Jithin T Joseph

കൊറോണ കാലത്ത് ഏറ്റവും കൂടുതല്‍ തര്‍ക്കത്തിന് ഇടയായ ഒരു വിഷയമാണ്‌ ബിവറെജു ഷോപ്പുകള്‍ അടക്കുന്നതുമായി ബന്ധപെട്ടു ഉണ്ടായത്. ഇത്തരം തര്‍ക്കങ്ങളില്‍ ചിലരെങ്കിലും കുടിയന്മാര്‍ ആര്‍ക്കും പ്രയോജനം ഇല്ലാത്തവരാണെന്നും അവര് മൂലം മറ്റുള്ളവരുടെ ജീവനും അപകടത്തിലാകുമെന്നും വരെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒന്ന് ഓര്‍ത്തു നോക്കു , ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നത്‌ കണ്ടിട്ടും ചിലരെങ്കിലും മദ്യം വാങ്ങാന്‍ പോയി വെയിലത്ത്‌ കൈ അകലം പാലിച്ചു നില്‍ക്കണമെങ്കില്‍ അവര്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലേ ? അവരെ ബാധിച്ചിരിക്കുന്ന മദ്യാസക്തി രോഗത്തിന്‍റെ ലക്ഷണങ്ങളാണ് അവരുടെ ഈ പെരുമാറ്റം. മദ്യം സ്വയം കുറക്കാന്‍ സാധിക്കാതെ വരുന്നതും, തന്‍റെ ആരോഗ്യം തന്നെ ത്രിണവല്കരിച്ചു മദ്യം വാങ്ങാന്‍ ഈ കഷ്ടപെടുന്നതും അതിന്‍റെ ലക്ഷണമാണ്.
National Family Health Survey 4(NFHS 4 2015-16) പ്രകാരം ഇന്ത്യയില്‍ ആണുങ്ങളില്‍ ഏകദേശം 29% വും ,സ്ത്രീകളില്‍ 1%വും മദ്യം ഉപയോഗിക്കുന്നവരാണ്. ഇതില്‍ ഏകദേശം 10 മുതല്‍ 15 % വരെ ആളുകള്‍ക്ക് മദ്യാസക്തി രോഗം (ALCOHOL DEPENDENCE SYNDROME) ഉണ്ടാകാം. ഇത്തരത്തിലുള്ള ആളുകള്‍ പെട്ടന്ന് മദ്യം നിറുത്തുമ്പോള്‍, അല്ലെങ്കില്‍ അളവ് കുറയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ശാരീരിക- മാനസിക അവസ്ഥയാണ് alcohol withdrawal. കൃത്യ സമയത്ത് വേണ്ട ചികിത്സ ലഭിച്ചില്ല എങ്കില്‍ ഇതില്‍ വളരെ വലിയ ഒരു ശതമാനം ആളുകള്‍ കടുത്ത ഡിലിരിയം ട്രെമെന്‍സ് പോലത്തെ അവസ്ഥയില്‍ എത്താന്‍ സാധ്യതയുണ്ട്. ഏകദേശം 30% മരണനിരക്കുള്ള ഒരു അവസ്ഥയാണ് ഡിലിരിയം ട്രെമെന്‍സ്. പെട്ടന്ന് മദ്യ ലഭ്യത കുറയ്ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ കുടി നമ്മള്‍ കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇതില്‍ വളരെ വലിയ ഒരു ശതമാനം ആളുകള്‍ക്കും ആശുപത്രിയില്‍ കിടത്തി ചികിത്സയും , കുറച്ചു പേര്‍ക്കെങ്കിലും ത്രീവ പരിചരണവും വേണ്ടി വരാം. നിലവിലത്തെ അവസ്ഥയില്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ ഇത് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന സ്ഥിതിയിലാണോ എന്നുംകുടി നമ്മള്‍ ചിന്തിക്കണം.

എന്താണ് മദ്യാസക്തി രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ?

• തുടര്‍ച്ചയായും ,കൂടുതല്‍ അളവിലുമുള്ള മദ്യ ഉപയോഗം
• എന്നും കുടിക്കണം എന്നുള്ള ആഗ്രഹം, അല്ലെങ്കില്‍ കുടിക്കുന്നത് സ്വയം നിയന്ത്രിച്ചു നിര്‍ത്താനുള്ള ബുദ്ധിമുട്ട്.
• മദ്യം വാങ്ങാനും, അത് ഉപയോഗിക്കാനുമായി ദിവസത്തെ നല്ലൊരു സമയം മാറ്റി വെക്കുക.
