ജോമോന്റെ ജീവിതം തന്നെ ആതുരസേവനം ആണ്, അയാൾ കൈപിടിച്ചുയർത്തിയ ജീവിതങ്ങൾ ഒട്ടനവധിയുണ്ട്

0
92

ജിത്തു തമ്പുരാൻ

വെറുതെ ഒരു തമാശക്ക് ആവശ്യത്തിൽ കൂടുതൽ ഉള്ള പണം അധികം തടിക്ക് തട്ടാതെ ഒഴിവാക്കുന്ന , ആ വഴിക്ക് പേരും പ്രശസ്തിയും വാങ്ങുന്ന പരിപാടിയാണോ ചാരിറ്റി എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് ?! …. അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ ചെകിട്ടത്ത് ആദ്യത്തെ അടി കിട്ടുക ജോമോന്റെ കൈയിൽനിന്ന് ആയിരിക്കും ….. കാരണം ജോമോന്റെ ജീവിതം തന്നെ ആതുരസേവനം ആണ് ….അയാൾ കൈപിടിച്ചുയർത്തിയ ജീവിതങ്ങൾ ഒട്ടനവധിയുണ്ട് …. പരമ രഹസ്യമായി അയാൾ പണി പൂർത്തിയാക്കി കൊടുത്ത വീടുകൾ ഉണ്ട് …. അയാളുടെ സഹായത്തിൽ ജീവൻ നിലനിർത്തപ്പെടുന്ന രോഗികളുണ്ട് …. അയാൾക്ക് തുണയായി അവരുടെയെല്ലാം പ്രാർത്ഥനകൾ ഉണ്ട് …. പക്ഷേ അയാൾ നന്മമരമല്ല, ഒരു പച്ച മനുഷ്യൻ മാത്രമാണ് ….

വയനാട് പടിഞ്ഞാറത്തറ പതിനാറാം മൈൽ സ്വദേശിയായ ജോമോൻ ഒരു ഓട്ടോതൊഴിലാളിയാണ് …. ജോമോന്റെ ഓട്ടോയിൽ ക്യാൻസർ രോഗികൾക്ക് ആജീവനാന്ത സേവനം സൗജന്യമാണ് …. റോക്കറ്റ് പോലെ കുതിക്കുന്ന പെട്രോൾ വിലയിൽ പരാതികൾ ഏതുമില്ലാതെ സ്വന്തം അധ്വാനം തന്നെ ഈ ഓട്ടോറിക്ഷ പൈലറ്റ് ചാരിറ്റി ആക്കി മാറ്റുന്നു …. കൊവിഡ് കാലമായപ്പോൾ ജോമോൻ കൈ കഴുകാനുള്ള വെള്ളവും ഹാൻഡ് വാഷും സാനിറ്റൈസറും വണ്ടിയിൽ ഘടിപ്പിച്ചു …. ഒപ്പം തൻറെ സർവീസിലുള്ള രോഗികൾക്കായി എപ്പോഴും വണ്ടിക്കുള്ളിൽ ചൂടു ചായയും കൊണ്ടു നടക്കുന്നുണ്ട് ….

ഓട്ടോറിക്ഷയുടെ പിറകിൽ ജോമോൻ വൃത്തിയായി എഴുതി വച്ചിരിക്കുന്നു : ആരോഗ്യ പ്രവർത്തകരും നിയമപാലകരും തരുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക …. ഈ മഹാമാരിയെ നമുക്കൊരുമിച്ച് നേരിടാം …. കൊറോണക്കാലം വന്നപ്പോൾ ജോമോൻ ഓട്ടോറിക്ഷയോടിക്കുന്നത് കയ്യിൽ ഡിസ്പോസിബിൾ സർജിക്കൽ ഗ്ലൗസുകൾ ധരിച്ചിട്ടാണ് …. ഈ ജനകീയ ഓട്ടോ പൈലറ്റ് ഇന്നേവരെ അമിത ചാർജ് ഈടാക്കിയതായി ആരും പരാതി പറഞ്ഞു കേട്ടിട്ടേയില്ല ….

ഇനിയിപ്പോൾ നിങ്ങൾ ചോദിക്കാൻ ഇടയുണ്ട് : ഓട്ടോറിക്ഷപ്പണി നഷ്ടത്തിലല്ലേ ? … ഇതുകൊണ്ടുമാത്രം എങ്ങനെ ജീവിതവും ജീവകാരുണ്യവും നേരിടാൻ സാധിക്കും ? …. പെട്ടെന്നുണ്ടായ സഹായിക്കാനുള്ള ആവേശം ഇതോടെ തണുത്തു പോകില്ലേ ?! …. പക്ഷേ ജോമോൻ അങ്ങനെയല്ല ….ഓട്ടോറിക്ഷയ്ക്ക് പണിയില്ലാത്ത സമയത്ത് അയാൾ ഹോട്ടലുകളിലും കല്യാണങ്ങൾക്കും ഗൃഹപ്രവേശങ്ങൾക്കും എല്ലാം പാചകം ചെയ്യാൻ പോകും , പൊറോട്ട അടിക്കാൻ പോകും ….

ചടങ്ങു നടത്തണം , എല്ലാവരെയും ക്ഷണിച്ചു പോയി , എന്നാൽ പാചകക്കൂലി കൊടുക്കാൻ കയ്യിൽ പണമില്ല എന്നതാണ് പ്രശ്നം എങ്കിലും ജോമോൻ ചെയ്യേണ്ട കർമ്മം ചെയ്തിരിക്കും … എന്നിട്ട് വെറും കീശയും ആയി ആത്മസംതൃപ്തിയോടെ തിരികെ വീട്ടിൽ പോകും ….

കലാഭവൻ മണിച്ചേട്ടൻറെ കടുത്ത ആരാധകനായ ജോമോൻ നല്ലൊരു പ്രൊഫഷണൽ നാടൻപാട്ട് കലാകാരൻ കൂടിയാണ് … നാടിനു പുറത്ത് സ്റ്റേജുകളിൽ ജോമോൻ വയനാട് എന്ന പേരിലാണ് വിനയാന്വിതനായ ഈ കലാകാരൻ അറിയപ്പെടുന്നത് …. ജോമോൻ സ്വന്തം കുടുംബത്തിന് താമസിക്കാനായി തൻറെ മനസ്സിൽ പ്ലാൻ ചെയ്തിട്ടുള്ള കുഞ്ഞു പാർപ്പിടം വൃത്തിയിൽ ഒന്ന് പണി തീർക്കാൻ ഉള്ള നെട്ടോട്ടവും ഇതിനിടയിൽ സംഭവിച്ചുകൊണ്ടേയിരിക്കുന്നു …. നന്മ ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ടല്ലാതെ ഈയൊരാർട്ടിക്കിൾ പൂർത്തിയാക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല ….

ഇങ്ങനെയും മനുഷ്യരുണ്ട് … അവർ ഇനിയും ഇനിയും നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കും …. എല്ലാം തികഞ്ഞവർ എന്ന നമ്മുടെ അഹങ്കാരത്തെ അവരുടെ വിനയാന്വിതമായ സ്വന്തം പ്രവർത്തികൾ കൊണ്ട് നാണം കെടുത്തിക്കൊണ്ടേയിരിക്കും …. അതാണ് ജീവിതത്തിൻറെ വിസ്മയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് …. മനസ്സുകൊണ്ട് ഒരു പൊന്നാട ചാർത്തുന്നു ….