ഈ കൊറോണക്കാലത്ത് ഇതുപോലൊരു ചാരിറ്റി ആദ്യമായിട്ടാണ്

0
200

ജിത്തു തമ്പുരാൻ

ചായക്ക് അഞ്ചു രൂപ….പൊറോട്ട, പൂരി, പത്തിരി ,ഉണ്ട, പഴംപൊരി എന്നിവയ്ക്കെല്ലാം വെറും 5 രൂപ ….. അളവിലോ വലിപ്പത്തിലോ കുറവില്ല …. കേൾക്കുമ്പോൾ തമാശയാണെന്ന് തോന്നും , പക്ഷേ ഇത് സത്യമാണ് …. 11 വർഷത്തിലേറെയായി പടിഞ്ഞാറത്തറ ഹയർസെക്കൻഡറി സ്കൂൾ ജംഗ്ഷനിൽ ഹോട്ടൽ ന്യൂ സ്റ്റാർ എന്ന ഗ്രാമീണ റസ്റ്റോറൻറ് നടത്തുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് , പടിഞ്ഞാറത്തറ പോസ്റ്റ് ഓഫീസ് പരിധിയിൽ താമസിക്കുന്ന കനലാട്ട് രാജൻ എന്ന അടിവാരം രാജേട്ടനാണ് നിലവിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നിശ്ചയിച്ച് ഉറപ്പിച്ച പത്തു രൂപയിൽ നിന്ന് ചായയുടെയും കടികളുടെയും വില 50 ശതമാനം വെട്ടിക്കുറച്ചത് …. കോവിഡ് 19 ബാധിച്ച് സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് കൈയിൽ ഉള്ള പൊടി പൊന്നു പണയം വെക്കാനും കുടുക്ക പൊട്ടിച്ച് ചില്ലറ പെറുക്കി ഉണ്ടാക്കിയ പൈസ കൊണ്ട് അരിയും ജീവിതശൈലി രോഗത്തിനുള്ള മരുന്നും വാങ്ങാൻ അങ്ങാടിയിലേക്ക് വരുന്ന നിത്യക്കൂലിക്ക് പോലും പണം തികയാത്ത ഗ്രാമീണരോട് എങ്ങനെ മുഴുവൻ പണവും വാങ്ങും എന്നാണ് രാജേട്ടൻ ചോദിക്കുന്നത് …..

ടൗണിൽ ആളുകൾ വരാതായി തുടങ്ങിയതോടെ കച്ചവടം ഒക്കെ വളരെ കുറവായതിനാൽ മിക്ക ദിവസവും അദ്ദേഹത്തിന് പണിക്കൂലി പോലും ഒത്തു കിട്ടാത്ത അവസ്ഥയുമുണ്ട് …. എന്നിട്ടുപോലും ഓരോ വ്യാപാരിയും ജനപക്ഷത്ത് നിൽക്കേണ്ടതാണ് എന്നും എല്ലാം മോശം സാഹചര്യവും മാറി നല്ലൊരു കാലം നാട്ടിൽ തിരിച്ചെത്തുമ്പോൾ സാധാരണ വിലക്ക് തന്നെ വ്യാപാരം തുടരാൻ സാധിക്കുമെന്നും രാജേട്ടൻ പ്രതീക്ഷയോടെ പറയുന്നു ….

ഏകദേശം മൂന്നര പതിറ്റാണ്ടു മുമ്പ് സഹോദരങ്ങൾക്കും ചില ബന്ധുക്കൾക്കും ഒപ്പം തൊഴിൽ അന്വേഷിച്ച് വയനാടൻ ചുരം കയറി പടിഞ്ഞാറത്തറയിൽ എത്തിയതാണ് കോഴിക്കോട് ജില്ല താമരശ്ശേരി അടിവാരം കനലാട്ട് തറവാട്ടിലെ രാജൻ എന്ന മനുഷ്യ സ്നേഹി …. കൃഷിയും കച്ചവടവും നിത്യ തൊഴിൽ ആക്കി മാറ്റിയത് ഒരുപാട് കാലത്തെ മരാമത്ത് പണിയിൽ ഒക്കെയുള്ള പങ്കാളിത്തത്തിന് ശേഷമാണ് …. ഇപ്പോൾ ഈ ന്യൂ സ്റ്റാർ ഹോട്ടൽ ഓടിച്ചു കൊണ്ടുപോകുന്നതിന് ഭാര്യ ലളിതയും മക്കളായ ഹരിപ്രസാദ് രജില എന്നിവരും രാജേട്ടനൊപ്പം കൈകോർത്ത് കൂടെ നിൽക്കുന്നു …. ഹരിപ്രസാദ് ജില്ലയിൽ അറിയപ്പെടുന്ന ഒരു ബൈക്ക് മെക്കാനിക്ക് കൂടിയാണ് …. മാനന്തവാടി കല്ലോടി രണ്ടേ നാലിൽ റെഡി റ്റു റൈഡ് എന്ന പേരിൽ ഹരി പ്രസാദിന് ഒരു ഇരുചക്രവാഹന വർക്ക് ഷോപ്പ് ഉണ്ട് …..