• രാവിലെ എണീക്കുമ്പോള്‍ തന്നെ കുടിക്കണം എന്ന അമിതമായ ആസക്തി
• കുടിക്കുന്നതിന്‍റെ അളവ് ക്രമേണ കൂടി കൂടി വരിക
• കുടിക്കുന്നത് പെട്ടന്ന് നിര്‍ത്തുകയോ , പതിവായി കഴിക്കുന്ന അളവില്‍ ഉപയോഗിക്കാതെയോ ഇരിക്കുമ്പോള്‍ withdrawal ലക്ഷണങ്ങള്‍ കാണിക്കുക.
• ജീവിതത്തിലും തൊഴില്‍ രംഗത്തും ,ബന്ധങ്ങളിലും മദ്യം മൂലമുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുക
• ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും മദ്യ ഉപയോഗം തുടരുക.
ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം മദ്യം ഉപയോഗിക്കുന്നവരില്‍ 10 മുതല്‍ 15 % വരെ ആളുകള്‍ക്ക് മദ്യാസക്തി ലക്ഷണങ്ങള്‍ ഉണ്ടാകാം.
എന്താണ് ALCOHOL WITHDRAWAL SYMPTOMS ?
മദ്യാസക്തി രോഗമുള്ളവര്‍ പെട്ടന്ന് മദ്യം ഉപയോഗിക്കുന്നത് കുറയ്ക്കുകയോ നിറുത്തുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്. നേരിയ വിറയലും വെപ്രാളവും മുതല്‍ ജെന്നി, സ്ഥലകാലബോധം നഷ്ടപെടുന്ന അവസ്ഥ- ഡിലിരിയം ട്രെമെന്‍സ്, മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അവസ്ഥ എത്ര ഗുരുതരമാകുന്നു എന്നത് പലതരത്തിലുള്ള ഘടകങ്ങളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്.
എന്താണ് mild Alcohol Withdrawal Symptoms ന്‍റെ ലക്ഷണങ്ങള്‍ ?
• മദ്യം നിറുത്തി ഏകദേശം 3 മുതല്‍ 12 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കാം. ഏറ്റവും കൂടുതല്‍ ലക്ഷണങ്ങള്‍ കാണിക്കാന്‍ സാധ്യത 24- 48 മണിക്കൂര്‍വരെ ആണ് . പതിയെ 7 മുതല്‍ 14 ദിവസം കൊണ്ട് ലക്ഷണങ്ങള്‍ പൂര്‍ണ്ണമായി അപ്രത്യക്ഷമാകാം.
• പൊതുവായ ക്ഷീണം
• വെപ്രാളം, അസ്വാസ്ഥ്യം, പെട്ടെന്നുള്ള ദേഷ്യം
• കൈവിരലുകള്‍, നാക്ക് തുടങ്ങിയവ വിറക്കുക
• ശരീരം വിയര്‍ക്കുക
• ഓക്കാനം, ശര്‍ധില്‍, വയറിളക്കം
• ചെറിയ പനിയും, നെഞ്ഞിടിപ്പും, BP യിലെ വ്യതിയാനം
ഇവയാണ് ലക്ഷണങ്ങള്‍.
മദ്യാസക്തി ഉള്ളവരിലെ പകുതിയെങ്കിലും ആളുകള്‍ക്ക് ഈ ലക്ഷണങ്ങള്‍ കാണാം. ചിലരില്‍ ഇവ സ്വയമേ അപ്രത്യക്ഷമാകം, പക്ഷെ മിക്കവര്‍ക്കും മരുന്ന് ചികിത്സ വേണ്ടി വരും.
ഗുരുതരമായ WITHDRAWAL SYMPTOMS ന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?
• കടുത്ത വിറയല്‍, ശരീരം മുഴുവന്‍ വിറക്കുക.
• BP, ഹൃദയമിടിപ്പ്‌ ഇവയിലെ വ്യതിയാനം.
• കടുത്ത പനിയും , വിയര്‍പ്പും.
• ഉറക്കകുറവ് .
• അമിതമായ വെപ്രാളം, ദേഷ്യം.
• അക്രമാസക്തരാവുക.
• ജന്നി വരിക ( 12 മുതല്‍ 18 വരെ മണിക്കൂറില്‍ )
ഇവര്‍ക്ക് മിക്കപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലുള്ള ചികിത്സ വേണ്ടി വരും. കൃത്യമായി ചികിത്സ ലഭിച്ചില്ല എങ്കില്‍ ഈ ഘട്ടത്തില്‍ മരണ നിരക്ക് 15% വരെ എത്താം. ചികിത്സ നല്‍കുന്നത് വഴി ഇതു 2% ആയിട്ട് കുറക്കാന്‍ സാധിക്കും.
എന്താണ് ഡിലിരിയം ട്രെമെന്‍സ് ?
