്കെ ഇതിന് മുന്നിൽ നിസാരം…
അങ്ങനെ പോകുന്ന ഈ പടത്തിൽ ആകെയുള്ള പതിനഞ്ച് സീനിൽ ഏഴര സീനിലും ജയറാം വന്ന് ആരോടെങ്കിലും ഞാൻ സിംഹമാണ്, എനിക്ക് വിശക്കുന്നു എന്നും പറഞ്ഞു നടക്കും…ഇവന്റെ വിശപ്പ് മാറ്റാൻ ആരെങ്കിലും ഒരു പഴമെടുത്ത് അണ്ണാക്കിൽ തിരുക്കിക്കൊടുക്കാൻ ഞാനാഗ്രഹിച്ചിരുന്നു..ബാക്കിയുള്ള ഏഴര സീനിൽ രവി തേജ ഇംഗ്ലീഷിൽ മാസ് ഡയലോഗ് അടിച്ചിട്ട് പുള്ളി തന്നെ അത് തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തിപ്പറയും..വിദ്യാഭ്യാസം ഇല്ലാത്ത വില്ലന്മാർക്ക് മനസ്സിലാവാൻ ആയിരിക്കും..നന്മയുള്ളവൻ…ബാക്കിയുള്ള ഒന്നര മണിക്കൂർ ഫുൾ പാട്ടുകളാണ്..ഇതെങ്ങനെ കലങ്ങി മറിയും എന്നറിയാൻ നെറ്റ്ഫ്ലിക്സിൽ കയറുക…