ചായക്കും കടിക്കും വില കുറക്കുക എന്ന രാജേട്ടൻറെ തീരുമാനത്തെ കേട്ടറിഞ്ഞെത്തുന്ന പ്രദേശവാസികൾ ഒരുപാട് സന്തോഷത്തോടെ പിന്തുണയ്ക്കുന്നു …. വർഷാവർഷം വ്രതമെടുത്ത് മലകയറി കിട്ടുന്ന പുണ്യ ദർശനത്തിലൂടെ ജീവിത സൗഭാഗ്യങ്ങളും നേർവഴിയും കാട്ടിത്തരുന്ന ശബരിമല അയ്യപ്പ സ്വാമിയും സ്വന്തം തറവാട്ട് അമ്പലത്തിലെ പരദേവതയായ അടിവാരം കനലാട്ട് ഭഗവതി അമ്മയും തൻറെ തീരുമാനങ്ങൾക്കും പ്രവർത്തികൾക്കും ഉറപ്പും തുണയുമേകുന്നു എന്നാണ് രാജേട്ടൻ വിശ്വസിക്കുന്നത് …. അതോടൊപ്പം മഹത്തായ തീരുമാനങ്ങളെടുക്കാൻ മാത്രമൊന്നും ഒരു സാധാരണക്കാരനായ താൻ വളർന്നു എന്ന അഹങ്കാരമൊന്നും തോന്നുന്നില്ല എന്ന് രാജേട്ടൻ കണ്ണ് കലങ്ങിയ ഒരു പുഞ്ചിരിയോടെ പറയുന്നു ….
ഉപസംഹരിക്കുന്നതിനൊപ്പം ഒരു കാര്യം പറയട്ടെ , ഈ ആരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിച്ച ഒളിപ്പട്ടിണി നിറഞ്ഞ പഞ്ഞക്കാലത്ത് ഒരുപാട് തരത്തിലുള്ള ചാരിറ്റികൾ ഞാൻ കണ്ടിട്ടുണ്ട് , റിപ്പോർട്ട് ചെയ്തിട്ടുമുണ്ട് …. അതിൽ വളർത്തുമൃഗങ്ങളെ വിറ്റ് ചികിത്സക്ക് പണം കൊടുത്ത കേസുകളുണ്ട് ,പച്ചക്കറി വിളയിച്ച് പട്ടിണിക്കാർക്ക് കറിവെക്കാൻ കൊടുത്ത ഒമ്പതാം ക്ലാസുകാരൻറെ കഥയുണ്ട് , കുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിക്ക് സംഭാവന കൊടുത്ത വിദ്യാർത്ഥികളുടെയും മുത്തശ്ശിമാരുടെയും സന്തോഷക്കണ്ണീർ പൊടിക്കുന്ന അനുഭവങ്ങളുണ്ട് , പക്ഷേ , ഒട്ടും പിടിച്ചുനിൽക്കാൻ സാധിക്കാത്ത , മുഴുവൻ ദിവസവും കച്ചവടം ചെയ്യാൻ പോലും അനുവാദം കിട്ടാത്ത ഈ കൊറോണക്കാലത്ത് ഇതുപോലൊരു ചാരിറ്റി ആദ്യമായിട്ടാണ് ….

പ്രിയ രാജേട്ടാ , അങ്ങയുടെ നന്മ വഴികളിൽ പ്രപഞ്ചശക്തി ഒരുപാടൊരുപാട് കരുത്തും ധൈര്യവും പകർന്നുകൊണ്ടേയിരിക്കട്ടെ ….. താങ്കൾ ഈ നാടിൻറെ മുത്താണ് …. ❤️❤️❤️❤️❤️