WITHDRAWAL SYMPTOMS ഉണ്ടാവുന്ന ആളുകളില്‍ 5% ആളുകള്‍ക്ക് എങ്കിലും ഉണ്ടാവാന്‍ സാധ്യതയുള്ള ഗുരുതരമായ അവസ്ഥയാണിത്. തലച്ചോറിലെ നാഡി രസങ്ങളുടെ അസന്തുലിതാവസ്ഥ മൂലമാണ് ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാവുക. ചികിത്സ ലഭിക്കാത്ത സാഹചര്യത്തില്‍ 35% വും , ചികിത്സ ലഭിച്ചാല്‍ 5% മരണ സാധ്യതയുള്ള അവസ്ഥയാണിത്. പ്രത്യേക സൌകര്യങ്ങളുള്ള ICU സംവിധാനത്തിലേ ചികിത്സ ഇവര്‍ക്ക് വേണ്ടി വരും. ഇവയാണ് DT യുടെ ലക്ഷണങ്ങള്‍ ?
• കടുത്ത വിറയല്‍
• സ്ഥലകാലബോധം നഷ്ട പെടുന്ന അവസ്ഥ
• ഇല്ലാത്ത കാഴ്ചകള്‍ കാണുന്ന അവസ്ഥ
• ഒട്ടും ഉറക്കമില്ലാത്ത അവസ്ഥ
• പകല്‍ ഉറങ്ങിയിട്ട് , രാത്രിയില്‍ ഉറങ്ങാതെ ഇരിക്കുക
• വൈകുന്നേരം ആവുമ്പോള്‍ ബുദ്ധിമുട്ടുകള്‍ കൂടുക
• അക്രമാസക്തരാവുക
ആര്‍ക്കാണ് DT വരാന്‍ സാധ്യത കൂടുതല്‍ ?
• വയസ്സ് നാല്പത്തഞ്ചു കഴിഞ്ഞവര്‍.
• പത്തുവര്‍ഷത്തിലധികമായി വല്ലാതെ മദ്യപിക്കുന്നവര്‍.
• കുടി പലവുരു നിര്‍ത്തുകയും പിന്നെയും തുടങ്ങുകയും ചെയ്തിട്ടുള്ളവര്‍.
• കരളിന്‍റെയോ പാന്‍ക്രിയാസിന്‍റെയോ രോഗങ്ങളോ എന്തെങ്കിലും അണുബാധകളോ മറ്റു ശാരീരികപ്രശ്നങ്ങളോ ബാധിച്ചവര്‍.
• തലക്കു പരിക്കേറ്റിട്ടുള്ളവര്‍.
• കുടിനിര്‍ത്തുമ്പോള്‍ അപസ്മാരമുണ്ടായിട്ടുള്ളവര്‍.
• മദ്യം നിര്‍ത്തുന്നതിനു തൊട്ടുമുന്‍ദിവസങ്ങളില്‍ ഏറെയളവില്‍ കഴിപ്പുണ്ടായിരുന്നവര്‍.
എന്താണ് DT യുടെ മരണകാരണം?
• അപകടങ്ങള്‍ക്കും ചില ശാരീരികപ്രശ്നങ്ങള്‍ക്കും ഇടയൊരുക്കിക്കൊണ്ടാണ് ഡി.റ്റി. മരണനിമിത്തമാവാറുള്ളത്.
• നിര്‍ജലീകരണമോ ലവണങ്ങളുടെ അപര്യാപ്തതയോ ഹൃദയതാളത്തില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നത്.
• ബോധക്കുറവു മൂലം ഭക്ഷണമോ വെള്ളമോ വഴിതെറ്റി ശ്വാസകോശത്തിലെത്തി ന്യൂമോണിയ വരുന്നത്.
• ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കകേന്ദ്രങ്ങളെ മന്ദത ബാധിക്കുന്നതും, ശരീരോഷ്മാവ് ക്രമാതീതമാവുന്നതുമൊക്കെ ഡി.റ്റി. രോഗികളുടെ ജീവനെടുക്കാം.
