അവകാശവാദങ്ങൾ ഉന്നയിക്കാതെ ആ പച്ചമനുഷ്യൻ നഗ്നപാദനായി നടന്നുപോവുന്നു

137

കവിയും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ജിത്തു തമ്പുരാൻ എഴുതിയത്

2021ലെ കേരള അസംബ്ലിയിലേക്കുള്ള വിവിധ നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വളരെ മനോഹരമായി പൂർത്തിയാക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് ഇനി ചിലതൊക്കെ തുറന്നു പറയാം …. സി. കെ .ശശീന്ദ്രൻ എന്ന 2016-2021 ഭരണ വർഷത്തിലെ കൽപ്പറ്റ നിയോജക മണ്ഡലം എം. എൽ . എ CPI (M) ന്റെ അനുസരണയുള്ള ഒരു കേഡർ ആയി മാതൃക കാട്ടിയ ഒരു തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത് ….

വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ അധിഷ്ഠിതമായ മാർക്സിയൻ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ള സുനിൽ പി ഇളയിടം ഭാഗവതം ക്ലാസ് എടുക്കുകയും ഹൈന്ദവ ശാസ്ത്രത്തിലുള്ള ചില ആചാരങ്ങളിലെ അടിയുറച്ച വിശ്വാസപ്രകാരം ദീക്ഷ സ്വീകരിച്ച ചില ബഹുമാന്യ സംന്യാസിമാർ ചന്തയിലെ ചാരായക്കടകളെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള കക്ഷിരാഷ്ട്രീയ പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം പടച്ചു വിടുകയും ചെയ്യുന്ന അവിശ്വസനീയമായ അവസ്ഥാവിശേഷം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ആവശ്യമുള്ളത് സംസാരിക്കുക , ഏൽപ്പിച്ച പ്രവർത്തി ചെയ്ത് തീർക്കുക മുതലായ കേഡർ തത്ത്വങ്ങളെ സമ്പൂർണമായി പാലിച്ചുകൊണ്ട് ശശിയേട്ടൻ ഒരു ഹീറോ ആയി മാറുന്നു….

13,083 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കൽപ്പറ്റ മണ്ഡലത്തിൽ നിന്നും വിജയിച്ചു കയറിയ ശശിയേട്ടൻ ഇത്തവണ മത്സരിക്കാതെ മാറിനിന്നത് ഇടതുപക്ഷ മുന്നണി സമവായത്തിന്റെ ഭാഗമായിട്ടാണ് …. പാർട്ടി ചിഹ്നത്തിൽ ഇത്രയേറെ നല്ലൊരു വിജയത്തിന്റെ ഹിസ്റ്ററി കയ്യിൽ ഉണ്ടായിട്ടും കൽപ്പറ്റ മണ്ഡലത്തിൽ സിപിഎമ്മിന്റെ അതേ സ്ഥാനാർത്ഥി അതേ ചിഹ്നത്തിൽ മത്സരിക്കുമെന്ന് ഒരു വിഭാഗത്തെ കൂടെ ക്കൂട്ടി വാശിപിടിക്കാതെ വികസനക്കണക്കിൽ അവകാശവാദം ഉന്നയിക്കാതെ ആ പച്ച മനുഷ്യൻ പഴയതുപോലെതന്നെ തൻറെ വളർത്തു പശുക്കളുടെയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും ഇടയിലേക്ക് നഗ്നപാദനായി നടന്നുപോവുകയായിരുന്നു ….

ബത്തേരി സെന്റ് മേരീസ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശശീന്ദ്രൻ 1980–86 കാലഘട്ടത്തിൽ എസ്എഫ്ഐ വയനാട് ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് …. 1989–96 കാലയളവിൽ ഡിവൈഎഫ്ഐയുടെ ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി സംഘടനയെ നയിച്ചു… 1981ൽ സിപിഐ എം അംഗമായ ശശീന്ദ്രൻ 1988ൽ ജില്ലാകമ്മിറ്റിയംഗമായി…. കൽപ്പറ്റ, മാനന്തവാടി ഏരിയകളുടെ സെക്രട്ടറിയായും മുട്ടിൽ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു….. 2009ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു….. വയനാട് കണ്ടതിൽ വെച്ച് സിപിഎമ്മിന്റെ ഏറ്റവും നല്ല ജില്ലാസെക്രട്ടറി ആരായിരുന്നു എന്ന ചോദ്യത്തിന് സി കെ ശശീന്ദ്രൻ എന്ന ഉത്തരം ആരും വളരെ പെട്ടെന്ന് പറയും …. പ്രസ്ഥാനത്തിനുവേണ്ടി കർക്കശ നിലപാടുകൾ സ്വീകരിക്കുന്നതിനിടയിലും ആദിവാസികളും തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും അടങ്ങുന്ന സാധാരണ ജനതയെ നെഞ്ചോടു ചേർത്തു പിടിക്കാൻ ശശിയേട്ടനെ കൊണ്ട് സാധിച്ചു ….

ഇപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ഒന്നടങ്കം ഉറ്റുനോക്കുന്ന ഒരു കാര്യം ശശിയേട്ടന് പാർട്ടി അടുത്തതായി എന്തു ചുമതലയാണ് കൊടുക്കാൻ പോകുന്നത് എന്നതുതന്നെയാണ് … പിണറായി വിജയൻറെ ഭാഷയിൽ പറഞ്ഞാൽ ഊരിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ നടന്നു ചെന്ന് തീക്കനൽ കൈക്കുമ്പിളിൽ കോരിയെടുത്ത് അതേ പോലെ തിരിച്ചു വരാൻ പറഞ്ഞതായാലും അനുസരണയുള്ള ഒരു കേഡർ എന്ന നിലയിൽ ഇന്ദ്രനും ചന്ദ്രനും വിചാരിച്ചാലും തടയാൻ സാധിക്കാത്ത വിധത്തിൽ ശശിയേട്ടൻ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കും എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട … നഗ്നപാദനായി ജനലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ ആ ചെറിയ വലിയ മനുഷ്യന്റെ പ്രോജ്ജ്വലമായ രാഷ്ട്രീയ ഭാവിക്ക് എല്ലാവിധ ആശംസകളും അർപ്പിക്കുന്നു … ലവ് യു ശശിയേട്ടാ … നിങ്ങൾ ഒരു ചുവന്ന മുത്താണ് ❤️❤️❤️