ഈ കാര്യങ്ങള്‍ ഇവിടെ പറയുന്നത് എന്താണെന്നു വെച്ചാല്‍, പൊതുസമൂഹത്തില്‍ ലഹരി ഉപയോഗത്തെ കുറിച്ച് വളരെ തെറ്റായ കാഴ്ചപാടുകളാണ് ഉള്ളത്. ഇത് കേവലം നിയന്ത്രിക്കാവുന്ന ഒരു സ്വഭാവം ആണെന്നും ആളുകളുടെ അഹങ്കാരം കൊണ്ടാണ് അവര്‍ ലഹരി ഉപയോഗിക്കുന്നതും എന്നൊക്കെ പല തിയറികള്‍ ആളുകള്‍ക്കുണ്ട്. ജൈവവും സാമൂഹികവുമായ മാനങ്ങളുള്ള തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ലഹരി ഉപയോഗം. അതുകൊണ്ടാണ് പലര്‍ക്കും കരള്‍ മാറ്റി വെച്ചിട്ട് പോലും കുടി നിറുത്താന്‍ സാധിക്കാതെ വരുന്നത്. കൃത്യമായ ചികിത്സ എടുത്താല്‍കുടി വളരെ ചെറിയശതമാനം ആളുകള്‍ക്ക് മാത്രമേ ലഹരി ഉപയോഗം പൂര്‍ണ്ണമായി നിറുത്താന്‍ സാധിക്കു. അതിനു സവിശേഷമായ ചികിത്സ സംവിധാനവും ഉണ്ടാവണം.
നമ്മുടെ രാജ്യവ്യം, ലോകം മുഴുവനും വളരെ വലിയ ഒരു ദുരന്തം നേരിടുകയാണ്. നിലവില്‍ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ അവസ്ഥ കൈകാര്യം ചെയ്യാന്‍ സാധിക്കു. ഇത്തരം സാഹചര്യത്തില്‍ ലഹരി ഉപയോഗം പെട്ടന്ന് നിക്കുന്നത് മൂലമുള്ള പ്രത്യാഘാതങ്ങള്‍ നേരിടാന്‍ നമ്മള്‍ എത്രത്തോളം തയ്യാറാണ് എന്ന് അറിയേണ്ടതുണ്ട്. ICU അടക്കമുള്ള സംവിധാനങ്ങള്‍ DT ചികിത്സക്ക് ആവശ്യമായി വരാം. അതുപോലെ നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും. നിലവില്‍ അത് സാധിക്കുമോ എന്ന് അറിയില്ല.
മദ്യാസക്തി രോഗമുള്ളവരെ ചികിത്സിക്കണം എന്നതില്‍ ഒരു തര്‍ക്കവുമില്ല.
സ്ഥിരമായ മദ്യ ഉപയോഗം മൂലമുണ്ടാകുന്ന ശാരീരികവും മാസസികവുമായ നിരവധി പ്രശ്നങ്ങളെ ദിവസവും കാണുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. സ്ഥിരം മദ്യം ഉപയോഗിക്കുന്ന ഒരു വ്യക്തി ഒരാഴ്ച എങ്കിലും മദ്യം ഉപയോഗിക്കാതെ ഇരിക്കുമ്പോള്‍ അയാള്‍ക്കും ചുറ്റുമുള്ളവര്‍ക്കും ലഭിക്കുന്ന ആശ്വാസം വലുതാണ്. ഇത്തരം അപകടകരമായ സാഹിചര്യത്തിലും ലഹരിക്ക്‌ പിറകെ പോകുന്ന ആളുകള്‍ നമ്മുടെ ഇടയില്‍ ഉണ്ട് എന്നത് നമ്മുടെ കണ്ണുകള്‍ തുറപ്പിക്കണം. മദ്യാസക്തി എത്ര വലിയ ഒരു പ്രശ്നമാണ് എന്നതിന്‍റെ ഒരു തെളിവുംകുടിയാണ് ഇത്. മുന്‍പോട്ടു ഇത്തരക്കാരെ പരിചരിക്കാന്‍ ആവശ്യമായ ബ്രഹുത് പദ്ധതികള്‍ സര്ക്കാര് ആസൂത്രണം ചെയ്യേണ്ടതിന്‍റെ ആവശ്യകതിയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു.
നിലവില്‍ നമ്മുടെ ആരോഗ്യ രംഗത്തിനു ഈ ഒരു ദുരന്തംകുടി താങ്ങാനുള്ള ശക്തിയില്ല എന്ന് മനസിലാക്കണം നമ്മള്‍. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ അടക്കം താല്‍കാലികമായി മദ്യ ലഭ്യത ഉറപ്പാക്കണം. കാരണം വിഷമദ്യം അടക്കം ഇത്തരം സാഹിചര്യങ്ങളില്‍ സുലഭമായി ലഭിക്കാന്‍ സാധ്യതയുണ്ട്. ഒപ്പം ഈ ഒരു സാഹിചര്യത്തില്‍ വേണ്ട സംവിധാനങ്ങള്‍ കുടി ചില ആശുപത്രികളില്‍ എങ്കിലും ഒരുക്കണം. ഭാവിയില്‍ ഈ വിഷയം വളരെ ഗൌരവത്തോടെ കാണുകയും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും വേണം.
References
1. WHO status report of drugs and alcohol
2. IPS guidelines for management of substance use disorders
3. Maudsley 13th edition
4. Infoclinic article by Dr. Shahul Ameen

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.